Wednesday, December 31, 2008

നാടിനെ കണ്ണീരിലാഴ്ത്തി അവര്‍ യാത്രയായി


രാത്രി ഒന്നരക്കായിരുന്നു കൂട്ടുകാരന്‍ ഷമീറിന്റെ കോള്‍ വന്നത്. അസമയത്തെത്തുന്ന ഫോണ്‍കോളുകളിലെ പന്തികേടോര്‍ത്ത് സംഭ്രമത്തോടെയാണ് കോള്‍ അറ്റന്റ് ചെയ്തത്. “ നമ്മുടെ ഷഫീറൊക്കെ കൈവിട്ട് പോയി. കോയമ്പത്തൂരില്‍ വെച്ച് വാഹനപകടത്തില്‍ പെട്ടു. കൂടെയുണ്ടായിരുന്ന ഷമീറും ഹാദിക്കും അര്‍ഷാദും.............” കൂട്ടുകാരന്റെ പതിഞ്ഞ സ്വരം കാതുകളിലെത്തിയപ്പോള്‍ ശരീരമാകെയൊരു മരവിപ്പ് പടര്‍ന്നു കയറുന്നത് പോലെ.

എന്റെ അയല്‍‌വാസികളും പല നിലക്കും എനിക്ക് വേണ്ടപ്പെട്ടവരുമായ കുട്ടികള്‍. ഗള്‍ഫില്‍ നിന്നും അവധിയില്‍ നാട്ടിലെത്തിയതായിരുന്നു അവരില്‍ ഹാദിക്കൊഴികെ മൂന്നു പേരും. സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയപ്പോള്‍ പിക്നിക്കിനായി പുറപ്പെട്ടതായിരുന്നു അവര്‍. എം ബി എ പഠനം പൂര്‍ത്തിയാക്കിയ ഹാദിക്കിന്റെ സര്‍ട്ടിഫിക്കറ്റ് ബം‌ഗ്ലൂരില്‍ നിന്ന് കൈപറ്റുകയായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യം. യാതാ മധ്യേ കോയമ്പത്തൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. എട്ട് പേരടങ്ങിയ സം‌ഘത്തിലെ നാല് പേര്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ രണ്ട് പേര്‍ അത്യാസന്ന നിലയില്‍ കഴിയുന്നു. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ദുബായില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന ഷഫീര്‍ ദുരന്തദിവസം തിരിച്ചെത്തേണ്ടതായിരുന്നു. കൂട്ടുകാരുമായി സൌഹൃദം പങ്കിടാന്‍ യാത്ര ജനുവരി എട്ടിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ അത് മരണത്തിലേക്കുള്ള വഴിയൊരുക്കമായിരുന്നു. ഞാന്‍ പുതുതായി താമസമാക്കിയ ഫ്ലാറ്റിലേക്ക് ക്ഷണിച്ചപ്പോള്‍ അവധി കഴിഞ്ഞ് വന്നാല്‍ വരാമെന്ന് പറഞ്ഞാണ് യാത്ര പോയത്. ശാന്തനും വിനയാന്വിതനുമായ അവന്റെ ചെറുപുഞ്ചിരി തൂകുന്ന മുഖം മനസ്സില്‍ വേദനയായി പടരുന്നു. മരണത്തോടൊപ്പം യാത്ര പോയ അവന്‍ ഇനിയൊരിക്കലും തിരിച്ച് വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍..........

അബൂദാബിയില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുകയായിരുന്നു ഷമീര്‍. ഒന്നിച്ച് തിരിച്ച്പോരാന്‍ കൂടിയാണ് ഇവരിരുവരും മടക്കയാത്ര ഒരേദിവസത്തിലേക്ക് നിശ്ചയിച്ചത്. കുടും‌ബത്തിലെ ഏക ആണ്‍‌തരിയായിരുന്നു അവന്‍. എത്രയോ വര്‍ഷങ്ങളായി മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന അവന്റെ പിതാവിന്റെ പ്രതീക്ഷകളത്രയും അവനിലായിരുന്നിരിക്കണം. പക്ഷേ രംഗബോധമില്ലാത്ത മരണം അവനെ തട്ടിപ്പറിച്ചെടുത്തു.

റസല്‍‌ഖൈമയില്‍ മൊബൈല്‍ ഷോപ്പില്‍ ജോലിചെയ്യുകയായിരുന്ന അര്‍ഷാദ് നാട്ടിലെത്തിയത് ദുരന്തത്തിന്റെ അഞ്ച് ദിവസം മുമ്പ് മാത്രം. വീട്ടുകാര്‍ക്ക് കണ്‍‌നിറയെ കാണാന്‍ പോലും കഴിയുന്നതിന്റെ മുമ്പാണ് മരണമവനെ പിടിച്ചിറക്കി കൊണ്ടുപോയത്. അത്രയ്ക്കൊന്നും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന്റെ സ്വപനങ്ങളും പ്രതീക്ഷകളും വളര്‍ന്നത് അവനെ ചുറ്റിപ്പറ്റിയായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തട്ടിത്തെറിപ്പിച്ചാണ് മരണം അവന്റെ ജീവന്‍ കവര്‍ന്നത്.

എം ബി എ പഠനം കഴിഞ്ഞ് ഗള്‍ഫ് യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഹാദിഖ്. ഉമ്മയോടൊപ്പം ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ച് വന്നിട്ട് അധികമായിട്ടില്ല. എം ബി എ യുടെ സര്‍‌ട്ടിഫിക്കറ്റ് വാങ്ങാന്‍ കൂടിയാണ് സുഹൃത്തുക്കളേയും കൂട്ടി ഹാദിക്ക് പുറപ്പെട്ടത്. വാടകക്കെടുത്ത ക്വാളിസ് ഡ്രവ് ചെതിരുന്നതും അവനായിരുന്നു. മരണത്തിന്റെ അനന്തതയിലേക്കാണവന്‍ ഡ്രവ് ചെയ്ത് കടന്നുപോയത്.

കൌമാരം പിന്നിട്ട് യുവത്വത്തിലേക്ക് കാലൂന്നുന്ന നാല് പൂമൊട്ടുകള്‍. സമകാലിക യുവത്വത്തിന്റെ അപഥസഞ്ചാരങ്ങളില്‍ നിന്ന് വഴി മാറി നടന്നവര്‍. ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചേറ്റിയിരുന്നവര്‍. ഭാവിയെപറ്റി, വിവാഹത്തെ പറ്റി, കുടുംബജീവിതത്തെ പറ്റി. പക്ഷേ ക്ഷണിക്കാതെയെത്തുന്ന മരണം എപ്പോള്‍ കടന്ന് വരുമെന്നാര്‍ക്കറിയാം. ഒരു പ്രദേശത്തെ മൊത്തം കണ്ണിരിലാഴ്ത്തി ഒരിക്കലുമുണങ്ങാത്ത നൊമ്പരപ്പാടുകളാഴ്ത്തി മരണം അവരെ കൂട്ടികൊണ്ടുപോയി. വാടാനപ്പള്ളി തെക്കേ ജുമുഅത്ത് പള്ളിയിലെ ഖബര്‍സ്ഥാനില്‍ തൊട്ടടുത്തുള്ള ഖബറുകളിലാണ് മരണത്തിലും വേര്‍‌പിരിയാത്ത ആ സുഹൃത്തുക്കള്‍ നിദ്ര കൊള്ളുന്നത്. നാഥാ അവരുടെ പരലോകജീവിതം നീ സന്തോഷത്തിലാക്കണമേ ആമീന്‍.

Sunday, December 7, 2008

ബലി പെരുന്നാളാശംസകള്‍


ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മായില്‍ നബിയുടേയും ത്യാഗോജ്ജ്വലമായ സ്മരണകളുയര്‍ത്തി വീണ്ടും ബലിപെരുന്നാള്‍ സമാഗതമാകുന്നു. അല്ലാഹുവിന്റെ പ്രീതിക്കായി സര്‍വ്വസ്വവും ത്യജിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെയും ദൈവകല്പനകള്‍ അനുസരിക്കാന്‍ പിതാവിന് എല്ലാ പ്രചോദനവും നല്‍കിയ മകന്‍ ഇസ്മായില്‍ നബിയുടേയും സ്മരണകളില്‍ ഉള്‍പുളകിതരായി വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ മുഴുവന്‍ ബൂലോകര്‍ക്കും ഹൃദ്യമായ ബലിപെരുന്നാളാശംസകള്‍.

Saturday, November 15, 2008

ഇന്ന് രണ്ടാം പിറന്നാള്‍


യാസിര്‍ മോന് ഇന്ന് രണ്ടാം പിറന്നാള്‍.

Wednesday, October 15, 2008

കുടിയൊഴിപ്പിക്കലിന്‍റെ വ്യഥ


കുടിയൊഴിപ്പിക്കലിന്‍റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചെറിയൊരു വിഷമം തോന്നറുണ്ടെങ്കിലും അതുണ്ടാക്കുന്ന ദൈന്യതയുടെയും അരക്ഷിതാവസ്ഥയുടെയും തീവ്രത അത്ര കണ്ട് ബോധിച്ചിരുന്നില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ചെറിയ തോതിലെങ്കിലും നഷ്ടപരിഹാരം നല്‍കുന്നത് കൊണ്ട് മറ്റെന്തെങ്കിലും വഴി കണ്ടെത്താനാവുമല്ലോ എന്നും ചിന്തിച്ചിരുന്നു. രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടിയാണല്ലോ സര്‍ക്കാരുകള്‍ ഇത്തരം കടന്നകൈകള്‍ പ്രയോഗിക്കുന്നതെന്ന ഒരാത്മഗതവും ഉണ്ടാവാറുണ്ട്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട ദുഖത്താല്‍ ആര്‍ത്തലക്കുന്ന കുടുംബാംഗങ്ങളുടെ ഹൃദയഭേദകമായ രംഗങ്ങള്‍ ഉള്ളിലെവിടെയോ ചെറിയ നെരിപ്പോടുകള്‍ പടര്‍ത്താറുണ്ടെങ്കിലും മേല്‍പ്പറഞ്ഞ ചിന്തകള്‍ അവയ്ക്കെല്ലാം വിരാമം കൊടുക്കുമായിരുന്നു. മുന്നറിയിപ്പില്ലാത്ത കുടിയൊഴിപ്പിക്കല്‍ ഭീഷണി സ്വയം നേരിടേണ്ടി വന്നപ്പോള്‍ മാത്രമാണ് അതുളവാക്കുന്ന പ്രയാസങ്ങളുടേയും തീഷണമായ മന:സംഘര്‍ഷങ്ങളുടേയും ഭീകരത അനുഭവിച്ചറിയാന്‍ കഴിഞ്ഞത്. ദൈവത്തിന്‍റെ സ്വന്തം നാടിന് പകരം സ്വപനങ്ങള്‍ക്ക് ചിറക് മുളക്കുന്ന ദുബായ് എന്ന മഹാനഗരത്തിലാണ് കൊടിയൊഴിപ്പിക്കലിന്‍റെ ദുരന്തം പേറേണ്ടി വന്നതെന്ന് മാത്രം.


