Wednesday, March 12, 2014

കിട്ടാതെ പോയ അടി.




മദ്‌റസ അഞ്ചാം തരം കഴിഞ്ഞപ്പോള്‍ നാട്ടിലെ പള്ളി ദര്‍സിലായിരുന്നു പിന്നീടുള്ള മതപഠനം. സ്കൂള്‍ ഷിഫ്റ്റ് കഴിഞ്ഞ് ബാക്കി സമയങ്ങളെല്ലാം ദര്‍സില്‍ തന്നെ. പുറമേ നിന്നുള്ളവരും നാട്ടുകാരുമായി ഒരുപാട് കുട്ടികള്‍ പഠിക്കുന്ന ദര്‍സ്. ഉസ്താദാണെങ്കില്‍ വളരെ കര്‍ക്കശക്കാരനും.
രാവിലെ സുബ്‌ഹി നിസ്കാരം കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ഹംസക്കാടെ ചായപ്പീടികയില്‍ നിന്ന്  മൊയ്‌ല്യാകുട്ടികള്‍ക്ക്  ചായയും ഒരു വെള്ളപ്പവും കിട്ടും. അത് കഴിഞ്ഞാല്‍ പത്ത് മണിക്കാണ് കഞ്ഞി കുടി. ദര്‍സിനു വേണ്ടി വീടുകള്‍ തോറും വെച്ചിരുന്ന ഡബ്ബകളില്‍  വീട്ടുകാര്‍ നിത്യവും നിക്ഷേപിച്ചിരുന്ന പിടിയരി കൊണ്ടായിരുന്നു കഞ്ഞിവെപ്പ്.  അരി പിരിച്ചെടുക്കാന്‍ ഏല്പിക്കപ്പെട്ട അദ്രാമാന്‍‌ക്ക മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍  ദിവസവും വീടുകള്‍ കയറിയിറങ്ങിയാലേ അവ വട്ടമെത്തുമായിരുന്നുള്ളൂ. ഇങ്ങനെ സംഭരിച്ചെത്തുന്ന അരി പലവിധത്തിലും തരത്തിലുമുള്ളതായിരുന്നതിനാല്‍ സാധാ കഞ്ഞിയേക്കാള്‍ എന്തെക്കെയോ പ്രത്യേകള്‍ ഉള്ളവയായിരുന്നു പള്ളിയിലെ പത്ത്മണിക്കഞ്ഞി.  അരിപിരിക്കാരന്‍ അദ്രാമാന്‍‌ക്ക തന്നെയായിരുന്നു കഞ്ഞിവെപ്പുകാരനും. സ്കൂള്‍ അവധി ദിവസങ്ങളില്‍ നാട്ടുകാരായ  ഞങ്ങളൊക്കെ നേരത്തെ ദര്‍സിലെത്തുമെന്നതിനാല്‍  ഞങ്ങള്‍ക്കും കിട്ടും ആ സ്പെഷല്‍ കഞ്ഞി. വീട്ടില്‍ നിന്ന് ചായയും പ്രാതലുമെല്ലാം കഴിച്ച് വരുന്ന നാട്ടുകുട്ടികളായ ഞങ്ങള്‍ കഞ്ഞി കുടിക്കാന്‍ ഉത്സാഹിച്ചിരുന്നത് കഞ്ഞിക്കൊപ്പം കിട്ടുന്ന അച്ചാറിനു വേണ്ടിയായിരുന്നു. പള്ളിപ്പറമ്പില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന പപ്പക്കായകള്‍ മൂത്ത് പഴുക്കുന്നതിനു മുമ്പേ പറിച്ചെടുത്ത് അവകൊണ്ട് രുചികരമായ അച്ചാറുകള്‍ ഉണ്ടാക്കികൊണ്ടുവരാനായി ഉസ്താദ് നാട്ടുകാരായ ഞങ്ങളെ ഏല്‍പ്പിക്കും. അങ്ങിനെ വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന അച്ചാറും പള്ളിക്കടുത്തുള്ള ഏച്ചിക്കയുടെ കടയില്‍ നിന്നു വാങ്ങുന്ന , കണ്ടാല്‍ തന്നെ വായില്‍ വെള്ളമൂറുന്ന പാക്കറ്റ് അച്ചാറുകളുമായിരുന്നു കഞ്ഞിയോടൊപ്പം വിളമ്പിയിരുന്ന വിഭവങ്ങള്‍.

