Wednesday, March 14, 2018

പ്രവാസത്തിൻ്റെ പതിനേഴ് വർഷങ്ങൾ.പ്രവാസം പൊള്ളിക്കാൻ തുടങ്ങിയിട്ട് പതിനേഴ് വർഷം പിന്നിടുകയാണു.

തിരിഞ്ഞ് നോക്കുമ്പോൾ സ്വപ്നം കാണാൻ പോലും കഴിയാത്തത്ര 
അതിവിദൂരതയിലായിരുന്നു  ഗൾഫ്.
ഗൾഫെന്നത്  ഒരു വിധത്തിൽ ഞങ്ങളുടെ അതിമോഹങ്ങളിലൊന്ന് മാത്രമായിരുന്നു.
കാരണം മുന്നിൽ ശ്യൂനത മാത്രമായിരുന്നല്ലോ.
ആരു തരാൻ ഒരു വിസ..?
സഹായിക്കാൻ കടപ്പെട്ടവരിൽ നിന്ന് പോലും അവഗണനയുടെ കൈപ്പ് നീരു മാത്രം
കുടിക്കാൻ വിധിക്കപ്പെട്ടവരുടെ ഗൾഫ് സ്വപ്നങ്ങൾക്ക് വർണ്ണങ്ങളുടെ ലോകം തന്നെ അന്യമായിരുന്നു അന്ന്.
പ്രാരാബ്ധങ്ങൾക്ക് നടുവിലാണെങ്കിലും അല്ലലും അലട്ടലുമില്ലാതെ തന്നെയാണു
പ്രിയപ്പെട്ട ഉപ്പയുടെയും ഉമ്മയുടെയും സ്നേഹച്ചൂടിൽ ഞങ്ങൾക്ക് ചിറകുകൾ മുളച്ചതും
അവ വിടർന്നു തുടങ്ങിയതും.
സുന്ദരമായൊരു വീട്,
പെൺമക്കളെ കെട്ടിച്ചയച്ച്
അവർക്ക് നല്ലൊരു ജീവിതം,
ഞങ്ങളുടെ വിദ്യഭ്യാസം..
കഷ്ടതയുടെ ഒത്ത നടുവിലും ഇതെല്ലാം ഒറ്റക്ക് സാധിച്ചെടുത്ത വിസ്മയമായിരുന്നു ഉപ്പയെങ്കിലും
മക്കളെ കടൽ കടത്തുകയെന്നത് ഉപ്പയുടെ വലിയൊരു സ്വപ്നമായിരുന്നു.
ഡിഗ്രിയും പി ജിയും വരെയൊക്കെ പഠിക്കാൻ ഞങ്ങൾക്ക് അവസരം തന്നതിനു ശേഷം
എനിക്കോ ഇക്കാക്കോ ഒരു വിസ കിട്ടാൻ പല വാതിലുകളും ഉപ്പ മുട്ടി നോക്കിയിരുന്നുവെങ്കിലും
സന്മനസ്സ് കാട്ടാൻ ആരുമുണ്ടായിരുന്നില്ല
ഗൾഫിലേക്കുള്ള മോഹം കൂടുന്തോറും അത് ഞങ്ങളിൽ നിന്ന് കൂടുതൽ
അകന്നകന്ന് പോകുന്നത് പോലെ.
പ്രതീക്ഷയുടെ ചെറിയൊരു തരിമ്പ് പോലും ഇല്ലാതെ,
പ്രത്യാശയുടെ ഇത്തിരി വെട്ടം പോലും നൽകാതെ,
പിന്നെയും പിന്നെയും വെറുതെയിങ്ങനെ ഞങ്ങളെ മോഹിപ്പിക്കുമായിരുന്നു  ഗൾഫ്.
ഒടുവിലൊടുവിൽ,
കിട്ടാക്കനിയായി മാറിയ വിസയെത്തേടി കീഴടങ്ങാൻ ഒരുക്കമല്ലാത്ത മനസ്സുമായി
ഇക്ക തന്നെ ഗോദയിലേക്കിറങ്ങുകയായിരുന്നു,
ഇക്കയുടെ അതിവിശാലമായ സംഘടനാ സൗഹൃദങ്ങളിൽ നിന്ന് ഒടുവിലത് കിട്ടുക തന്നെ ചെയ്തു. അതും സ്വപ്നങ്ങളുടെ പറുദീസയായ ദുബായിലേക്ക്.
അതെ, അതൊരു നിമിത്തമായിരുന്നു.

സുഖകരമായിരുന്നില്ല തുടക്ക കാലം.
ക്ളേശതകൾ..
കഷ്ടപ്പാടുകൾ.
ജോലിക്ക് വേണ്ടിയുള്ള അലച്ചിലുകൾ.
എങ്കിലും പരീക്ഷണങ്ങളുടെ ആദ്യകാലങ്ങളെ സഹനപർവ്വം താണ്ടി അതിജയിക്കുക തന്നെ ചെയ്തു.പിന്നീടങ്ങോട്ട് ഉന്നതങ്ങളിലേക്കുള്ള ഉയർച്ചയായിരുന്നു
ഇക്കാക്ക് പടച്ചവൻ നൽകിയ പ്രതിഫലം.
പിന്നെ സ്വന്തത്തിലേക്ക് ഒതുങ്ങുകയായിരുന്നില്ല.
സാന്ത്വനവുമായി പരന്നൊഴുകിക്കൊണ്ടേയിരിക്കുകയാണു.

ആരാരും സഹായിക്കാനില്ലാതെ പ്രവാസ ഭൂമിയിൽ ഒറ്റപ്പെടുന്നവർ,
തൊഴിലൻവേഷിച്ച് കഷ്ടപ്പെട്ട് തളർന്നു പോകുന്നവർ,
ഉന്നത യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാതെ നിരാശരായവർ,
അവർക്കെല്ലാം അത്താണിയും അവലംബവും ആശ്രയവുമായി സാന്ത്വന സ്പർശം നൽകി അനുയോജ്യമായ ജോലികളിലേക്ക് അവരെ വഴി നടത്തുന്നു.

നൂറു കണക്കിനു കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കഴിയുക.
ആയിരങ്ങളുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നൽകാനാവുക,
മിഴിനീരിറ്റുവീഴുന്ന അവരുടെ പൊള്ളുന്ന പ്രാർത്ഥനകളിൽ
ഇടം തേടാൻ കഴിയുക.
പരലോക സൗഭാഗ്യങ്ങളുടെ പറുദീസയിലേക്ക് ആനയിക്കപ്പെടാനുതകുന്ന
മഹാ സുകൃതങ്ങളുടെ തോഴനാവാൻ കഴിയുക..
ആയിരത്തിലധികം പേർക്ക്  സന്തോഷത്തിൻ്റെ പുതിയ പ്രഭാതങ്ങൾ 
സമ്മാനിക്കാൻ കാരണക്കാരനാവുക,
അതിശയോക്തിയുടെ വർത്തമാനമല്ലിത്
തികഞ്ഞ യാഥാർത്ഥ്യം മാത്രം.

ഞങ്ങൾക്കൊരു വിസക്ക് വേണ്ടി ചോദിച്ചപ്പോൾ
ഉപ്പയോട് കനിവ് കാട്ടാൻ മനസ്സ് കാട്ടാത്തവരുടെ മക്കൾക്ക് വരെ
ഇക്ക മുഖേന ജോലി ലഭിച്ചിട്ടുണ്ടെന്നത്
കാലത്തിൻ്റെ മധുരമായ പ്രതികാരമായിരിക്കാം.

ഇക്കയെത്തി വർഷങ്ങൾക്കുള്ളിൽ ഗൽഫ് എന്ന സ്വപ്ന ഭൂമികയിലേക്ക്
വിസിറ്റ് വിസയിൽ ഞാനും പറന്നിറങ്ങി.
കൂടുതലൊന്നും അലയേണ്ടി വന്നില്ല,
ഒരാഴ്ച പോലും തികയുന്നതിനു മുമ്പേ ഇക്കയുടെ കെയറോഫിൽ തന്നെ
ഖോർഫുഖാനിൽ എക്കൗണ്ടൻ്റായി ജോലി ലഭിച്ചു.
പിന്നീട് അഞ്ച് വർഷത്തിനു ശേഷം അവിടെ നിന്ന് ദുബായിലേക്കും.

നടക്കാതെ പോയ മോഹങ്ങളൊരുപാടുണ്ട്.
എങ്കിലും നിരാശയൊട്ടുമില്ല.

പ്രീഡിഗ്രിക്ക് സെക്കൻ്റ് ഗ്രൂപ്പെടുത്ത് പഠിച്ചപ്പോൾ
ഡോക്ടർ ആകണമെന്നായിരുന്നു മോഹം,
അതൊരു വ്യാമോഹം മാത്രമാണെന്ന്തിരിച്ചറിഞ്ഞ്
ഡിഗ്രിക്ക് കൊമേഴ്സിലേക്ക് ചുവട് മാറിയപ്പോൾ
ഉള്ളിൽ ഒരു സീ എ ക്കാരൻ ഉദയം ചെയ്തിരുന്നു.
അവിടെയും സാമ്പത്തികം വില്ലനായപ്പോൾ
ആ മോഹത്തെയും നിഷ്കരുണം കൊന്നു കുഴിച്ചുമൂടി.
പിന്നെ വെറുമൊരു ഡിഗ്രിക്കാരൻ മാത്രമായി
വിമാനമിറങ്ങിയതാണിവിടെ.
തീഷ്ണമായ ഉള്ളുരുക്കങ്ങൾക്കൊപ്പം ഒരുപാട് പാഠങ്ങൾ നൽകിയിട്ടുണ്ട് പ്രവാസം.
സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ജീവിതത്തിൻ്റെ തന്നെയും വില മനസ്സിലാക്കാൻ
പ്രവാസം ഒരുപാടൊരുപാട് സഹായിച്ചിട്ടുണ്ട്.

പ്രിയ സഹോദരിയുടേയും ഉപ്പയുടേയും വിയോഗം മൂലം തീവ്രദുഖത്തിൻ്റെ അഗാധതയിൽ ആണ്ടുപോയതും ഈ പ്രവാസ നാളുകളിലായിരുന്നു.

