Wednesday, October 30, 2013

ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങള്‍.

ചില കാര്യങ്ങള്‍ തീരെ നിസ്സാരമെന്ന് നമുക്ക്  തോന്നിയേക്കാം. എന്നാല്‍ മറ്റുള്ളവര്‍ക്കത് എത്രയോ വലിയതായി അനുഭവപ്പെടുന്നുവെന്നറിയുമ്പോഴാണ് അവയുടെ വില നമുക്ക് ബോധ്യപ്പെടുന്നത്.    ചെറുതും നിസ്സാരവുമൊന്നു നാം കരുതുന്നവയെക്കുറിച്ച് മറ്റുള്ളവര്‍ അഭിമാനം കൊള്ളുകയും അതിരറ്റ് സന്തോഷിക്കുകയും ചെയ്യുമ്പോഴാണ്  യഥാര്‍ത്ഥ സാഫല്യം നമുക്ക് ലഭിക്കുന്നത്. ജീവിതാനുഭവങ്ങളില്‍ നിന്നും ഉദാഹരങ്ങളൊരുപാട്  നിരത്താനുണ്ടാകും നമുക്ക്. കഴിഞ്ഞ അധ്യാപക ദിനത്തില്‍ ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന ഫിസിക്സ് അധ്യാപകനായ ശിവന്‍ മാഷെക്കുറിച്ച് ചെറിയൊരു കുറിപ്പ് കണ്ണുരുട്ടി മാഷ് എന്ന പേരില്‍ ബ്ലോഗില്‍ ഇട്ടിരുന്നു. ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും പ്രിയപ്പെട്ട മാതൃകായോഗ്യനായ ഗുരുനാഥനെക്കുറിച്ച് എന്തെങ്കിലുമൊന്ന് എഴുതണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. ആ അഭിലാഷം പൂവണിഞ്ഞപ്പോള്‍ മാഷുമായി അടുപ്പമുള്ള നാട്ടിലെ സുഹൃത്തിനു അതിന്റെ ലിങ്ക് അയച്ചു കൊടുത്തിരുന്നു.   അവന്‍ അതിന്റെ പ്രിന്റെടുത്ത് അധ്യാപക ദിനത്തിന്റെ സമ്മാനമായി മാഷിന്റെ വീട്ടിലെത്തിച്ചുകൊടുത്തു. അതു വായിച്ചു  കഴിഞ്ഞപ്പോള്‍ മാഷിനുണ്ടായ സന്തോഷവും ആനന്ദവും കാണേണ്ടത് തന്നെയായിരുന്നുവെന്നും   അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാ‍യിരുന്നുവെന്നും സുഹൃത്ത് അറിയിച്ചപ്പോഴാണ് ഒന്നുമല്ലെന്ന്  കരുതിയ ആ കുറിപ്പ്  മാഷ് എത്രത്തോളം ഇഷ്ടപ്പെട്ടുവെന്നു മനസ്സിലായത്.   ശിഷ്യഗണത്തില്‍പ്പെട്ടവര്‍  തങ്ങളെക്കുറിച്ച് കോറിയിടുന്ന ഓരോ വരിയും ഒരധ്യാപകന്റെ മനസ്സിന്  എന്തുമാത്രം ആഹ്ലാദം നല്‍കുന്നതാണെന്ന് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. 

ഇതാണ് ഞങ്ങളുടെ ശിവന്‍ മാഷ്.


പെരുന്നാള്‍ ലീവിനു നാട്ടിലെത്തിയപ്പോള്‍ സുഹൃത്തുക്കളുമൊത്ത് മാഷിന്റെ വീട്ടില്‍ പോകാന്‍ കഴിഞ്ഞു. നേരില്‍ കണ്ടപ്പോളും മാഷ് സന്തോഷം മറച്ചുവെച്ചില്ല. മാഷെക്കുറിച്ചെഴുതിയ പോസ്റ്റിനു ‘കണ്ണുരുട്ടി മാഷ്’ എന്ന തലവാചകം കൊടുക്കുമ്പോള്‍ അദ്ദേഹത്തിനത് അനിഷ്ടകരമാകുമോ എന്നൊരാശങ്കയുണ്ടായിരുന്നു. എന്താടോ താന്‍ എന്നെ ആളുകളുടെ മുമ്പില്‍ കണ്ണുരുട്ടി ആക്കിയല്ലേ എന്ന് തമാശ പറഞ്ഞുകൊണ്ട് സ്വീകരിച്ചിരുത്തിയപ്പോഴാണ് ആ ശങ്കയൊഴിഞ്ഞത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും  ഇപ്പോഴും തന്നെ ഓര്‍ക്കുകയും കാണുമ്പോള്‍ ഓടിവന്ന് വിശേഷങ്ങള്‍ ചോദിച്ചറിയുകയും സന്ദര്‍ശിക്കാനെത്തുകയും ചെയ്യുന്ന ശിഷ്യസമ്പത്തിനെക്കുറിച്ച് അഭിമാനത്തോടെയാണ് മാഷ് ഓര്‍ത്തെടുക്കുന്നത്. വാര്‍ധക്യത്തിന്റെ അവശതകള്‍ വല്ലാതെ ഏശിയിട്ടില്ലെങ്കിലും പ്രിയതമയുടെ വിരഹത്തിന്റെ നൊമ്പരത്തീയില്‍ ഞെരിഞ്ഞമര്‍ന്ന് ഏകാന്തതയുടെ ഉപാസകനെപ്പോലെ കഴിയുമ്പോഴും ശിഷ്യര്‍ തന്നോടു കാണിക്കുന്ന സ്നേഹാദരവുകളെക്കുറിച്ച് പറയാന്‍ മാഷിന് എന്തെന്നില്ലാത്ത ആവേശം. എത്രയോ വര്‍ഷങ്ങള്‍ക്കപ്പുറത്തെ ബന്ധങ്ങളെ തേച്ച് മിനിക്കിയെടുത്ത്  എണ്‍പതിന്റെ പടിവാതിലിലെത്തി നില്‍ക്കുന്ന തന്നെത്തേടിയെത്തുന്ന ശിഷ്യഗണങ്ങളെയോര്‍ത്ത് മാഷ് അല്‍ഭുതം കൂറുകയാണ് . മാഷെപ്പോലെയൊരു ഗുരുനാഥനെ ഓര്‍ക്കാതിരിക്കുന്നിടത്താണാശ്ചര്യമെന്ന് അപ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു.  വിദ്യാര്‍ത്ഥികളുടെ സ്നേഹാദരവുകള്‍ നേടിയെടുത്ത് അവരുടെ ഹൃദയങ്ങളില്‍ കുടിയേറാന്‍ കഴിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ അംഗീകരമായി അദ്ദേഹം കാണുന്നത്. പെയ്ഡ് അവാര്‍ഡുകളുടെ പെരുമഴക്കാലത്ത് കുറുക്കുവിദ്യയിലൂടെ ഒപ്പിച്ചെടുക്കാനാവുന്നതല്ലല്ലോ ഈ അംഗീകാരം. ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്ത് പോയകാല നന്മകളുടെ ഓളപരപ്പില്‍ കുറച്ച് നേരമങ്ങനെ ഞങ്ങള്‍ ഒഴുകി നടന്നു . ജീവിത സഖിയുടെ അകാല വിയോഗം തീര്‍ത്ത ഒറ്റപ്പെടലിന്റെ തീരാവ്യഥയില്‍ ഉള്ളം വെന്തുരുകുന്നതിന്റെ നീറ്റല്‍ പലപ്പോഴും അദ്ദേഹത്തിന്റെ  വാക്കുകളില്‍ പ്രകടമായിരുന്നു . ബ്ലോഗിലെ കുറിപ്പില്‍ ചേര്‍ക്കാന്‍ മാഷിന്റെ ഒരു ഫോട്ടോ കിട്ടിയാല്‍ കൊള്ളാമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പേരും പ്രശസ്തിയും ഒട്ടും ആഗ്രഹിക്കാത്തയാളാണ് മാഷെന്നറിയുന്നതിനാല്‍ ചോദിക്കാന്‍ വൈമനസ്യം തോന്നിയെങ്കിലും ആവശ്യപ്പെട്ടപ്പോള്‍  നീരസമൊന്നും പ്രകടിപ്പിച്ചില്ല. .  അല്പ സമയത്തെ സമാഗമത്തിനു ശേഷം മാഷിന്റെ ഒരു ഫോട്ടോയും വാങ്ങി യാത്രപറഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍  പഴയ കലാലയ മുറ്റത്ത് നിന്ന് പടിയിറങ്ങി വരുന്നൊരു പ്രതീതി.

