Wednesday, October 15, 2008

കുടിയൊഴിപ്പിക്കലിന്‍റെ വ്യഥ


കുടിയൊഴിപ്പിക്കലിന്‍റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചെറിയൊരു വിഷമം തോന്നറുണ്ടെങ്കിലും അതുണ്ടാക്കുന്ന ദൈന്യതയുടെയും അരക്ഷിതാവസ്ഥയുടെയും തീവ്രത അത്ര കണ്ട് ബോധിച്ചിരുന്നില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ചെറിയ തോതിലെങ്കിലും നഷ്ടപരിഹാരം നല്‍കുന്നത് കൊണ്ട് മറ്റെന്തെങ്കിലും വഴി കണ്ടെത്താനാവുമല്ലോ എന്നും ചിന്തിച്ചിരുന്നു. രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടിയാണല്ലോ സര്‍ക്കാരുകള്‍ ഇത്തരം കടന്നകൈകള്‍ പ്രയോഗിക്കുന്നതെന്ന ഒരാത്മഗതവും ഉണ്ടാവാറുണ്ട്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട ദുഖത്താല്‍ ആര്‍ത്തലക്കുന്ന കുടുംബാംഗങ്ങളുടെ ഹൃദയഭേദകമായ രംഗങ്ങള്‍ ഉള്ളിലെവിടെയോ ചെറിയ നെരിപ്പോടുകള്‍ പടര്‍ത്താറുണ്ടെങ്കിലും മേല്‍പ്പറഞ്ഞ ചിന്തകള്‍ അവയ്ക്കെല്ലാം വിരാമം കൊടുക്കുമായിരുന്നു. മുന്നറിയിപ്പില്ലാത്ത കുടിയൊഴിപ്പിക്കല്‍ ഭീഷണി സ്വയം നേരിടേണ്ടി വന്നപ്പോള്‍ മാത്രമാണ് അതുളവാക്കുന്ന പ്രയാസങ്ങളുടേയും തീഷണമായ മന:സംഘര്‍ഷങ്ങളുടേയും ഭീകരത അനുഭവിച്ചറിയാന്‍ കഴിഞ്ഞത്. ദൈവത്തിന്‍റെ സ്വന്തം നാടിന് പകരം സ്വപനങ്ങള്‍ക്ക് ചിറക് മുളക്കുന്ന ദുബായ് എന്ന മഹാനഗരത്തിലാണ് കൊടിയൊഴിപ്പിക്കലിന്‍റെ ദുരന്തം പേറേണ്ടി വന്നതെന്ന് മാത്രം.


വര്‍ഷങ്ങളായി ദുബായിലെ സത്‌വയില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ വിശാലമായ വില്ലയിലാണ് ഞങ്ങള്‍ താമസിച്ച് വന്നിരുന്നത്. വില്ലകള്‍ കൊണ്ട് തിങ്ങിനിറഞ്ഞ പ്രദേശമാണ് സത്‌വയെന്ന് ദുബായിയെക്കുറിച്ചറിയുന്നവരോട് പറയേണ്ടതില്ലല്ലോ. ചെറിയ ചെറിയ വില്ലകള്‍ ദുബായിയുടെ ഭംഗിക്ക് ഭംഗം വരുത്തുമെന്നതിനാല്‍ ഏതുസമയത്തും അവ തട്ടിക്കളയാന്‍ സാധ്യതയുണ്ടെന്ന കിംവദന്തി മലബാരി വണ്ടല്‍ ആയി പ്രചരിച്ചിരുന്നു. സത്‌വയെ മൊത്തം ആരൊക്കെയോ ഏറ്റെടുത്തെന്നും ഗാര്‍ഡന്‍ സിറ്റി എന്ന പേരില്‍ വലിയ പട്ടണ പ്രദേശം രൂപമെടുക്കാന്‍ പോകുന്നുവെന്നുമാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. അതുപ്രകാരം പൊളിച്ച്മാറ്റേണ്ട കെട്ടിടങ്ങളെല്ലാം നമ്പറിട്ട് വേര്‍തിരിക്കുകയും ഘട്ടം ഘട്ടമായി പൊളിക്കല്‍ കര്‍മ്മത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. പൊളിക്കല്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നും കെട്ടിട ഉടമകള്‍ നഷ്ടപരിഹാരം കൈപറ്റുന്നതിനെ ആശ്രയിച്ചിരിക്കും പൊളിക്കലിന്‍റെ വേഗതയെന്നും ബന്ധപ്പെട്ടവരില്‍ നിന്നറിയാന്‍ കഴിഞ്ഞു. അഥവാ നഷ്ടപരിഹാരം പെട്ടെന്ന് സ്വീകരിച്ചാല്‍ മാസങ്ങള്‍ക്കകം വില്ല തുടച്ച് നീക്കപ്പെടുമെന്നര്‍ത്ഥം. ഞങ്ങള്‍ വില്ലയുടെ അറബിയുമായി ബന്ധപ്പെട്ടപ്പോള്‍ ഉടനടി നഷ്ടപരിഹാരം വാങ്ങാന്‍ ഉദ്ദേശമില്ലെന്നും 2009 ഡിസമ്പര്‍ വരെയെങ്കിലും താമസം തുടരാന്‍ കഴിയുമെന്നും ഉറപ്പ് ലഭിച്ചു.