സ്വപ്നങ്ങൾ പലതും എത്തിപ്പിടിക്കാനായില്ലെങ്കിലും 
അപ്രാപ്യമെന്ന് കരുതിയ ചിലതെങ്കിലും
 പ്രവാസം കൊണ്ട് നേടാൻ കഴിഞ്ഞുവെന്നതിനു  
അല്ലഹുവിനു സ്തുതി. അൽഹംദുലില്ലാഹ്..

Thursday, September 29, 2016

ഒരു പട്ടിപിടുത്തത്തിന്റെ ഓർമ്മക്ക്..

പത്തിരുപതു വർഷങ്ങൾക്ക് മുമ്പ്,
നായ ശല്യംകൊണ്ട് പൊറുതി മുട്ടിയൊരു കാലം.

പുലർ വേളകളിലും രാത്രി സമയങ്ങളിലും പള്ളിയിൽ വരാനും പോകാനും വരെ നായ്ക്കൾ ശല്യമായപ്പോൾ നിസ്കരിക്കാൻ വരുന്ന കാരണവന്മാരൊക്കെക്കൂടി നായ ശല്യത്തിനു അറുതി വരുത്താൻ ഉപായങ്ങളാരായാനുള്ള അതിഗംഭീര ചർച്ചയിലാണു. ഒടുവിൽ പള്ളിയിൽ ദർസിനു വരുന്ന നാട്ടുകാരായ കുട്ടികളിലെ മുതിർന്നവരെ ആ ദൌത്യം ഏൽ‌പ്പിക്കാൻ അവർ തീരുമാനിച്ചു.
അങ്ങിനെ കാരണവന്മാരൊക്കെ പിരിവെടുത്ത് ഒരു നിശ്ചിത സംഖ്യ മുതിർന്നവരിലെ മൂപ്പനെ ഏൽ‌പ്പിച്ചു..

നായയെ കൊല്ലൽ പരിപാടിക്ക് ഉപയോഗിക്കുന്ന സൂത്രത്തിനു വലിയ ചിലവൊന്നുമില്ലെന്ന് കാരണവന്മാർക്കുമറിയാം. ആകെയുള്ളത് കുറച്ച് ബോട്ടി വാങ്ങാനുള്ള ചിലവാണു.. ബാക്കി വരുന്ന പൈസ ഈ മഹാ ദൌത്യം ഏറ്റെടുത്തവർക്ക് കാരണവന്മാർ വകയുള്ള ഒരു ഇഷ്ടദാനവും. ഒത്താൽ ഓരോരുത്തർക്കും എറച്ചീം പൊറോട്ടേം, അതല്ലെങ്കിൽ ഒരു പരിപ്പുവടേം ചായേം..അതിനുള്ള കായി മിച്ചമുണ്ടാകും.

പള്ളിപ്പറമ്പിൽ സുലഭമാ‍ായ കാഞ്ഞിരത്തിന്റെ തൊലിയിട്ട് വേവിച്ച ബോട്ടി നയകളുടെ സഞ്ചാര പാതകളിൽ കൊണ്ടു വെക്കുക.അതാണു ദൌത്യം. അത് തിന്നുന്ന മുറക്ക് നായ്ക്കൾ ചത്തുവീഴും. ദൌത്യം സീനിഴേയ്സിനാണെങ്കിലും ഞങ്ങൾ ജൂനിയേഴ്സും തട്ടീം മുട്ടിയൊക്കെ കൂടെയുണ്ട്.. ഒരു പരിപ്പ് വട മിസ്സ് ആകരുതല്ലോ...

                                 


രാത്രി പള്ളിയിലെ കഞ്ഞിപ്പുരയിൽ വെച്ചായിരുന്നു പാചകം. അങ്ങിനെ കാഞ്ഞിര ത്തൊലിയിട്ട് വേവിച്ച ബോട്ടി റെഡി. അവ പള്ളിപ്പറമ്പിൽ പലയിടത്തായി നായകൾക്ക് തിന്നാൻ പാകത്തിൽ വെച്ച് കൊടുത്തു ദൌത്യം പൂർത്തീകരിച്ചു. നായകളൊക്കെ ചത്ത് വീഴുമ്പോൾ കാരണവന്മാരുടെ വക അഭിനന്ദനത്തിന്റെ പ്രവാഹമൊക്കെ സ്വപ്നം കണ്ട് എല്ലാവരും വീട്ടിലേക്ക് മടങ്ങി..
പിറ്റേന്ന് നേരം വെളുത്തു, രാത്രിയായി, പിന്നേം നേരം വെളുത്തു. എന്നിട്ടും ഒരൊറ്റ നായ പോലും ചത്തില്ല.. എല്ലാവർക്കും ചങ്കിടിപ്പ്, കാരണവന്മാർ മുറുമുറുപ്പ് തുടങ്ങി, ചെക്കന്മാർ തങ്ങളെ പറ്റിച്ച് കാശ് മുഴുവൻ പുട്ടടിച്ച് തീർത്തിട്ട് നുണ പറഞ്ഞതാകുമോ എന്ന് പോലും സംശയിച്ച് കാണും. പേരിനെങ്കിലും ഒരു നായ പോലും ചത്തില്ലല്ലോ.

ഒടുവിൽ അവർ സീനിയേഴ്സ് മൂപ്പന്മാരെ വിളിച്ചു ചോദ്യം ചെയ്തു. പാചക ക്കൂട്ടുകളെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു..പാവം നായകൾ ചാകാ‍ൻ പോകുകയല്ലേ, കുറച്ച് രുചികരമായ ഭക്ഷണം കഴിച്ച് ചത്തോട്ടെ അവറ്റകൾ എന്നു കരുതി കാഞ്ഞിരത്തൊലിയോടൊപ്പം കുറച്ച് വേപ്പിലയും ചേർത്താണു ബോട്ടി വേവിച്ചെടുത്തത്.. അത് മാത്രമാണ് തങ്ങൾ കൂടുതലായി ചെയ്തതെന്ന് കാരണവന്മാരെ ബോധ്യപ്പെടുത്തിയപ്പോൾ നായകൾ ചാകതിരുന്നതിന്റെ കാരണം അവർക്ക് മനസ്സിലായി.. പിന്നെ ഞങ്ങൾക്കും.


 (പടം പൊക്കിയത് മാതൃഭൂമിയിൽ നിന്ന്)

Monday, August 1, 2016

ഉസ്താദ്...
പുതിയ ഉസ്താദ് വരികയാണു.
ഒത്തിരി ഉന്മേശത്തോടെയാണു ഞങ്ങളന്ന് മദ്രസയിലെത്തിയത്..

കുട്ടിക്കഥകൾ പറഞ്ഞ് രസിപ്പിക്കാനും
ചരിത്രങ്ങളോതിത്തന്ന് ആവേശം കൊള്ളിക്കാനും
അനുഭവ കഥകളിലൂടെ ജീവിതത്തെ പഠിപ്പിക്കാനും
 കഴിവുള്ള ഉസ്താദുമാരുണ്ട്.
ഗൌരവം വിടാതെ ചൂരലും വീശി വന്ന് 
പാഠഭാഗത്തിൽ മാത്രം ശ്രദ്ധപതിപ്പിക്കുന്ന ചിലരും.
 പുതിയ ഉസ്താദ്  ഇതിൽ ഏത് തരക്കാരനായിരിക്കുമെന്ന
 പ്രതീക്ഷകൾക്കും ആശങ്കകൾക്കുമിടയിലായിരുന്നു ഞങ്ങൾ..

ശരിക്കും അഞ്ചാം ക്ലാസ്സുകാരായ ഞങ്ങൾക്ക് സ്ഥിരമാ‍യൊരു ഉസ്താദുണ്ട്..
 അറബിക് മുൻ‌ഷിയായ ഉസ്താദ് മിക്കവാറും ശനിയോ ഞായറോ ലീവായിരിക്കും. 
ഉസ്താദിന്റെ ലീവ് ദിവസം മറ്റു ഉസ്ത്‍ാദുമാരാണു ക്ലാസ്സ്  കൈകാര്യം ചെയ്യുക. അങ്ങിനെയാകുമ്പോൾ പുതിയ ഉസ്താദിനെ നമുക്കും കിട്ടുമല്ലോ എന്ന സന്തോഷമായിരുന്നു ഞങ്ങൾക്ക്.

ബെല്ല് മുഴങ്ങി ക്ലാസ്സിൽ കയറിയ ഞങ്ങൾ പുതിയ ഉസ്താദിനെ എത്തി നോക്കാൻ തുടങ്ങി..
തൊട്ടപ്പുറത്തെ ക്ലാസ്സിൽ അതാ നിൽക്കുന്ന പുതിയ ഉസ്താദ്..
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..
അദ്ദേഹം തന്നെയാണൊ ഇത്.. ഉറപ്പ് വരുത്താൻ ഞാൻ ഒന്ന് കൂടി നോക്കി.
അതേ അദ്ദേഹം തന്നെ.. എനിക്ക്  തലകറങ്ങുന്നത് പോലെ..
വല്ലാ‍ത്തൊരസ്വസ്ഥത... 

ഒരല്പസമയത്തിനു ശേഷം ഞങ്ങളുടെ  ഉസ്താദുമായി കുശലം പറഞ്ഞ് അദ്ദേഹം ഞങ്ങളുടെ ക്ലാസ്സിലുമെത്തി.. അദ്ദേഹം എന്നെ കണ്ടു.. ഞാൻ അദ്ദേഹത്തെയും.. എന്റെ വയറ്റിലൊരു കാളൽ.   ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ മൂപ്പർ എന്നെ നോക്കി ചിരിച്ചു..  

 എനിക്ക് ഉള്ളിൽ സങ്കടം വന്ന് നിറയാ‍ൻ തുടങ്ങി..
മനസ്സിനൊരു വിങ്ങൽ..
റബ്ബേ.. ഞാനപ്പോൾ ചെയ്തത് തെറ്റായിരുന്നോ ?
വെന്ത് നീറുന്ന വേദയിലൊരു പിടച്ചിലുള്ളിൽ...