വര്‍ഷങ്ങളായി ദുബായിലെ സത്‌വയില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ വിശാലമായ വില്ലയിലാണ് ഞങ്ങള്‍ താമസിച്ച് വന്നിരുന്നത്. വില്ലകള്‍ കൊണ്ട് തിങ്ങിനിറഞ്ഞ പ്രദേശമാണ് സത്‌വയെന്ന് ദുബായിയെക്കുറിച്ചറിയുന്നവരോട് പറയേണ്ടതില്ലല്ലോ. ചെറിയ ചെറിയ വില്ലകള്‍ ദുബായിയുടെ ഭംഗിക്ക് ഭംഗം വരുത്തുമെന്നതിനാല്‍ ഏതുസമയത്തും അവ തട്ടിക്കളയാന്‍ സാധ്യതയുണ്ടെന്ന കിംവദന്തി മലബാരി വണ്ടല്‍ ആയി പ്രചരിച്ചിരുന്നു. സത്‌വയെ മൊത്തം ആരൊക്കെയോ ഏറ്റെടുത്തെന്നും ഗാര്‍ഡന്‍ സിറ്റി എന്ന പേരില്‍ വലിയ പട്ടണ പ്രദേശം രൂപമെടുക്കാന്‍ പോകുന്നുവെന്നുമാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. അതുപ്രകാരം പൊളിച്ച്മാറ്റേണ്ട കെട്ടിടങ്ങളെല്ലാം നമ്പറിട്ട് വേര്‍തിരിക്കുകയും ഘട്ടം ഘട്ടമായി പൊളിക്കല്‍ കര്‍മ്മത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. പൊളിക്കല്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നും കെട്ടിട ഉടമകള്‍ നഷ്ടപരിഹാരം കൈപറ്റുന്നതിനെ ആശ്രയിച്ചിരിക്കും പൊളിക്കലിന്‍റെ വേഗതയെന്നും ബന്ധപ്പെട്ടവരില്‍ നിന്നറിയാന്‍ കഴിഞ്ഞു. അഥവാ നഷ്ടപരിഹാരം പെട്ടെന്ന് സ്വീകരിച്ചാല്‍ മാസങ്ങള്‍ക്കകം വില്ല തുടച്ച് നീക്കപ്പെടുമെന്നര്‍ത്ഥം. ഞങ്ങള്‍ വില്ലയുടെ അറബിയുമായി ബന്ധപ്പെട്ടപ്പോള്‍ ഉടനടി നഷ്ടപരിഹാരം വാങ്ങാന്‍ ഉദ്ദേശമില്ലെന്നും 2009 ഡിസമ്പര്‍ വരെയെങ്കിലും താമസം തുടരാന്‍ കഴിയുമെന്നും ഉറപ്പ് ലഭിച്ചു.


ഞങ്ങളുടെ വില്ലയിലെ അന്തേവാസികളായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 പേരോളമുണ്ടായിരുന്നു. നന്‍‌മയുടെ സഹചാരികളായ കറേ നല്ല മനുഷ്യരാണ് അറബിയില്‍ നിന്നേറ്റെടുത്ത് ഈ വില്ല നടത്തുന്നത്. സാമൂഹ്യ പ്രവര്‍ത്തനം തപസ്യയായി സ്വീകരിച്ച് സ്വന്തം ജീവിതത്തിലൂടെ ഞങ്ങള്‍ക്ക് മാതൃക കാണിക്കുന്ന ത്യാഗികളും നിസ്വാര്‍‌ത്ഥരും. അവരുടെ ഉപദേശ നിര്‍ദ്ദേശങ്ങളാണ് ഞങ്ങളെ വഴിനടത്തുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം ഇനിയും ബാക്കിയുണ്ടല്ലോ എന്ന ആശ്വാസത്തില്‍ , പുതിയ സങ്കേതം സാവകാശം കണ്ടുപിടിച്ചാല്‍ മതിയല്ലോ എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. ആയിടയ്ക്കാണ് വിശുദ്ധ റമളാനിലെ ഒരു രാത്രിയില്‍ വില്ലയിലെ അന്തേവാസികളുടെ ഒരു മിറ്റിംഗ് ചേരുന്നുണ്ടെന്നും ഏവരുടെയും സാന്നിധ്യമുണ്ടാവണമെന്നും ബന്ധപ്പെട്ടവര്‍ എല്ലാവരെയും അറിയിച്ചു. ധര്‍മ്മപാതയില്‍ അടിയുറച്ച് നിര്‍ത്താനുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സ്നേഹവും സാഹോദര്യവും കാത്ത് സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതള്‍ ബോധ്യപ്പെടുത്താനും ഇടയ്ക്കിടെ വിളിച്ച് ചേര്‍ക്കപ്പെടുന്നതുപോലുള്ള ഒന്നായിരിക്കും ഇതും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പ്രതീക്ഷിക്കാത്തത് തന്നെ സംഭവിച്ചു. എത്രയും പെട്ടെന്ന് വില്ല ഒഴിഞ്ഞ് കൊടുക്കണമെന്ന ദുഖ വാര്‍ത്ത കൈമാറാനായിരുന്നു ആ മീറ്റിംഗ്. നാലാം പെരുന്നാളിന് കാലിയാക്കി കൊടുക്കണമെന്നാണ് അറബി പറഞ്ഞിരുന്നത്. വല്ലാത്ത ഒരു ഷോക്കായി എല്ലാവര്‍ക്കും.പിന്നീടുള്ള ദിനരാത്രങ്ങള്‍ വളരെ ദുഖസാന്ദ്രമായിരുന്നു. . നോമ്പിന്‍റെ പകല്‍‌സമയങ്ങളില്‍ റൂമിന് വേണ്ടി തെണ്ടിത്തിരിയേണ്ട അവസ്ഥ ഒരു ഭാഗത്ത്. ഇതയും നാള്‍ പരസപരം സ്നേഹിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന ധന്യമായ ജീവിത പരിസരത്തിന് അന്ത്യം കുറിക്കപ്പെടുകയാണല്ലോ എന്ന വ്യഥ മറുഭാഗത്ത്. ഒരമ്മ പെറ്റ മക്കളെപ്പോലെ ഏകോദര സഹോദരങ്ങളെപ്പോലെയായിരുന്നു ഞങ്ങളിവിടെ. ഞങ്ങളിലൊരുവന്‍റെ ദുഖം ഞങ്ങളുടെ മൊത്തം ദുഖമായിരുന്നു. ഒരാളുടെ സന്തോഷം ഞങ്ങളുടെ മൊത്തം സന്തോഷവും. കെടുതിയും ആനന്ദവുമെല്ലാം ഞങ്ങള്‍ പരസ്പരം പങ്കുവച്ചു. സ്നേഹനിധിയായ ഒരു ഉമ്മയുണ്ടായിരുന്നു ഞങ്ങള്‍ക്കിവിടെ. വര്‍ഷങ്ങളായി ഞങ്ങളുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചിരുന്ന പ്രിയപ്പെട്ട പാചകക്കാരന്‍ . പലരും അദ്ദേഹത്തെ ഉമ്മാ എന്ന് വിളിക്കുമായിരുന്നു. ഒരു ശമ്പളക്കാരനെന്നതിലുപരി ആത്മാര്‍ഥത തുളുമ്പുന്ന സ്നേഹത്തോടെയായിരുന്നു അദ്ദേഹം ഞങ്ങളെ പരിചരിച്ചിരുന്നത്. വൈകി വരുന്നവര്‍ക്കായി അദ്ദേഹം ഭക്ഷണം പ്രത്യേകം സൂക്ഷിച്ച് വെക്കുമ്പോള്‍ ഒരുമ്മയുടെ അദൃശ സാന്നിധ്യം ഞങ്ങള്‍ക്കനുഭവപ്പെടുമായിരുന്നു. സ്നേഹവും സൌഹാര്‍ദ്ദവും പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട വില്ലയോട് എങ്ങനെ വിടപറയുമെന്നത് ഉള്ളിലെവിടെയോ വല്ലാത്തൊരു വേദനയായി പടര്‍ന്നു തുടങ്ങി. ഒരു പാട് പേര്‍ക്ക് താങ്ങും തണലുമായിരുന്നു ഈ വില്ല. വിസിറ്റ് വിസയില്‍ ജോലി തേടിയെത്തുന്നവര്‍ക്കൊരത്താണിയായിരുന്നു ഇവിടം. വളരെ തുഛമായ നിരക്കിന് താമസസൌകര്യം ഒരുക്കിക്കൊടുക്കാനും തങ്ങളെക്കൊണ്ടാവുംവിധം പരിശ്രമിച്ച് അനുയോജ്യമായ ജോലി നേടിക്കൊടുക്കാനും തുറന്ന മനസ്സോടെയുള്ള സഹകരണം എല്ലാവരും കാഴ്ച്ചവെക്കുമായിരുന്നു. ദുരിതം പേറുന്ന ഒട്ടനവധി പേരുടെ കണ്ണീരൊപ്പാനും പ്രയാസങ്ങളില്‍ നീറിപ്പുകയുന്ന ഒരുപാടുപേര്‍ക്ക് കൈത്താങ്ങാവാനും കഴിഞ്ഞതിന്‍റെ ചാരിതാര്‍‌ത്ഥ്യം കൂടി പങ്കുവെക്കാനുണ്ടീ വില്ലക്ക്. എല്ലാറ്റിലുമുപരി ഞങ്ങളുടെ കണ്ണീരും വിയര്‍പ്പും അലിഞ്ഞ് ചേര്‍ന്ന വില്ല. എന്ത് മാത്രം ദുഖങ്ങളുടെയും സങ്കടങ്ങളുടെയും കഥ അയവിറക്കാനുണ്ടാവുമതിന്? ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയതും സങ്കല്പങ്ങള്‍ക്ക് വര്‍ണ്ണച്ചിറക് വിരിയിച്ചതും ഇവിടെനിന്ന് തന്നെ. അതെ, എല്ലാം ഞങ്ങള്‍ക്കന്യമായി. സുഗന്ധം പേറുന്ന ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച്. വര്‍ഷങ്ങളിലൂടെ വിളയിച്ചെടുത്ത സൌഹൃദത്തിന്‍റെ കണ്ണികളെല്ലാം തകരുന്നത് പോലെ. ഒന്നിച്ച് ഒരു കുടുംബം പോലെ കഴിയുന്നതിന്‍റെ നിറവും ധന്യതയും പലയിടത്തേക്കായി പറിച്ച് നടുമ്പോള്‍ നഷ്ടമാകുന്നു. കുടിയിറക്കലിന്‍റെ വ്യഥയും വേര്പിരിയലിന്‍റെ വേദനയും കനലായെരിയുകയാണിപ്പോഴും


ഞങ്ങളെയെല്ലാവരെയും ഉള്‍ക്കൊള്ളുന്നവിധത്തില്‍ പുതിയ താമസ സൌകര്യം കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ പല ഭാഗത്തേക്കായി താമസം പറിച്ച് നട്ടു. ചെറിയ കൂട്ടായ്മയായി, എട്ട് പേരും അഞ്ച് പേരുമൊക്കെയായി . നിര്‍ബന്ധഘട്ടത്തിലെ ആവശ്യങ്ങള്‍ പരമാവധി ചൂഷണം ചെയ്യാന്‍ മലയാളികളുടെ നേതൃത്വത്തില്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയ സജീവമായി രംഗത്തുള്ളതിനാല്‍ ഞാനുള്‍പ്പെട്ട എട്ടംഗ സംഘം ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെയാണ്. കുടിയൊഴിപ്പിക്കലി ന്‍റ ദുരന്തപര്‍വ്വം പേറുകയാണിപ്പോഴും.