കുസൃതിത്തരങ്ങളുടെ കൂടെപ്പിറപ്പുകാരനായ ഒരുത്തനായിരുന്നു പള്ളിദര്‍സിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. വികൃതിക്ക് കയ്യും കാലും മുളച്ചവന്‍. നാട്ടുകാരായ ഞങ്ങള്‍ രണ്ട് പേരും വീണുകിട്ടുന്ന ഇടവേളകളില്‍ ആരും കാണാതെ കറങ്ങിയടിക്കാനും സൊറപറഞ്ഞിരിക്കാനുമൊക്കെ കൂട്ടം കൂടുമായിരുന്നു. . അഹമ്മതിത്തരങ്ങള്‍ക്ക് യാതൊരു കുറവും വരുത്താത്ത അവനില്‍ ഉസ്താദിനു എപ്പോഴും ഒരു കണ്ണുണ്ടാകും. ഒന്നാം ദര്‍സില്‍ എല്ലാവരും വട്ടമിട്ടിരുന്നു പാഠങ്ങള്‍ വായിച്ച് പഠിക്കുന്ന നേരം. .സദാ പഠിക്കാന്‍ അലസത കാണിക്കുന്ന അവന്‍ കിതാബിലേക്ക് തന്നെ കണ്ണുകള്‍ പായിച്ച് വരികളിലൂടെ വിരലുകള്‍ നടത്തിച്ച് ആവേശത്തോടെ ഓതുന്നത് കണ്ടപ്പോള്‍ ഉസ്താദിനും അല്‍ഭുതം.  ഉത്സാഹപൂര്‍വമുള്ള വായന കേള്‍ക്കാന്‍  ഉസ്താദ് മെല്ലെ അവന്റെ പിറക് വശം വന്നു നിലയുറപ്പിച്ചു. ഉഛത്തില്‍ വായിച്ചിരുന്ന വിദ്യാര്‍ത്ഥികളെല്ലാം ഉസ്താദിനെ കണ്ടമാത്രയില്‍ ശബ്ദം കുറക്കുകയും പെട്ടെന്ന് നിശ്ശബ്ദരാവുകയും ചെയ്തപ്പോള്‍ അവന്റെ ശബ്ദം മാത്രം  അവിടെ ഉയര്‍ന്നു കേട്ടു .തലേന്ന് കണ്ട ഏതോ സിനിമാക്കഥ തൊട്ടടുത്തിരിക്കുന്നവനോട് വീറോടെ വിവരിക്കുന്നത് നിശബ്ദതയെ ഭേദിച്ചുകൊണ്ട് പുറത്ത് വന്നപ്പോഴാണ് ‘കിതാബോതാനുള്ള’  അവന്റെ ആവേശത്തിന്റെ ഗുട്ടന്‍സ് ഉസ്താദിനു പിടികിട്ടിയത്.  പിന്നെ ഒരു കൂട്ടച്ചിരിയും ‘പ്‌തോം’ എന്ന ശബ്ദത്തില്‍ ഉസ്താദിന്റെ പ്രഹരവും നടന്നു.