അന്നൊരു അസർ നിസ്കാര ശേഷമായിരുന്നു അത്..
ഒരാൾ കടന്നു വരുന്നു.. കയ്യിലൊരു സഞ്ചിയും തൂക്കിപ്പിടിച്ചിട്ടുണ്ട്..
കണ്ടാലൊരു നാടൻ വേഷം..
മറ്റുള്ളവരെല്ലാം പുറത്ത് പോയതിനാൽ  ഏക മുതിർന്ന ആൺ തരിയായി പത്തുവയസ്സുകാരനായ ഞാനാണു വീട്ടുലുള്ളത്.. സലാം ചൊല്ലിയ ശേഷം അദ്ദേഹം സഞ്ചിയിൽ നിന്നൊരു ചെറിയ പെട്ടിയെടുത്ത് എന്റെ കയ്യിൽ തന്നു.. ആദ്യമായാണൂ അത്തരത്തിലൊന്ന് കാണുന്നത്.. ഇതൊരു ധർമ്മ പെട്ടിയാണെന്നും വീട്ടിൽ കൊടുക്കാനും പറഞ്ഞു.. ഒരു യതീംഖാനയുടെ പിരിവിനായി വന്നതാണെന്നും പെട്ടിപ്പിരിവിനായി പിന്നീ‍ട് വരുമെന്നൊക്കെ മൂപ്പർ വാചാലമാകുന്നുണ്ടെങ്കിലും എനിക്കതൊന്നും പിടിക്കാത്തപോലെതോന്നി.. യതീംഖാന ആകുമ്പൊൾ ഉസ്താദുമാരൊക്കെയാണു വരേണ്ടതെന്ന തോന്നലിലും അദ്ദേഹത്തെ കണ്ടാൽ വേഷത്തിലൊന്നും  ഉസ്താദിന്റെ യാതൊരു  ലക്ഷണങ്ങളുമില്ലാത്തതിനാലും   ഞാൻ അതുമിതും പറഞ്ഞു കുറേ ചൊടിച്ചു. അദ്ദേഹം പലതും പറഞ്ഞ് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ  പിന്നെയും പിന്നെയും തർക്കിച്ചു. ഇതൊക്കെ തട്ടിപ്പാണെന്നും ഇവിടെ പെട്ടിവെക്കാൻ പറ്റില്ലെന്നും  പറഞ്ഞു ഞാൻ അദ്ദേഹത്തെ തിരിച്ചയച്ചു.. എന്നിട്ടും അരിശം തീരാതെ അദ്ദേഹം കയറിയിറങ്ങിയ തൊട്ടടുത്തുള്ള  ഒന്ന് രണ്ട് വീടുകളിൽ ഞാനുമൊപ്പം ചെന്ന് ഇത് വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നുമൊക്കെ  പറഞ്ഞ് അവരെക്കൊണ്ടും പെട്ടിവാങ്ങിക്കാൻ സമ്മതിപ്പിച്ചില്ല..അപമാനിതനെപ്പോലെ നിരാശനായി അദ്ദേഹം തിരിച്ചു നടന്നു..

ആ ആളാണിപ്പോൾ മദ്രസ്സയിൽ, ഉസ്താദായി എന്റെ കൺമുമ്പിൽ നിൽക്കുന്നത്..
മദ്രസ്സ വിടുന്നത് വരെ സങ്കടം കൊണ്ടും പരിഭ്രമം കൊണ്ടും ആകെ തളർന്നു പോയി.
 കണ്ട മാത്രയിൽ ഒന്നും പ്രതികരിക്കാതെ ഒരു ചിരിയിൽ മാത്രമൊതുമിക്കയത് എന്നെ തിരിച്ചറിയാത്തത് കൊണ്ടാകുമോ  എന്ന തോന്നൽ തെല്ലൊരാശ്വാസം നൽകിയെങ്കിലും ഉസ്താദുമാരുടേയും കുട്ടികളുടെയും മുമ്പിൽ വെച്ച് അദ്ദേഹം എന്നെ വിചാരണ ചെയ്യുമെന്ന പേടി  വല്ല്ലാതെ അലട്ടാൻ തുടങ്ങി. സമയം ഇഴഞ്ഞ് നീങ്ങുന്നത് പോലെ.. ഉസ്താദ് ചൊല്ലിത്തരുന്ന പാഠങ്ങളിലൊന്നും ശ്രദ്ധ കൊടുക്കാൻ കഴിയാതെ വിഷമിച്ചിരിക്കുകയാണു ഞാൻ..നീണ്ട ബെല്ല് കേട്ടപ്പോൾ  പരിഭ്രമം വർധിച്ചു.. കുട്ടികളൊക്കെ പോയതിനുശേഷം ഉസ്താദുമാരുടെ മുമ്പിൽ വെച്ച് എന്നെ ചോദ്യം ചെയ്യാനാകുമെന്ന ഭീതിയിലാണു സ്വലാത്ത് ചൊല്ലി മുഴുമിപ്പിച്ചത്. എന്റെ ഉസ്താദ് എല്ലാം അറിഞ്ഞിട്ടുണ്ടാകുമെന്നും എന്നെ പോകാൻ അനുവദിക്കാതെ പിടിച്ചുനിർത്തുമെന്നും കരുതി ഉസ്താദിന്റെ മുഖത്ത് നോക്കിയെങ്കിലും ക്ലാസ്സ് കഴിഞ്ഞപ്പോൾ കുട്ടികളോടൊപ്പം ഉസ്താദും പുറത്തിറങ്ങിയതിനാൽ  പേടിച്ചിട്ടാണെങ്കിലും ഞാനും മെല്ലെ ഇറങ്ങി..

 ഉമ്മയോട് പറഞ്ഞാൽ തൊല്ലൊരാശ്വാസം കിട്ടുമെന്ന ചിന്തയിലാണു വീട്ടിലേക്കുള്ള നടത്തം. പക്ഷേ അന്നത്തെ സംഭവങ്ങൾക്ക് വീട്ടിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ ഓർമ്മ വരുമ്പോൾ പിന്നെയും പേടി കൂടിക്കൂടി വന്നു. . മൂത്തവരോട് കയർത്തു സംസാരിച്ചതിനും അറിയാത്ത കാര്യങ്ങൾക്ക് തർക്കിച്ചതിനും ആ‍ളാരാണെന്നറിയാതെ വേദനിപ്പിച്ച് വിട്ടതിനും ഉമ്മയിൽ നിന്നും ഉപ്പയിൽ നിന്നും കുറേയേറെ കിട്ടിയ അടിയും ചീത്തയുമൊക്കെ കിട്ടിയതാണു. എന്നാലും വീട്ടിലെത്തി ഉമ്മാട് കാര്യങ്ങളൊക്കെ പറഞ്ഞു...  നീ കുട്ടിയല്ലേ,, അറിയാണ്ട് ചെയ്തതാകുമെന്ന് ഉസ്ത്‍ാദിനു മനസ്സിലായിട്ടുണ്ടാകുമെന്ന ഉമ്മയുടെ വാക്കുകൾ  തൊല്ലൊരാശ്വാസം നൽകി..
 ഏത് നിമിഷവും ഉസ്താദ് എന്നെ ചോദ്യം ചെയ്യുമെന്ന ചിന്ത അലട്ടുന്നതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ മദ്രസയിലേക്ക് പോകുയെന്നത് ദുസ്സഹമായി തോന്നി... ദിവസങ്ങൾ കടന്നുപോകുന്നു, ഉസ്താദ് ക്ലാസ്സിൽ വരുന്നു  എല്ലാവരുമായും പരിചയപ്പെടുന്നു. . സംസാരിക്കുന്നു. ഉസ്താദ് സ്വയം പരിചയപ്പെടുത്തുന്നു.. ഹസ്സൻ കോയ.. അതായിരുന്നു ഉസ്താദിന്റെ പേര്. പക്ഷേ ഞാൻ പ്രതീക്ഷിക്കുന്നതും എന്നെ പേടിപ്പെടുത്തുന്നതുമായത് മാത്രം സംഭവിക്കുന്നില്ല..

അതിനിടയിൽ അദ്ദേഹം അന്ന് വന്നതിന്റെ വിശദാംശങ്ങളൊക്കെ അറിയാൻ കഴിഞ്ഞു..ഒറ്റപ്പാലത്തെ ദാറുൽ ഖൈറാത്ത് എന്ന യതീംഖാനയുടെ റിസീവർ എന്ന നിലക്ക് അതിനെ പരിചയപ്പെടുത്താനും യതീംഖാനയുടെ ധർമ്മപ്പെട്ടികൾ എല്ലാ വീട്ടുകളിലും സ്ഥാപിക്കാനുമായിരുന്നു അദ്ദേഹം വീടുകളിൽ കയറിയിറങ്ങിയിരുന്നത്..  ആ വരവിലായിരുന്നു ഞാൻ വഴിമുടക്കിയായതും...

അന്നൊക്കെ സ്കൂളില്ലാത്ത സമയങ്ങളിൽ പള്ളി ദർസീൽ പോകുന്ന പതിവുണ്ടായിരുന്നു. മദ്രസ്സയിലെ മിക്ക ഉസ്താദുമാരുടെ താമസവും പള്ളിയിൽ തന്നെയായിരുന്നു..ഒരുദിവസം ഉച്ചക്ക്  ശേഷം ദർസിനെത്തിയപ്പോൾ  ഉസ്താദുമാർ ഭക്ഷണം കഴിച്ച്കൊണ്ടിരിക്കുന്നു.. ഏകദേശം എല്ലാവരുടെയും കഴിഞ്ഞു, ഹസ്സൻ കോയ ഉസ്താദ് മാ‍ത്രം ബാക്കിയുണ്ടവിടെ..  എന്നെ കണ്ട മാത്രയിൽ അദ്ദേഹം എന്നെ മാടിവിളിച്ചു.. പേടി തോന്നിയെങ്കിലും അദ്ദേഹത്തിന്റെ ചിരിച്ച മുഖം എനിക്കൊരാൽ്പം ആശ്വാസം പകർന്നു.. എന്നെ അടുത്തിരുത്തി.. ഒരല്പം ഭക്ഷണം തന്നു അതു കഴിക്കാൻ അദ്ദേഹം സ്നേഹപൂർവ്വം എന്നെ നിർബന്ധിച്ചു.. ഉള്ളിൽ നൃത്തമാടുന്ന ഭയത്തെ മറക്കാൻ ശ്രമിച്ച് കൊണ്ട് ആ സ്നേഹവിരുന്ന് ഞാ‍ാൻ ആസ്വദിച്ചു..