ഞങ്ങളുടെ വില്ലയിലെ അന്തേവാസികളായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 പേരോളമുണ്ടായിരുന്നു. നന്‍‌മയുടെ സഹചാരികളായ കറേ നല്ല മനുഷ്യരാണ് അറബിയില്‍ നിന്നേറ്റെടുത്ത് ഈ വില്ല നടത്തുന്നത്. സാമൂഹ്യ പ്രവര്‍ത്തനം തപസ്യയായി സ്വീകരിച്ച് സ്വന്തം ജീവിതത്തിലൂടെ ഞങ്ങള്‍ക്ക് മാതൃക കാണിക്കുന്ന ത്യാഗികളും നിസ്വാര്‍‌ത്ഥരും. അവരുടെ ഉപദേശ നിര്‍ദ്ദേശങ്ങളാണ് ഞങ്ങളെ വഴിനടത്തുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം ഇനിയും ബാക്കിയുണ്ടല്ലോ എന്ന ആശ്വാസത്തില്‍ , പുതിയ സങ്കേതം സാവകാശം കണ്ടുപിടിച്ചാല്‍ മതിയല്ലോ എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. ആയിടയ്ക്കാണ് വിശുദ്ധ റമളാനിലെ ഒരു രാത്രിയില്‍ വില്ലയിലെ അന്തേവാസികളുടെ ഒരു മിറ്റിംഗ് ചേരുന്നുണ്ടെന്നും ഏവരുടെയും സാന്നിധ്യമുണ്ടാവണമെന്നും ബന്ധപ്പെട്ടവര്‍ എല്ലാവരെയും അറിയിച്ചു. ധര്‍മ്മപാതയില്‍ അടിയുറച്ച് നിര്‍ത്താനുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സ്നേഹവും സാഹോദര്യവും കാത്ത് സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതള്‍ ബോധ്യപ്പെടുത്താനും ഇടയ്ക്കിടെ വിളിച്ച് ചേര്‍ക്കപ്പെടുന്നതുപോലുള്ള ഒന്നായിരിക്കും ഇതും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പ്രതീക്ഷിക്കാത്തത് തന്നെ സംഭവിച്ചു. എത്രയും പെട്ടെന്ന് വില്ല ഒഴിഞ്ഞ് കൊടുക്കണമെന്ന ദുഖ വാര്‍ത്ത കൈമാറാനായിരുന്നു ആ മീറ്റിംഗ്. നാലാം പെരുന്നാളിന് കാലിയാക്കി കൊടുക്കണമെന്നാണ് അറബി പറഞ്ഞിരുന്നത്. വല്ലാത്ത ഒരു ഷോക്കായി എല്ലാവര്‍ക്കും.



