Sunday, November 15, 2009

ഇന്ന് മൂന്നാം പിറന്നാള്‍യാസിര്‍ മോന്‍ ഇന്ന് മൂന്നാം പിറന്നാളിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ്. അറബിക്കടലിനിക്കരെയാ‍ണെങ്കിലും എന്റെ മനസ്സും പറക്കുകയാണങ്ങോട്ട്.

Monday, August 3, 2009

ശിഹാബ് തങ്ങള്‍ക്ക് പ്രാര്‍‌ത്ഥനാപൂര്‍വ്വം


ഒരു മഹാമനീഷി കൂടി കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് നടന്നകന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം കേരളിയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിടവ് നികത്താനാവാത്തതാണ്. . രാഷ്ട്രീയ നേതാവെന്നതിലുപരി സര്‍വ്വലാരും ആദരിക്കപ്പെടുകയും അം‌ഗീകരിക്കപ്പെടുകയും ചെയ്യുന്ന അതുല്യനായ ജനനായകന്‍ തന്നെയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സര്‍വ്വസൈന്യാധിപതിയായിരുന്നിട്ടും കറപുരളാത്ത മഹനീയ ജീവിതത്തിന്റെ ഉദാത്ത മാതൃകസൃഷ്ടിച്ച് അനേകായിരങ്ങള്‍ക്ക് അത്താണിയായി വര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ജാതി - മത - രഷ്ട്രീയ ചിന്തകള്‍ക്കതീതമായി കൊടപ്പനക്കല്‍ തറവാട്ടിലെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാന്‍ എത്തിയിരുന്ന അനേകായിരങ്ങള്‍ക്ക് അവലം‌ബമായിരുന്നു ബഹുമാന്യനായ തങ്ങള്‍. നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി തന്റെ സവിധത്തിലേക്കെത്തുന്ന ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവരെ വശ്യമായ പുഞ്ചിരിയോടെയായിരുന്നു അവിടന്ന് സ്വീകരിച്ചാനയിരുന്നത്. ഉപ്പാപ്പമാര്‍ വഴി പൈതൃകമായി ലഭിച്ച സിദ്ധിവിശേഷത്തിലൂടെ പ്രശ്നങ്ങളുടെ കുരുക്കഴിച്ചും പ്രയാസങ്ങള്‍ക്ക് പരിഹാരമേകിയും തന്നെത്തേടിയെത്തുന്നവരെ സം‌തൃപ്തരാക്കിയേ അദ്ദേഹം മടക്കിയിരുന്നുള്ളൂ. അവിടത്തെ സ്നേഹമസൃണമായ ഒരു തലോടല്‍, സാന്ത്വന സ്പര്‍ശം, അതുമല്ലെങ്കില്‍ ഒരു മന്ത്രിച്ച് ഊതല്‍ സന്ദര്‍ശകരുടെ അനുഭൂതിക്കും പ്രശ്നപരിഹാരത്തിനും ഇത് മതിയായിരുന്നു. വിശുദ്ധി പെയ്യുന്ന ആ തിരുമുറ്റത്ത് ഒരിക്കല്‍ ഞാനും പോയിരുന്നു. എന്റെ ഒരു ഗുണകാംക്ഷിയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന മാനസിക പ്രയാസത്തിന് പരിഹാരം തേടിയായിരുന്നു ആ യാത്ര. ആ മഹാ വ്യക്തിത്വത്തെ നേരില്‍ കാണാനും ഖുര്‍‌ആനിക വചനങ്ങള്‍ ഉരുവിട്ട് കൊണ്ട് അദ്ദേഹം നടത്തുന്ന പരിഹാര രീതികള്‍ക്കും ചികിത്സാ വിധികള്‍ക്കും അനുഭവസാക്ഷിയാവാനും അന്ന് കഴിഞ്ഞത് ഇന്നും മധുരമൂറുന്ന ഓര്‍മ്മയാണ്. അദ്ദേഹം നിര്‍ദ്ദേശിച്ച ചികിത്സാവിധികളിലൂടെ സുഹൃത്തിന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടുകയും ലക്ഷ്യം നിറവേറുകയും ചെയ്തുവെന്നത് വളരെ ചാരിതാര്‍ത്യത്തോടെ ഇന്നും ഓര്‍ക്കുന്നു. അനേകായിരങ്ങള്‍ക്ക് അത്താണിയായി , പ്രഭചൊരിഞ്ഞിരുന്ന ആ സൂര്യ ശോഭ വിടചൊല്ലിയെങ്കിലും ഓര്‍മ്മകളിലെ നിറസാന്നിധ്യമായി എന്നും നമ്മോടൊപ്പമുണ്ടാവും. ആ യോഗിവര്യന്റെ പ്രതാപം ഇനിയുമിനിയും വര്‍ധിക്കുമാറാകട്ടെ .സകല വിധ ഐശ്വര്യങ്ങളും നിറഞ്ഞൊഴുകി അവിടത്തെ അന്ത്യവിശ്രമസങ്കേതം അനുഗ്രഹപൂരിതമാകട്ടെ. ആമീന്‍.