 ശേഷം പ്രസന്ന വദനനായി, ഒരല്പം പോലും ഈർഷ്യത നിഴലിക്കാതെ ഉസ്താദ് എന്നോടൊരു ചോദ്യമെറിഞ്ഞു,

എന്തിനാ അന്ന് അങ്ങിനെയൊക്കെ ചെയ്തത് ?

മുഖത്ത് ചിരി നിറച്ചു കൊണ്ടുള്ള ചോദ്യമായതിനാൽ എനിക്കൊട്ടും ഭയം തോന്നിയില്ല..
പകരം വല്ലാത്തൊരു കുറ്റബോധത്താൽ ആകെ വിങ്ങിപ്പൊട്ടുന്നത് പോലെ..

ബാല്യത്തിന്റെ ചാപല്യവും പക്വത കുറവുകളും നന്നായി തിരിച്ചറിയുന്ന ആളായിരിക്കണം ഉസ്താദ്..
എന്റെ അവസ്ഥ മനസ്സിലാക്കി   എന്നെ തലോടിക്കൊണ്ട്, സാരല്യ, ഇനിയാരോടും അങ്ങിനെയൊന്നും ചെയ്യരുതെന്നു പറഞ്ഞപ്പോൾ സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞു..


‘അപമാനിതനാക്കി‘ വിട്ട പയ്യനെ കയ്യോടെ കിട്ടിയിട്ടും ഒന്നു ദേഷ്യപ്പെടുക പോലും ചെയ്യാതെ, മറ്റൊരാളോടും അതു പങ്കു വെക്കുക പോലും ചെയ്യാതെ, ഉസ്താദ് കാണിച്ച സഹനവും ക്ഷമയും വല്ലാതെ അൽഭുതപ്പെടുത്തിയിട്ടൂണ്ട്..  ഉസ്താദിന്റെ ചിന്തയിൽ ഉദിച്ച ആശയമായിരുന്നു ഞങ്ങളുടെ നാട്ടിലിന്ന് തല ഉയർത്തി നിൽക്കുന്ന സി എച്ച് യതീംഖാന.

Saturday, August 22, 2015

കണ്ണീര്‍ പൂക്കള്‍
ഗംഗാധരേട്ടൻ
ഒരിക്കലും മറക്കാനാവാത്ത മനുഷ്യൻ.
ഉപ്പയുടെ ഏറ്റവും അടുത്തയാൾ.

വാടാനപ്പളളി സെന്ററിലെത്തിയാൾ ഉപ്പ സമയം ചെലവിട്ടിരുന്നത് ഗംഗാധരേട്ടന്റെ പലചരക്ക് കടയിൽ മാത്രമായിരുന്നു. ഓർമ്മവെച്ച നാൾ ഞങ്ങളുടെ പറ്റുകടയായിരുന്നു ഇത്. എന്നല്ല എല്ലാത്തിനും ഞങ്ങൾക്കാശ്രയം ഈ കടയായിരുന്നു. പൈസ ആവശ്യമായി വരുമ്പോൾ ഉപ്പ പറഞ്ഞു ഇവിടുന്നു വാങ്ങിക്കോളാൻ എന്ന് പറഞ്ഞ് എത്ര ചോദിച്ചാലും തിരിച്ചൊന്നും ചോദിക്കുക പോലും ചെയ്യാതെ അഞ്ഞൂറും ആയിരവുമൊക്കെ ഒരു മടിയും കൂടാതെ തരുമായിരുന്നു. കടയിൽ എത്ര തിരക്കുണ്ടായാലും ഞങ്ങൾ സാധനങ്ങൾക്ക് വേണ്ടി വെയ്റ്റുചെയ്യുന്നുണ്ടെങ്കിൽ , തങ്ങളത് കഴിഞ്ഞില്ലേ - തങ്ങളതൊന്ന് വേഗം കൊടുക്ക്ട്ടാ എന്ന് പറഞ്ഞ് എപ്പോഴുമൊരു മുൻ ഗണന ഞങ്ങൾക്ക് തരുമായിരുന്നു.

ഇന്ന് ഓലയും ചകിരിയുമൊന്നും ആർക്കും വേണ്ടാതായ കാലം. എന്നാൽ ചകിരി വാങ്ങിയില്ലെങ്കിൽ അടുപ്പുകളിൽ തീ പുകയാത്തൊരു കാലമുണ്ടായിരുന്നു. ഗംഗാധരേട്ടന്റെ വീട്ടിൽ നിന്നായിരുന്നു മിക്ക സമയങ്ങളിലും ഞങ്ങൾ ചകിരി വാങ്ങിയിരുന്നത്. വണ്ടിയിലേക്ക് ചകിരി കയറ്റാൻ എത്ര തിരക്കുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് ഗംഗാധരേട്ടന്റെ ഭാര്യ ഞങ്ങളെ സഹായിക്കുമായിരുന്നു. ചേച്ചി തന്നതാണെന്ന് ഉമ്മാട് പറഞ്ഞോളാൻ പറഞ്ഞ് ഒരു പാട് ഓലക്കെട്ടുകളും മറ്റുമൊക്കെ ഫ്രീയായി തരുമായിരുന്നു അവർ.

വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ മൂലം കട പൂട്ടി വീട്ടിൽ വിശ്രമമായതിൽ പിന്നെ അദ്ദേഹത്തെ അവസാനമായി കാണുന്നത് ഉപ്പ മരണപ്പെട്ട തി ന്റെ ആവശ്യം പറയാൻ ഇക്കയും ഞാനും കൂടി വീട്ടിൽ ചെന്നപ്പോഴായിരുന്നു. ഞങ്ങൾ പറഞ്ഞപ്പോളാണു ഉപ്പ മരിച്ചവിവരം അദ്ദേഹം അറിയുന്നത്. ഒന്ന് അറിയിക്കാമായിരുന്നില്ലേ , അവസാനമായൊന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞ് കുറേ കരഞ്ഞു അദ്ദേഹം. ഇപ്രാവശ്യം നാട്ടിലെത്തിയാൽ പോയി കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതുവരെ അദ്ദേഹം കാത്തുനിന്നില്ല.

ആ മനുഷ്യ സ്നേഹിയുടെ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി കണ്ണീർ പൂക്കൾ.

Tuesday, November 25, 2014

മരണം വിലക്കു വാങ്ങുന്നവര്‍.മരണം.
എത്ര മേല്‍ വേഗമാണത് ജീവനുമെടുത്ത് കടന്നു കളയുന്നത്.
മുമ്പ് വാര്‍ധക്യമരണങ്ങളായിരുന്നു കൂടുതലും. എന്നാലിന്ന്  സ്വപ്നങ്ങള്‍ വാടിക്കരിഞ്ഞ് പാതിവഴിയില്‍ ഞെട്ടറ്റുവീഴുകയാണു പലരും. വര്‍ധിച്ചു വരുന്ന റോഡപകടങ്ങളിലൂടെ കൂടുതലും ഹോമിക്കപ്പെടുന്നത് ചെറുപ്പം വിട്ടുമാറാത്തവരുടെ പിടയുന്ന ജീവനുകളാണ് . എന്നാല്‍ അതിനേക്കാള്‍ ഭീതിതമാണു മാരകരോഗങ്ങള്‍ക്കും മാറാവ്യാധികള്‍ക്കും അടിമപ്പെട്ട് നരകയാതന അനുഭവിക്കുന്നവരുടേയും ജീവന്‍ വെടിയേണ്ടി വരുന്നവരുടേയും അവസ്ഥ. ഇതിലും പ്രായമേറിയവരേക്കാള്‍ കൂടുതലും യുവജനങ്ങള്‍ തന്നെയാണു.

സാരമില്ലെന്ന് നാം കരുതുന്നൊരു വേദന, നിസ്സാരമെന്ന് തോന്നുന്നൊരു തടിപ്പ്, അതായിരിക്കാം നമ്മെ കാര്‍ന്നു തിന്നുന്നൊരു മഹാവിപത്തായി നമ്മില്‍ പടര്‍ന്നു പിടിക്കുന്നത്. ആരെ കുറ്റം പറയാന്‍ ? ആരോട് പരിതപിക്കാന്‍ ? നമ്മുടെ ജീവിത സാഹചര്യങ്ങള്‍ അത്രമേല്‍ മാറിപ്പോയിരിക്കുന്നു. ക്യാന്‍സറും കരള്‍ രോഗങ്ങളും വൃക്കസംബന്ധമായ അസുഖങ്ങളും ഹാര്‍ട്ട് അറ്റാക്കുകളും പ്രഷറും കൊളസ്ട്രോളും തുടങ്ങീ ഏത് വ്യാധികള്‍ക്കും എളുപ്പം കടന്നുവരാനുള്ള വാതിലുകള്‍ നാം തന്നെയല്ലേ തുറന്നിട്ടിരിക്കുന്നത്. കമ്പോള സംസ്കാരത്തിന്റെ അടിമകളായി മാറിപ്പോയ നാം എത്രയോ മാരകമായ വിഷാംശങ്ങളാണു നിത്യേന സേവിച്ചു കൊണ്ടിരിക്കുന്നത്. മായം കലരാത്ത ഭക്ഷ്യവസ്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലേക്ക് ലോകം മാറിപ്പോയതിന്റെ ദുരന്തഫലം തന്നെയല്ലേ ഇന്ന് നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന മിക്ക മാരകരോഗങ്ങളുടേയും അടിസ്ഥാനം. വിപണിയിലെത്തുന്ന ഏതെങ്കിലുമൊന്ന് മായത്തില്‍ നിന്നു മുക്തമാണോ ? പാലക്കാടന്‍ മട്ടയെന്ന പേരില്‍ ചുകന്ന ചായം മുക്കി വരുന്നതാണെന്നറിഞ്ഞിട്ട് പോലും  ആ അരി ഉപയോഗിക്കാതെ നമുക്ക് നിവൃത്തിയില്ല. മസാലപ്പൊടികളില്‍, പച്ചക്കറികളില്‍, മാംസങ്ങളില്‍ അങ്ങിനെ എന്തിലും ഏതിലും വിഷാംശങ്ങള്‍ കുത്തിനിറച്ച് നമ്മുടെ മുമ്പിലേക്കെത്തുമ്പോള്‍ നാമറിയാതെ മാരകരോഗങ്ങള്‍ നമ്മിലേക്ക് വ്യാപരിക്കപ്പെടുകയാണു.