Thursday, September 5, 2013

‘കണ്ണുരുട്ടി‘ മാഷ്


ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഗുരുമുഖങ്ങളില്‍ എന്നും തിളങ്ങി നില്‍ക്കുന്ന  പ്രിയപ്പെട്ടൊരു മാഷുണ്ട്. ഹൈസ്കൂളില്‍ ഫിസിക്സ് എടുത്തിരുന്ന ശിവന്‍ മാഷ്. ഏതൊരധ്യാപകനും മാതൃകയാക്കാവുന്ന പെരുമാറ്റരീതിയും അധ്യാപനശൈലിയും സ്വന്തമായുള്ള  തികവൊത്തരു ഗുരു. എട്ടാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ആണ് മാഷ് ക്ലാസ്സെടുത്തിരുന്നത്.  പഠിപ്പിക്കാനുള്ള പാഠഭാഗങ്ങളുടെ നോട്സുകള്‍ കുറിച്ചെടുത്ത് ഒരുങ്ങി തയ്യാറായി മാത്രമേ അദ്ദേഹം ക്ലാസ്സ് എടുക്കാറുണ്ടായിരുന്നുള്ളൂ.  . മറ്റ് അധ്യാപകരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. മിക്കവരും തങ്ങളുടെ പോര്‍ഷന്‍ എടുത്ത് തീര്‍ക്കുകയെന്ന കടമ നിര്‍വഹിക്കുക മാത്രം ചെയ്യുമ്പോള്‍ ഇദ്ദേഹം അങ്ങനെയായിരുന്നില്ല.  എല്ലാവര്‍ക്കും എളുപ്പം മനസ്സിലാകാവുന്ന വിധം ആകര്‍ഷകമായ രീതിയിലുള്ള ക്ലാസ്സ് കഴിയുന്നതോടെ മിക്കവര്‍ക്കും പാഠഭാഗം മന:പാഠമായിട്ടുണ്ടാകും .    അദ്ദേഹം പറഞ്ഞ് തരുന്ന നോട്സ് എല്ലാവരും എഴുതിയെടുക്കണമെന്നത് നിര്‍ബന്ധമായിരുന്നു. ആ നോട്ട് ബുക്കുകളായിരുന്നു ഞങ്ങളുടെ ഫിസിക്സ് ‘ടെക്സ്റ്റ്’ ബുക്കുകള്‍. ആ ശൈലിയുടെ പ്രത്യേകത കൊണ്ട് തന്നെ എട്ടിലും പത്തിലും ഫിസിക്സില്‍ ആരും തോല്‍ക്കാറുണ്ടായിരുന്നില്ലെന്ന് കൂടി ഓര്‍ക്കുമ്പോഴാണ് മാഷ് വേറിട്ട് നില്‍ക്കുന്നത്.


ഇതാണ് ഞങ്ങളുടെ പ്രിയ ശിവന്‍ മാഷ്.

വളരെ കര്‍ക്കശക്കാരനായിരുന്നെങ്കിലും ഒരിക്കലും കുട്ടികളെ ശിക്ഷിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത മുറ്റിയ ക്ലാസ്സ് റൂമുകളെ സൃഷ്ടിച്ചെടുക്കാനും കുട്ടികളുടെ മൊത്തം ആദരവ് കലര്‍ന്ന സ്നേഹം പിടിച്ച് പറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്ലാസ്സ് റൂമിനെ തന്റെ സൂക്ഷ്മമായ നിരീക്ഷണ വലയത്തില്‍ കൊണ്ട് വരുകയും ഏതൊങ്കിലുമൊരുത്തന്റെ ശ്രദ്ധ ക്ലാസ്സില്‍ നിന്ന് തെറ്റിപ്പോയാല്‍ ഉടന്‍ അവനിലേക്ക് തന്റെ ദൃഷ്ടി പായിച്ച് രൂക്ഷമായൊന്ന് നോക്കകുയും ചെയ്യും. നിന്ന നില്പില്‍ മൂത്രം ഒഴിച്ച് പോകുന്ന നോട്ടം. ചിലപ്പോള്‍ ചോക്ക് കൊണ്ട് ചെറുതായൊന്നു കൊട്ടും തലക്ക്. അത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശിക്ഷ.ഈ നോട്ടം കൊണ്ട്  ‘കണ്ണുരുട്ടി മാഷ്” എന്നൊരു അപരനാമം വീണു അദ്ദേഹത്തിനു.

