Wednesday, December 31, 2008

നാടിനെ കണ്ണീരിലാഴ്ത്തി അവര്‍ യാത്രയായി


രാത്രി ഒന്നരക്കായിരുന്നു കൂട്ടുകാരന്‍ ഷമീറിന്റെ കോള്‍ വന്നത്. അസമയത്തെത്തുന്ന ഫോണ്‍കോളുകളിലെ പന്തികേടോര്‍ത്ത് സംഭ്രമത്തോടെയാണ് കോള്‍ അറ്റന്റ് ചെയ്തത്. “ നമ്മുടെ ഷഫീറൊക്കെ കൈവിട്ട് പോയി. കോയമ്പത്തൂരില്‍ വെച്ച് വാഹനപകടത്തില്‍ പെട്ടു. കൂടെയുണ്ടായിരുന്ന ഷമീറും ഹാദിക്കും അര്‍ഷാദും.............” കൂട്ടുകാരന്റെ പതിഞ്ഞ സ്വരം കാതുകളിലെത്തിയപ്പോള്‍ ശരീരമാകെയൊരു മരവിപ്പ് പടര്‍ന്നു കയറുന്നത് പോലെ.

എന്റെ അയല്‍‌വാസികളും പല നിലക്കും എനിക്ക് വേണ്ടപ്പെട്ടവരുമായ കുട്ടികള്‍. ഗള്‍ഫില്‍ നിന്നും അവധിയില്‍ നാട്ടിലെത്തിയതായിരുന്നു അവരില്‍ ഹാദിക്കൊഴികെ മൂന്നു പേരും. സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയപ്പോള്‍ പിക്നിക്കിനായി പുറപ്പെട്ടതായിരുന്നു അവര്‍. എം ബി എ പഠനം പൂര്‍ത്തിയാക്കിയ ഹാദിക്കിന്റെ സര്‍ട്ടിഫിക്കറ്റ് ബം‌ഗ്ലൂരില്‍ നിന്ന് കൈപറ്റുകയായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യം. യാതാ മധ്യേ കോയമ്പത്തൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. എട്ട് പേരടങ്ങിയ സം‌ഘത്തിലെ നാല് പേര്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ രണ്ട് പേര്‍ അത്യാസന്ന നിലയില്‍ കഴിയുന്നു. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ദുബായില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന ഷഫീര്‍ ദുരന്തദിവസം തിരിച്ചെത്തേണ്ടതായിരുന്നു. കൂട്ടുകാരുമായി സൌഹൃദം പങ്കിടാന്‍ യാത്ര ജനുവരി എട്ടിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ അത് മരണത്തിലേക്കുള്ള വഴിയൊരുക്കമായിരുന്നു. ഞാന്‍ പുതുതായി താമസമാക്കിയ ഫ്ലാറ്റിലേക്ക് ക്ഷണിച്ചപ്പോള്‍ അവധി കഴിഞ്ഞ് വന്നാല്‍ വരാമെന്ന് പറഞ്ഞാണ് യാത്ര പോയത്. ശാന്തനും വിനയാന്വിതനുമായ അവന്റെ ചെറുപുഞ്ചിരി തൂകുന്ന മുഖം മനസ്സില്‍ വേദനയായി പടരുന്നു. മരണത്തോടൊപ്പം യാത്ര പോയ അവന്‍ ഇനിയൊരിക്കലും തിരിച്ച് വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍..........

അബൂദാബിയില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുകയായിരുന്നു ഷമീര്‍. ഒന്നിച്ച് തിരിച്ച്പോരാന്‍ കൂടിയാണ് ഇവരിരുവരും മടക്കയാത്ര ഒരേദിവസത്തിലേക്ക് നിശ്ചയിച്ചത്. കുടും‌ബത്തിലെ ഏക ആണ്‍‌തരിയായിരുന്നു അവന്‍. എത്രയോ വര്‍ഷങ്ങളായി മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന അവന്റെ പിതാവിന്റെ പ്രതീക്ഷകളത്രയും അവനിലായിരുന്നിരിക്കണം. പക്ഷേ രംഗബോധമില്ലാത്ത മരണം അവനെ തട്ടിപ്പറിച്ചെടുത്തു.