അപകടകരമായ ഹോര്‍മോണുകള്‍   കുത്തിനിറച്ച് കൃതിമ വലിപ്പം വെപ്പിക്കുന്ന ഇറച്ചിക്കോഴികളെതിന്നുതിന്നു നാടന്‍ കോഴി ഇറച്ചിയുടെ രുചി പോലും നമ്മുടെ നാവുകള്‍ക്ക് പിടിക്കാതായിരിക്കുന്നു.  മുറത്തില്‍ ചേറി മാലിന്യങ്ങള്‍ നീക്കം ചെയ്തതിനു ശേഷം പൊടിച്ചെടുത്തിരുന്ന അരിയുള്‍പ്പെടെയുള്ള ധാന്യ - വ്യജ്ഞനപ്പൊടികള്‍ക്ക് പകരം  ആകര്‍ഷകമായ പേക്കറ്റുകളില്‍ വിഷാംശങ്ങള്‍ കുത്തിനിറച്ച് കമ്പോളത്തിലെത്തുന്ന പൊടിക്കൂട്ടുകളാണു നമുക്കിന്നാശ്രയം. എന്തിനേറെ, നിഷ്‌പ്രയാസമുണ്ടാക്കാന്‍ കഴിയുന്ന അച്ചാറുകള്‍ക്കും ഉപ്പിലിട്ടതിനും വരെ കമ്പോളത്തെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് നാം എത്തപ്പെട്ടിരിക്കുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് വരെ വീട്ടിലെ അടുക്കളയില്‍  ഉണ്ടാക്കിയെടുത്തിരുന്ന രുചികരമായ പലഹാരങ്ങളെല്ലാം തന്നെ നമ്മുടെ വീടുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. സ്വാദൂറുന്ന അച്ചപ്പവും ഉണ്ണിയപ്പവും നെയ്യപ്പവുമെല്ലാം  മുമ്പ് നമ്മുടെ ഉമ്മമാരുടേയും സഹോദരിമാരുടേയും കൈപുണ്യത്തിന്റെ മികവായിരുന്നുവെങ്കില്‍  ഇന്ന് അവ പൂതിക്ക് തിന്നണമെങ്കില്‍ പോലും ബേക്കറികളിലെത്തുന്ന പേക്കറ്റ് പലഹാരങ്ങളെ ആശ്രയിക്കുകായല്ലാതെ വഴിയില്ലാതായിരിക്കുന്നു.

കഠിനാധ്വാനമേതുമില്ലാതെ എളുപ്പത്തില്‍  കൃഷിചെയ്തെടുക്കാവുന്ന കറിവേപ്പിലക്കും പച്ചമുളകിനും വരെ തമിഴന്റെ ലോറിയെ കാത്തിരിക്കുന്നവരാണ് നാം. പ്രകൃതി വരദാനമായി നമുക്ക് നല്‍കിയിരുന്ന എത്രയെത്ര വിളകളെയാണു നാം വിസ്മൃതിയിലേക്ക് തള്ളിയിട്ടത്. ചേമ്പും കാവത്തും കൂര്‍ക്കയും കുവ്വയും ചേനയും പയറും മരച്ചിനിയും മധുരക്കിഴങ്ങുമെല്ലാം നമ്മുടെ അടുക്കളത്തോട്ടങ്ങളിലും പറമ്പുകളിലും നിറഞ്ഞ് വിളഞ്ഞ് നിന്നിരുന്ന ഇന്നലെകള്‍ എത്ര പെട്ടെന്നാണു നാം മറന്നു പോയത്. പോഷകങ്ങള്‍ നിറഞ്ഞ  ഭക്ഷ്യവസ്തുക്കള്‍ വിളയിച്ചെടുക്കാന്‍ പര്യാപ്തമായ നമ്മുടെ മണ്ണില്‍ നിന്ന്  വേരോടെ പിഴുതെറിഞ്ഞവയെല്ലാം ഇന്ന് കമ്പോളത്തില്‍ നിന്ന് വിഷം പുരട്ടിയ നിലയില്‍ വാങ്ങി ഭക്ഷിക്കുകയണു നാം.  നമ്മുടെ വീടുകളില്‍ ഇഷ്ടം പോലെ വിളഞ്ഞ് നിന്നിരുന്ന പപ്പായ (പപ്പക്കായ) പലപ്പോഴും പക്ഷികള്‍ക്കും അണ്ണാറക്കണ്ണനും ഭക്ഷണമാകുകയല്ലാതെ നമുക്കാവശ്യമില്ലായിരുന്നു. എന്നാല്‍ അതിന്റെ പോഷകഗുണങ്ങള്‍ അറിഞ്ഞ്തുടങ്ങിയപ്പോള്‍ രാസവളങ്ങളും ഹോര്‍മോണുകളും കുത്തിനിറച്ച് വിപണിയിലെത്തുന്ന പപ്പായ അമിത വിലകൊടുത്ത് വാങ്ങി ഭക്ഷിക്കുകയാണ് നാമിന്ന്. ഇതൊരുദാഹരണം മാത്രം.   ലാഭക്കൊതിയാല്‍ എന്ത് മറിമായവും ചെയ്യാന്‍ മടികാണിക്കാത്ത ആര്‍ത്തിപണ്ടാറങ്ങളാല്‍ അടക്കിവാഴപ്പെടുന്ന കമ്പോളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന നമുക്ക് മാരകവിപത്തുകള്‍ വന്നുപെട്ടില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ.  നമുക്കാവശ്യമായ പച്ചക്കറികളും മറ്റും ഉള്ള സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വന്തമായി വിളയിച്ചെടുക്കാന്‍ ഒന്ന് പരിശ്രമിക്കുക പോലും ചെയ്യാത്ത നാം ഒരര്‍ത്ഥത്തില്‍  മരണം  വിലക്കു വാങ്ങുകയാണ്. ഒട്ടകത്തെ കെട്ടിയിട്ടതിനു ശേഷം അല്ലാഹുവില്‍ തവക്കുലാക്കണമെന്നാണു തിരുനബി (സ) പഠിപ്പിച്ചിട്ടുളളത്. അഥവാ നാം ചെയ്യേണ്ടത് നാം ചെയ്തേ പറ്റൂ. അത്യന്തം അപകടകരമായ വിഷാംശങ്ങള്‍ നിത്യവും വലിച്ച് കയറ്റിയിട്ട് മാരകമായ രോഗങ്ങളില്‍ നിന്ന് കാക്കണെ എന്ന് വിലപിക്കുന്ന നാം തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ വിഢികള്‍!

Sunday, August 24, 2014

സങ്കടക്കടലും കടന്ന്...

വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഓര്‍മ്മയില്‍ നിന്ന് മങ്ങാതെ നില്‍ക്കുന്നുണ്ടാ ദിനം.

ഒരു കറുത്ത പാട് പോലെ.

എട്ടുവയസ്സുകാരന്റെ കുസൃതികളും വികൃതികളുമായി കൂട്ടുകാരോടൊത്ത്  സ്കൂള്‍‌മുറ്റത്ത് കളിച്ച് തിമിര്‍ക്കുകയായിരുന്നു അവന്‍. കളിയുടെ ആരവങ്ങള്‍ക്കിടയില്‍ ബെല്ല് മുഴങ്ങിയപ്പോള്‍ മിക്ക കുട്ടികളും ക്‍ളാസ്സിലേക്കോടി. അവനും കുറച്ച്പേരും അവിടെ ത്തന്നെ നില്‍ക്കുകയാണു.  തങ്ങള്‍ ഇത്രയും നേരം കളിച്ച് രസിച്ച  ‘പന്തി’നുള്ളില്‍ എന്താണെന്ന് അറിയാനുള്ള ജിജ്ഞാസയായിരുന്നു അവര്‍ക്ക്. കൂടുതല്‍ കാത്ത് നില്‍ക്കാന്‍ സമയമില്ല. തൊട്ടുമുമ്പില്‍ കണ്ട വലിയ കല്ലിലേക്ക് ആഞ്ഞൊരേറ് കൊടുത്തു അവന്‍. ഒരു നിമിഷം, സ്കൂളാകെ സ്തംഭിച്ചു. . കാതടപ്പിക്കുന്ന ശബ്ദം. ഉഗ്രസ്ഫോടനത്തിന്റെ പ്രതീതി. അധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിക്കിതച്ചെത്തുമ്പോള്‍.... മുഖത്ത് മുഴുവന്‍ പൊള്ളലേറ്റ് ശരീരമാസകലം ചീളുകള്‍ തുളഞ്ഞു കയറി അത്യാസന്നനിലയില്‍ കിടക്കുകയാണവന്‍. നിസ്സാര പരിക്കുകളോടെ മറ്റു കുട്ടികളും. വിസ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവസാനം  മെഡിക്കല്‍ കോളേജായിരുന്നു അഭയം.

എത്രയെത്ര നേര്‍ച്ചകള്‍. ചികിത്സകള്‍, വഴിപാടുകള്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിധിപോലെ ലഭിച്ചതാണവനെ. മൂത്ത പെങ്ങളുടെ കടിഞ്ഞൂല്‍ സന്തതി.
മുസമ്മില്‍.  അപൂര്‍വ്വമായി മാത്രം കേള്‍‌ക്കാറുള്ള നാമം. സൃഷ്ടാവായ തമ്പുരാന്‍ മുത്തു നബിയെ (സ) വിളിക്കാനുപയോഗിച്ച പേര്. അവന്റെ ഉപ്പയുടെ ഉപ്പയാണാ പേര്  നല്‍കിയത്.
  ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് ലാളിക്കാനും ഓമനിക്കാനും ലഭിച്ച ആദ്യത്തെ പൊന്നിന്‍‌കുടം.
വീട്ടിലെ  പ്രഥമ പേരക്കിടാവ്. ഏവരുടേയും അരുമയായി കുസൃതികാട്ടി നടന്നിരുന്നവന്‍. അവനാണീ കിടക്കുന്നത്,  ഒരു സങ്കടക്കടലായി. തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖമാകെ പൊള്ളിപ്പോയിരിക്കുന്നു. കുഞ്ഞിളം മേനിയില്‍ വേദനകള്‍ അരിച്ചു കയറുന്നു. ഒരൊറ്റ നോട്ടം കൊണ്ട് കാണുന്നവരുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നു. വിതുമ്പലുകളൊതുക്കാന്‍ പ്രയാസപ്പെടുന്നു.