 ഗവര്‍മെന്റ് ഹൈസ്കൂള്‍ ആയിരുന്നതിനാല്‍ രാഷ്ട്രീയ അതിപ്രസരം കൊണ്ട് കലുഷിതമായ പല നാളുകളും കഴിഞ്ഞ് പോയപ്പോള്‍ അദ്ദേഹത്തിന്റെ സ്നേഹപൂര്‍ണ്ണമായ ഇടപെടലില്‍ പല പ്രശ്നങ്ങളും ഉരുകിയില്ലാതായിട്ടുണ്ട്. ക്ലാസ്സ് റൂമില്‍ കാര്‍ക്കശ്യക്കാരനായിരുന്നെങ്കിലും പുറത്ത് വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴുകി സ്നേഹവും ആദരവും പിടിച്ച് പറ്റാന്‍ കഴിഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകളും നിര്‍ദ്ദേശങ്ങളും ലംഘിക്കാനോ മറികടക്കാനോ ആരും മുതിരുമായിരുന്നില്ല. ഒരു ഹൈസ്കൂളില്‍ ഇത്ര മാത്രം പ്രശ്നമുണ്ടാകുമോ എന്ന് ചിന്തിക്കുന്നുവെങ്കില്‍ തെറ്റി. പലപ്പോഴായി എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷങ്ങള്‍ കൊണ്ട് പേരെടുത്തതായിരുന്നു ഈ സ്കൂള്‍ എന്നതിനാല്‍   അതിന്റെ അനുരണനങ്ങള്‍ പലപ്പോഴായി ഉണ്ടാകാറുണ്ടെങ്കിലും  മാഷിന്റെ ട്രാന്‍സ്‌ഫറിനു ശേഷം നാടിനെ പിടിച്ചുലച്ച സംഘര്‍ഷത്തിന്റെ കേന്ദ്ര ബിന്ദു ആയിത്തീര്‍ന്നത് ഈ സ്കൂള്‍ ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ സ്കൂളില്‍ ഒതുക്കിത്തീര്‍ക്കാന്‍ കഴിയാതെ വരികയും പുറത്തേക്ക് വ്യാപിച്ച് ദിവസങ്ങളോളം കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് വിലപ്പെട്ട ഒരു ജീവനുമെടുത്തിട്ടേ അത് അടങ്ങിയുള്ളൂ എന്നറിയുമ്പോഴാണ് ഇത്തരമൊരധ്യാപകന്റെ സാന്നിധ്യത്തിന്റെ വില മനസ്സിലാകൂ.  മാഷ് അന്ന് സ്കൂളില്‍ ഉണ്ടായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഇത്ര തീഷ്ണമാകില്ലായിരുന്നു എന്നാണ് ഞാനിന്നും വിശ്വസിക്കുന്നത്   .  ഞങ്ങളുടെ എസ് എസ് എല്‍ സി ബാച്ച് കഴിഞ്ഞ് രണ്ട് വര്‍ഷം തികയുന്നതിന്റെ മുമ്പ് മാഷിനു എ ഇ ഒ ആയി പ്രമോഷന്‍ ലഭിച്ചു ചാവക്കാട് ആയിരുന്നു നിയമനമെന്നാണ് ഓര്‍മ്മ. ഒരേ നാട്ടുകാരായിരുന്നിട്ടും പിന്നീട് ബസ്സില്‍ വെച്ചോ മറ്റോ ആണ് അദ്ദേഹത്തെ കാണാറുണ്ടായിരുന്നത്.

ഓരോ തവണ ലീവിനു പോകുമ്പോഴും മാഷിനെ പോയി കാണണമെന്ന് വിചാരിക്കാറുണ്ടെങ്കിലും നടക്കാറില്ല.   കല്യാണം ക്ഷണിക്കാന്‍ പോയിട്ടാണ് ഒടുവിലത് സാധിച്ചത്. ഒരു സുഹൃത്തുമൊത്താണ് മാഷിന്റെ വീട്ടിലെത്തിയത്. അവനാണെങ്കില്‍ മാഷെക്കുറിച്ച് കേട്ട് പരിചയം മാത്രമേ ഉള്ളൂ. . ‘കണ്ണുരുട്ടി മാഷ് എന്ന് കുറേ കേട്ടിട്ടുണ്ട് , ഒന്ന് കാണണമെന്ന് വെച്ച് വന്നതാണെന്ന് ‘ സ്വതവേ രസികനായ അവന്‍ സംസാ‍രത്തിന്നിടയില്‍ മാഷിനോട് പറഞ്ഞത് കേട്ട് ആകെയൊന്ന് ഞെട്ടിപ്പോയി. ‘അങ്ങനെയൊന്നുമില്ല, കുട്ടികള്‍ക്ക് തോന്നുന്നതാകും’ എന്ന്  വളരെ ലാഘവത്തില്‍ ചിരിച്ച് കൊണ്ടാണതിനു മാഷ്  മറുപടി പറഞ്ഞത്. ഇന്ന് വിശ്രമജീവിതത്തിലാണ് അദ്ദേഹം. സര്‍വ്വിസിലായിരിക്കുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ അധ്യാപക അവാഡ് മാഷെത്തേടിയെത്തുമെന്ന പ്രതീക്ഷ  ഉണ്ടായിരുന്നു. പ്രശസ്തിയും അവാര്‍ഡുകളും തേടിപ്പോകുന്നവരുടെ കൂട്ടത്തിലായിരുന്നില്ല അദ്ദേഹം എന്നതിനാലാകാം അവ അന്യം നിന്നത്. ഈ അധ്യാപക ദിനത്തില്‍ പ്രിയ മാഷിനും മറ്റു അധ്യാപകര്‍ക്കും ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.


Thursday, September 29, 2011

‘ക്ലര്‍ക്കി’ന്റെ സ്ക്കൂളും അമ്മാളേച്ചീടേ ഉപ്പ്മാവും.