പിന്നീടുള്ള ദിനരാത്രങ്ങള്‍ വളരെ ദുഖസാന്ദ്രമായിരുന്നു. . നോമ്പിന്‍റെ പകല്‍‌സമയങ്ങളില്‍ റൂമിന് വേണ്ടി തെണ്ടിത്തിരിയേണ്ട അവസ്ഥ ഒരു ഭാഗത്ത്. ഇതയും നാള്‍ പരസപരം സ്നേഹിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന ധന്യമായ ജീവിത പരിസരത്തിന് അന്ത്യം കുറിക്കപ്പെടുകയാണല്ലോ എന്ന വ്യഥ മറുഭാഗത്ത്. ഒരമ്മ പെറ്റ മക്കളെപ്പോലെ ഏകോദര സഹോദരങ്ങളെപ്പോലെയായിരുന്നു ഞങ്ങളിവിടെ. ഞങ്ങളിലൊരുവന്‍റെ ദുഖം ഞങ്ങളുടെ മൊത്തം ദുഖമായിരുന്നു. ഒരാളുടെ സന്തോഷം ഞങ്ങളുടെ മൊത്തം സന്തോഷവും. കെടുതിയും ആനന്ദവുമെല്ലാം ഞങ്ങള്‍ പരസ്പരം പങ്കുവച്ചു. സ്നേഹനിധിയായ ഒരു ഉമ്മയുണ്ടായിരുന്നു ഞങ്ങള്‍ക്കിവിടെ. വര്‍ഷങ്ങളായി ഞങ്ങളുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചിരുന്ന പ്രിയപ്പെട്ട പാചകക്കാരന്‍ . പലരും അദ്ദേഹത്തെ ഉമ്മാ എന്ന് വിളിക്കുമായിരുന്നു. ഒരു ശമ്പളക്കാരനെന്നതിലുപരി ആത്മാര്‍ഥത തുളുമ്പുന്ന സ്നേഹത്തോടെയായിരുന്നു അദ്ദേഹം ഞങ്ങളെ പരിചരിച്ചിരുന്നത്. വൈകി വരുന്നവര്‍ക്കായി അദ്ദേഹം ഭക്ഷണം പ്രത്യേകം സൂക്ഷിച്ച് വെക്കുമ്പോള്‍ ഒരുമ്മയുടെ അദൃശ സാന്നിധ്യം ഞങ്ങള്‍ക്കനുഭവപ്പെടുമായിരുന്നു. സ്നേഹവും സൌഹാര്‍ദ്ദവും പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട വില്ലയോട് എങ്ങനെ വിടപറയുമെന്നത് ഉള്ളിലെവിടെയോ വല്ലാത്തൊരു വേദനയായി പടര്‍ന്നു തുടങ്ങി. ഒരു പാട് പേര്‍ക്ക് താങ്ങും തണലുമായിരുന്നു ഈ വില്ല. വിസിറ്റ് വിസയില്‍ ജോലി തേടിയെത്തുന്നവര്‍ക്കൊരത്താണിയായിരുന്നു ഇവിടം. വളരെ തുഛമായ നിരക്കിന് താമസസൌകര്യം ഒരുക്കിക്കൊടുക്കാനും തങ്ങളെക്കൊണ്ടാവുംവിധം പരിശ്രമിച്ച് അനുയോജ്യമായ ജോലി നേടിക്കൊടുക്കാനും തുറന്ന മനസ്സോടെയുള്ള സഹകരണം എല്ലാവരും കാഴ്ച്ചവെക്കുമായിരുന്നു. ദുരിതം പേറുന്ന ഒട്ടനവധി പേരുടെ കണ്ണീരൊപ്പാനും പ്രയാസങ്ങളില്‍ നീറിപ്പുകയുന്ന ഒരുപാടുപേര്‍ക്ക് കൈത്താങ്ങാവാനും കഴിഞ്ഞതിന്‍റെ ചാരിതാര്‍‌ത്ഥ്യം കൂടി പങ്കുവെക്കാനുണ്ടീ വില്ലക്ക്. എല്ലാറ്റിലുമുപരി ഞങ്ങളുടെ കണ്ണീരും വിയര്‍പ്പും അലിഞ്ഞ് ചേര്‍ന്ന വില്ല. എന്ത് മാത്രം ദുഖങ്ങളുടെയും സങ്കടങ്ങളുടെയും കഥ അയവിറക്കാനുണ്ടാവുമതിന്? ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയതും സങ്കല്പങ്ങള്‍ക്ക് വര്‍ണ്ണച്ചിറക് വിരിയിച്ചതും ഇവിടെനിന്ന് തന്നെ. അതെ, എല്ലാം ഞങ്ങള്‍ക്കന്യമായി. സുഗന്ധം പേറുന്ന ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച്. വര്‍ഷങ്ങളിലൂടെ വിളയിച്ചെടുത്ത സൌഹൃദത്തിന്‍റെ കണ്ണികളെല്ലാം തകരുന്നത് പോലെ. ഒന്നിച്ച് ഒരു കുടുംബം പോലെ കഴിയുന്നതിന്‍റെ നിറവും ധന്യതയും പലയിടത്തേക്കായി പറിച്ച് നടുമ്പോള്‍ നഷ്ടമാകുന്നു. കുടിയിറക്കലിന്‍റെ വ്യഥയും വേര്പിരിയലിന്‍റെ വേദനയും കനലായെരിയുകയാണിപ്പോഴും