ദുഖത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നു കയറി മ്‌ളാനത തളം കെട്ടിയ ദിനങ്ങള്‍.  മുഖത്തേറ്റ തീഷ്ണമായ പെള്ളലില്‍ കരിഞ്ഞുപോയ തൊലികള്‍. പുതിയ തൊലി  വരില്ലേ എന്ന ആശങ്കകള്‍. ദിനം‌പ്രതി ഉള്ളില്‍ നിന്ന് പൊന്തി വരുന്ന തുളച്ചുകയറിയ ചിരട്ടയുടേയും മറ്റും ചീളികള്‍.  ഞെട്ടറ്റതുപോലെ തൂങ്ങി നില്‍ക്കുന്ന കൈവിരലുകള്‍. അനിശ്ചിതത്വത്തിന്റേയും ഉദ്വേഗത്തിന്റെയും ദിനങ്ങള്‍.  പിന്നെപ്പിന്നെ  പ്രാര്‍ത്ഥനകളും ചികിത്സയും പ്രതീക്ഷയുടെ വെട്ടം നല്‍കാന്‍ തുടങ്ങുകയായിരുന്നു . എല്ലാം ഭേദമാകുമെന്നും കരിഞ്ഞുണങ്ങിയ തൊലിക്ക് പകരം പുതിയ തൊലികള്‍ വരുമെന്നും  ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പ്. അത് നല്‍കിയ ആത്മവിശ്വാസം.. അങ്ങിനെ പ്രത്യാശയിലേക്ക് ചുവട് വെക്കുന്നതിനിടയില്‍ ഒരു ദിവസം, പരിശോധനക്ക് ശേഷം ഡോക്ടരുടെ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ. ഇടത്തേ കൈ കൊണ്ട് എഴുതാന്‍ പരിശീലിപ്പിക്കേണ്ടി വരും.വലതു കൈയ്യിന്റെ തൂങ്ങിനില്‍ക്കുന്ന രണ്ട് വിരലുകളും വെട്ടിക്കളയേണ്ടിവരും.അതും രണ്ട് ദിവസത്തിനകം. മറ്റൊരു പോം‌വഴിയുമില്ല.യാതൊരു ഭാവമാറ്റവുമില്ലാതെ അതും പറഞ്ഞ്  ഡോക്ടര്‍ പോയി.

എന്ത് ചെയ്യണമെന്നറിയാതെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ പകച്ച് പോയ നിമിഷങ്ങള്‍. അപ്പോഴാണു മാസങ്ങളോളം അവിടെ കഴിയേണ്ടിവന്ന സുഹൃത്തിന്റെ അനുഭവം ഓര്‍മ്മയിലെത്തിയത്. മെഡിക്കല്‍ കോളേജിലെ ചില ഡോക്ടര്‍മാരെ അവരുടെ താമസസ്ഥലത്ത് പോയി  കണ്ട് സന്തോഷിപ്പിച്ചാല്‍ രോഗിക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും കിട്ടുമെന്ന പാഠം വീട്ടുകാരുമായി പങ്ക് വെച്ചു. ആ ഇളം വിരലുകള്‍ മുറിച്ചുമാറ്റപ്പെട്ടാതിരിക്കാന്‍ അന്നാദ്യമായി ആദര്‍ശവാദികളോട് കലഹിക്കേണ്ടി വന്നു.  രാത്രി തന്നെ ഡോക്ടറെ പോയി കണ്ടു.  ശ്രമിക്കാമെന്നയാള്‍ വാക്ക് തന്നു. ഭാഗ്യം,  വിരലുകള്‍ക്കൊന്നും സംഭവിച്ചില്ല. എല്ലാം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ മാസങ്ങളുടെ ആശുപത്രി വാസം വേണ്ടി വന്നു.

സ്കൂളിന്റെ തൊട്ടടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന്റെ  വെടിക്കെട്ടിനിടയില്‍ പൊട്ടാതെ കിടന്നിരുന്നൊരു ഗുണ്ടാണു അന്നു വില്ലനായത്. ഗുണ്ടിന്റെ മാരകമായ പ്രഹരശേഷിയില്‍ വേദനകളൊരുപാട് തിന്നേണ്ടിവന്നെങ്കിലും സങ്കടക്കടലെല്ലാം നീന്തിക്കടന്ന് കാലത്തിന്റെ ഗതിവേഗത്തില്‍ ഒത്ത യുവാവായും  സുമുഖനായ ചെറുപ്പക്കാരനായും വളര്‍ന്നിരിക്കുന്നു അവനിപ്പോള്‍. ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അവനും ഒരു പ്രവാസിയായി മാറി.


ഇന്ന് (24-08-2014) അവന്റെ കല്യാണമാണ്. മംഗല്യത്തില്‍  കൂടണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു . പക്ഷേ എന്ത് ചെയ്യാന്‍ ?  വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയില്‍  ആ മോഹം. പൊലിഞ്ഞുപോയി .  പ്രാര്‍ത്ഥനാ മനസ്സുമായി കൂടെയുണ്ട് ഞങ്ങള്‍. പുതുജീവിതം സൌരഭ്യം നിറയുന്നതാവട്ടെ. സന്തോഷപ്രദവും ആനന്ദകരവുമായ ജീവിതം നയിക്കാനും ക്ഷമിച്ചും പൊറുത്തും പരസ്പര വിശ്വാസത്തോടെ മുന്നേറാനും കഴിയട്ടെ. ദാമ്പത്യവല്ലരിയില്‍ കണ്‍‌കുളിര്‍മയേകുന്ന കുസുമങ്ങള്‍ വിരിയട്ടെ.   നാഥന്റെ പരിപൂര്‍ണ്ണ തൃപ്തിയിലായി മുന്നോട്ട് ഗമിക്കാന്‍ അവന്‍  അനുഗ്രഹിക്കട്ടെ.
മണവാളനും മണവാട്ടിക്കും സര്‍വ്വവിധ മം‌ഗളങ്ങളും നേരുന്നു.

Wednesday, March 12, 2014

കിട്ടാതെ പോയ അടി.
മദ്‌റസ അഞ്ചാം തരം കഴിഞ്ഞപ്പോള്‍ നാട്ടിലെ പള്ളി ദര്‍സിലായിരുന്നു പിന്നീടുള്ള മതപഠനം. സ്കൂള്‍ ഷിഫ്റ്റ് കഴിഞ്ഞ് ബാക്കി സമയങ്ങളെല്ലാം ദര്‍സില്‍ തന്നെ. പുറമേ നിന്നുള്ളവരും നാട്ടുകാരുമായി ഒരുപാട് കുട്ടികള്‍ പഠിക്കുന്ന ദര്‍സ്. ഉസ്താദാണെങ്കില്‍ വളരെ കര്‍ക്കശക്കാരനും.
രാവിലെ സുബ്‌ഹി നിസ്കാരം കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ഹംസക്കാടെ ചായപ്പീടികയില്‍ നിന്ന്  മൊയ്‌ല്യാകുട്ടികള്‍ക്ക്  ചായയും ഒരു വെള്ളപ്പവും കിട്ടും. അത് കഴിഞ്ഞാല്‍ പത്ത് മണിക്കാണ് കഞ്ഞി കുടി. ദര്‍സിനു വേണ്ടി വീടുകള്‍ തോറും വെച്ചിരുന്ന ഡബ്ബകളില്‍  വീട്ടുകാര്‍ നിത്യവും നിക്ഷേപിച്ചിരുന്ന പിടിയരി കൊണ്ടായിരുന്നു കഞ്ഞിവെപ്പ്.  അരി പിരിച്ചെടുക്കാന്‍ ഏല്പിക്കപ്പെട്ട അദ്രാമാന്‍‌ക്ക മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍  ദിവസവും വീടുകള്‍ കയറിയിറങ്ങിയാലേ അവ വട്ടമെത്തുമായിരുന്നുള്ളൂ. ഇങ്ങനെ സംഭരിച്ചെത്തുന്ന അരി പലവിധത്തിലും തരത്തിലുമുള്ളതായിരുന്നതിനാല്‍ സാധാ കഞ്ഞിയേക്കാള്‍ എന്തെക്കെയോ പ്രത്യേകള്‍ ഉള്ളവയായിരുന്നു പള്ളിയിലെ പത്ത്മണിക്കഞ്ഞി.  അരിപിരിക്കാരന്‍ അദ്രാമാന്‍‌ക്ക തന്നെയായിരുന്നു കഞ്ഞിവെപ്പുകാരനും. സ്കൂള്‍ അവധി ദിവസങ്ങളില്‍ നാട്ടുകാരായ  ഞങ്ങളൊക്കെ നേരത്തെ ദര്‍സിലെത്തുമെന്നതിനാല്‍  ഞങ്ങള്‍ക്കും കിട്ടും ആ സ്പെഷല്‍ കഞ്ഞി. വീട്ടില്‍ നിന്ന് ചായയും പ്രാതലുമെല്ലാം കഴിച്ച് വരുന്ന നാട്ടുകുട്ടികളായ ഞങ്ങള്‍ കഞ്ഞി കുടിക്കാന്‍ ഉത്സാഹിച്ചിരുന്നത് കഞ്ഞിക്കൊപ്പം കിട്ടുന്ന അച്ചാറിനു വേണ്ടിയായിരുന്നു. പള്ളിപ്പറമ്പില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന പപ്പക്കായകള്‍ മൂത്ത് പഴുക്കുന്നതിനു മുമ്പേ പറിച്ചെടുത്ത് അവകൊണ്ട് രുചികരമായ അച്ചാറുകള്‍ ഉണ്ടാക്കികൊണ്ടുവരാനായി ഉസ്താദ് നാട്ടുകാരായ ഞങ്ങളെ ഏല്‍പ്പിക്കും. അങ്ങിനെ വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന അച്ചാറും പള്ളിക്കടുത്തുള്ള ഏച്ചിക്കയുടെ കടയില്‍ നിന്നു വാങ്ങുന്ന , കണ്ടാല്‍ തന്നെ വായില്‍ വെള്ളമൂറുന്ന പാക്കറ്റ് അച്ചാറുകളുമായിരുന്നു കഞ്ഞിയോടൊപ്പം വിളമ്പിയിരുന്ന വിഭവങ്ങള്‍.