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന പള്ളിക്കൂടവും അവിടുത്തെ അധ്യാപകരും ഓര്‍മ്മയിലെത്തുമ്പോള്‍  പഴയകാല സ്മൃതികള്‍ക്ക് വല്ലാത്ത തിളക്കം .അതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ലല്ലോ.ആ മധുവൂറും ഓര്‍മ്മകളുടെ ഓളങ്ങളിലേക്ക് ഒന്ന് ഊളിയിട്ടിറങ്ങട്ടെ ഞാനും.

താരതമ്യേന അടുത്തുള്ളത് ഹൈസ്കൂള്‍ ആയിരുന്നിട്ടും കുറച്ചകലെയുള്ള  യു. പി സ്കൂളിലായിരുന്നു എന്റെയും സഹോദരങ്ങളുടേയും പരിസരപ്രദേശങ്ങളിലെ ചുരുക്കം ചില കുട്ടികളുടെയും പ്രാഥമിക പഠനം. ഹൈസ്കൂളില്‍ രാവിലെ എല്‍ പി , യു പി ക്ലാസ്സുകളും ഉച്ചക്ക് ഹൈസ്ക്കൂള്‍ ക്ലാസ്സുകളുമെന്ന രീതിയില്‍ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. എന്നാല്‍ ‘ക്ലര്‍ക്കിന്റെ സ്കൂള്‍’ എന്നറിയപ്പെട്ടിരുന്ന   ഞങ്ങളുടെ എ എം യു പി  സ്കൂളില്‍ പത്ത് മണി മുതല്‍ നാല് മണി വരെയാണ് ക്ലാസ്സ്. ഒമ്പത് മണിക്ക് മദ്‌റസ വിട്ട് വന്നാല്‍ പിന്നെ സ്കൂളില്‍ പോകാനുള്ള ഒരുക്കം തുടങ്ങും. പ്രാതല്‍ കഴിക്കലാണ് ആദ്യ പരിപാടി. അന്നത്തെ പ്രാതലിന്റെ ഓര്‍മ്മകളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് പുട്ട്  ആണ്.  പുട്ടില്‍ ചായ ഒഴിച്ച് കുതിര്‍ത്തി പഞ്ചസാരയുമിട്ടൊരു കഴിക്കല്‍. ചില ദിവസങ്ങളില്‍ അവിലോ അതുമല്ലെങ്കില്‍ അരിമണി വറുത്ത് തേങ്ങ ചേര്‍ത്തി കുഴച്ചതോ ആകും ചായക്ക് കൂട്ട്.  ചായകുടി കഴിഞ്ഞാല്‍ പിന്നെ പുസ്തകക്കെട്ടുമായുള്ള യാത്രയാണ്. ഒസ്സാൻ പെട്ടിയോട് സാദൃശ്യമുള്ള അലൂമിനിയത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും പെട്ടികൾ ആയിരുന്നു അന്നു പലരുടെയും സ്കൂൾ ബാഗുകൾ. അത് തന്നെ അപൂര്‍വ്വം ചിലരില്‍ മാത്രം. കുറച്ച് മുതിര്‍ന്നാല്‍ പുസ്തകക്കെട്ടില്‍ എലാസ്റ്റിക് ഇട്ട് അത് തോളില്‍ വെച്ച് ഒരു കൈ കൊണ്ട് താങ്ങി പിടിച്ചുള്ള യാത്ര.....

പത്ത് മണിക്ക് സ്കൂളില്‍ സെക്കന്‍ഡ് ബെല്‍ അടിക്കും. അതിന് മുമ്പ് എത്തിയില്ലെങ്കില്‍ അസം‌ബ്ലിയില്‍ പങ്കെടുക്കാനാകില്ല. മാത്രമല്ല ചിലപ്പോള്‍ ചൂരല്‍ കഷായവും ലഭിക്കും.  പാടങ്ങളും പറമ്പുകളും താണ്ടിയാണ് യാത്ര. വേനല്‍ക്കാലത്തിന്റെ തുടക്കമായല്‍ കണ്ണി മാങ്ങ പറക്കലും സോപ്പും‌കായ ശേഖരിക്കലുമൊക്കെയായി വൈകിയെത്തി ചൂരല്‍ക്കഷായ സേവക്ക് അവസരമൊരുക്കാറുമുണ്ട്. മഴക്കാലമാണെങ്കില്‍ മഴയെ ആസ്വദിച്ചും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കാലിട്ടടിച്ച് കളിച്ചുമൊക്കെയാവും യാത്ര. രണ്ടാള്‍ക്ക്കൂടി ഒരു കുടയായിരുന്നതിനാല്‍ മിക്കവാറും നനഞ്ഞൊലിച്ചായിരിക്കും മഴക്കാലങ്ങളില്‍ സ്കൂളിലെത്താറ്. വീടുകള്‍ തോറും  അന്നൊക്കെ പത്ത് മണി ചെടിയും നാല് മണി ചെടിയും (അസറാപൂവ് ചെടി എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്)  നട്ട് വളര്‍ത്തിയിരുന്നു. വഴിയോരക്കാഴ്ചകളിലും കുസൃതികളിലും മുഴുകി നേരം വൈകുമ്പോള്‍ ഈ പത്ത് മണി ചെടികളായിരുന്നു അന്നത്തെ സമയസൂചിക. പൂവ് പൂര്‍ണ്ണമായി വിടരുന്നത് പത്ത് മണിക്കായതിനാല്‍ വിടര്‍ന്ന പത്ത് മണി പൂക്കള്‍ ദൃഷ്ടിയില്‍പ്പെട്ടാല്‍ പിന്നെ ഒരു ഓട്ടമാണ്. അത് സ്കൂള്‍ എത്തിയാലേ നില്‍ക്കൂ.