ഞങ്ങളെയെല്ലാവരെയും ഉള്‍ക്കൊള്ളുന്നവിധത്തില്‍ പുതിയ താമസ സൌകര്യം കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ പല ഭാഗത്തേക്കായി താമസം പറിച്ച് നട്ടു. ചെറിയ കൂട്ടായ്മയായി, എട്ട് പേരും അഞ്ച് പേരുമൊക്കെയായി . നിര്‍ബന്ധഘട്ടത്തിലെ ആവശ്യങ്ങള്‍ പരമാവധി ചൂഷണം ചെയ്യാന്‍ മലയാളികളുടെ നേതൃത്വത്തില്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയ സജീവമായി രംഗത്തുള്ളതിനാല്‍ ഞാനുള്‍പ്പെട്ട എട്ടംഗ സംഘം ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെയാണ്. കുടിയൊഴിപ്പിക്കലി ന്‍റ ദുരന്തപര്‍വ്വം പേറുകയാണിപ്പോഴും.

Wednesday, October 1, 2008

കെട്ടുകാഴ്ചകളില്ലാത്ത അക്ഷരക്കൂട്ടങ്ങളുമായി ഇങ്കു റഹ്‌മത്ത്


ഇങ്കു റഹ്‌മത്ത് വാക്കുകളെ വായനക്കാര്‍ക്ക് മുന്നില്‍ നിരത്തുക മാത്രം ചെയ്യുന്നു. വ്യാഖ്യാനിക്കേണ്ട ബാധ്യത വായനക്കാരനാണെന്ന് ഇങ്കു പറയുന്നു. പത്തു വയസ്സിനുള്ളില്‍ ആറ് കഥാസമാഹരങ്ങളും ഒരു കവിതാസമാഹാരവും രചിച്ച് സാഹിത്യരംഗത്ത് ശ്രദ്ധേയമായ ഇങ്കു റഹ്‌മത്തിന്റെ രചനകള്‍ രൂപപരമായ കെട്ടുകാഴ്ചകളില്ലാതെ മുളപൊട്ടുന്നൊരു വിത്തിന്റെ സ്വഭാവികതയോടെ രൂപം കൊണ്ടവയാണ്.

ഇങ്കുവിന്റെ അക്ഷരങ്ങളുടെ വിരല്‍‌പിടിച്ചു നടക്കണമെങ്കില്‍ ബാലമനസ്സിന്റെ നൈര്‍മല്യങ്ങള്‍ കൈമോശം വന്നുപോകാതെ കാത്തുവെക്കണം. സ്വന്തം ചുറ്റുപാടുകളിലെ സാധാരാണവും അസാധാരണവുമായ കാഴ്ചകളും കേള്‍വികളും തിരിച്ചറിവുകളും തന്റെ തന്നെ മാനസിക സഞ്ചാരങ്ങളും ഇങ്കുവിന്റെ രചനകള്‍ക്ക് പ്രമേയമാകുന്നു. അതുകൊണ്ടാണ് പൂവും പുഴയും ആകാശവും പാവകൂട്ടങ്ങളുമൊക്കെ ഇങ്കുവിന്റെ രചനകളില്‍ കഥാപാത്രങ്ങളായവതരിക്കുന്നത്.
ജീവിതത്തെ ശാന്തമായൊഴുക്കുന്നൊരു പുഴയായി തിരിച്ചറിയുന്ന ഇങ്കുവിന്റെ രചനകളില്‍ മുതിര്‍ന്നവരുടെ ലോകത്തിലെ പൊങ്ങച്ചങ്ങളും പൊള്ളത്തരങ്ങളും വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു. പൂവും പുഴയും എന്ന കഥാസമാഹാരത്തിലെ ഗുഡ്മോര്‍ണിംഗ്, സേ ഗുഡ്മോണിംഗ് എന്നീ കഥകള്‍ ബാലമനസുകള്‍ക്ക്മേല്‍ കടന്നുകയറുന്ന അധ്യാപന രീതികളെ ഫലിതാത്മമായി വിമര്‍ശിക്കുകയാണ്. ഈ സമാഹരത്തിലെ തന്നെ പേടി എന്ന കഥ വിഭ്രമാത്മകമായ സമകാലീന സമൂഹിക പരിതാവസ്ഥകള്‍ കുഞ്ഞുമനസുകളിലേല്പിക്കുന്ന ആഴത്തിലുള്ള മുറിവുകളെ മുദ്രണം ചെയ്യുന്നു.