കുസൃതിത്തരങ്ങളുടെ കൂടെപ്പിറപ്പുകാരനായ ഒരുത്തനായിരുന്നു പള്ളിദര്‍സിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. വികൃതിക്ക് കയ്യും കാലും മുളച്ചവന്‍. നാട്ടുകാരായ ഞങ്ങള്‍ രണ്ട് പേരും വീണുകിട്ടുന്ന ഇടവേളകളില്‍ ആരും കാണാതെ കറങ്ങിയടിക്കാനും സൊറപറഞ്ഞിരിക്കാനുമൊക്കെ കൂട്ടം കൂടുമായിരുന്നു. . അഹമ്മതിത്തരങ്ങള്‍ക്ക് യാതൊരു കുറവും വരുത്താത്ത അവനില്‍ ഉസ്താദിനു എപ്പോഴും ഒരു കണ്ണുണ്ടാകും. ഒന്നാം ദര്‍സില്‍ എല്ലാവരും വട്ടമിട്ടിരുന്നു പാഠങ്ങള്‍ വായിച്ച് പഠിക്കുന്ന നേരം. .സദാ പഠിക്കാന്‍ അലസത കാണിക്കുന്ന അവന്‍ കിതാബിലേക്ക് തന്നെ കണ്ണുകള്‍ പായിച്ച് വരികളിലൂടെ വിരലുകള്‍ നടത്തിച്ച് ആവേശത്തോടെ ഓതുന്നത് കണ്ടപ്പോള്‍ ഉസ്താദിനും അല്‍ഭുതം.  ഉത്സാഹപൂര്‍വമുള്ള വായന കേള്‍ക്കാന്‍  ഉസ്താദ് മെല്ലെ അവന്റെ പിറക് വശം വന്നു നിലയുറപ്പിച്ചു. ഉഛത്തില്‍ വായിച്ചിരുന്ന വിദ്യാര്‍ത്ഥികളെല്ലാം ഉസ്താദിനെ കണ്ടമാത്രയില്‍ ശബ്ദം കുറക്കുകയും പെട്ടെന്ന് നിശ്ശബ്ദരാവുകയും ചെയ്തപ്പോള്‍ അവന്റെ ശബ്ദം മാത്രം  അവിടെ ഉയര്‍ന്നു കേട്ടു .തലേന്ന് കണ്ട ഏതോ സിനിമാക്കഥ തൊട്ടടുത്തിരിക്കുന്നവനോട് വീറോടെ വിവരിക്കുന്നത് നിശബ്ദതയെ ഭേദിച്ചുകൊണ്ട് പുറത്ത് വന്നപ്പോഴാണ് ‘കിതാബോതാനുള്ള’  അവന്റെ ആവേശത്തിന്റെ ഗുട്ടന്‍സ് ഉസ്താദിനു പിടികിട്ടിയത്.  പിന്നെ ഒരു കൂട്ടച്ചിരിയും ‘പ്‌തോം’ എന്ന ശബ്ദത്തില്‍ ഉസ്താദിന്റെ പ്രഹരവും നടന്നു.

സ്കൂള്‍ ഷിഫ്റ്റ് അനുസരിച്ച് പകല്‍ സമയങ്ങളിലെ ഞങ്ങളുടെ ദര്‍സ് സമയവും മാറിക്കൊണ്ടിരിക്കും.  അന്ന് രാവിലത്തെ സ്കൂള്‍ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടില്‍ നിന്ന് ഉഛ ഭക്ഷണവും കഴിച്ച് ദര്‍സ് ലക്ഷ്യം വെച്ചിറങ്ങിയതാണ് ഞാന്‍ .പള്ളിയിലെത്തിയപ്പോള്‍ കാല്‍ കഴുകി കയറുന്നിടത്ത് എന്നെയും പ്രതിക്ഷിച്ച് അവന്‍ നില്‍ക്കുന്നു. ‘നമുക്കിന്ന് കുറച്ച് കൊട്ടക്കായ തിന്നിട്ട് ദര്‍സിനു കയാറാം’ എന്ന അവന്റെ അഭിപ്രായം കേട്ടപ്പോള്‍ എനിക്കും താല്‍പര്യമായി.  കുറിയ തൈകളില്‍ തഴച്ച് വളരുന്ന കുന്നിക്കുരുവോളം വലിപ്പമുള്ള പച്ച നിറത്തിലുള്ള കായ്കളാണ് കൊട്ടക്കായ. പഴുത്ത് പാകമായാല്‍ കറുത്തിരുണ്ട നിറം പൂണ്ട് നില്‍ക്കുന്ന കൊട്ടക്കായയ്ക്ക് വല്ലാത്തൊരു രുചിയാണ്.   ഏക്കര്‍ കണക്കിനു പരന്നു കിടക്കുന്ന ഞങ്ങളുടെ പള്ളിക്കാട്ടില്‍  കശുമാവും ഐനിയും  വേണ്ടുവോളം ഉണ്ടെങ്കിലും  പഴുത്ത കൊട്ടക്കായയും മുളങ്കായയും ആയിരുന്നു കുട്ടികളായിരുന്ന ഞങ്ങളുടെ വീക്ക്നസ്. വിശാല വിസ്തൃതമായ പള്ളിപ്പറമ്പില്‍ അവ രണ്ടും സുലഭമായിരുന്നെങ്കിലും പഴുക്കുമ്പോഴേക്കും ആര്‍ത്തിയോടെ പറിച്ചെടുക്കും കുട്ടികള്‍. കൊട്ടക്കായയുടെ പ്രലോഭനത്തില്‍‌പെട്ട ഞങ്ങള്‍ രണ്ട്പേരും പള്ളിത്തൊടിയില്‍ മേഞ്ഞ്‌നടക്കാനായി പുറപ്പെട്ടു. തിന്നിട്ടും തിന്നിട്ടും പൂതി മാറാതെ ഞങ്ങള്‍ തൊടി മൊത്തം അലഞ്ഞു ഒടുവില്‍  പള്ളിയുടെ ഹൌളും‌കരയുടെ വാതിലിനു അഭിമുഖമായുള്ള സ്ഥലത്ത് എത്തിപ്പെട്ടു. വിശാലമായ കുളവും കഴിഞ്ഞ് അപ്പുറത്തായതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് പതിയില്ലെന്നതിനാല്‍  ഒരു പാട്  സമയം അവിടെ ചിലവഴിച്ച് വേണ്ടുവോളം തിന്നുകയും കുറേയധികം തുണിയുടെ തെരുപ്പുകളില്‍ ഒളിപ്പിച്ച് വെക്കുകയും ചെയ്തു.  അസര്‍ ബാങ്ക് കൊടുക്കുന്നതിനു മുമ്പ് കുറച്ച് സമയമെങ്കിലും ദര്‍സിനു കയറിയില്ലെങ്കില്‍   ഉസ്താദിന്റെ മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നതിനാല്‍ തല്‍ക്കാലം മതിയാക്കി ഞങ്ങള്‍ പള്ളിയിലേക്ക് യാത്രതിരിച്ചു. അപ്പോഴേക്കും സമയം ഒരുപാട് അതിക്രമിച്ചിരുന്നു.അരയില്‍ തുണിയുടെ തെരപ്പുകളില്‍ രണ്ട് പേരും ഒളിപ്പിച്ച് വെച്ചവ ഭദ്രമാണെന്ന് ഒന്ന്കൂടി ഉറപ്പ് വരുത്തി, വീട്ടില്‍ നിന്ന് ഇപ്പോള്‍ വന്നതേ ഉള്ളൂ എന്ന തോന്നലുണ്ടാക്കാന്‍ വായയും കയ്യും മുഖവുമൊക്കെ നന്നായി കഴുകി നല്ല കുട്ടികളായി ചമഞ്ഞ് ഞങ്ങള്‍ കാല്‍ കഴുകി കയറി.   ഉസ്താദിനെ ആദ്യം ആര് അഭിമുഖീകരിക്കും എന്ന തര്‍ക്കത്തിനൊടുവില്‍ അവന്‍ തന്നെ ആ ത്യാഗം ഏറ്റെടുത്തു. നേരം വൈകിയതിനു കാരണം ചോദിച്ചാല്‍  സ്കൂളില്‍ നിന്ന്  വരാന്‍ വൈകിയതാണെന്ന ഉത്തരം കണ്ടുവെച്ചിട്ടുണ്ടായിരുന്നു രണ്ട്പേരും.അകത്തേക്ക് കടക്കാന്‍ ഉസ്താദില്‍ നിന്നുള്ള സമ്മതത്തിനായി അവന്‍ വാതില്‍പ്പടിയില്‍ നിലയുറപ്പിച്ചു.  സബ്ഖിലായിരുന്ന (ക്ലാസ്സില്‍) ഉസ്താദ് ദൃഷ്ടി അവനിലേക്ക് തെറ്റിച്ച് വൈകി വന്നതിലുള്ള രോഷം കലര്‍ത്തി ചോദിച്ചു.

 ‘ജ്ജ് എബടേര്‍ന്നു’
സ്കൂളീന്ന് വരാന്‍ വൈകി, വീട്ടീന്ന് ഇപ്പൊ വന്നൊള്ളോ ഉസ്താദേ, യാതൊരു കൂസലുമില്ല്ലാതെ അവന്‍ തട്ടിവിട്ടു.

ജ്ജ് പെരേന്ന് എപ്പളാ വന്നേ ?