സ്കൂള്‍ ഷിഫ്റ്റ് അനുസരിച്ച് പകല്‍ സമയങ്ങളിലെ ഞങ്ങളുടെ ദര്‍സ് സമയവും മാറിക്കൊണ്ടിരിക്കും.  അന്ന് രാവിലത്തെ സ്കൂള്‍ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടില്‍ നിന്ന് ഉഛ ഭക്ഷണവും കഴിച്ച് ദര്‍സ് ലക്ഷ്യം വെച്ചിറങ്ങിയതാണ് ഞാന്‍ .പള്ളിയിലെത്തിയപ്പോള്‍ കാല്‍ കഴുകി കയറുന്നിടത്ത് എന്നെയും പ്രതിക്ഷിച്ച് അവന്‍ നില്‍ക്കുന്നു. ‘നമുക്കിന്ന് കുറച്ച് കൊട്ടക്കായ തിന്നിട്ട് ദര്‍സിനു കയാറാം’ എന്ന അവന്റെ അഭിപ്രായം കേട്ടപ്പോള്‍ എനിക്കും താല്‍പര്യമായി.  കുറിയ തൈകളില്‍ തഴച്ച് വളരുന്ന കുന്നിക്കുരുവോളം വലിപ്പമുള്ള പച്ച നിറത്തിലുള്ള കായ്കളാണ് കൊട്ടക്കായ. പഴുത്ത് പാകമായാല്‍ കറുത്തിരുണ്ട നിറം പൂണ്ട് നില്‍ക്കുന്ന കൊട്ടക്കായയ്ക്ക് വല്ലാത്തൊരു രുചിയാണ്.   ഏക്കര്‍ കണക്കിനു പരന്നു കിടക്കുന്ന ഞങ്ങളുടെ പള്ളിക്കാട്ടില്‍  കശുമാവും ഐനിയും  വേണ്ടുവോളം ഉണ്ടെങ്കിലും  പഴുത്ത കൊട്ടക്കായയും മുളങ്കായയും ആയിരുന്നു കുട്ടികളായിരുന്ന ഞങ്ങളുടെ വീക്ക്നസ്. വിശാല വിസ്തൃതമായ പള്ളിപ്പറമ്പില്‍ അവ രണ്ടും സുലഭമായിരുന്നെങ്കിലും പഴുക്കുമ്പോഴേക്കും ആര്‍ത്തിയോടെ പറിച്ചെടുക്കും കുട്ടികള്‍. കൊട്ടക്കായയുടെ പ്രലോഭനത്തില്‍‌പെട്ട ഞങ്ങള്‍ രണ്ട്പേരും പള്ളിത്തൊടിയില്‍ മേഞ്ഞ്‌നടക്കാനായി പുറപ്പെട്ടു. തിന്നിട്ടും തിന്നിട്ടും പൂതി മാറാതെ ഞങ്ങള്‍ തൊടി മൊത്തം അലഞ്ഞു ഒടുവില്‍  പള്ളിയുടെ ഹൌളും‌കരയുടെ വാതിലിനു അഭിമുഖമായുള്ള സ്ഥലത്ത് എത്തിപ്പെട്ടു. വിശാലമായ കുളവും കഴിഞ്ഞ് അപ്പുറത്തായതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് പതിയില്ലെന്നതിനാല്‍  ഒരു പാട്  സമയം അവിടെ ചിലവഴിച്ച് വേണ്ടുവോളം തിന്നുകയും കുറേയധികം തുണിയുടെ തെരുപ്പുകളില്‍ ഒളിപ്പിച്ച് വെക്കുകയും ചെയ്തു.  അസര്‍ ബാങ്ക് കൊടുക്കുന്നതിനു മുമ്പ് കുറച്ച് സമയമെങ്കിലും ദര്‍സിനു കയറിയില്ലെങ്കില്‍   ഉസ്താദിന്റെ മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നതിനാല്‍ തല്‍ക്കാലം മതിയാക്കി ഞങ്ങള്‍ പള്ളിയിലേക്ക് യാത്രതിരിച്ചു. അപ്പോഴേക്കും സമയം ഒരുപാട് അതിക്രമിച്ചിരുന്നു.അരയില്‍ തുണിയുടെ തെരപ്പുകളില്‍ രണ്ട് പേരും ഒളിപ്പിച്ച് വെച്ചവ ഭദ്രമാണെന്ന് ഒന്ന്കൂടി ഉറപ്പ് വരുത്തി, വീട്ടില്‍ നിന്ന് ഇപ്പോള്‍ വന്നതേ ഉള്ളൂ എന്ന തോന്നലുണ്ടാക്കാന്‍ വായയും കയ്യും മുഖവുമൊക്കെ നന്നായി കഴുകി നല്ല കുട്ടികളായി ചമഞ്ഞ് ഞങ്ങള്‍ കാല്‍ കഴുകി കയറി.   