Monday, July 27, 2009

ആ തണലും മറഞ്ഞുഈ ലോകജീവിതമൊരിക്കലും ശാശ്വതമല്ല. ഭൂമിയില്‍ അനശ്വരനാവാന്‍ ആര്‍ക്കും കഴിയുകയുമില്ല. അതിനാല്‍ തന്നെ മരണമെന്ന അനിവാര്യത നമ്മെത്തേടിയെത്താതിരിക്കില്ല. എങ്കിലും ചില വേര്‍പാടുകള്‍ നമ്മെ അഗാധമായി സ്പര്‍ശിക്കുന്നു. ഓര്‍മ്മകളുടെ തീച്ചൂളയില്‍ നാം വെന്തുരുകുന്നു. .നഷ്ടപ്പെടലിന്റെ ദു:ഖവും വേദനയും തീവ്രതയോടെ നമ്മെ വേട്ടയാടിക്കെണ്ടേയിരിക്കും. ഏതൊന്നിന്റെയും മൂല്യവും പവിത്രതയും സാന്നിധ്യത്തിന്റെ ശക്തിയുമെല്ലാം യഥാവിധി തിരിച്ചറിയുന്നത് അത് നഷ്ടപ്പെടുമ്പോള്‍ മാത്രമാണ്. ആ നഷ്ടം ഞാനുമിന്നനുഭവിക്കുന്നു. എന്റെ പ്രിയപ്പെട്ട പിതാവിന്റെ അകാല വിയോഗത്തിലൂടെ.

പിതാവിന്റെ സ്നേഹസാന്നിധ്യം നല്‍കുന്ന തണലും സുരക്ഷിതത്വവും അനിര്‍വ്വചനീയമായ അനുഭൂതി തന്നെ. വീടിന്റെയും കുടും‌ബത്തിന്റെയും വെളിച്ചമാണ് പിതാവ്. പിതാവിന്റെ പ്രഭ ചൊരിയുന്ന സാ‍ന്നിധ്യം വല്ലാത്തൊരു ഐശ്വര്യമാണ്. രോഗാവസ്ഥയിലാവട്ടെ, കിടപ്പിലാവട്ടെ അവരുടെ സാന്നിധ്യം ഒരു നിറവാണ്. പക്ഷേ ഇന്ന് ..... പിതാവില്ലാത്ത വീട്, അവിടം ഭയാനകമായ ശൂന്യത അനുഭവപ്പെടുന്നു. ഓരോ നിമിഷവും ഭീതിതമായി കടന്ന്പോകുന്നു.

