Wednesday, January 21, 2009

മാന്ദ്യത്തിന്റെ കണ്ണീര്‍ക്കാഴ്‌ചകള്‍


അവിചാരിതമായി കടന്നുവന്ന സാമ്പത്തിക സുനാമിയുടെ തിരതള്ളലില്‍ മിക്ക രാജ്യങ്ങളും വീര്‍പ്പ് മുട്ടനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. സമ്പന്നതയുടെ ഉത്തും‌ഗതയില്‍ വിരാചിക്കുന്നവരെന്ന് ഊറ്റം കൊണ്ടിരുന്ന വന്‍‌സ്രാവുകള്‍ വരെ സാമ്പത്തിക സുനാമിയുടെ തിരയിളക്കത്തില്‍ ആടിയുലയുകയാണ്. വികസനത്തിന്റെ അതിവേഗപാതകളൊരുക്കി പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്ന ഗള്‍‌ഫ് നാടുകളും വിശിഷ്യാ ദുബായിയും മാന്ദ്യത്തിന്റെ കരാളഹസ്തങ്ങളില്‍ പെട്ട് നീറിപ്പുകയുന്നു. പ്രഥമഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് നിര്‍‌മ്മാണ മേഖലയിലാണ്. ദുബായില്‍ പുതുതായി തുടങ്ങേണ്ടിയിരുന്ന പ്രൊജക്ടുകളെല്ലാം റദ്ദാക്കപ്പെടുകയും നടന്നുകൊണ്ടിരുന്നവ തന്നെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് മാന്ദ്യത്തിന്റെ തീഷ്ണതയും വരാനിരിക്കുന്ന പ്രതിസന്ധിയുടെ സങ്കീര്‍‌ണ്ണതയും സൂചിപ്പിക്കുന്നു.

ചെലവ് ചുരുക്കലിന്റേയും പ്രതിസന്ധിയെ അതിജീവിക്കാനുള്ള മുന്നൊരുക്കത്തിന്റെയും ഭാഗമായി മിക്ക കമ്പനികളും വലിയ തോതില്‍ തന്നെ ജോലിക്കാരെ പിരിച്ച്‌വിടാന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. തുടക്കത്തില്‍ ചെറിയൊരു ശതമാനമാത്തെയാണ് പറഞ്ഞ്‌വിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പിരിച്ച് വിടല്‍ ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ദുബായ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുപ്രകാരം തന്നെ ദിവസവും ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയില്‍ ക്യാന്‍സലേഷനുകള്‍ നടക്കുന്നതായാണ് വിവരം. ഇത് ദുബായിലെ അവസ്ഥയെങ്കില്‍ മറ്റിടങ്ങളിലെ സ്ഥിതിഗതികളും വളരെയൊന്നും വ്യത്യസ്തമാവണമെന്നില്ല.വിദഗ്ദരെന്നോ അവിദഗ്ദരെന്നോ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന വിധം സര്‍‌വ്വ മേഖയിലേക്കും മാന്ദ്യം പതുക്കെ പതുക്കെ പടര്‍‌ന്നു കയറുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്തിന്റെ കമ്പനിയില്‍ 420 പേരില്‍ 400 പേരുടേയും ജോലി നഷ്ടമായിക്കഴിഞ്ഞു. സുഹൃത്തടക്കമുള്ള ബാക്കി ഇരുപത് പേര്‍‌ തങ്ങളുടെ ഊഴം കാത്തിരിക്കുകയാണ്.

വിദ്യഭ്യാസ യോഗ്യതയും സാങ്കേതിക പരിജ്ഞാനവും ദീര്‍ഘനാളത്തെ അനുഭവസമ്പത്തും വരെയുള്ളവര്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുമ്പോള്‍ തുഛമായ വേതനത്തിന് പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിത്തിരുന്നു. കിടപ്പാടം പണയപ്പെടുത്തിയും പലിശയ്ക്ക് വായ്പയെടുത്തുമൊക്കെ ലക്ഷങ്ങള്‍ മുടക്കിയാണ് മിക്ക തൊഴിലാളികളും വിസ സമ്പാദിക്കുന്നത്. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ഇതിനോടകം പിരിച്ച്‌വിടപ്പെട്ട നിരവധി പേരുടെ ദൈന്യത നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പിരിച്ച് വിടേണ്ട ജോലിക്കാരെ ഓഫീസിലേക്ക് വിളിപ്പിക്കുമ്പോള്‍ മാന്ദ്യത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവരായിരിക്കും ഒരു പക്ഷേ അവിദഗ്‌ദ തൊഴിലാളികള്‍. വിളിപ്പിച്ചതെന്തിനാണെന്നറിയുമ്പോള്‍ എന്തെന്ത് വികാരങ്ങളാണവരില്‍ മിന്നിമറയുന്നത്. പലരും കേള്‍‌ക്കുന്നതിനോട് പൊരുത്തപ്പെടാനാവാതെ ആകെ പൊട്ടിത്തകരുന്നു. വിസയുടെ കടം പോലും കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുള്ളവര്‍, സഹോദരിമാരുടേയോ പെണ്‍‌മക്കളുടെയോ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു് വേണ്ടി സ്വരുക്കൂട്ടിയിരുന്നവര്‍,വിവാഹം മൂലമുള്ള ബാധ്യതകളില്‍ കിടന്ന് നട്ടം തിരിയുന്നവര്‍ , സ്വന്തമായൊരു കിടപ്പാടമെന്ന സ്വപ്നം പാതിവഴിയിലെത്തിനില്‍‌ക്കുന്നവര്‍ ജീവിതത്തിന്റെ പ്രാരാബ്‌ധങ്ങളില്‍ പെട്ടുഴലുമ്പോഴും ലഭിക്കുന്ന തുഛമായ വേതനത്തില്‍ സം‌തൃപ്തിയടഞ്ഞ് കുടും‌ബത്തിന്റെ പട്ടിണിയകറ്റാനും വേണ്ടപ്പെട്ടവര്‍ക്ക് തണലേകാനും മരുഭൂമിയില്‍ സ്വയം എരിഞ്ഞടങ്ങുന്നവര്‍, അവര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപെടുന്നത് ചിന്തിക്കാന്‍ വരെ കഴിയാത്തത്പോലെ. തങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും നിരത്തി പിരിച്ച് വിടരുതെന്ന് കെഞ്ചുകയും യാചിക്കുകയും ചെയ്യുന്നു ‍.പൊട്ടിപൊട്ടിക്കരയുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് അടര്‍ന്ന് വീണ കണ്ണീര്‍ കണങ്ങള്‍ക്ക് ചോര പൊടിയുന്ന മണമുണ്ടായിരിക്കണം. കടങ്ങളുടേയും ബാധ്യതകളുടേയും ആഴവും വ്യാപ്തിയും എണ്ണിയെണ്ണിപ്പറഞ്ഞ് ജോലി നഷ്ടമായാല്‍ ആത്മഹത്യയല്ലാതെ പരിഹാരമില്ലെന്നു വരെ വിതുമ്പലടക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ പലരും പറയുന്നു.ഇങ്ങനെ കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും കരകാണാക്കയത്തില്‍ പെട്ടുഴലുന്ന ഒരുപാട് ഹതഭാഗ്യരുടെ കദനങ്ങളും കണ്ണീരും കൊണ്ട് നിറയുകയാണോരോ ദിനവും.