ഉസ്താദിനെ ആദ്യം ആര് അഭിമുഖീകരിക്കും എന്ന തര്‍ക്കത്തിനൊടുവില്‍ അവന്‍ തന്നെ ആ ത്യാഗം ഏറ്റെടുത്തു. നേരം വൈകിയതിനു കാരണം ചോദിച്ചാല്‍  സ്കൂളില്‍ നിന്ന്  വരാന്‍ വൈകിയതാണെന്ന ഉത്തരം കണ്ടുവെച്ചിട്ടുണ്ടായിരുന്നു രണ്ട്പേരും.അകത്തേക്ക് കടക്കാന്‍ ഉസ്താദില്‍ നിന്നുള്ള സമ്മതത്തിനായി അവന്‍ വാതില്‍പ്പടിയില്‍ നിലയുറപ്പിച്ചു.  സബ്ഖിലായിരുന്ന (ക്ലാസ്സില്‍) ഉസ്താദ് ദൃഷ്ടി അവനിലേക്ക് തെറ്റിച്ച് വൈകി വന്നതിലുള്ള രോഷം കലര്‍ത്തി ചോദിച്ചു.

 ‘ജ്ജ് എബടേര്‍ന്നു’
സ്കൂളീന്ന് വരാന്‍ വൈകി, വീട്ടീന്ന് ഇപ്പൊ വന്നൊള്ളോ ഉസ്താദേ, യാതൊരു കൂസലുമില്ല്ലാതെ അവന്‍ തട്ടിവിട്ടു.

ജ്ജ് പെരേന്ന് എപ്പളാ വന്നേ ?

ഉസ്താദിന്റെ ശബ്ദത്തിനു കനം വെച്ച്തുടങ്ങിയത് വാതിലിന്റെ പിറകില്‍ ഊഴവും കാത്ത് നില്‍ക്കുകയായിരുന്ന എനിക്ക് മനസ്സിലായി.  ഇപ്പൊ വന്നൊള്ളോ ഉസ്താദേ എന്ന് വീണ്ടും അവന്‍. അവന്റെ ഉത്തരം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഉസ്ത്ദ് എഴുന്നേറ്റ് അവന്റെ  അരികിലെത്തി ഒന്നും ഉരിയാടാതെ അവന്റെ തുണിത്തെരുപ്പില്‍ പിടിച്ചതും ആരും കണ്ടില്ലെന്ന ഭാവത്തില്‍ ഭദ്രമായി ഒളിപ്പിച്ചിരുന്ന കൊട്ടക്കായ മൊത്തം അരയില്‍ നിന്ന് ഉസ്താദിന്റെ മുമ്പിലേക്ക് ചിതറിത്തെറിച്ചു വീണു. കോപം കൊണ്ട് വിറക്കാന്‍ തുടങ്ങിയ ഉസ്താദിന്റെ  മുഖത്ത് ഭാവങ്ങള്‍ മിന്നിമറയുന്നത് വാതില്‍‌പാളികള്‍ക്കിടയിലൂടെ ഞാന്‍ കാണുന്നുണ്ടായിരുന്നു. ജ്ജ് ആരെടാ സുയ്പ്പാക്കുന്നേ എന്ന അത്യുച്ചത്തിലുള്ള ഉസ്താദിന്റെ ഗര്‍ജ്ജനവും തുടരെത്തുടരെയുള്ള പ്‌ധോം പ്‌ധോം ശബ്ദങ്ങളും മുഴങ്ങുന്നതിനിടെ എവിടെടാ അന്റെ കൂടെ ഉള്ളോന്‍ എന്ന ചോദ്യം എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂട്ടി. കലി തുള്ളി നില്‍ക്കുന്ന ഉസ്താദിന്റെ മുമ്പിലേക്ക് ഈ പാവത്തിനെ കിട്ടിയാല്‍ ഒരു പരുവമായിത്തീരുമെന്നറിയുന്നതിനാല്‍ ചോദ്യം കേട്ട മാത്രയില്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ പകച്ചു. എവിടെടാ കൂടെള്ളോന്‍ എന്ന് വീണ്ടും  ഉസ്താദിന്റെ ആക്രോശം കേട്ടമാത്രയില്‍  രണ്ടാമതൊന്നാലോചിക്കാന്‍ നില്‍ക്കാതെ ഞാന്‍ ഇറങ്ങിയോടി.