സിദ്ധാര്‍ത്ഥന്‍ മാഷ് ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റര്‍. കൂടുതല്‍ കര്‍ക്കശക്കാരനല്ലെങ്കിലും എല്ലാവര്‍ക്കും പേടിയായിരുന്നു മാഷിനെ. ദേഷ്യം വന്നാല്‍ ‘എന്തടാ പുട്ട് മിണുങ്ങി’ എന്ന് വിളിച്ച് ചെവി പിടിച്ച് തിരുമ്പലായിരുന്നു മാഷിന്റെ ശിക്ഷാവിധി. ഇടക്ക് ചൂരല്‍ പ്രയോഗവും നടത്താറുണ്ട്. ‘ഉറുദു മാഷ്‘ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഉമ്മര്‍ മാഷും സ്കൂളിന്റെ തൊട്ടടുത്ത് തന്നെയുള്ള വേണു മാഷും ചൂരല്‍ കൊണ്ട് ഞങ്ങളെയൊക്കെ പലപ്പോഴും കരയിച്ചിട്ടുണ്ട്. ഉറുദു മാഷ് അടി തരുമ്പോഴും തമാശയിലൂടെ ചിരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും വേണുമാഷിന് പലപ്പോഴും ക്രൌധഭാവമായിരിക്കും ശിക്ഷനടപ്പാക്കുമ്പോള്‍. കൈ വെള്ളയില്‍ അടിക്കുന്നതിന് പകരം  തുടയിലോ ചന്തിയിലോ ആണ് രണ്ട് പേരുടേയും അടികള്‍ കൂടുതലും വന്ന് വീഴുക.യു പി ക്ലാസ്സുകളിലെ അധ്യാപകരില്‍ ഇന്നും മനസ്സില്‍ കൂടുതല്‍ തങ്ങി നില്‍ക്കുന്നത് കസ്തൂര്‍ബായി ടീച്ചറാണ്. അഞ്ചാം തരത്തില്‍ പഠിക്കുമ്പോൾ ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ആയിരുന്നു അവർ. അന്ന് വളരെ ചെറുപ്പമായിരുന്ന ടീച്ചര്‍ക്ക് ഞങ്ങള്‍ കുട്ടികളോട് വലിയ വാത്സല്യമായിരുന്നു.  ഞങ്ങള്‍ക്കും ടീച്ചറോട് എന്തെന്നില്ലാത്ത അടുപ്പമായിരുന്നു. അന്നൊരിക്കല്‍ ടീച്ചര്‍ ട്രാന്‍സ്‌ഫര്‍ ആയി പോകുന്നുവെന്നറിഞ്ഞ് ഒരു പാട് കരഞ്ഞിട്ടുണ്ട് ഞങ്ങളുടെ ക്ലാസ്സിലെ പലരും.  പക്ഷെ അന്നത്തെ ട്രാന്‍സ്ഫര്‍ എന്തോ കാരണത്താല്‍ ശരിയാവാതിരുന്നതിനാല്‍  കുറച്ച് മുമ്പ് വരെയും ടീച്ചര്‍ അവിടെത്തന്നെയുണ്ട്. 


അന്നത്തെ സഹപാഠികളില്‍ ഓര്‍മയില്‍ തെളിയുന്ന മുഖങ്ങള്‍ പലതുണ്ടെങ്കിലും അവരില്‍ മുഖ്യന്‍ ‘കുഞ്ഞിനൊണയന്‍‘ ആണ്. അവന്റെ പേര് ഓര്‍മ്മയില്‍ ഇല്ലെങ്കിലും അവന്റെ വെള്ളം ചേര്‍ക്കാത്ത നുണകള്‍ ഒരിക്കലും മറക്കില്ല. നുണയിലെ സത്യസന്ധത കൊണ്ട് വേണു മാഷാണ് അവനാ ഓമനപ്പേര് നല്‍കിയത്. 
അനിയന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന സജീവ് എന്ന കുട്ടിയും ഓര്‍മ്മകളിലെ മായാത്ത സാന്നിധ്യമാണ്. അനിയന്റെ സ്ലേറ്റ് അബദ്ധവശാല്‍ സജീവിൽ  നിന്ന് നിലത്ത് വീണ് പൊട്ടിപ്പോയി. അതിന്റെ പേര് പറഞ്ഞ് അനിയന്‍ എന്നും അവനെ ഭീഷണിപ്പെടുത്തും. പുതിയത് വാങ്ങിത്തന്നില്ലെങ്കില്‍ ഞാനെന്റെ ഇക്കാനോട് പറയുമെന്നാ‍യിരുന്നു അനിയന്റെ ഭീഷണി. ഇക്കാ എന്ന് പറഞ്ഞാല്‍ ഈ പാവം ഞാന്‍ . പരാതിയുമായി സജീവിനേയും കൊണ്ട് അനിയന്‍ എന്റെയടുത്ത് വരും. സജീവാണെങ്കില്‍  പേടിച്ച് ആകെ ഒരു പരുവമായിട്ടുണ്ടാകും. പൊട്ടിയ സ്ലേറ്റിന് പകരമായി പുതിയത് വാങ്ങിത്തരാന്‍ കാശില്ലെന്നും വീട്ടില്‍ അറിഞ്ഞാല്‍ തല്ല് കൊള്ളുമെന്നും പറഞ്ഞ് കരച്ചിലിന്റെ വക്കത്തെത്തുന്ന സജീവിനോട് മിഠായി വാങ്ങാനുള്ള പൈസ  അനിയന് കൊടുത്താല്‍ മതിയെന്ന്  പറഞ്ഞാണത് പരിഹരിച്ചത് .   എന്നാല്‍ ഇക്കാട് പറയുമെന്ന ഭീഷണിയില്‍ ഇടയ്ക്കിടെ അവനില്‍ നിന്ന് മിഠായി വാങ്ങാനുള്ള പൈസ അനിയന്‍ വസൂലാക്കുമായിരുന്നു.


ഉച്ചക്ക് ഒന്നു മുതല്‍ രണ്ട് മണി വരെയാണ് ഭക്ഷണ സമയം. ഞങ്ങളുടെ സ്കൂളില്‍ അന്നൊക്കെ ഉച്ചക്കഞ്ഞിക്ക് പകരം ഉപ്പ്മാവായിരുന്നു. അമ്മാളുവേച്ചി ആയിരുന്നു പാചകക്കാരി. ഗോതമ്പ് നുറുക്കില്‍ മറ്റെന്തൊക്കെയോ ചേര്‍ത്ത് അമ്മാളുവേച്ചിയുണ്ടാക്കിയിരുന്ന ഉപ്പ് മാവിന്റെ രുചി ഇന്നും കൊതിയുണ്ടാക്കുന്നു. . പാചകം തുടങ്ങിയാല്‍ പിന്നെ ഒട്ടനേകം കാക്കകള്‍ അമ്മാളേച്ചിക്ക് അകമ്പടി സേവിക്കാറുള്ളതിനാല്‍ കാക്കാകാഷ്ടവും ഉപ്പ്മാവിന് മേമ്പൊടിയായി ചേരാറുണ്ടെന്ന് പലരും മുറുമുറുക്കാറുണ്ട്. ഉപ്പ് മാവിന്റെ രുചിയൂറും മണമടിക്കാന്‍ തുടങ്ങിയാല്‍ എല്ലാ മുറുമുറുപ്പുകളും പമ്പകടക്കും.  ഉപ്പ് മാവ് ആവശ്യമുള്ളവര്‍ വീട്ടില്‍ നിന്ന് വരുമ്പോള്‍ അത് വാങ്ങാനുള്ള പാത്രവും കൂടെ കൊണ്ട് വരണം. പക്ഷേ  ഉപ്പ് മാവ് വാങ്ങാ‍ന്‍ എന്റെ വീട്ടില്‍ നിന്ന്  അനുമതിയുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പാത്രം കൂടെക്കരുതാന്‍ കഴിയില്ലെങ്കിലും ഇടയ്ക്കൊക്കെ ആ‍രും കാണാതെ കഞ്ഞിപാത്രത്തിന്റെ മൂടി പുസ്തകങ്ങള്‍ക്കിടയിലോ അരയിലോ വെച്ച് ഒളിപ്പിച്ച്‌ കടത്തുമായിരുന്നു. മൂടിയില്‍ ലഭിക്കുന്ന ഇത്തിരി ഉപ്പ്മാവില്‍ ആശ്വാസം പൂണ്ടാണ് പൂതി മാറ്റാറ്. അത്രക്കിഷ്ടമായിരുന്നു അതിനോട്. 