Wednesday, October 1, 2008

കെട്ടുകാഴ്ചകളില്ലാത്ത അക്ഷരക്കൂട്ടങ്ങളുമായി ഇങ്കു റഹ്‌മത്ത്


ഇങ്കു റഹ്‌മത്ത് വാക്കുകളെ വായനക്കാര്‍ക്ക് മുന്നില്‍ നിരത്തുക മാത്രം ചെയ്യുന്നു. വ്യാഖ്യാനിക്കേണ്ട ബാധ്യത വായനക്കാരനാണെന്ന് ഇങ്കു പറയുന്നു. പത്തു വയസ്സിനുള്ളില്‍ ആറ് കഥാസമാഹരങ്ങളും ഒരു കവിതാസമാഹാരവും രചിച്ച് സാഹിത്യരംഗത്ത് ശ്രദ്ധേയമായ ഇങ്കു റഹ്‌മത്തിന്റെ രചനകള്‍ രൂപപരമായ കെട്ടുകാഴ്ചകളില്ലാതെ മുളപൊട്ടുന്നൊരു വിത്തിന്റെ സ്വഭാവികതയോടെ രൂപം കൊണ്ടവയാണ്.

ഇങ്കുവിന്റെ അക്ഷരങ്ങളുടെ വിരല്‍‌പിടിച്ചു നടക്കണമെങ്കില്‍ ബാലമനസ്സിന്റെ നൈര്‍മല്യങ്ങള്‍ കൈമോശം വന്നുപോകാതെ കാത്തുവെക്കണം. സ്വന്തം ചുറ്റുപാടുകളിലെ സാധാരാണവും അസാധാരണവുമായ കാഴ്ചകളും കേള്‍വികളും തിരിച്ചറിവുകളും തന്റെ തന്നെ മാനസിക സഞ്ചാരങ്ങളും ഇങ്കുവിന്റെ രചനകള്‍ക്ക് പ്രമേയമാകുന്നു. അതുകൊണ്ടാണ് പൂവും പുഴയും ആകാശവും പാവകൂട്ടങ്ങളുമൊക്കെ ഇങ്കുവിന്റെ രചനകളില്‍ കഥാപാത്രങ്ങളായവതരിക്കുന്നത്.
ജീവിതത്തെ ശാന്തമായൊഴുക്കുന്നൊരു പുഴയായി തിരിച്ചറിയുന്ന ഇങ്കുവിന്റെ രചനകളില്‍ മുതിര്‍ന്നവരുടെ ലോകത്തിലെ പൊങ്ങച്ചങ്ങളും പൊള്ളത്തരങ്ങളും വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു. പൂവും പുഴയും എന്ന കഥാസമാഹാരത്തിലെ ഗുഡ്മോര്‍ണിംഗ്, സേ ഗുഡ്മോണിംഗ് എന്നീ കഥകള്‍ ബാലമനസുകള്‍ക്ക്മേല്‍ കടന്നുകയറുന്ന അധ്യാപന രീതികളെ ഫലിതാത്മമായി വിമര്‍ശിക്കുകയാണ്. ഈ സമാഹരത്തിലെ തന്നെ പേടി എന്ന കഥ വിഭ്രമാത്മകമായ സമകാലീന സമൂഹിക പരിതാവസ്ഥകള്‍ കുഞ്ഞുമനസുകളിലേല്പിക്കുന്ന ആഴത്തിലുള്ള മുറിവുകളെ മുദ്രണം ചെയ്യുന്നു.

തേനൂളന്‍ എന്ന കഥാസമാഹരത്തിലെ കാറിന്റെ വഴിതെറ്റല്‍ എന്ന കഥയില്‍ ജനതയില്‍ നിന്നകന്നുപോകുന്ന ഭരണകൂടനിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. മറച്ചുവെക്കപ്പെടുന്ന മനുഷ്യാവസ്ഥയുടെ ദയനീയ ചിത്രം വരച്ചുകാട്ടുന്ന മുഖം മൂടി എന്ന കഥ കഥയറിഞ്ഞവരുടെ കണ്ണ് നനക്കുന്നു. മാന്യന്‍ എന്ന കഥാസമാഹരത്തിലെ ടീച്ചറുടെ സ്വപ്നം എന്ന കഥയില്‍ അക്രമാസകതമായ സമകാലീന സാംസ്കാരിക മുഖത്തെ അടയാളപ്പെടുത്തുന്നു. തെനൂളന്‍ എന്ന കൃതിയിലെ വൈറസ് കഥ പുതിയ കാലം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ബാലപാഠങ്ങള്‍ കുഞ്ഞുമനസ്സുകളില്‍ സ്നേഹരാഹിത്യം നിറക്കൂന്നുവെന്ന ഓര്‍‌മ്മപെടുത്തലായി മാറുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ വികസനം നമ്മുടെ സാംസ്കാരിക ഭൂമികകളെ എങ്ങനെ കടന്നാക്രമിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് കമ്പ്യുട്ടറും ഇന്റെര്‍നെറ്റും എന്ന കഥയിലൂടെ. മൈഡിയര്‍ ടോയ് ടോഗ് എന്ന കവിതയില്‍ തന്‍റെ തന്നെ കാരണങ്ങളാല്‍ കൈമോശം വന്നുപോയ പാവയെ ഇനി സ്വര്‍ഗത്തില്‍ കണ്ടെത്താന്‍ കലണ്ടര്‍ താളെണ്ണിയിരിക്കുന്ന ബാലമനസ്സിന്റെ തീവ്ര വിശുദ്ധികള്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

സ്വപ്നങ്ങള്‍ ഉപഭോഗാസക്തമാകുമ്പോഴും ഉണര്‍വ്വുകള്‍ ജീവിതത്തെ ശാന്തമായൊഴുകുന്ന പുഴയായി തിരിച്ചറിയാന്‍ ഈ കഥാകാരിയെ പ്രാപ്തയാക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ശാന്തമായ പുഴത്തിരത്തിരുന്ന് ഇങ്കു വാക്കുകള്‍ കൊരുക്കുമ്പോള്‍ നിറം പിടിപ്പിക്കാത്ത ജീവിത കാഴ്ചകളുടെ നേര്‍ചിത്രങ്ങളായി പരിണമിക്കുകയാണ് ആ വാക്കുകള്‍.

നെട്ടയം എ ആര്‍ ആര്‍ പബ്ലിക്ക് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇങ്കു റഹ്‌മത്ത് അഡ്വ. റഹീമിന്റെയും അധ്യാപികയായ ലാലി എസ് ഖാന്റെയും മകളാണ്.
(സിറാജ് ദിനപത്രം , ഒക്ടോബര്‍ ഒന്ന്)

Monday, September 29, 2008

ഈദാശംസകള്‍അനുഗ്രഹ ങ്ങള്‍ പെയ്തിറങ്ങുന്ന രാപകലുകള്‍ക്കറുതിയാവുന്നു. വിശ്വാസിയുടെ ഹൃത്തടങ്ങളില്‍ ആനന്ദത്തിന്‍റെ കുളിര്‍മഴ വര്‍ഷിച്ച വിശുദ്ധിയുടെ മാസം വിടപറയാനൊരുങ്ങുകയാണ്. മാനസങ്ങളെ സംസ്കരിച്ചെടുത്ത പുണ്യമാസത്തിന് വിങ്ങുന്ന മനസ്സുമായി യാത്രാമംഗളം നേരുകയാണ് വിശ്വാസികള്‍. ത്യാഗത്തിന്‍റെ തീചൂളയില്‍ മനസ്സിനെ വിളയിച്ചെടുത്ത വിശ്വാസികള്‍ ഈദിന്റെ വരവിനെ കാതോര്‍ക്കുകയാണ്. ശവ്വാലിന്റെ പൊന്നമ്പിളി ദൃശ്യമായാല്‍ പെരുന്നാളാഘോഷത്തിന് തുടക്കമാവുകയായി. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കായി ഫിത്വര്‍ സക്കാത്തെന്ന നിര്‍ബന്ധ ദാനം എത്തിച്ച് കൊടുത്ത് സാഹോദര്യത്തിന്റെ മാധുര്യം പരസ്പരം പങ്കുവയ്ക്കപ്പെടുന്നു ഈ ആഘോഷവേളയില്‍. ഏവര്‍ക്കും നേരുന്നു സ്നേഹോഷ്മളമായ ഈദുല്ഫിത്വറാശംസകള്‍ .

Saturday, August 30, 2008

റമളാന്‍ ആശംസകള്‍

വിശുദ്ധിയുടെ പരിമളം പരത്തി പുണ്യ റമളാന്‍ സമാഗതമാകകുന്നു. പാപക്കറകള്‍ കഴുകിക്കളഞ്ഞ് സൃഷ്ടാവിന്റെ സാമിപ്യം കരഗതമാക്കാന്‍ അസുലാഭവസരമൊരുക്കുകയാണ്‌ റമളാന്‍. മനുഷ്യനില്‍ കുടിയിരിക്കുന്ന അധമവാസനകളെ കരിച്ചു കളയാനും ഉല്‍കൃഷ്ടതയുടെ ഉന്നതവിഹായസ്സിലേക്ക് ചിറകടിച്ചുയരാനും വ്രതാനുഷ്ടാനം വിശ്വാസിയെ പ്രാപ്തനാക്കുന്നു.ദുര്‍‌വിചാരങ്ങളും മോശമായ സംസാരങ്ങളും ഹീനമായ പ്രവര്‍ത്തികളും ഉപേക്ഷിക്കുമ്പോള്‍ മാത്രമേ ഒരാളുടെ വ്രതം പരിപൂര്‍ണ്ണമാകുന്നുള്ളൂ. പാവപ്പെട്ടവന്റെ വേദനകള്‍ അനുഭവിച്ചറിയാനും അവര്‍ക്ക് കാരുണ്യത്തിന്റെ സ്നേഹസ്പര്‍ശം നല്‍‌കാനും റംസാന്‍ സഹായിക്കുന്നു. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി റമളാന്‍ വിരുന്നെത്തുമ്പോള്‍ മുഴുവന്‍ സഹൃദയര്‍ക്കും സ്നേഹോഷ്മളമായ റമളാന്‍ ആശംസകള്‍.