ഉസ്താദിന്റെ ക്രോധത്തില്‍ നിന്നൊഴിവാകാന്‍ ഇറങ്ങിയോടിയെങ്കിലും ഇനിയെന്ത് ചെയ്യും എന്ന ചോദ്യം എന്നെ അലട്ടാന്‍ തുടങ്ങി. രണ്ട് ദിവസത്തോളം ദര്‍സിനു കയറാതെ കറങ്ങിനടന്നു സമയം കഴിച്ചു. കൂടുതല്‍ ദിവസങ്ങളില്‍ ദര്‍സ് കട്ട് ചെയ്ത് നടന്നാല്‍ അത് വീട്ടില്‍ അറിയും. ഇഴജന്തുക്കള്‍ വിഹരിക്കുന്ന പള്ളിക്കാട്ടില്‍ നിന്ന് കൊട്ടക്കായ പറിച്ച് തിന്നരുതെന്ന വീട്ടില്‍ നിന്നുള്ള കര്‍ശനമായ വിലക്ക് ലംഘിച്ചതും ഉസ്താദിനോട് മര്യാദകേട് കാണിച്ച് ഇറങ്ങിയോടിടതും ദിവസങ്ങളോളം ദര്‍സ് കട്ട് ചെയ്ത് നടന്നതുമെല്ലാം വീട്ടില്‍ അറിഞ്ഞാലുള്ള പുകിലോര്‍ത്തപ്പോള്‍ ആധികൂടാന്‍ തുടങ്ങി. കൂട്ടുകാരനോട് അന്വേഷിച്ചപ്പോള്‍ ഉസ്താദ് എന്നെ ചോദിക്കാറുണ്ടെന്നവന്‍ പറഞ്ഞു. ഞങ്ങള്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ടതിന്റെ രഹസ്യവും ദര്‍സില്‍ നിന്ന് അതിനകം അവന്‍ അറിഞ്ഞിരുന്നു. ഹൌളും‌കരയില്‍ നിന്ന് കയറിച്ചെല്ലുന്നിടത്തുതന്നെയാണ് ഉസ്താദ് സബഖിന്നിരിക്കുന്നത്. അവിടെയിരുന്നു സൂക്ഷ്മമായി നോക്കിയാല്‍ കുളത്തിനുമപ്പുറത്ത് ഞങ്ങള്‍ വിഹരിച്ചിരുന്ന സ്ഥലം ഉസ്താദിനു കാണാന്‍ കഴിയുമായിരുന്നുവെന്നത് ഞങ്ങള്‍ ഗൌനിച്ചിരുന്നില്ല.  രണ്ട് ആള്‍‌രൂപങ്ങള്‍ പള്ളിക്കാട്ടില്‍ ഇടയ്ക്കിടെ മിന്നിമറയുന്നത് കണ്ടപ്പോള്‍ , ദര്‍സില്‍ ഞങ്ങളുടെ അസാന്നിധ്യം മനസ്സിലാക്കിയ ഉസ്താദ്   അത് ഞങ്ങള്‍ തന്നെയാകണമെന്ന്  ഊഹിക്കുകയും ഞങ്ങളുടെ നീക്കങ്ങളറിയാന്‍ ദര്‍സില്‍ നിന്ന് രണ്ട് പേരെ വിടുകയും അവര്‍ ഉസ്താദിനു സ്ഥിരീകരണം നല്‍കുകയും ചെയ്തതാണ് ഞങ്ങളുടെ തന്ത്രങ്ങളെ പൊളിച്ചുകളഞ്ഞത്.