ജീവിതത്തില്‍ പല മഹിത മാതൃകകളും ബാക്കി വെച്ചാണദ്ദേഹം യാത്ര പോയത്.ദുരിതങ്ങളേയും പ്രയാസങ്ങളേയും സമചിത്തതയോടെ നേരിടാനുള്ള മനക്കരുത്തും ആത്മബലവും ജീവിതത്തിലുടനീളം അദ്ദേഹം കൈവരിച്ചിരുന്നു. പ്രതിസന്ധികളുടെ മഹാപ്രവാഹങ്ങളെ സഹനത്തിന്റെ വന്‍‌മതിലുകള്‍ തീര്‍ത്തുകൊണ്ടാണദ്ദേഹം നേരിട്ടത്. ഒറ്റപ്പെടുത്താനും വഞ്ചിക്കാനും ശ്രമിച്ചവരോടൊന്നും ശത്രുതയുടെ ചെറുകണിക പോലും വെച്ച് പുലര്‍ത്തിയിരുന്നില്ല.നിറവാര്‍‌ന്ന പാണ്ഡിത്യത്തിലും സൌമ്യഭാവം അവിടുത്തെ പ്രത്യേകതയായിരുന്നു. ആരാധനകളിലും ചര്യകളിലുമെല്ലാം കണിശതയും കൃത്യനിഷ്ടയും പുലര്‍ത്തിയിരുന്ന അവിടുത്തെ കാര്‍ക്കശ്യം അപാരമായിരുന്നു. മഗ്‌രിബ് നിസ്കാരാനന്തരം മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ മുഴുകുമായിരുന്ന അദ്ദേഹത്തിന്റെ പതിവിന് എപ്പൊഴെങ്കിലും വിഘ്നം വന്നതായി ഇന്നോളമുള്ള എന്റെ ഓര്‍മ്മയിലില്ല. രോഗപീഡകള്‍ തളര്‍ത്തിയിരുന്നെങ്കിലും പൂര്‍ണ്ണമായി അദ്ദേഹത്തെ കീഴടക്കാന്‍ വാര്‍ധക്യത്തിനായില്ല. അവശതകളുടെ വല്ലായ്മകള്‍ക്കിടയിലും രാത്രിയിലെ അന്ത്യയാമങ്ങളിലെ നിശാനിസ്കാരത്തിന്റെ പതിവ് അദ്ദേഹം മുടക്കിയിരുന്നേയില്ല. യുവത്വത്തിന്റെ പൂര്‍ണ്ണാരോഗ്യാവസ്ഥയിലും സുഖനിദ്രയെ വല്ലാതെ പ്രണയിച്ച് നിശാനിസ്കാരത്തെയൊന്നും ഗൌനിക്കാതെ പോകുന്ന എനിക്ക് ഉപ്പ വല്ലാത്തൊരു വിസ്മയമാണ്.

എന്റെ അവധി കഴിഞ്ഞെത്തിയിട്ട് ഒരു വര്‍ഷത്തോടടുക്കുന്ന സമയത്താണ് വിധി ഉപ്പയെ മാടിവിളിച്ചത്. ഞാന്‍ റമളാനില്‍ അവധിക്ക് നാട്ടിലെത്തുമെന്ന് ഉമ്മ പറഞ്ഞപ്പോള്‍ അവന്റെ വരവ് പിന്നെയും നീണ്ട്പോയോ എന്ന ഉപ്പയുടെ മറുപടിയില്‍ ഒന്ന് കാണാനുള്ള അദമ്യമായ മോഹം ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. പക്ഷേ...... ജഗന്നിയന്താവിന്റെ അലം‌ഘനീയമായ വിധി മറ്റൊന്നായിരുന്നു. ജുലൈ 9 ന് (റജബ് 16) വ്യാഴാഴ്ച സുബ്‌ഹിയോടടുത്ത സമയത്ത് ഉപ്പ ഞങ്ങളില്‍ നിന്ന് പറന്നകന്നു. ആത്മാവ് ചിറകടിച്ചുയരുന്ന അവസാന നിമിഷത്തിലും ഒന്ന് കാണാനുള്ള ആ മോഹം സാധിച്ച്കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിങ്ങല്‍ വല്ല്ലാതെ നൊമ്പരപ്പെടുത്തുന്നു. നാഥാ, അവിടുത്തെ പരലോക ജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കണേ ആമീന്‍.

Wednesday, June 10, 2009

ലൈവ് സൂയിസൈഡ്


ജീവിതപ്രാരാബ്ധങ്ങളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നും ഒളിച്ചോടാന്‍ പലരും അഭയം തേടുന്നത് ആത്മഹത്യയിലാണ്. മുമ്പൊക്കെ കെട്ടിത്തൂങ്ങിയും വിഷം കഴിച്ചുമൊക്കെയായിരുന്നു ജീവിതമൊടുക്കിയിരുന്നതെങ്കില്‍ പുതിയ യുഗത്തില്‍ ആത്മഹത്യക്കും നൂതനമായ രീതികള്‍. മെയിലില്‍ ലഭിച്ച ആ ഭീകര ദൃശ്യം നിങ്ങളും ഒന്ന് കണ്ട് നോക്കൂ.