ഉപ്പ് മാവ് വാങ്ങുന്നവരുടെ ഉച്ചഭക്ഷണം അത് തന്നെയായിരുന്നു. ഞങ്ങള്‍ക്കതില്ലാത്തത് കൊണ്ട് ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് തന്നെ പോകണം. ഉച്ച ഭക്ഷണം കൊണ്ട് വരുന്ന പതിവ് അന്ന് സ്കൂളില്‍ കുറവായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചെത്തണം. പൊരിച്ച പപ്പടത്തിന്റെയും പരിപ്പ് കുത്തിക്കാച്ചിയതിന്റെയുമൊക്കെ സ്വാദൂറും വാസന ശ്വസിച്ചുള്ള യാത്രയാണ് ഉച്ചയിലേത്. വീടുകള്‍ക്കിടയിലൂടെയുള്ള യാത്രക്ക് പകരം ഒരു ദിവസത്തെ ഉച്ച യാത്ര റോഡിലൂടെയാക്കിയതിന്റെ അടയാളം ഇന്നും പുരികത്തില്‍ ഒരു ഓര്‍മ്മപ്പാടായി കിടപ്പുണ്ട് .  അമിതവേഗതയില്‍ വന്ന സൈക്കിള്‍ യാത്രികന്‍ എന്നെ ഇടിച്ച് തെറിപ്പിക്കുകയും ഞാന്‍ തലയടിച്ച് വീഴുകയും ചെയ്തു.


  തക്കാളിയും ഉണക്ക ചെമ്മീന്‍ വറുത്തതും നാളികേരവും ചേര്‍ത്ത് ഉണ്ടാക്കുന്ന സ്വാദിഷ്ട്മായ കറിയായിരുന്നു അന്നാളുകളിള്‍ പ്രധാനമായും ഉഛയൂണിനോടൊപ്പം കൂട്ട്. . ചില ദിവസങ്ങളില്‍ പരിപ്പു കറിയായിരിക്കും മുഖ്യന്‍്. മത്തി അന്നും സുലഭമായിരുന്നതിനാല്‍ മിക്കാവാറും ദിവസങ്ങളില്‍ മത്തി വറുത്തതും ഒരു ഇനമായിരുന്നു. മത്തി വറുത്തത് കൂടുതല്‍ കിട്ടാന്‍ വേണ്ടി ഞാനും  അനിയനും  തമ്മില്‍ മത്സരമായിരുന്നു. ചിലപ്പോള്‍ ആര്‍ക്കെങ്കിലും ഒരെണ്ണം കൂടുതല്‍ കിട്ടിയാല്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ അത് ചോറിനുള്ളില്‍ പൂഴ്ത്തി വെക്കും. ചോറ് തിന്നുന്നതിനിടയില്‍ പൂഴ്ത്തിവെച്ച കാര്യം മറക്കുകയും ചോറിനടിയില്‍ നിന്ന് മീന്‍ പുറത്തേക്ക് കാണുകയും  ചെയ്താല്‍ പിന്നെ അതിന്റെ പേരില്‍ കശപിശയാണ്. എല്ലാം കഴിയുമ്പോഴേക്കും ബെല്ലടിക്കാനുള്ള സമയമായിട്ടുണ്ടാകും. ആകാശവാണിയായിരുന്നു ഉച്ചയിലെ സമയ സൂചിക. ഒന്നര മുതല്‍ രണ്ട് വരെ ആകാശവാണിയില്‍ അക്കാലത്ത് ചലചിത്രഗാനമായിരുന്നുവെന്ന് തോന്നുന്നു. രണ്ട് മണിക്ക് ശേഷം ക്ലോസിങ്ങും. ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് പോകുന്ന വഴിയില്‍ എല്ലാ വീടുകളില്‍ നിന്നും റേഡിയോയിലെ ഉഛത്തിലുള്ള ഗാനം കേള്‍ക്കാം. അത് നിലച്ചാല്‍ രണ്ട് മണിയായെന്ന് ഉറപ്പായി. ചലചിത്ര ഗാനങ്ങള്‍ തീരുന്നതിനു മുമ്പ് സ്കൂളില്‍ എത്തുക എന്നതായിരുന്നു അന്നത്തെ സമയക്രമം.

രണ്ട് മണി മുതല്‍ നാല് വരെയാണ് അടുത്ത ഷിഫ്റ്റ്. ഉച്ചക്ക് ശേഷം പിന്നെ ‘ജനഗണ‘ കേള്‍ക്കാനുള്ള കാത്തിരിപ്പാണ്. ‘ടിം ടിം ടിം’ കേള്‍ക്കേണ്ട താമാസമേ ഉള്ളൂ പുസ്തകക്കെട്ടുമെടുത്ത് കുതിക്കാന്‍ . കൂട്ടുകാ‍രുടെ പുറത്തടിച്ചോടിയും ആര്‍ത്തുല്ലസിച്ചുമുള്ള തിരിച്ചുപോക്ക്.അങ്ങിനെ  ക്ലര്‍ക്കിന്റെ സ്കൂളിലും തൊട്ടടുത്ത പാടങ്ങളിലുമൊക്കെയായി ചിലവഴിച്ച ഏഴ് വര്‍ഷങ്ങള്‍ കാലത്തിന് മായ്ക്കാൻ കഴിയാത്ത ഓർമ്മച്ചിത്രങ്ങളിൽ നിറവാർന്നു നിൽക്കുന്നു.