Saturday, August 2, 2008

വേദന പടര്‍ത്തുന്ന മരണങ്ങള്‍

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നത് നിഷേധിക്കാനാവാത്ത സത്യം. മരണത്തെ തോല്പ്പിക്കാനോ മരണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനോ നമുക്കസാധ്യം. വിരുന്നെത്തുന്ന മരണത്തിന്‌ കീഴടങ്ങാതെ നിവ്ര്‌ത്തിയില്ല. എങ്കിലും ചില മരണവാര്‍ത്തകള്‍ നമ്മെ വല്ലാതെ സ്പര്‍ശിക്കുന്നു. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ ബാക്കിയാക്കി അതു നമ്മെ വേട്ടയാടുന്നു. പുഷ്ക്കലമായ യൗവനത്തിലേക്ക് കാലൂന്നുമ്പോഴേക്കും ഇടറവീഴുന്നവര്‍, ജീവിതത്തിന്റെ വര്‍ണ്ണസ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പൊഴേക്കും പതിവഴിയില്‍വെച്ച് മരണം മാടിവിളിക്കുന്നവര്‍,ഇങ്ങനെ ദുഖ: സ്മ്രിതകള്‍ ബാക്കിയാക്കി നാലോളം പേര്‍ ഒരു വര്‍‌‍ഷത്തിനുള്ളില്‍ എന്റെ അയല്‍‌പക്കങ്ങളില്‍ നിന്ന് മരണത്തോടൊപ്പം നടന്നകന്നു.
ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച് പോയതിനാല്‍ ദാരിദ്രത്തിന്റെ കയ്പ്നീര്‍ ആവോളം ആസ്വദിക്കാനവസരം ലഭിച്ചവനായിരുന്നു അവന്‍‌. ഇടയ്ക്കിടെ മനം മാറി താന്തോന്നികളായി ജീവിക്കുന്നവരായിരുന്നു മൂത്ത രണ്ട് സഹോദരന്മാരുമെന്നതിനാല്‍‌ പഠനം പാതി വഴിയിലുപേക്ഷിച്ച് ഉമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്‌ താങ്ങാവാന്‍‌ ചെറുപ്പത്തിലേ ജോലി തേടിയിറങ്ങേണ്ടീവന്നു അവന്‌. അതിനിടയിലും പൊതുപ്രവര്‍ത്തനത്തിനും സമയം കണ്ടെത്തി തന്നാലാവും വിധം സമൂഹത്തെ സേവിക്കാനും അവനായി. പ്രാരാബധങ്ങള്‍ ഒരോന്നായി നിര്‍‌വ്വഹിച്ചതിന്‌ ശേഷം ഏതൊരു യുവാവിന്റെയും സ്വപ്നമായ കുടുംബജീവിതത്തിന്റെ പൂവാടിയിലേക്ക് അവനും കാലെടുത്തുവെച്ചു. ആയിടക്കാണ്‌ അവനൊരു തലവേദന പിടിപെടുന്നത്. ആദ്യമൊന്നുമത് സാരമാക്കിയില്ല. പിന്നെപിന്നെ വേദന അസഹ്യമാവാന്‍ തുടങ്ങിയപ്പോള്‍ ആണ്‌ ഡോക്ടറെ സമീപിക്കുന്നതും ആ ഞെട്ടിക്കുന്ന സത്യം അവരറിഞ്ഞതും. തലച്ചോറീല്‍ കാന്‍‌സര്‍.രണ്ട് വര്‍ഷത്തോളം വേദനകള്‍ കടിച്ചമര്‍ത്തി രോഗത്തോട് മല്ലടീച്ച് ജീവിച്ചു. അതിനിടയില്‍ ദാംമ്പത്യവല്ലരിയില്‍ ഒരു സുന്ദരകുസുമം അവന്‌ കൂട്ടായെത്തിയിരുന്നു. ആ കുസ്ര്‌തിക്കുട്ടന്‌ ഒരു വയസ്സ് തികയുന്നതിന്‌ മുമ്പേ സ്വപനങ്ങള്‍ ഒരുപാട് ബാക്കിയാക്കി അവന്‍‌ ജീവിതത്തില്‍ നിന്ന് പടിയിറങ്ങി.
ഈ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാവുമ്പോഴേക്കുമാണ്‌ അടുത്തതെത്തിയത്.അവരുടെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതേയുള്ളു. നാട്ടില്‍ അത്യാവശ്യം വരുമാനമൊക്കെയായി സംത്ര്‌പ്ത് ജീവിതം നയിക്കുന്നവര്‍. തന്റെ വീട്ടിലെ പെരുന്നാള്‍ സദ്യ കഴിഞ്ഞ് ഭാര്യവീട്ടില്‍‌ പോകാന്‍ ബൈക്കില്‍ യത്രതിരിച്ചതആയിരുന്നു അവര്‍. യാത്രാ മധ്യേ ഭാര്യ തലകറങ്ങി വീഴുന്നു. രണ്ട് ദിവസം ആശുപത്രിയില്‍‌. മൂന്നാം ദിവസംഅവളും പറന്നകന്നു, ജീവിച്ച് കൊതിതീരും മുമ്പേ . ലാളിച്ച് കൊതിതീരാത്ത പൊന്നോമനയെ തനിച്ചാക്കി. അമ്മിഞ്ഞ നുകര്‍‌ന്നു തരാന്‍‌ പൊന്നുമ്മയുടെ വരവും കാത്തിരിക്കുകയായിരിക്കുമാ പൈതല്‍.
അടുത്ത ദുരന്തത്തിലേക്ക് മാസങ്ങളുടെ ദൈര്‍‌ഘ്യമേ വേണ്ടീവന്നുള്ളൂ. വിവാഹ ജീവിതത്തിലേക്ക് കാലൂന്നിയിട്ട് മുന്ന് വര്‍ഷം തികഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടിതന്നെയാണ്‌ ഇവിടെയും വിധിക്ക് മുമ്പില്‍ കീഴടങ്ങിയത് . ആശുപത്രിയില്‍ പ്രവേശീപ്പിക്കപ്പെട്ട ഭര്‍ത്താവിന്റെ പെറ്റമ്മയ്ക്ക് കൂട്ടീരിക്കാന്‍ പോയതായിരുന്നു അവള്‍. എന്തോ അത്യാവശ്യത്തിന്‌ പുറത്തിറങ്ങി റോഡ് മുറീച്ച് കടക്കുമ്പോള്‍ എതിരെ വന്ന വാഹനം അവളുടെ ജീവന്‍ തട്ടിത്തെറിപ്പിച്ച് കടന്നു കളഞ്ഞു. എന്തെല്ലാം സ്വപ്നങ്ങളാണ്‌ ഒരു നിമിഷം കൊണ്ട് കരിഞ്ഞുണങ്ങിയത്. ജീവിച്ച് കൊതിതീരാതെ മരണം അവളെ കൂട്ടികൊണ്ട് പോകുമ്പോള്‍ ഉമ്മച്ചിയെ കാത്ത് അവിടെയുമിരിപ്പുണ്ട് ഒരു കുഞ്ഞുമോള്‍
ഒരാഴ്ച മാത്രം മുമ്പ് വീണ്ടും ദുരന്തം വിരുന്നെത്തിയിരിക്കുന്നു. വിവാഹം കഴിഞ്ഞ് ഏറെക്കഴിയും മുമ്പ്തന്നെ വിവാഹ മോചനം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയാണ്‌ ഇത്തവണ മരണം മാടിവിളിച്ചത്. വാടിക്കരിഞ്ഞ സ്വപ്നങ്ങള്‍ക്ക് എന്നെങ്കിലും വര്‍‌ണ്ണങ്ങള്‍ നല്‍‌കാന്‍‌ കഴിയുമെന്ന ശുഭാപ്തി വിശ്വാസവുമായി ഭാവിയെക്കുറിച്ച് മനോഹര സ്വപ്നങ്ങള്‍ നെയ്തിരുന്നവള്‍. എങ്കിലും മരണത്തിന്റെ വിളികേള്‍ക്കാതിരിക്കാന്‍ അവള്‍‌ക്കുമാവില്ലല്ലോ.ഉറങ്ങാന്‍ കിടന്നതായിരുന്നു അവള്‍. ഒരിക്കലും ഉണരാത്ത നിദ്രയുടെ അഗാധതയിലേക്കാണവള്‍ ഊളിയിടുന്നതെന്നാരും നിനച്ചില്ല. ദുഖത്തിന്റെയും നൊമ്പരങ്ങളുടെയും സാഗരമിരമ്പുമ്പോഴും കിളികൊഞ്ചലുമായി അവള്‍‌ക്കാശ്വാസമേകിയിരുന്ന കുഞ്ഞുവാവയെ തനിച്ചാക്കിയാണ്‌ അവളും യാത്രയായതെന്നത് വേദനപടര്‍ത്തുന്നു.പരേതാത്മാക്കള്‍ക്ക് ജഗദീശന്‍ നിത്യ ശാന്തി നല്‍‌കട്ടെ.

Sunday, July 20, 2008

നിരപരാധിയെ കശാപ്പു ചെയ്യുന്നവരോട്

ക്ളസ്റ്റര്‍ മീറ്റിംഗ് തടസ്സപ്പെടുത്താനെത്തിയ യൂത്ത് ലീഗുകാരുടെ അടിയും ചവിട്ടുമേറ്റു പ്രധാനധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം ചരിത്രത്തിലെ തീരാകളങ്കമായി . പാവനമായ മതത്തിന്റെ ലേബലില്‍ കൊള്ളരുതായ്മകള്‍ കാട്ടിക്കൂട്ടുന്നവര്‍ മതത്തിന്റെ അന്തസ്സത്തയെ കളഞ്ഞ് കുളിക്കുകയാണ്‌. നിരപരാധിയായ ഒരു മനുഷ്യന്റെ ജീവനെടുത്തിട്ട് വേണേ സമരവും പ്രക്ഷോഭങ്ങളും എഴുന്നള്ളിക്കാന്‍. ഒരു നിരപരാധിയെ കൊല്ലുന്നവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും കൊന്നവനെപ്പോലെയാണെന്ന് പഠിപ്പിക്കുന്ന മഹത്തായ ആശയത്തെ പരസ്യമായി അവഹേളിച്ചിരിക്കുകയാണ്‌ ലീഗുകാര്‍. അതും പാഠപുസ്തകത്തിലെ വിവാദഭാഗങ്ങള്‍ തിരുത്തലിന്‌ വിധേയമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്‌ ശേഷമാണ്‌ ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ലീഗുകാര്‍ നേതൃത്വം നല്‍കുന്നത്. എന്തായാലും കാലവും ചരിത്രവും ലീഗിന്‌ മാപ്പ് നല്‍കില്ലെന്നുറപ്പ്.