Tuesday, May 19, 2009

പുലി വീര്യം അടങ്ങുമ്പോള്‍.


ശ്രീലങ്കയിലെ പതിറ്റാണ്ട് നീണ്ട രക്തരൂഷിതമായ പോരാട്ടങ്ങല്‍ക്ക് അറുതിവരുത്തി പ്രഭാകരന്‍ ചരിത്രത്തിന്റെ യവനികയിലേക്ക് നീങ്ങുമ്പോള്‍‍‍ ഒരു പാട് ചോദ്യങ്ങള്‍ ഇനിയും ബാക്കിയാവുകയാണ്. ഏറ്റെടുത്ത ദൌത്യവുമായി വിജയതീരമണിയാന്‍ കഴിയാതെ പൂര്‍ത്തീകരിക്കപ്പെടാത്ത തമിഴ് സ്വപ്നങ്ങള്‍ ബാക്കിയാക്കി പ്രഭാകരന്‍ യാത്രയാവുന്നതോടെ തമിഴ്‌ജനതയെ കാത്തിരിക്കുന്നത് സുഖകരമായ ഭാവിയായിരിക്കില്ലെന്നുറപ്പ്. അധികാരി വര്‍ഗ്ഗത്തിന്റെ വിവേചനങ്ങളും വം‌ശവെറി പൂണ്ട നടപടികളും തന്നെയാണ് ലോകത്തെവിടെയുമെന്ന പോലെ ശ്രീലങ്കയിലും സായുധപോരട്ടങ്ങളുടെ സമരഭൂമിക രൂപപ്പെടുത്തിയത്. ഭാഷാന്യൂനപക്ഷങ്ങളായ തമിഴ് ജനതയോട് കാണിച്ച നീതീകരിക്കാനാവാത്ത കൊടുംക്രൂരതകളാണ് അവരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നത് ചരിത്ര സത്യം. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും നിഷ്ഠൂരമായി കൊന്ന് തള്ളിയ സിം‌ഹളരോടുള്ള അടങ്ങാത്ത രോഷാഗ്നി തമിഴര്‍ക്കിടയില്‍ നീറിപ്പടര്‍ന്നപ്പോള്‍ അത് ഫലപ്രദാമയി മുതലെടുത്താണ് എല്‍ ടി ടി ഇ യിലൂടെ പ്രഭാകരന്‍ കത്തിക്കയറിയത്. തമിഴരുടെ നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ പുന:സ്ഥാപിച്ചെടുക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് മാറി സ്വതന്ത്രമായ തമിഴ് രാഷ്ടത്തിന്റെ സ്ഥാപനമെന്ന കാഴചപ്പാടിലേക്ക് പ്രഭാകരന്‍ ചുവട് മാറുകയും ശ്രീലങ്കന്‍ സൈര്യവുമായി ഘോരമായി ഏറ്റുമുട്ടി സ്വയം ഭരണ പ്രദേശങ്ങള്‍ സ്ഥാപിച്ചെടുത്ത് സമാന്തര സര്‍ക്കാര്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെ.