റസല്‍‌ഖൈമയില്‍ മൊബൈല്‍ ഷോപ്പില്‍ ജോലിചെയ്യുകയായിരുന്ന അര്‍ഷാദ് നാട്ടിലെത്തിയത് ദുരന്തത്തിന്റെ അഞ്ച് ദിവസം മുമ്പ് മാത്രം. വീട്ടുകാര്‍ക്ക് കണ്‍‌നിറയെ കാണാന്‍ പോലും കഴിയുന്നതിന്റെ മുമ്പാണ് മരണമവനെ പിടിച്ചിറക്കി കൊണ്ടുപോയത്. അത്രയ്ക്കൊന്നും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന്റെ സ്വപനങ്ങളും പ്രതീക്ഷകളും വളര്‍ന്നത് അവനെ ചുറ്റിപ്പറ്റിയായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തട്ടിത്തെറിപ്പിച്ചാണ് മരണം അവന്റെ ജീവന്‍ കവര്‍ന്നത്.

എം ബി എ പഠനം കഴിഞ്ഞ് ഗള്‍ഫ് യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഹാദിഖ്. ഉമ്മയോടൊപ്പം ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ച് വന്നിട്ട് അധികമായിട്ടില്ല. എം ബി എ യുടെ സര്‍‌ട്ടിഫിക്കറ്റ് വാങ്ങാന്‍ കൂടിയാണ് സുഹൃത്തുക്കളേയും കൂട്ടി ഹാദിക്ക് പുറപ്പെട്ടത്. വാടകക്കെടുത്ത ക്വാളിസ് ഡ്രവ് ചെതിരുന്നതും അവനായിരുന്നു. മരണത്തിന്റെ അനന്തതയിലേക്കാണവന്‍ ഡ്രവ് ചെയ്ത് കടന്നുപോയത്.

കൌമാരം പിന്നിട്ട് യുവത്വത്തിലേക്ക് കാലൂന്നുന്ന നാല് പൂമൊട്ടുകള്‍. സമകാലിക യുവത്വത്തിന്റെ അപഥസഞ്ചാരങ്ങളില്‍ നിന്ന് വഴി മാറി നടന്നവര്‍. ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചേറ്റിയിരുന്നവര്‍. ഭാവിയെപറ്റി, വിവാഹത്തെ പറ്റി, കുടുംബജീവിതത്തെ പറ്റി. പക്ഷേ ക്ഷണിക്കാതെയെത്തുന്ന മരണം എപ്പോള്‍ കടന്ന് വരുമെന്നാര്‍ക്കറിയാം. ഒരു പ്രദേശത്തെ മൊത്തം കണ്ണിരിലാഴ്ത്തി ഒരിക്കലുമുണങ്ങാത്ത നൊമ്പരപ്പാടുകളാഴ്ത്തി മരണം അവരെ കൂട്ടികൊണ്ടുപോയി. വാടാനപ്പള്ളി തെക്കേ ജുമുഅത്ത് പള്ളിയിലെ ഖബര്‍സ്ഥാനില്‍ തൊട്ടടുത്തുള്ള ഖബറുകളിലാണ് മരണത്തിലും വേര്‍‌പിരിയാത്ത ആ സുഹൃത്തുക്കള്‍ നിദ്ര കൊള്ളുന്നത്. നാഥാ അവരുടെ പരലോകജീവിതം നീ സന്തോഷത്തിലാക്കണമേ ആമീന്‍.

Sunday, December 7, 2008

ബലി പെരുന്നാളാശംസകള്‍


ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മായില്‍ നബിയുടേയും ത്യാഗോജ്ജ്വലമായ സ്മരണകളുയര്‍ത്തി വീണ്ടും ബലിപെരുന്നാള്‍ സമാഗതമാകുന്നു. അല്ലാഹുവിന്റെ പ്രീതിക്കായി സര്‍വ്വസ്വവും ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെയും ദൈവകല്പനകള്‍ അനുസരിക്കാന്‍ പിതാവിന് എല്ലാ പ്രചോദനവും നല്‍കിയ മകന്‍ ഇസ്മായില്‍ നബിയുടേയും സ്മരണകളില്‍ ഉള്‍പുളകിതരായി വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ മുഴുവന്‍ ബൂലോകര്‍ക്കും ഹൃദ്യമായ ബലിപെരുന്നാളാശംസകള്‍.