Saturday, July 12, 2008

കോഴിക്കോട് എയര്‍പോര്‍‌ട്ടിലെ "സാറന്‍മാര്‍"

ഏഴ് വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ കോഴിക്കോട് എയര്‍പോട്ട് വഴി യാത്ര ചെയ്യാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചത് ഈയടുത്താണ്. നെടുമ്പാശ്ശേരി , തിരുവനന്തപുരം എയര്‍പോട്ടുകള്‍ വഴി പല തവണ യാത്രചെയ്തിട്ടുണ്ടെങ്കിലും കോഴിക്കോട് വഴിയുള്ള യാത്രാമോഹം പൂവണിയാതെ കിടക്കുകയായിരുന്നു. മോഹിപ്പിക്കുന്ന വാഗ്ദാനവുമായി "റാക് എയര്‍വേയ്സ് " കോഴിക്കോട്ടേക്ക് പറക്കന്‍ തുടങ്ങിയപ്പോളാണ്‌ സഫലമാകാതെ കിടന്നിരുന്ന യാത്രയ്ക്ക് കളമൊരുങ്ങിയത്.വാര്‍ഷികാവധിക്ക് നാട്ടില്‍ പോകാന്‍ റാക് എയര്‍വേയ്സില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റും തരപ്പെടുത്തി. മെയ് അവസാനവാരമായിരുന്നു യാത്ര. പറഞ്ഞ് മാത്രം കേട്ടിട്ടുള്ള കോഴിക്കോടന്‍ സാറുമാരുടെ "ഹൃദയ വിശാലതയ്ക്ക് " ഇരയാക്കപ്പെടുമോയെന്ന ആശങ്കയോടെ തന്നെയായിരുന്നു യാത്ര.

വിമാനം റാസല്‍ഖൈമയില്‍നിന്ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തുടങ്ങുന്നതിന്റെ മുമ്പ് തന്നെ എയര്‍പോട്ടിന്റെ മഹത്വമറിയിച്ചുകൊണ്ടുള്ള അനൌണ്സ്മെന്റ് വരാന്‍ തുടങ്ങി. ലാന്റ് ചെയ്യാന്‍ സ്ഥല സൌകര്യം കുറവായതിനാല്‍ വിമാനമിറങ്ങാന്‍ അര മണിക്കൂര്‍ വൈകുമെന്ന അറിയിപ്പും തുടര്‍ന്ന് എയര്‍പോട്ടിനു മുകളില്‍ വട്ടം കറങ്ങലുമെല്ലാം കഴിഞ്ഞ് ഒരുവിധം പറന്നിറങ്ങി. ഇമിഗ്രേഷനും കസ്റ്റംസുമെല്ലാം കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ കടക്കാന്‍ കഴിഞ്ഞ ആശ്വാസത്തില്‍ പുറത്തേക്കുള്ള വഴി ലക്ഷ്യം വെച്ചു നീങ്ങുമ്പോള്‍ അതാ അവസാന കടമ്പയായി മറ്റൊരു സാറ്. ഇലക് ട്രോണിക് ഐറ്റംസ് എന്തൊക്കെയുണ്ടെന്ന ചോദ്യത്തോടെയാണ്‌ സാര്‍ എതിരേറ്റത്. കാര്യമായിട്ടൊന്നുമില്ലെന്ന മറുപടിയില്‍ തൃപ്തനാവാതെ ലഗേജ് വീണ്ടും സ്കാന്‍ ചെയ്യാനാവശ്യപ്പെട്ടു. സ്കാനിങ്ങില്‍ ഒരു ക്യാമറ കണ്ടപ്പോള്‍ വിരട്ടാനുള്ള ശ്രമമായി പിന്നെ. ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, ജോലി, ശമ്പളം എന്നിവ ചോദിച്ച് കുറിച്ചെടുത്തു.പിന്നെ പതിഞ്ഞ സ്വരത്തില്‍ സാറിന്റെ ശബ്ദം പുറത്ത് വന്നു. "സാറിനുള്ളത് ഇവിടെ വെചോളൂ".പറഞ്ഞ് മാത്രം കേട്ടിരുന്ന കോഴിക്കാടന്‍ സാറന്‍മാരുടെ ഹൃദയ ശുദ്ധി നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്താല്‍ പുറത്ത് കടക്കുമ്പോള്‍ , സാറിന്‌ വെച്ച് നീട്ടാന്‍ ഒരു നാണയത്തുട്ട് പോലും എന്റെ പോക്കറ്റില്‍ ഇല്ലാതെ പോയല്ലോയെന്നോര്‍ത്ത് പരിതപിക്കുകയായിരുന്നു ഞാന്‍

Friday, May 2, 2008

ഈ മനുഷ്യപ്പിശാചിനെ എന്ത് ചെയ്യണം.

മനഃസാക്ഷിയെ ഞെട്ടിക്കുന്ന പൈശാചികമായ ഒരു വാര്‍ത്ത വിയന്നയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു. സ്വന്തം മകളെ നീണ്ട ഒരു പാട് വര്‍ഷങ്ങള്‍ വീട്ട് തടങ്കലിലിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും കാമ കേളികള്‍ക്ക് വിധേയനാക്കുകയും ഏഴോളം കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത മനുഷ്യ രൂപമണിഞ്ഞ പിശാചിന്റെ കഥ. സ്വന്തം മകളില്‍ ഇയാള്‍ ജന്മം നല്‍കിയ പെണ്‍കുട്ടികളെയും തന്റെ കാമവെറിക്കിരയാക്കുകയും മാനസിക വിഭ്രാന്തിയിലേക്ക് അവരെ തള്ളിയിടുകയും ചെയ്ത ഈ രാക്ഷസന്‌ എന്ത് ശിക്ഷയാണ്‌ നല്‍കേണ്ടത്.
ഡി എന്‍ എ ടെസ്റ്റില്‍ മുത്തച്ചന്‍ തന്നെ അച്ചനെന്ന് തെളിഞ്ഞ റിപ്പോര്‍ട്ട് ഇവിടെ

Tuesday, April 29, 2008

മയങ്ങുന്ന ദൈവ രാജ്യം

കുടിയന്‍ എന്ന് കേള്‍ക്കുന്നതേ ഭയങ്കര ഭയമായിരുന്നു ചെറുപ്പത്തില്‍. "സാധനം" അകത്ത് ചെന്നാലുണ്ടാകുന്ന പുകിലുകള്‍ തൊട്ടടുത്ത് താമസിച്ചിരുന്ന വേലായുധനിലൂടെ ഞങ്ങള്‍ അയല്‍വാസികള്‍ ആവോളം അറിഞ്ഞിരുന്നു. അഷ്ടിക്ക് വക കണ്ടെത്താന്‍ കൂലിവേല ചെയ്യുന്നവനാണ്‌ വേലായുധന്‍. എല്ലുമുറിയെ പണിയെടുക്കാന്‍ യാതൊരു മടിയുമില്ല.പക്ഷേ വൈകുന്നേരമായാല്‍ നന്നായൊന്ന് മിനുങ്ങണം. കാലുകള്‍ ഭൂമിയിലുറക്കാതെ, ആടിയാടി ,ഭൂലോകതെറികള്‍ മുഴുവനും ഉരുവിട്ടുള്ള ആ വരവറിഞ്ഞാല്‍ തന്നെ കുട്ടികള്‍ പേടിച്ച് വിറക്കാന്‍ തുടങ്ങും. വീട്ടിലെത്തിയാല്‍ സ്ത്രീകളെ ദേഹോപദ്രവമേല്‍പ്പിക്കല്‍ സാധനസാമഗ്രികള്‍ എടുത്തെറിയല്‍ തുടങ്ങിയ വിക്രിയകളായി പിന്നെ.അടിച്ച സാധനത്തിന്റെ ലഹരിയടുങ്ങുവോളം ഇത് തുടരുകയും ചെയ്യും. കുടിയന്‍മാരെ വളരെ പുച്ചത്തിലും അവജ്ഞയിലുമാണ്‌ അന്നൊക്കെ സമൂഹം വീക്ഷിച്ചിരുന്നത്.വീട്ടിലെ ഒരംഗം മദ്യപിക്കുന്നത് കുടുംബത്തിന്‌ മൊത്തം അപമാനമായി കണ്ടിരുന്നവര്‍ ജാതി മത ഭേദമന്യേ എല്ലാവരിലുമുണ്ടായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറിയല്ലോ."വെള്ളമടിക്കില്ലെന്ന് " പറഞ്ഞാല്‍ ഒരു കുറവാണെന്ന് പറയുന്നവര്‍ വരെയുണ്ട്. കേരളത്തിന്റെ മദ്യാസക്തി അറിയാന്‍ വൈകുന്നേരങ്ങളില്‍ ഏതെങ്കിലും ബിവറേജെസ് ഷോപ്പ് വഴി ഒന്ന് പോയി നോക്കിയാല്‍ മതി.അത്രയ്ക്ക് വലിയ നീണ്ട നിര തന്നെ അവിടെ കാണാന്‍ കഴിയും. ആധുനിക യുഗത്തില്‍ എല്ലാം മാറ്റത്തിന്‌ വിധേയമാവുമ്പോള്‍ കുടിയന്‍മാരയിട്ട് എന്തിന് മുഖം തിരിഞ്ഞ് നില്‍ക്കണം. വിദേഷ മദ്യമാണല്ലോ ഇപ്പോള്‍ കേരളത്തിന്റെ ഇഷ്ട വിഭവം. തങ്ങളുടെ പേരിലുമിരിക്കട്ടെ ഒരു മാറ്റം എന്ന് ഇവര്‍ ചിന്തിച്ച് കാണും. കുടിക്കുന്നത് കള്ളായാലും വിദേശിയായാലും കുടിയന്‍ കുടിയന്‍ തന്നെ. പക്ഷേ ഇന്ന് മദ്യപാനി എന്ന വാക്കണല്ലോ കൂടുതല്‍ പ്രിയം. കുടിയന്‍ എന്നു വിളിച്ചാല്‍ തല്ല്‌ കൊള്ളാത്തത് ഭാഗ്യം. കുടിച്ച് മുടിച്ച് തുലക്കുന്ന കണക്ക് ഓരോ ആഘോഷ വേളകളിലും നാമറിയുന്നതാണല്ലോ.മദ്യപാനം വരുത്തിവെക്കുന്ന വിനകള്‍ അറിയാത്തവരല്ല ആരും. എന്നിട്ടും മദ്യമൊഴുക്ക് തുടന്ന് കൊണ്ടോയിരിക്കുന്നു. നൈമിഷികമായ ലഹരി നുണയുമ്പോള്‍ എത്രയോ മാരകമായ അസുഖങ്ങളിലേക്കുള്ള കവാടകങ്ങള്‍ കൂടി തുറക്കപ്പെടുകയണെന്ന സത്യം സൌകര്യപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു. ഇതിനെല്ലാം പുറമെ മദ്യപാനം വരുത്തിവെക്കുന്ന സാമൂഹിക ദുരന്തങ്ങള്‍ എത്രയോ ഭയാനകമാണ്.കൊലപാതകങ്ങള്‍ക്കും കൂട്ട ആത്മഹത്യകള്‍ക്കും പലപ്പോഴും ലഹരി ഒരു കാരണമാവാറുണ്ടെന്നത് നിഷേധിക്കാനാവില്ല.മദ്യം ഉണ്ടാക്കരുത്, കഴിക്കരുത് എന്നെല്ലാം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ തന്നെ മദ്യ - സ്പിരിറ്റ് രാജാക്കന്‍മാരുടെ അരമനകളില്‍ മാസപ്പടിക്കു വേണ്ടി തലയില്‍ മുണ്ടിട്ട് ഞരങ്ങി നടക്കുന്നത് നാം എത്രയോ കണ്ടതാണ്.മനുഷ്യന്റെ അധമ വാസനകളെ പരിപോഷിപ്പിക്കാന്‍ മാത്രമുതകുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷിത വലയത്തില്‍ നിന്ന് മോചനം നേടാന്‍ ധാര്‍മിക- സദാചാര മൂല്യങ്ങളിലേക്കുള്ള തിരിച്ച് പോക്ക് അനിവാര്യമാണ്.