പുലികളെ ശിഥിലമാക്കിയതും പ്രഭാകരന്‍ കൊല്ലപ്പെട്ടതും ശ്രീലങ്കന്‍ സേനയുടെ മിടുക്കും കഴിവുകൊണ്ടുമാണെന്ന് പൂര്‍ണ്ണമായും അം‌ഗീകരിക്കാനാവില്ല. പുലികള്‍ക്കിടയില്‍ രൂപപ്പെട്ട ഗുരുതരമായ ആഭ്യന്തര സം‌ഘര്‍ഷങ്ങളുടെ ഫലമായി അവരിലെ പ്രമുഖനായിരുന്ന കരുണ ആയിരക്കണക്കിന് അനുയായികളോടൊപ്പം പുലികളോട് സലാം ചെല്ലി പിരിഞ്ഞത് മുതലാണ് അവരുടെ ചുവടുകള്‍ പിഴക്കാനും കാലിടറാനും തുടങ്ങിയത്. പുലിവേട്ടയുടെ പേരില്‍ നിരപരാധികളായ തമിഴ് ജനതക്ക് മേല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അഴിച്ചുവിട്ട പീഢനങ്ങളിലും തമിഴ് ഈഴത്തിന് വേണ്ടി പുലികള്‍ നടത്തിയ പോരാട്ടങ്ങളിലും ഏറ്റുമുട്ടലുകളിലും ഹോമിക്കപ്പെട്ടത് പതിനായിരങ്ങളുടെ ജീവനായിരുന്നു. പതിനായിരങ്ങളുടെ ചോരപ്പുഴയൊഴുകിയ സായുധപോരാട്ടങ്ങള്‍ പ്രഭാകരന്റെ അന്ത്യത്തോടെ താല്‍ക്കാലികമായെങ്കിലും നിഷ്‌ഫലമാവുകയാണ്. പുലിയധീന പ്രദേശങ്ങളെല്ലാം തിരിച്ച് പിടിച്ച ശ്രീലങ്കന്‍ സര്‍ക്കാര്‍ അവിടങ്ങളിലെ തമിഴ് വംശജരോട് നീതിയോടെ വര്‍ത്തിക്കുമെന്ന് ആശിക്കാനും വകയില്ല. ഏതായലും സഫലമാകാത്ത പോരാട്ടത്തിന്റെ ചോര മണക്കുന്ന ചരിത്രം ബാക്കിയാക്കി പ്രഭാകരന്‍ വിടപറയുമ്പോള്‍ ശ്രീലങ്കന്‍ തമിഴരുടെ നെഞ്ചിടിപ്പ് കൂടുമെന്നുറപ്പ്.

Wednesday, April 15, 2009

ആര് ജയിക്കണം ?


ലോക്സഭാ തെരെഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒരു മാസത്തോളമായി നടന്ന വിപുലവും കൊഴുപ്പാര്‍ന്നതുമായ പ്രചാരണ പരിപാടികള്‍ക്ക് പരിസമാപ്തിയായി. ഇന്നത്തെ നിശബ്ദ പ്രചാരണങ്ങള്‍ക്ക് ശേഷം നാളെ കേരളം പോളിം‌ഗ് ബൂത്തിലേക്ക്. ജനാധിപത്യ പ്രക്രിയയില്‍ പൌരന് ലഭിക്കുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം തന്നെയാണല്ലോ വോട്ട്. അരാഷ്ടീയ വാദമുയര്‍ത്തിയോ വോട്ട് ചെയ്യല്‍ ഹറാമെണന്ന മുന്‍ കാല വിചിത്ര ഫത്‌വക്കാരുടെ വാദഗതികള്‍ പിന്തുടര്‍ന്നോ വിലപ്പെട്ട സമ്മതിദാനാവകാശം നഷ്ടപ്പെടുത്താതിരിക്കുക. ജനാധിപത്യ പ്രക്രിയയുടെ നിലനില്‍പ്പിനും രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഭാഗഭാഗാക്കുന്നതിനും നമ്മുടെ വോട്ടവകാശം വിനിയോഗിക്കുക.

ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവുന്നതോടൊപ്പം തന്നെ വോട്ടവകാശം വിവേകപൂര്‍വ്വം നിര്‍വ്വഹിച്ച് രാജ്യത്തിന്റെ വിധിനിര്‍ണ്ണയത്തില്‍ സുപ്രധാന പങ്ക് വഹിക്കാനും നമുക്കാകണം. സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച് രാജ്യ താല്‍‌പര്യത്തിനനുസരിച്ച് സമ്മതിദാനവകാശം രേഖപ്പെടുണം. രാജ്യത്തെ വെട്ടിമുറിക്കാന്‍ കോപ്പുകൂട്ടുന്ന ഭീകര വിധ്വം‌സക പ്രതിലോമ ശക്തികളെ ചെറുത്തു തോല്‍പ്പിക്കുക നാം.വര്‍ഗ്ഗീയ ഫാസിസ്റ്റ് തേര്‍വാഴ്ചയെ ചെറുക്കാന്‍ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ നമുക്കാവണം. ലോകത്തെ വെട്ടിപ്പിടിക്കാന്‍ ആര്‍ത്തിപൂണ്ടെത്തുന്ന സാമ്രാജ്യത്തക്കഴുകന്മാരുടെ ദുഷ്ടലാക്കുകള്‍ക്ക് നാം കൂട്ടുനിന്നുകൂടാ. രാജ്യത്തിന്റെ ആത്മാഭിമാനവും പരമാധികാരവും നാം ആര്‍ക്കുമുമ്പിലും തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കരുത്. . നൂറ്റാണ്ടുകളോളം നമ്മെ അടക്കിഭരിച്ച് നമ്മുടെ സമ്പത്തും പരമാധികാരവും കൊള്ളയടിക്കാന്‍ ശ്രമിച്ച, നമ്മുടെ സംസ്കാരത്തെ അവമതിക്കാന്‍ ശ്രമിച്ച അധിനിവേശ ചെകുത്താന്മാരുടെ പുതിയ രൂപത്തെ നാം തിരിച്ചറിയുക തന്നെ വേണം. വൈദേശികാധിപത്യത്തിന്റെ നിഷ്ഠൂരതക്കെതിരെ സന്ധിയില്ലാ സമരം നയിച്ച് വീറുറ്റ പോരാട്ടങ്ങള്‍ നടത്തിയ ധീരമഹത്തുക്കളുടെ ചോര പൊടിയുന്ന ചരിത്രങ്ങള്‍ നമ്മുടെ സ്മൃതിപഥത്തിലെത്തണം. സാമ്രാജ്യത്തത്തിന് ദാസ്യവേല ചെയ്യുന്നവരെയും സയണിസ്റ്റുകള്‍ക്ക് ഓശാന പാടുന്നവരെയും നാം തിരിച്ചറിയണം. മര്‍ദ്ദിത – പീഢിത ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളോട് ഐക്യദാര്‍‌ഢ്യം പ്രകടിപ്പിന്നവരെയും ഇരകളുടെ പക്ഷം ചേരുന്നവരെയും നാം വിസ്മരിച്ച് കൂടാ. അധിനിവേശ ഫാസിസ്റ്റ് ശക്തികളുടെ ആക്രോശങ്ങള്‍ക്കും താണ്ഡവങ്ങള്‍ക്കുമെതിരെ, അനീതിക്കും സാമൂഹികാസമത്വത്തിനുമെതിരെ ജ്വലിക്കുന്ന രോഷാഗിനി പടര്‍ത്താന്‍ ശേഷിയുള്ള പ്രസ്ഥാനങ്ങളില്‍ ശൈഥില്യവും അപചയങ്ങളും കടന്നുകൂടിയെങ്കിലും പ്രതീക്ഷയുടെ തിരിനാളങ്ങള്‍ പൂര്‍ണ്ണമായും അസ്തമിച്ചിട്ടില്ല. അതിനാല്‍ ആര് ജയിക്കണമെന്ന് വിചിന്തനം നടത്തി വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കാന്‍ ഏവര്‍ക്കുമാകട്ടെ. രാജ്യം തെരെഞ്ഞെടുപ്പ് ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകാന്‍ കഴിയാതെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കളും പ്രതീക്ഷകളും പേറി കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളിലൊരുവനായതിനാല്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ.

Thursday, April 2, 2009

ഈ കുരുന്നെന്ത് പിഴച്ചുഅറിയില്ലേ ഇവനേ ? രണ്ട് വയസ്സുകാരന്‍ മുഹമ്മദ് ശമീം. കുസൃതിച്ചിരിയും കിളിക്കൊഞ്ചലുമായി ഓടിനടന്നിരുന്ന , മുലപ്പാലിന്റെ മണം മാറിയിട്ടില്ലാത്ത ഇളം പൈതല്‍. പ്രകൃതിയോട് കിന്നാ‍രം ചൊല്ലി സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ച് രസിച്ചിരുന്ന പിഞ്ചോമനയെ പതിയിരുന്ന കാപാലികര്‍ റാഞ്ചിയെടുത്തത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. തെരച്ചിലും അന്വേഷണങ്ങളും ദിവസങ്ങളോളം നടന്നു. കുട്ടി ധരിച്ചിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിക്കാനായിരിക്കാം കുഞ്ഞിനെ തട്ടിയെടുത്തതെന്ന നിഗമനത്തില്‍ പിഞ്ചു പൈതലിന് യാതൊരാപത്തും വന്നുഭവിക്കില്ലെന്ന് ധരിച്ചിരുന്നവരുടെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത ശ്രവിച്ചത്. ആരോടൊക്കെയോ ഉള്ള പകവും വൈരവും വിദ്വേഷവും തീര്‍ക്കാന്‍ കളങ്കമെന്തെന്നറിയാത്ത പിഞ്ചു പൈതലിനെ അതി നിഷ്ഠൂരമായി കൊലപ്പെടുത്തി പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചിരിക്കുന്നു. ഓമനത്തം തുളുമ്പുന്ന കുഞ്ഞിളം മുഖത്ത് നോക്കി ഈ ക്രൂരകൃത്യം നിര്‍‌വ്വഹിച്ചത് എന്തിനു വേണ്ടി ? മനുഷ്യത്വവും മനസ്സാക്ഷിയും മരവിച്ച് പോയ നമ്മുടെ സമൂഹത്തില്‍ നിന്നും ഇതും ഇതിലപ്പുറവും ഇനിയും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