തേനൂളന്‍ എന്ന കഥാസമാഹരത്തിലെ കാറിന്റെ വഴിതെറ്റല്‍ എന്ന കഥയില്‍ ജനതയില്‍ നിന്നകന്നുപോകുന്ന ഭരണകൂടനിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. മറച്ചുവെക്കപ്പെടുന്ന മനുഷ്യാവസ്ഥയുടെ ദയനീയ ചിത്രം വരച്ചുകാട്ടുന്ന മുഖം മൂടി എന്ന കഥ കഥയറിഞ്ഞവരുടെ കണ്ണ് നനക്കുന്നു. മാന്യന്‍ എന്ന കഥാസമാഹരത്തിലെ ടീച്ചറുടെ സ്വപ്നം എന്ന കഥയില്‍ അക്രമാസകതമായ സമകാലീന സാംസ്കാരിക മുഖത്തെ അടയാളപ്പെടുത്തുന്നു. തെനൂളന്‍ എന്ന കൃതിയിലെ വൈറസ് കഥ പുതിയ കാലം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ബാലപാഠങ്ങള്‍ കുഞ്ഞുമനസ്സുകളില്‍ സ്നേഹരാഹിത്യം നിറക്കൂന്നുവെന്ന ഓര്‍‌മ്മപെടുത്തലായി മാറുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ വികസനം നമ്മുടെ സാംസ്കാരിക ഭൂമികകളെ എങ്ങനെ കടന്നാക്രമിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് കമ്പ്യുട്ടറും ഇന്റെര്‍നെറ്റും എന്ന കഥയിലൂടെ. മൈഡിയര്‍ ടോയ് ടോഗ് എന്ന കവിതയില്‍ തന്‍റെ തന്നെ കാരണങ്ങളാല്‍ കൈമോശം വന്നുപോയ പാവയെ ഇനി സ്വര്‍ഗത്തില്‍ കണ്ടെത്താന്‍ കലണ്ടര്‍ താളെണ്ണിയിരിക്കുന്ന ബാലമനസ്സിന്റെ തീവ്ര വിശുദ്ധികള്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

സ്വപ്നങ്ങള്‍ ഉപഭോഗാസക്തമാകുമ്പോഴും ഉണര്‍വ്വുകള്‍ ജീവിതത്തെ ശാന്തമായൊഴുകുന്ന പുഴയായി തിരിച്ചറിയാന്‍ ഈ കഥാകാരിയെ പ്രാപ്തയാക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ശാന്തമായ പുഴത്തിരത്തിരുന്ന് ഇങ്കു വാക്കുകള്‍ കൊരുക്കുമ്പോള്‍ നിറം പിടിപ്പിക്കാത്ത ജീവിത കാഴ്ചകളുടെ നേര്‍ചിത്രങ്ങളായി പരിണമിക്കുകയാണ് ആ വാക്കുകള്‍.

നെട്ടയം എ ആര്‍ ആര്‍ പബ്ലിക്ക് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇങ്കു റഹ്‌മത്ത് അഡ്വ. റഹീമിന്റെയും അധ്യാപികയായ ലാലി എസ് ഖാന്റെയും മകളാണ്.
(സിറാജ് ദിനപത്രം , ഒക്ടോബര്‍ ഒന്ന്)