Thursday, April 10, 2008

വേനലവധിയുടെ മധുര സ്മരണകള്‍

മധുരം കിനിയുന്ന ഒരുപാടൊരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച വേലനവധിയെ എങ്ങനെ മറക്കനൊക്കും.പുസ്തക താളുകളുടെ തടവറയില്‍‌ നിന്നു മോചനം‌ നേടി കളിയുടെയും വിനോദത്തിന്റെയും ആനന്ദത്തിലാറാടാന്‍‌ ലഭിക്കുന്ന സുന്ദര മുഹൂര്‍‌ത്തങ്ങള്‍‌. അന്ന് കളിച്ച് തീര്‍ക്കാത്ത കളികളുണ്ടോ. ചെയ്ത് കൂട്ടാത്ത കുസൃതികളും .


ഓരോ വീടുകള്‍ക്കു മുമ്പിലും ഉയരുന്ന ചെറിയ ചെറിയ കൂടാരാങ്ങള്‍ വേനലവധിയുടെ സ്ഥിരം കാഴ്ചകളായിരുന്നു. ആഞ്ഞെടുത്ത ചീമക്കൊന്നയുടെ വടികള്‍ കൊണ്ട് തൂണുകള്‍ സ്ഥാപിച്ചും പൊളിച്ച് മാറ്റിയ വിറക് പുരയുടെയോ മറ്റൊ പഴയ ഓലകളുപയോഗിച്ച് മേല്‍ക്കൂര മേഞ്ഞും വശങ്ങള്‍ മറച്ചും നിര്‍മ്മിച്ചിരുന്ന കൂടാരങ്ങളധികവും മിഠായി വില്‍പന കേന്ദ്രങ്ങളായിരിക്കും. ഓരോ കൂടാരങ്ങള്‍ക്കും ഒന്നിലധികം പങ്കാളികള്‍ ഉണ്ടായിരിക്കും. തേനിലാവ്, കടിച്ചാപിടിച്ചി, ചുകപ്പ് നിറത്തില്‍ പൊതിഞ്ഞ കപ്പലണ്ടി, കപ്പലണ്ടി ഉണ്ട, വറുത്ത കടല, കടല പരിപ്പ്, അച്ചാറുകള്‍ എന്നിവയായിരിക്കും വില്‍പ്പനച്ചരക്കുകള്‍.തൊട്ടടുത്ത കശുമാവിന്‍ ചുവട്ടില്‍ നിന്നും കശുവണ്ടി പെറുക്കിയെടുത്തുന്ന കുഞ്ഞന്‍മാരായിരിക്കും മിഠായിക്കടകളിലെ ഉപഭോക്താക്കളധികവും.മിക്ക കടകള്‍ക്കും ആയുസ്സ് നന്നേ കുറവായിരിക്കും. കാരണം മറ്റൊന്നല്ല. ചരക്കുകളധികവും പങ്കാളികള്‍ തന്നെ ശാപ്പിട്ട് തീര്‍ത്തിരിക്കും


വറ്റിത്തിരാറായ കുളങ്ങളിലും തോടുകളിലുമെല്ലാംമല്‍സ്യങ്ങളെ തേടിയുള്ള നെട്ടോട്ടവും ഇക്കാലയളവിലെ രസങ്ങളില്‍ പെട്ടതു തന്നെ.ചെളിയില്‍ പൂണ്ട് കിടക്കുന്ന ബ്രാലന്‍ മീനിനേയും പേരറിയാത്ത മറ്റു പലതിനേയും കരവലയത്തിലൊതുക്കാനുള്ള മല്‍സരവും അത് കിട്ടുമ്പോഴുള്ള സന്തോഷവും എന്തു മാത്രമായിരുന്നു.


കണ്ണ്‌ പൊത്തിക്കളി, അമ്പസ്താനി , കല്ലും മണ്ണും കളി, തൊട്ട പ്രാന്തി, കുറ്റിയും കോലും അങ്ങനെ എണ്ണിയലൊടുങ്ങാത്ത നൂറുകൂട്ടം കളികള്‍ അന്നിന്റെ പ്രത്യേകതകളായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം കളികള്‍ വെറും കേട്ടുകേള്‍വി മാത്രമായിരിക്കും. ബാല്യത്തിന്റെ കുസൃതികളും വികൃതിളുമെല്ലാം വീഡിയോ ഗൈമുകളിലും കമ്പ്യൂട്ടറുകള്‍ക്കു മുമ്പിലും തളച്ചിടാനാണല്ലോ ഇന്നിന്റെ ബാല്യങ്ങളുടെ വിധി.

Monday, April 7, 2008

കാലത്തെ പഴിക്കും മുമ്പ്...................