Monday, August 29, 2011

ഈദുല്‍ ഫിത്വര്‍ ആശംസകള്‍

വിശുദ്ധ റമദാനിന്റെ പുണ്യ ദിനരാത്രങ്ങള്‍ക്ക് വിട. ഇനി ഈദുല്‍ ഫിത്വറിന്റെ പൊന്‍ സുദിനം.
നോമ്പിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവും വിശ്വാസ ദൃഢതയും ശിഷ്ടജീവിതത്തിലും നില നിര്‍ത്താന്‍ നമുക്കാവട്ടെ. സമൂഹത്തിലെ പാവപ്പെട്ടവരുടെ യാതനകളും വേദനകളും തിരിച്ചറിയാനും ആവും വിധം അവര്‍ക്ക് കൈത്താങ്ങാനും നമുക്കാവട്ടെ. പശിയടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവന്റെ വിലാപങ്ങളിലേക്ക് കാതുകൊടുക്കാന്‍ നോമ്പിന്റെ പകലുകളില്‍ നാമനുഭവിച്ച വിശപ്പ് ഹേതുവാകണം. നിരാലംബരുടെ കണ്ണീരൊപ്പാനും ആവും വിധം അവര്‍ക്കത്താണിയായി വര്‍ത്തിക്കാനും ശ്രമിക്കാം നമുക്ക്. ‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണകാണിക്കുക, എങ്കിലേ സൃഷ്ടാവ് നിങ്ങള്‍ക്ക് കാരുണ്യം ചൊരിയുകയുള്ളൂ എന്ന വിശുദ്ധ വാക്യം നമുക്കൊരു പ്രചോദനമാകട്ടെ.

വീടും നാടും വിട്ട് അന്യദേശങ്ങളില്‍ ചേക്കേറിയ  പ്രവാസികള്‍ക്ക് ഈദും ആഘോഷവുമെല്ലാം എന്നും നൊമ്പരങ്ങളുടേത് തന്നെ. വിരഹത്തിന്റെ പ്രവാസ ഭൂ‍മികയില്‍ എനിക്കിത് പത്താമത്തെ ഈദുല്‍ ഫിത്വര്‍. വിരഹത്തിന്റെ വേദന ഉള്ളില്‍ കനലായെരിയുമ്പോഴും എന്നേക്കാള്‍ പ്രയാസമനുഭവിക്കുന്നവരിലേക്ക് നോക്കുമ്പോള്‍ ഞാനെത്ര ഭാഗ്യവാന്‍. ഏവര്‍ക്കും സ്നേഹോ‍ഷ്മളമാ‍യ ഈദുല്‍ ഫിത്വര്‍ ആശംസകള്‍.

Sunday, October 24, 2010

പെണ്‍കുട്ടികള്‍ക്ക് വേണ്ടി വലയെറിയുന്നവര്‍


തലക്കെട്ട് കാണുമ്പോള്‍ തന്നെ തോന്നിയേക്കാം, ഇതൊക്കെ ഇപ്പോള്‍ ഇത്ര വലിയ വാര്‍ത്തയാണോ എന്ന്. പെണ്‍‌വാണിഭങ്ങളും പീഡന കഥകളും നിത്യസം‌ഭവങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എങ്കിലും ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആശങ്കകള്‍ ഏറുകയാണ്. പ്രേമം നടിച്ചും മറ്റും പെണ്‍കുട്ടികളെ വശീകരിച്ച് വാണിഭസംഘത്തിന്റെ വലയിലെത്തിക്കുന്ന വന്‍ റാക്കറ്റുകള്‍ പലയിടത്തും സജീവമായിരിക്കുന്നു. ചിലര്‍ ആര്‍ഭാടജീവിതം നയിക്കാന്‍ വാണിഭക്കാര്‍ക്കൊപ്പം സ്വയം ഇറങ്ങിത്തിരിക്കുമ്പോള്‍ മറ്റുചിലര്‍ വഞ്ചനയിലൂ‍ടെ സംഘങ്ങളുടെ പിടിയിലകപ്പെട്ട് ജീവിതം തന്നെ ഹോമിക്കപ്പെടുന്നു. സ്കൂള്‍ കുട്ടികളെ പോലും വശീകരിച്ച് വലയിലാക്കുന്ന ഗൂഢസം‌ഘങ്ങള്‍ ഇരകളെത്തേടിയിറങ്ങുമ്പോള്‍, നമ്മുടെ മക്കളുടെ കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ദീപിക പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് നോക്കൂ.

സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ദുരുപയോഗം ചെയ്യുന്ന സം‌ഘം മാളയില്‍ വിലസുന്നു.

മാള, അന്നമനട ടൌണുകളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ വാഹനങ്ങളില്‍ കൊണ്ടുവന്ന് ലൈം‌ഗികമായി ദുരുപയോഗിക്കുന്ന യുവാക്കള്‍ വിലസുന്നതായി പരാതി. കഴിഞ്ഞ ദിവസം മാള ടൌണില്‍ പെണ്‍‌കുട്ടിയും യുവാവും വന്ന കാര്‍ അനങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നാട്ടുകാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയപ്പോഴേക്കും യുവാവ് കാര്‍ വേഗത്തില്‍ ഓടിച്ച് പോയി. പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. യുവാവ് മാള പള്ളിപ്പുറം സ്വദേശിയാണ്. പെണ്‍കുട്ടി മാളക്ക് സമീപത്തെ ഇം‌ഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥിനിയും. ഇന്നലെ അന്നമനട ടൌണില്‍ കാറുമായെത്തി വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് കൈയോടെ പിടികൂടി. (ദീപിക 21-10-2010)