Wednesday, January 21, 2009

മാന്ദ്യത്തിന്റെ കണ്ണീര്‍ക്കാഴ്‌ചകള്‍


അവിചാരിതമായി കടന്നുവന്ന സാമ്പത്തിക സുനാമിയുടെ തിരതള്ളലില്‍ മിക്ക രാജ്യങ്ങളും വീര്‍പ്പ് മുട്ടനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. സമ്പന്നതയുടെ ഉത്തും‌ഗതയില്‍ വിരാചിക്കുന്നവരെന്ന് ഊറ്റം കൊണ്ടിരുന്ന വന്‍‌സ്രാവുകള്‍ വരെ സാമ്പത്തിക സുനാമിയുടെ തിരയിളക്കത്തില്‍ ആടിയുലയുകയാണ്. വികസനത്തിന്റെ അതിവേഗപാതകളൊരുക്കി പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്ന ഗള്‍‌ഫ് നാടുകളും വിശിഷ്യാ ദുബായിയും മാന്ദ്യത്തിന്റെ കരാളഹസ്തങ്ങളില്‍ പെട്ട് നീറിപ്പുകയുന്നു. പ്രഥമഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് നിര്‍‌മ്മാണ മേഖലയിലാണ്. ദുബായില്‍ പുതുതായി തുടങ്ങേണ്ടിയിരുന്ന പ്രൊജക്ടുകളെല്ലാം റദ്ദാക്കപ്പെടുകയും നടന്നുകൊണ്ടിരുന്നവ തന്നെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് മാന്ദ്യത്തിന്റെ തീഷ്ണതയും വരാനിരിക്കുന്ന പ്രതിസന്ധിയുടെ സങ്കീര്‍‌ണ്ണതയും സൂചിപ്പിക്കുന്നു.

ചെലവ് ചുരുക്കലിന്റേയും പ്രതിസന്ധിയെ അതിജീവിക്കാനുള്ള മുന്നൊരുക്കത്തിന്റെയും ഭാഗമായി മിക്ക കമ്പനികളും വലിയ തോതില്‍ തന്നെ ജോലിക്കാരെ പിരിച്ച്‌വിടാന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. തുടക്കത്തില്‍ ചെറിയൊരു ശതമാനമാത്തെയാണ് പറഞ്ഞ്‌വിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പിരിച്ച് വിടല്‍ ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ദുബായ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുപ്രകാരം തന്നെ ദിവസവും ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയില്‍ ക്യാന്‍സലേഷനുകള്‍ നടക്കുന്നതായാണ് വിവരം. ഇത് ദുബായിലെ അവസ്ഥയെങ്കില്‍ മറ്റിടങ്ങളിലെ സ്ഥിതിഗതികളും വളരെയൊന്നും വ്യത്യസ്തമാവണമെന്നില്ല.വിദഗ്ദരെന്നോ അവിദഗ്ദരെന്നോ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന വിധം സര്‍‌വ്വ മേഖയിലേക്കും മാന്ദ്യം പതുക്കെ പതുക്കെ പടര്‍‌ന്നു കയറുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്തിന്റെ കമ്പനിയില്‍ 420 പേരില്‍ 400 പേരുടേയും ജോലി നഷ്ടമായിക്കഴിഞ്ഞു. സുഹൃത്തടക്കമുള്ള ബാക്കി ഇരുപത് പേര്‍‌ തങ്ങളുടെ ഊഴം കാത്തിരിക്കുകയാണ്.