പ്രകൃതിയുടെ വികൃതികള്‍ കണ്ട് അന്‌ധാളിച്ച് പകച്ച് നില്‍ക്കുകയാണല്ലോ നാം. ക്രമം തെറ്റിച്ച് വിരുന്നെത്തിയ മഴ കര്‍ഷരുടെ സ്വപ്നങ്ങളില്‍ ഇടിത്തീവീഴ്ത്തി ദുരന്തത്തിന്റെ കണ്ണീര്‍ പുഴയോഴുക്കി കടന്ന് പോയി.പ്രതിസന്ധിക്കു മുമ്പില്‍ പിടിച്ച്നില്‍ക്കാന്‍ കെല്‍പ്പില്ലാതെ പലരും ആത്മഹത്യാ മുനമ്പില്‍ അഭയം തേടി. ശേഷിക്കുന്നവര്‍ ജീവിത വഴിയില്‍ എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ ഭാരിച്ച കടങ്ങളുടെ വ്യാകുലതയില്‍ സങ്കട കടലില്‍ പെട്ടുഴലുന്നു. ഇത്തരം ദുരന്തങ്ങളും ദുരിതങ്ങളും വന്ന് ഭവിക്കുമ്പോഴെല്ലാം കാലത്തെയും പ്രകൃതിയെയും പഴിചാരി ശാപവാക്കുകളുതിര്‍ക്കുന്നത് മനുഷ്യന്റെ സ്ഥിരം പല്ലവിയാണ്.പ്രകൃതിയുടെ വികൃതികളെക്കുറിച്ചും കാലത്തിന്റെ കോലം മറിച്ചിലിനെക്കുറിച്ചും പരിതപിക്കുന്നതിന്റെ മുമ്പ് നാം ചെയ്ത് കൂട്ടുന്ന വിക്രിയകളെ ക്കുറിച്ചൊന്ന് വിചിന്തനം നടത്തുന്നതഭികാമ്യമായിരിക്കുംമനുഷ്യന്‍ പ്രകൃതിയോട് ചെയ്ത് കൂട്ടുന്ന ക്രൂരതകള്‍ക്കു കയ്യും കണക്കുമില്ല. പ്രകൃതിക്കവകാശപ്പെട്ട എത്രയെത്ര സമ്പത്തുകള്‍ മനുഷ്യന്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. പ്രകൃതിയെ ഹരിതാഭമാക്കിയിരുന്ന വനസമ്പത്ത് നമ്മുടെ നഷ്ടസ്വപ്നങ്ങളിലെ വിങ്ങുന്ന ഓര്‍മ്മയായി അവശേഷിക്കുകയല്ലേ. കാടുകള്‍ മൊത്തം വെട്ടിത്തെളിച്ച് മണി സൌധങ്ങളും രമ്യഹര്‍മങ്ങളും പടുത്തുയര്‍ത്തുമ്പോള്‍ നമുക്ക് പ്രകൃതി സൌജന്യമായി നല്‍കിയിരുന്ന ശുദ്ധവായു പോലും മലിനപ്പെടുത്തുകയായിരുന്നില്ലേ.പ്രകൃതി സൌന്ദര്യത്തിന്റെ സുന്ദര ദൃശ്യങ്ങളായിരുന്ന നെല്‍പാടങ്ങളും കായലുകളുമെല്ലാം നികത്തിയെടുത്ത് അംബര ചുംബികളായ കെട്ടികള്‍ കെട്ടി പൊക്കുമ്പോള്‍ പ്രകൃതിയുടെ പ്രകോപനത്തെക്കുറിച്ച് നാം ചിന്തിച്ച് പോലുമില്ല.ഇങ്ങനെ പ്രക്ര്‌തി വിരുന്നൊരുക്കിയ ദ്ര്‌ശ്യ വിസ്മയങ്ങള്‍ക്കും കനിഞ്ഞരുളിയ വിഭവങ്ങള്‍ക്കും മനുഷ്യന്‍‌ ചിതയൊരുക്കിയതിന്റെ സാമ്പിളുകളാണിവയെങ്കില്‍‌ ‌ അവന്‍‌ മനുഷ്യത്വത്തോട് തന്നെ ചെയ്ത് കൂട്ടുന്ന കിരാതവും പൈശാചികവുമായ ചെയ്തികള്‍ എന്തൊക്കെയാ‍ണ്.മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത വിധം നിന്ദ്യവും നീചവുമായ പേക്കൂത്തുകളിലൂടെ സാംസ്കാരിക ച്യുതിയുടെ അഗാധതയിലേക്ക് ആപതിക്കുന്ന മനുഷ്യ സമൂഹം നാല്‍‌ക്കാലികളെപ്പോലും നാണിപ്പിക്കുന്ന അവസ്ഥയിലാണിപ്പോള്‍‌. ജി‍വിതത്തെ കേവലം ആര്‍ത്തുല്ലസിക്കാനുമുള്ള ഉപാധി മാത്രമായി കാണുകയും സുഖാസ്വാദനങ്ങള്‍‌ക്കു പിന്നലെ പായുകയും ചെയ്യുമ്പോള്‍ സര്‍വ്വ സിമകളും ലം‌ഘിക്കപ്പെടുന്നു. സമ്പത്തിന് വേണ്ടി സ്വന്തം പിതാവിനെയും മാതാവിനെയും കൊലക്കത്തിക്കിരയാക്കുന്നവര്‍‌, മാന്ത്രിക ശക്തി ലഭിക്കുമെന്ന മൂഠഡ വിശ്വാസത്തില്‍‌ സ്വന്തം അമ്മാവനെ കൊന്ന് തിന്നുന്നവര്‍‌, ശവങ്ങളെ പോലും ഭോഗിച്ച് സം‌ത്ര്‌പ്തി അടയുന്നവര്‍‌,സ്വന്തം രക്തത്തില്‍‌ പിറന്ന മക്കളെപ്പോലും കാമപൂരണത്തിനുപയോഗിക്കുന്നവര്‍‌, സഹോദരിയിലും ആത്മസുഹ്ര്‌ത്തിന്റെ ഭാര്യയിലും ലൈംഗിക സുഖം‌ തേടുന്നവര്‍‌, സ്വന്തം സഹോദരന്റെ ഇടനെഞ്ചിലേക്ക് കഠാര ആഴ്ത്തിയിറക്കി ക്രുരതയുടെ ആള്‍ രൂപമണിയുന്നവര്‍‌, ആത്മമിത്രത്തെ കബളിപ്പിച്ച് സര്‍വ്വതും അപഹരിച്ച് വഞ്ചനയുടെ പ്രതിരൂപമാവുന്നവര്‍‌, കൊള്ളയും കൊള്ളിവയ്പും നടത്തി സമൂഹത്തിന്റെ സ്വാസ്ത്ഥ്യം കെടുത്തുന്നവര്‍‌.സമൂഹം അനുശീലിച്ച് പോരുന്ന ഒരു പാട് നന്‍‌മകളെ അനാചാരങ്ങളുടെ മുദ്ര ചാര്‍ത്തി നിഷ്കാസിതമാക്കുന്നവര്‍‌, സദാചാര്യമൂല്യങ്ങളെയും ധാര്‍മ്മിക ചിന്താ ധാരകളെയും കടപുഴക്കിയെറിഞ്ഞ് അന്ധവിശ്വാസങ്ങല്‍ക്കും‌ ആള്‍ദൈവങ്ങല്‍ക്കും സങ്കേതമൊരുക്കുന്നവര്‍‌, മദ്യത്തിന്റെയും‌ മയക്കുമരുന്നിന്റെയും മാസ്മരികതയില്‍ സായൂജ്യമടയുന്നവര്‍‌, ചുടുനിണം‌‌ ചാലിട്ടൊഴുക്കി ഭുമിയെ ചെഞ്ചായമണിയിക്കുന്നവര്‍, അഴിമതിയും സ്വജനപക്ഷപാതവും നടത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവര്‍, പാവപ്പെട്ടവന്റെ വേദനകളേയും ആകുലതകളേയും അവഗണിക്കുന്നവര്‍‌, അവശരുടെയും നിരാലംബരുടെയും അവകാശങ്ങളെ ധ്വംസിക്കുന്നവര്‍‌, തുല്യതയില്ലാത്ത വംശഹത്യയിലൂടെ രക്തദാഹം തീര്‍ക്കുന്ന നരാധമന്‍മാര്‍,ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്നവര്‍, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷ ബീജങ്ങള്‍ കുത്തിവെച്ച് സാഹോദര്യത്തിന്റെവേരറുക്കുന്നവര്‍,ഇങ്ങനെ മനുഷ്യര്‍ പ്രക്‌ര്‍തിയോടും സമൂഹത്തോടും ചെയ്തുകൂട്ടുന്ന സമാനതകളില്ലാത്ത ക്രൂരതളുടെ അനന്തര ഫലങ്ങളാണ് കാലത്തിന്റെ സമയക്രമം പാലിക്കാത്ത വിരുന്നെത്തലിന് കളമൊരുക്കുന്നത്.എന്നിട്ടും നമ്മുടെ ചെയ്തികളെ വിസ്മരിച്ച് കാലത്തെ പഴിച്ച് നാം സംത്ര്‌പ്തി നേടുന്നു. ഇത്തരുണത്തില്‍ ചിന്തനീയമായ ഒരു പ്രവാചക വചനം ഓര്‍മ്മയിലെത്തുന്നു. "പൊതു മുതല്‍ സ്വന്തം സമ്പത്തായി വിനിയോഗിക്കുക, വിശ്വസിച്ചേല്‍പിച്ചവ സ്വന്തം ഇഷ്ട പ്രകാരം ഉപയോഗിക്കുക, പുരുഷന്‍ അവന്റെ ഭാര്യയ്ക്കു വഴിപെട്ട് ഉമ്മയെ ബുദ്ധിമുട്ടിക്കുക, സ്നേഹിതരെ അടുപ്പിച്ച് പിതാവിനെ അകറ്റുക, പള്ളികളില്‍ ശബ്ദ് കോലാഹലങ്ങള്‍ ഉണ്ടാവുക, ഒരു സമൂഹത്തിന്റെ നേതാവ് അവരില്‍ വെച്ച് ഏറ്റവും മോശക്കാരനാവുക, ഒരാളുടെ ഉപ്ദ്രവങ്ങള്‍ ഭയന്ന് അയാളെ ബഹുമാനിക്കുക, നിര്‍ബന്ധ ദാനങ്ങള്‍ കടമായി അവശേഷിക്കുക, മദ്യപാനം വര്‍ദ്ധിക്കുക, പിന്‍ഗാമികള്‍ മുന്‍ഗാമികളെ ശപിക്കുക, തുടങ്ങിയവ സംഭവിച്ചാല്‍ ചുടുകാറ്റിനെയും ഭൂമി കുലുക്കവും ഭൂമിയിലേക്ക് ആണ്ട് പോകലും കോലം മറിയലും ആകാശത്ത് നിന്നുള്ള ഏറും ചരടറ്റ മാലയുടെ മണി പോലെ തുടര്‍ന്ന് വരുന്ന മറ്റു ദൃഷ്ടന്തങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കുക."

Wednesday, April 2, 2008

ദൃശ്യ മാധ്യമങ്ങള്‍ വിതക്കുന്ന ദുരന്തങ്ങള്‍

കരളലിയിപ്പിക്കുന്ന ഒരു വാര്‍ത്ത ഇന്നത്തെ പത്രങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു. ഒരു പത്തു വയസ്സുകാരിയുടെ ദാരുണമായ മരണത്തിന്റെ വാര്‍ത്ത.താന്‍ കണ്ട സീരിയലിലെ ആത്മഹത്യയുടെ രംഗം സഹോദരങ്ങള്‍ക്കു മുമ്പില്‍ അഭിനയിച്ച് കാണിക്കുമ്പോള്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണപ്പെടുകയായിരുന്നു ഈ ബാലിക.മനുഷ്യനെ അലസനും വികാരജീവിയുമാക്കി മാറ്റുന്ന കണ്ണീര്‍ പരമ്പരകളും , അവ നിര്‍ലജ്ജം പ്രദര്‍ശിപ്പിച്ചുവിടുന്ന ടി വി ചാനലുകളും ഇനിയുമെത്ര രക്തസക്ഷികളെ സമൂഹത്തിന്‌ സമ്മനിക്കാനിരിക്കുന്നു

Monday, March 31, 2008

പ്രവാസിയുടെ ആത്മവിലാപങ്ങള്‍

സ്വര്‍ണ്ണം വിളയുന്ന,പണം കായ്ക്കുന്ന മരങ്ങള്‍ വളരുന്ന എണ്ണപ്പാടങ്ങളുടെ നാട്ടില്‍ വിപ്രവാസം നയിക്കുന്നവനെന്ത് ദുഃഖം .ആവശ്യത്തില്‍ കൂടുതല്‍ പണം സമ്പാദിക്കുന്നവന്‍ ,സുഖലോലുപതയില്‍ ആറാടുന്നവന്‍ ,സുഖിയനായി ജീവിതം ആഘോഷിച്ച് തീര്‍ക്കുന്നവന്‍ , ദുഃഖമെന്തെന്നറിയാത്തവന്‍ ,സര്‍വ്വോപരി ഇനിയൊരിക്കലും ജന്മനാട്ടില്‍ സ്ഥിരവാസത്തിനര്‍ഹതയില്ലാത്തവന്‍ .ഒരു പ്രവാസിയെ ക്കുറിച്ച് കേരളീയ പൊതുസമൂഹത്തിന്റെ ധാരണ ഇങ്ങനെയാവരുതേ എന്നാണ്‌ നമ്മുടെ പ്രാര്‍ഥന,ആഗ്രഹവും .പക്ഷേ നമ്മുടെ അനുഭവ സാക്ഷ്യങ്ങള്‍ക്കു പറയാനുള്ളതോ.മുകളിലുദ്ധരിച്ചത് ഓരോ പ്രവാസിയ്ക്കും പൊതുസമൂഹം ഒട്ടിച്ചു തന്ന ലേബലുകള്‍ തന്നെയല്ലേ. ജന്മ നാട്ടിലെത്തിപ്പെടനുള്ള അടങ്ങാത്ത മോഹവും കുടുംബ മിത്രാദികളെ പിരിഞ്ഞെത്തിയതിന്റെ തീരാ വ്യഥയുമായി തീ തിന്ന് കഴിയുന്ന പ്രവാസിയുടെ നൊമ്പരങ്ങള്‍ ആരറിയാന്‍ .നിറക്കൂട്ടുള്ള സ്വപ്നങ്ങളില്‍ വിരാചിക്കന്‍ മാത്രം വിധിക്കപ്പെട്ടവന്‍.
യവ്വനത്തിന്റെ പ്രസരിപ്പും ചുറുചുറുക്കും മരുഭൂമിയില്‍ ഹോമിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍.ഒടുവില്‍ , ജീവിതത്തിന്റെ സിംഹ ഭാഗവും ഊഷര്ഭൂമിയില്‍ കുരുതി കൊടുത്തതിനു പാരിതോഷികമായി ലഭിച്ച രോഗങ്ങളുടെ ഭാണ്ഡവും പേറി പ്രവാസത്തിനറുതി വരുത്തി യാത്രയാവുമ്പോഴും സമ്പാദ്യത്തിന്റെ കണക്കു പുസ്തകത്തില്‍ മിച്ചമൊന്നുമില്ലാതെ സംപൂജ്യനായി മടങ്ങേണ്ടി വരുന്ന "മഹാ ഭഗ്യവാന്‍".സ്വസ്ഥമായൊരു ജീവിതം കൊതിഛ് നാട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും രോഗപീഢകള്‍ തളര്‍ത്തി തീര്‍ത്തും അവശനായിത്തീരുന്നു.കൂടിയാല്‍ നാലോ അന്ചോ വര്‍ഷം, അതിനുള്ളില്‍ ജീവിക്കന്‍ മറന്നു പോയ പാവം പ്രവാസി കാലായവനികക്കുള്ളിലേക്കു മറയുന്നു.എങ്കിലും പ്രവാസി, നിന്റെ ജീവിതം ഒരിക്കലും വ്യര്‍ഥമല്ല.അനേകം പേര്‍ക്കു ജീവിക്കനുള്ള വെളിഛം നല്‍കിയാണല്ലോ നീ കടന്നു പോകുന്നത്. ചുറ്റും പ്രകാശം പരത്താന്‍ സ്വയം ഉരുകിത്തീരുന്ന മെഴുകു തിരിയാവനെങ്കിലും നിനക്ക് കഴിഞ്ഞല്ലോ.