മക്കളുടെ ശോഭനമായ ഭാവി സ്വപ്നം കണ്ട് ഉന്നത പഠനത്തിനായി വിവിധ കലാലയങ്ങളിലേക്കും ഹോസ്റ്റലുകളിലേക്കും അയക്കുന്ന ഏതൊരു രക്ഷിതാവിന്റെയും ഉള്ളു പിടക്കുന്ന ഒരു ചാനല്‍ റിപ്പോര്‍ട്ട് രണ്ട് ദിവസം മുമ്പ് യൂട്യൂബിലൂടെ കാണാനിടയായി. അമൃത ടിവിയിലെ എന്റെ വാര്‍ത്ത എന്ന പരിപാടിയിലൂടെ അവര്‍ നമ്മിലേക്ക് എറിയുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം കാണേണ്ടവര്‍ നാം തന്നെയാണ്. ഓര്‍ക്കുക, നമ്മുടെ മക്കളുടെ, സഹോദരിമാരുടെ, മാനവും ജീവിതവും ഏതെങ്കിലും കഴുകന്മാര്‍ക്ക് കൊത്തിവലിക്കാനുള്ളതല്ല. ഏതെങ്കിലും തെമ്മാടിക്കൂട്ടങ്ങള്‍ക്ക് വിലപറയാനും പിച്ചിച്ചീന്താനുമുള്ളതല്ല. നാം ജാഗ്രവത്തായേ മതിയാകൂ. ഒരു പക്ഷേ നമ്മില്‍ പലരും ആ എപ്പിസോഡ് കണ്ടവരായിരിക്കാം. എങ്കിലും ഒരിക്കല്‍ കൂടി നമുക്ക് കാണാം
ഭാഗം ഒന്ന്

ഭാഗം രണ്ട്

Sunday, November 15, 2009

ഇന്ന് മൂന്നാം പിറന്നാള്‍



യാസിര്‍ മോന്‍ ഇന്ന് മൂന്നാം പിറന്നാളിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ്. അറബിക്കടലിനിക്കരെയാ‍ണെങ്കിലും എന്റെ മനസ്സും പറക്കുകയാണങ്ങോട്ട്.

Monday, August 3, 2009

ശിഹാബ് തങ്ങള്‍ക്ക് പ്രാര്‍‌ത്ഥനാപൂര്‍വ്വം


ഒരു മഹാമനീഷി കൂടി കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് നടന്നകന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം കേരളിയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിടവ് നികത്താനാവാത്തതാണ്. . രാഷ്ട്രീയ നേതാവെന്നതിലുപരി സര്‍വ്വലാരും ആദരിക്കപ്പെടുകയും അം‌ഗീകരിക്കപ്പെടുകയും ചെയ്യുന്ന അതുല്യനായ ജനനായകന്‍ തന്നെയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സര്‍വ്വസൈന്യാധിപതിയായിരുന്നിട്ടും കറപുരളാത്ത മഹനീയ ജീവിതത്തിന്റെ ഉദാത്ത മാതൃകസൃഷ്ടിച്ച് അനേകായിരങ്ങള്‍ക്ക് അത്താണിയായി വര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ജാതി - മത - രഷ്ട്രീയ ചിന്തകള്‍ക്കതീതമായി കൊടപ്പനക്കല്‍ തറവാട്ടിലെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാന്‍ എത്തിയിരുന്ന അനേകായിരങ്ങള്‍ക്ക് അവലം‌ബമായിരുന്നു ബഹുമാന്യനായ തങ്ങള്‍. നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി തന്റെ സവിധത്തിലേക്കെത്തുന്ന ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവരെ വശ്യമായ പുഞ്ചിരിയോടെയായിരുന്നു അവിടന്ന് സ്വീകരിച്ചാനയിരുന്നത്. ഉപ്പാപ്പമാര്‍ വഴി പൈതൃകമായി ലഭിച്ച സിദ്ധിവിശേഷത്തിലൂടെ പ്രശ്നങ്ങളുടെ കുരുക്കഴിച്ചും പ്രയാസങ്ങള്‍ക്ക് പരിഹാരമേകിയും തന്നെത്തേടിയെത്തുന്നവരെ സം‌തൃപ്തരാക്കിയേ അദ്ദേഹം മടക്കിയിരുന്നുള്ളൂ. അവിടത്തെ സ്നേഹമസൃണമായ ഒരു തലോടല്‍, സാന്ത്വന സ്പര്‍ശം, അതുമല്ലെങ്കില്‍ ഒരു മന്ത്രിച്ച് ഊതല്‍ സന്ദര്‍ശകരുടെ അനുഭൂതിക്കും പ്രശ്നപരിഹാരത്തിനും ഇത് മതിയായിരുന്നു. വിശുദ്ധി പെയ്യുന്ന ആ തിരുമുറ്റത്ത് ഒരിക്കല്‍ ഞാനും പോയിരുന്നു. എന്റെ ഒരു ഗുണകാംക്ഷിയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന മാനസിക പ്രയാസത്തിന് പരിഹാരം തേടിയായിരുന്നു ആ യാത്ര. ആ മഹാ വ്യക്തിത്വത്തെ നേരില്‍ കാണാനും ഖുര്‍‌ആനിക വചനങ്ങള്‍ ഉരുവിട്ട് കൊണ്ട് അദ്ദേഹം നടത്തുന്ന പരിഹാര രീതികള്‍ക്കും ചികിത്സാ വിധികള്‍ക്കും അനുഭവസാക്ഷിയാവാനും അന്ന് കഴിഞ്ഞത് ഇന്നും മധുരമൂറുന്ന ഓര്‍മ്മയാണ്. അദ്ദേഹം നിര്‍ദ്ദേശിച്ച ചികിത്സാവിധികളിലൂടെ സുഹൃത്തിന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടുകയും ലക്ഷ്യം നിറവേറുകയും ചെയ്തുവെന്നത് വളരെ ചാരിതാര്‍ത്യത്തോടെ ഇന്നും ഓര്‍ക്കുന്നു. അനേകായിരങ്ങള്‍ക്ക് അത്താണിയായി , പ്രഭചൊരിഞ്ഞിരുന്ന ആ സൂര്യ ശോഭ വിടചൊല്ലിയെങ്കിലും ഓര്‍മ്മകളിലെ നിറസാന്നിധ്യമായി എന്നും നമ്മോടൊപ്പമുണ്ടാവും. ആ യോഗിവര്യന്റെ പ്രതാപം ഇനിയുമിനിയും വര്‍ധിക്കുമാറാകട്ടെ .സകല വിധ ഐശ്വര്യങ്ങളും നിറഞ്ഞൊഴുകി അവിടത്തെ അന്ത്യവിശ്രമസങ്കേതം അനുഗ്രഹപൂരിതമാകട്ടെ. ആമീന്‍.