ഉസ്താദിന്റെ ശബ്ദത്തിനു കനം വെച്ച്തുടങ്ങിയത് വാതിലിന്റെ പിറകില്‍ ഊഴവും കാത്ത് നില്‍ക്കുകയായിരുന്ന എനിക്ക് മനസ്സിലായി.  ഇപ്പൊ വന്നൊള്ളോ ഉസ്താദേ എന്ന് വീണ്ടും അവന്‍. അവന്റെ ഉത്തരം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഉസ്ത്ദ് എഴുന്നേറ്റ് അവന്റെ  അരികിലെത്തി ഒന്നും ഉരിയാടാതെ അവന്റെ തുണിത്തെരുപ്പില്‍ പിടിച്ചതും ആരും കണ്ടില്ലെന്ന ഭാവത്തില്‍ ഭദ്രമായി ഒളിപ്പിച്ചിരുന്ന കൊട്ടക്കായ മൊത്തം അരയില്‍ നിന്ന് ഉസ്താദിന്റെ മുമ്പിലേക്ക് ചിതറിത്തെറിച്ചു വീണു. കോപം കൊണ്ട് വിറക്കാന്‍ തുടങ്ങിയ ഉസ്താദിന്റെ  മുഖത്ത് ഭാവങ്ങള്‍ മിന്നിമറയുന്നത് വാതില്‍‌പാളികള്‍ക്കിടയിലൂടെ ഞാന്‍ കാണുന്നുണ്ടായിരുന്നു. ജ്ജ് ആരെടാ സുയ്പ്പാക്കുന്നേ എന്ന അത്യുച്ചത്തിലുള്ള ഉസ്താദിന്റെ ഗര്‍ജ്ജനവും തുടരെത്തുടരെയുള്ള പ്‌ധോം പ്‌ധോം ശബ്ദങ്ങളും മുഴങ്ങുന്നതിനിടെ എവിടെടാ അന്റെ കൂടെ ഉള്ളോന്‍ എന്ന ചോദ്യം എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂട്ടി. കലി തുള്ളി നില്‍ക്കുന്ന ഉസ്താദിന്റെ മുമ്പിലേക്ക് ഈ പാവത്തിനെ കിട്ടിയാല്‍ ഒരു പരുവമായിത്തീരുമെന്നറിയുന്നതിനാല്‍ ചോദ്യം കേട്ട മാത്രയില്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ പകച്ചു. എവിടെടാ കൂടെള്ളോന്‍ എന്ന് വീണ്ടും  ഉസ്താദിന്റെ ആക്രോശം കേട്ടമാത്രയില്‍  രണ്ടാമതൊന്നാലോചിക്കാന്‍ നില്‍ക്കാതെ ഞാന്‍ ഇറങ്ങിയോടി.

ഉസ്താദിന്റെ ക്രോധത്തില്‍ നിന്നൊഴിവാകാന്‍ ഇറങ്ങിയോടിയെങ്കിലും ഇനിയെന്ത് ചെയ്യും എന്ന ചോദ്യം എന്നെ അലട്ടാന്‍ തുടങ്ങി. രണ്ട് ദിവസത്തോളം ദര്‍സിനു കയറാതെ കറങ്ങിനടന്നു സമയം കഴിച്ചു. കൂടുതല്‍ ദിവസങ്ങളില്‍ ദര്‍സ് കട്ട് ചെയ്ത് നടന്നാല്‍ അത് വീട്ടില്‍ അറിയും. ഇഴജന്തുക്കള്‍ വിഹരിക്കുന്ന പള്ളിക്കാട്ടില്‍ നിന്ന് കൊട്ടക്കായ പറിച്ച് തിന്നരുതെന്ന വീട്ടില്‍ നിന്നുള്ള കര്‍ശനമായ വിലക്ക് ലംഘിച്ചതും ഉസ്താദിനോട് മര്യാദകേട് കാണിച്ച് ഇറങ്ങിയോടിടതും ദിവസങ്ങളോളം ദര്‍സ് കട്ട് ചെയ്ത് നടന്നതുമെല്ലാം വീട്ടില്‍ അറിഞ്ഞാലുള്ള പുകിലോര്‍ത്തപ്പോള്‍ ആധികൂടാന്‍ തുടങ്ങി. കൂട്ടുകാരനോട് അന്വേഷിച്ചപ്പോള്‍ ഉസ്താദ് എന്നെ ചോദിക്കാറുണ്ടെന്നവന്‍ പറഞ്ഞു. ഞങ്ങള്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ടതിന്റെ രഹസ്യവും ദര്‍സില്‍ നിന്ന് അതിനകം അവന്‍ അറിഞ്ഞിരുന്നു. ഹൌളും‌കരയില്‍ നിന്ന് കയറിച്ചെല്ലുന്നിടത്തുതന്നെയാണ് ഉസ്താദ് സബഖിന്നിരിക്കുന്നത്. അവിടെയിരുന്നു സൂക്ഷ്മമായി നോക്കിയാല്‍ കുളത്തിനുമപ്പുറത്ത് ഞങ്ങള്‍ വിഹരിച്ചിരുന്ന സ്ഥലം ഉസ്താദിനു കാണാന്‍ കഴിയുമായിരുന്നുവെന്നത് ഞങ്ങള്‍ ഗൌനിച്ചിരുന്നില്ല.  രണ്ട് ആള്‍‌രൂപങ്ങള്‍ പള്ളിക്കാട്ടില്‍ ഇടയ്ക്കിടെ മിന്നിമറയുന്നത് കണ്ടപ്പോള്‍ , ദര്‍സില്‍ ഞങ്ങളുടെ അസാന്നിധ്യം മനസ്സിലാക്കിയ ഉസ്താദ്   അത് ഞങ്ങള്‍ തന്നെയാകണമെന്ന്  ഊഹിക്കുകയും ഞങ്ങളുടെ നീക്കങ്ങളറിയാന്‍ ദര്‍സില്‍ നിന്ന് രണ്ട് പേരെ വിടുകയും അവര്‍ ഉസ്താദിനു സ്ഥിരീകരണം നല്‍കുകയും ചെയ്തതാണ് ഞങ്ങളുടെ തന്ത്രങ്ങളെ പൊളിച്ചുകളഞ്ഞത്.

എന്തായാലും വരുന്നത് വരട്ടെ എന്ന് കരുതി മൂന്നാം ദിവസം ഇശാ മ‌അ്‌രിബിന്നിടയിലെ ഒന്നാം ദര്‍സില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. ഉസ്താദ് ഔറാദുകള്‍ ഉരുവിട്ടുകൊണ്ട് ഉലാത്തുന്ന സമയം കൂടിയാണത്. ഉള്ളില്‍ ഭീതിയുടെ പെരുമ്പറ മുഴങ്ങുന്നുണ്ടെങ്കിലും പുറമേക്ക് ധൈര്യം സംഭരിച്ച് ഒന്നുമറിയാത്തവനെപ്പോലെ  ദര്‍സിലെ മറ്റു കുട്ടികളോടൊപ്പം ഞാനും കൂടി. ഉസ്താദിനോട് എന്തുത്തരം പറയുമെന്നാലോചിച്ച് അസ്വസ്ഥതയോടെ ഞെരിപിരി കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ തൊട്ടുവിളിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഉസ്താദ്! . ഉസ്താദിന്റെ ഇരിപ്പിടത്തിനടുത്തേക്ക് ചെല്ലാന്‍ എന്നോട് ആംഗ്യം കാണിച്ചു. പേടിച്ച് വിവശനായി ഞാന്‍ ഉസ്താദിനടുത്തേക്ക് നീങ്ങുമ്പോള്‍ ഒരു കാറ്റും കോളും കാണാന്‍ കഴിയുമല്ലോ എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്റെ കൂട്ടുകാരന്‍. എന്തും ശിക്ഷയും ഏറ്റുവാങ്ങാന്‍ പാകത്തില്‍ ശിരസ്സ് കുനിച്ചു കൊണ്ട്  ഞാന്‍ ഉസ്താദിന്റെ മുമ്പില്‍ നിന്നു. എന്നോട് മുഖമുയര്‍ത്താന്‍ ആവശ്യപ്പെട്ട് എന്തിനാണിറങ്ങിയോടിയതെന്ന് ഉസ്താദ് ചോദിച്ചപ്പോള്‍ ഒന്നും ഉരിയാടാന്‍ കഴിഞ്ഞില്ല. എന്റെ മൌനം ഉസ്താദിനെ കൂടുതല്‍ പ്രകോപിതനാക്കുമെന്നതിനാല്‍ ഏതു നിമിഷവും ഉസ്താദിന്റെ പ്രഹരം പ്രതീക്ഷിച്ച് നില്‍ക്കുന്ന എന്നെ സ്തബ്ധനാക്കിക്കൊണ്ട് ഉസ്താദിന്റെ കരങ്ങള്‍ ഒരു തലോടലായി എന്നെ സ്പര്‍ശിക്കുന്നു. അതേ, പ്രഹരത്തിനു പകരമൊരു തഴുകിത്തലോടല്‍. എന്നിട്ട് സ്നേഹമസൃണമായൊരുപദേശം , “ കുട്ട്യേ , ങ്ങള് തങ്ങള് കുട്ട്യല്ലേ. മറ്റുള്ളോരെ കൂട്ടത്തീക്കൂടി ഇങ്ങനൊക്കെ നടക്കാന്‍ പാട്‌ണ്ടാ ? ഇനി ഇങ്ങനൊന്നും ചെയ്യരുത് ട്ടോ”.
തുളുമ്പാന്‍ വെമ്പി നിന്നിരുന്ന എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍കണങ്ങള്‍ അടര്‍ന്നു വീണപ്പോള്‍ അതു തുടച്ച് തന്നു കൊണ്ട് ‘പോയിരുന്നോതി പഠിച്ചാളി‘ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച് വിട്ടു പ്രിയ ഉസ്താദ്.  വിജ്ഞാന പ്രസരണത്തിനു വേണ്ടി ജീവിതമുഴിഞ്ഞു വെച്ച ഉസ്താദിന്റെ പരലോക ജീവിതത്തില്‍ അനുഗ്രങ്ങളേറെ വര്‍ഷിപ്പിക്കണേ നാഥാ എന്ന പ്രാര്‍ത്ഥന മാത്രം.