എന്തായാലും വരുന്നത് വരട്ടെ എന്ന് കരുതി മൂന്നാം ദിവസം ഇശാ മ‌അ്‌രിബിന്നിടയിലെ ഒന്നാം ദര്‍സില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. ഉസ്താദ് ഔറാദുകള്‍ ഉരുവിട്ടുകൊണ്ട് ഉലാത്തുന്ന സമയം കൂടിയാണത്. ഉള്ളില്‍ ഭീതിയുടെ പെരുമ്പറ മുഴങ്ങുന്നുണ്ടെങ്കിലും പുറമേക്ക് ധൈര്യം സംഭരിച്ച് ഒന്നുമറിയാത്തവനെപ്പോലെ  ദര്‍സിലെ മറ്റു കുട്ടികളോടൊപ്പം ഞാനും കൂടി. ഉസ്താദിനോട് എന്തുത്തരം പറയുമെന്നാലോചിച്ച് അസ്വസ്ഥതയോടെ ഞെരിപിരി കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ തൊട്ടുവിളിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഉസ്താദ്! . ഉസ്താദിന്റെ ഇരിപ്പിടത്തിനടുത്തേക്ക് ചെല്ലാന്‍ എന്നോട് ആംഗ്യം കാണിച്ചു. പേടിച്ച് വിവശനായി ഞാന്‍ ഉസ്താദിനടുത്തേക്ക് നീങ്ങുമ്പോള്‍ ഒരു കാറ്റും കോളും കാണാന്‍ കഴിയുമല്ലോ എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്റെ കൂട്ടുകാരന്‍. എന്തും ശിക്ഷയും ഏറ്റുവാങ്ങാന്‍ പാകത്തില്‍ ശിരസ്സ് കുനിച്ചു കൊണ്ട്  ഞാന്‍ ഉസ്താദിന്റെ മുമ്പില്‍ നിന്നു. എന്നോട് മുഖമുയര്‍ത്താന്‍ ആവശ്യപ്പെട്ട് എന്തിനാണിറങ്ങിയോടിയതെന്ന് ഉസ്താദ് ചോദിച്ചപ്പോള്‍ ഒന്നും ഉരിയാടാന്‍ കഴിഞ്ഞില്ല. എന്റെ മൌനം ഉസ്താദിനെ കൂടുതല്‍ പ്രകോപിതനാക്കുമെന്നതിനാല്‍ ഏതു നിമിഷവും ഉസ്താദിന്റെ പ്രഹരം പ്രതീക്ഷിച്ച് നില്‍ക്കുന്ന എന്നെ സ്തബ്ധനാക്കിക്കൊണ്ട് ഉസ്താദിന്റെ കരങ്ങള്‍ ഒരു തലോടലായി എന്നെ സ്പര്‍ശിക്കുന്നു. അതേ, പ്രഹരത്തിനു പകരമൊരു തഴുകിത്തലോടല്‍. എന്നിട്ട് സ്നേഹമസൃണമായൊരുപദേശം , “ കുട്ട്യേ , ങ്ങള് തങ്ങള് കുട്ട്യല്ലേ. മറ്റുള്ളോരെ കൂട്ടത്തീക്കൂടി ഇങ്ങനൊക്കെ നടക്കാന്‍ പാട്‌ണ്ടാ ? ഇനി ഇങ്ങനൊന്നും ചെയ്യരുത് ട്ടോ”.
തുളുമ്പാന്‍ വെമ്പി നിന്നിരുന്ന എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍കണങ്ങള്‍ അടര്‍ന്നു വീണപ്പോള്‍ അതു തുടച്ച് തന്നു കൊണ്ട് ‘പോയിരുന്നോതി പഠിച്ചാളി‘ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച് വിട്ടു പ്രിയ ഉസ്താദ്.  വിജ്ഞാന പ്രസരണത്തിനു വേണ്ടി ജീവിതമുഴിഞ്ഞു വെച്ച ഉസ്താദിന്റെ പരലോക ജീവിതത്തില്‍ അനുഗ്രങ്ങളേറെ വര്‍ഷിപ്പിക്കണേ നാഥാ എന്ന പ്രാര്‍ത്ഥന മാത്രം.