വിദ്യഭ്യാസ യോഗ്യതയും സാങ്കേതിക പരിജ്ഞാനവും ദീര്‍ഘനാളത്തെ അനുഭവസമ്പത്തും വരെയുള്ളവര്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുമ്പോള്‍ തുഛമായ വേതനത്തിന് പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിത്തിരുന്നു. കിടപ്പാടം പണയപ്പെടുത്തിയും പലിശയ്ക്ക് വായ്പയെടുത്തുമൊക്കെ ലക്ഷങ്ങള്‍ മുടക്കിയാണ് മിക്ക തൊഴിലാളികളും വിസ സമ്പാദിക്കുന്നത്. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ഇതിനോടകം പിരിച്ച്‌വിടപ്പെട്ട നിരവധി പേരുടെ ദൈന്യത നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പിരിച്ച് വിടേണ്ട ജോലിക്കാരെ ഓഫീസിലേക്ക് വിളിപ്പിക്കുമ്പോള്‍ മാന്ദ്യത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവരായിരിക്കും ഒരു പക്ഷേ അവിദഗ്‌ദ തൊഴിലാളികള്‍. വിളിപ്പിച്ചതെന്തിനാണെന്നറിയുമ്പോള്‍ എന്തെന്ത് വികാരങ്ങളാണവരില്‍ മിന്നിമറയുന്നത്. പലരും കേള്‍‌ക്കുന്നതിനോട് പൊരുത്തപ്പെടാനാവാതെ ആകെ പൊട്ടിത്തകരുന്നു. വിസയുടെ കടം പോലും കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുള്ളവര്‍, സഹോദരിമാരുടേയോ പെണ്‍‌മക്കളുടെയോ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു് വേണ്ടി സ്വരുക്കൂട്ടിയിരുന്നവര്‍,വിവാഹം മൂലമുള്ള ബാധ്യതകളില്‍ കിടന്ന് നട്ടം തിരിയുന്നവര്‍ , സ്വന്തമായൊരു കിടപ്പാടമെന്ന സ്വപ്നം പാതിവഴിയിലെത്തിനില്‍‌ക്കുന്നവര്‍ ജീവിതത്തിന്റെ പ്രാരാബ്‌ധങ്ങളില്‍ പെട്ടുഴലുമ്പോഴും ലഭിക്കുന്ന തുഛമായ വേതനത്തില്‍ സം‌തൃപ്തിയടഞ്ഞ് കുടും‌ബത്തിന്റെ പട്ടിണിയകറ്റാനും വേണ്ടപ്പെട്ടവര്‍ക്ക് തണലേകാനും മരുഭൂമിയില്‍ സ്വയം എരിഞ്ഞടങ്ങുന്നവര്‍, അവര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപെടുന്നത് ചിന്തിക്കാന്‍ വരെ കഴിയാത്തത്പോലെ. തങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും നിരത്തി പിരിച്ച് വിടരുതെന്ന് കെഞ്ചുകയും യാചിക്കുകയും ചെയ്യുന്നു ‍.പൊട്ടിപൊട്ടിക്കരയുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് അടര്‍ന്ന് വീണ കണ്ണീര്‍ കണങ്ങള്‍ക്ക് ചോര പൊടിയുന്ന മണമുണ്ടായിരിക്കണം. കടങ്ങളുടേയും ബാധ്യതകളുടേയും ആഴവും വ്യാപ്തിയും എണ്ണിയെണ്ണിപ്പറഞ്ഞ് ജോലി നഷ്ടമായാല്‍ ആത്മഹത്യയല്ലാതെ പരിഹാരമില്ലെന്നു വരെ വിതുമ്പലടക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ പലരും പറയുന്നു.ഇങ്ങനെ കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും കരകാണാക്കയത്തില്‍ പെട്ടുഴലുന്ന ഒരുപാട് ഹതഭാഗ്യരുടെ കദനങ്ങളും കണ്ണീരും കൊണ്ട് നിറയുകയാണോരോ ദിനവും.