Saturday, March 29, 2008

ഉമ്മ ....... സ്‌നേഹത്തിന്റെ അക്ഷയ ഖനി

അകതാരില്‍‌ കുളിര്‍‌ ചൊരിയുന്ന രണ്ടക്ഷരം‌, ഉമ്മ

കാരുണ്യം പെയ്തിറങ്ങുന്ന താഴ്‌വാരവും സ്‌നേഹം പൂത്തുലയുന്ന പൂവാടിയുമാണുമ്മ.സ്‌നേഹത്തിന്റെ അക്ഷയ ഖനിയാണവര്‍‌.ഉമ്മയെ ക്കുറിച്ചോര്‍ക്കുമ്പോള്‍‌ , രണ്ടിറ്റ് കണ്ണ് നീര്‍‌ പൊഴിക്കാത്തവരായി ആരുണ്ട്‌.നമ്മെ നാമാക്കാന്‍‌ എത്രയെത്ര പ്രയാസങ്ങള്‍‌ സഹിച്ചു! അനുഭവിച്ചു തീര്‍ത്ത മാനസിക വ്യഥകളെത്ര!നമുക്ക് ചെറിയൊരസുഖം വരുമ്പോള്‍‌, നമുക്ക് ചെറുതായൊന്ന് നോവുമ്പോള്‍‌, ആധി പൂണ്ട മനസ്സുമായി ,നിദ്രാവിഹീനരായി കഴിയുന്ന നമ്മുടെ ഉമ്മ (അമ്മ) . മക്കള്‍ക്ക് വേണ്ടി സഹനപര്‍വ്വം തീര്‍ക്കുന്ന, സര്‍വ്വം ത്യജിക്കുന്ന ഉമ്മ. നമ്മെ ഭക്ഷിപ്പിക്കന്‍‌ സ്വയം പട്ടിണി വരിക്കുന്നവര്‍‌.നമ്മുടെ ആധികളും, വ്യാധികളും ഏറ്റെടുത്ത് സ്വയം ഉരുകി തീരുന്ന ഉമ്മ.നമ്മുടെ ചെറുപ്പത്തിലേക്കൊന്ന് ഊളിയിട്ട് നോക്കൂ, സര്‍വ്വതിനും ആശ്രയം നമുക്ക് ഉമ്മയായിരുന്നില്ലേ?നമ്മെ മുലയൂട്ടാന്‍‌ അവര്‍ അനുഭവിച്ച യാതനകള്‍, നിശയുടെ നിശബ്ദതയില്‍‌ നാം‌ സുഖമായുറങ്ങുമ്പോള്‍‌ ഉറക്കത്തിനവധി നല്‍‌കി നമ്മെ നോക്കി നെടുവീര്‍പ്പിട്ടിരിക്കുന്ന ഉമ്മ.യാതൊരറപ്പും വെറുപ്പുമില്ലതെ , വാത്സല്യ പൂര്‍വ്വം‌ നമ്മുടെ വിസര്‍ജ്ജ്യങ്ങള്‍‌ കഴുകി ശുദ്ധീകരിക്കുന്ന ഉമ്മ.കൊച്ചു നാളിലെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും, കുസ്ര്തികളും പങ്കുവെക്കന്‍‌, നമ്മുടെ സങ്കടങ്ങളും ആവലാതികളും നിവര്‍ത്തിക്കന്‍‌, നമ്മുടെ പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കും പരിഹാരം കാണാന്‍‌ നമുക്കവലംഭം ഉമ്മയായിരുന്നു. അവരുടെ സ്‌നേഹമസൃണമായ ഒരു തലോടല്‍‌, ഒരു ചുടുചും‌ബനം‌, സര്‍വ്വതിനും പരിഹാരമായി അതു മതിയായിരുന്നു നമുക്ക്‍. നീറിപ്പുകയുന്ന മനസ്സുകള്‍ക്ക്‍ ഉമ്മയുടെ സന്ത്വന സ്പര്‍ശം എന്തൊരശ്വാസമായിരുന്നു.ഉമ്മയുടെ സ്‌നേഹം അനുഭവിക്കാന്‍‌ അനുഗ്രഹം ലഭിച്ച നാമെത്ര ഭാഗ്യവാന്മാര്‍‌ !എന്നിട്ടും.............. നാമെന്താണവര്‍ക്കു വേണ്ടി ബാക്കി വെക്കുന്നത്‌?സുഖാഡംബരങ്ങളുടെ പളപളപ്പില്‍‌ , ആധുനികതയുടെ പൊങ്ങച്ചങ്ങളില്‍‌ , അവര്‍ അനുഭവിച്ച് തീര്‍ത്ത യാതനകളും വേതനകളും നാം‌ വിസ്മ്ര്തിയുടെ ചവറ്റു കൊട്ടയിലേക്കു വലിച്ചെറിയൂന്നു.അവര്‍ നല്‍കിയ സ്‌നേഹത്തിനു പകരമായി കുത്തുവാക്കുകളും മാനസിക പീഢനങ്ങളും സമ്മാനിച്ച് ഏകന്ത വാസത്തിന്റെ ഇരുട്ടറയിലേക്കും വൃദ്ധസദനങ്ങളുടെ ജയിലറകളിലേക്കും നാമവരെ തള്ളിവിടുന്നു.സ്‌നേഹവും ആര്‍ദ്രതയും വറ്റിവരണ്ട മനുഷ്യപ്പിശാചുക്കളായി മാറുകയാണോ നാം‌.ഇതിന്റെ ദുരന്ത ഫലം എത്ര ഭയാനകമാണെന്നോ? കരുണ്യത്തിന്റെ കുളിര്‍തെന്നലായ പുണ്യപ്രവാചകന്‍‌ മുഹമ്മദ് നബി (സ) യുടെ സവിധത്തിലേക്കു നമുക്കൊന്നു കടന്നു ചെല്ലാം‌. അവിടുത്തെ ശിഷ്യ ഗണങ്ങളില്‍‌ പ്പെട്ട അല്‍ഖമ മരണാസന്നനായി കിടക്കുന്നു. അന്ത്യ സമയത്ത് വിശുദ്ധ വാക്യം‌ ഉരുവിടാന്‍‌ പ്രയാസപ്പെടുന്ന അല്‍ഖമയുടെ ദുഖവാര്‍ത്ത പ്രവാചകരുടെ (സ) സന്നിധിയിലുമെത്തുന്നു. നിജസ്ഥിതിയറിയാന്‍‌ അവിടുന്ന് ഉമറുല്‍ ഫാറൂഖിന്റെ (റ) നേതൃത്വത്തില്‍ ഒരു സംഘത്തെ അയക്കുകയും അല്‍ഖമയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോയെന്നാരായാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.അനന്തരം അല്‍ഖമയുടെ വൃദ്ധയായ മാതാവ് തിരുസവിധത്തിലെത്തി.തന്റെ മകന്‍‌ അല്ലാഹുവിന്റെ കല്‍‌പനകള്‍ അനുസരിക്കുന്ന ഭക്തനാണെന്നും‌ എന്നാല്‍‌ തന്നോടുള്ള പെരുമാറ്റം മോശമായിരുന്നെന്നും അതില്‍ താന്‍ അതീവ ദുഖിതയാണെന്നും അല്‍ഖമയോട് നീരസമുണ്ടെന്നും അവര്‍‌ പ്രവാചകനെ (സ) അറിയിച്ചു.ഇതു തന്നെയാണു അല്‍ഖമയുടെ ദുരവസ്ഥയ്ക് കാരണമെന്ന് മൊഴിഞ്ഞ നബി (സ) , അല്‍ഖമയെ കത്തിക്കാനുള്ള തീ കുണ്ഡാരത്തിനാവശ്യമായ വിറക് ശേഖരിച്ച് വരാന്‍‌ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍‌കി. ഇതു കേട്ട ആ വൃദ്ധമാതാവിന്റെ കണ്ണുകള്‍ സജലങ്ങളായി. ആ മാതൃഹൃദയം ദുഃഖഭാരത്താല്‍‌ വിതുമ്പാന്‍‌ തുടങ്ങി. പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ പ്രവാചകനോട് അഭ്യര്‍ഥിച്ചു. "അല്ലാഹുവിന്റെ റസൂലേ, എന്റെ മകനെ ഒരിക്കലും തീ കുണ്ഡാരത്തിലേക്കെറിയരുത്. അതൊരിക്കലും എനിക്ക് സഹിക്കാന്‍ കഴിയില്ല.ഞനിതാ എന്റെ മകനു മപ്പു കൊടുക്കുന്നു. "തുടര്ന്ന് വൃദ്ധമതവിന്റെ തൃപ്തി സമ്പാദിച്ച അല്‍ഖമ വിശുദ്ധ വാക്യം ഉരുവിട്ട് സന്തോഷവാനായി പരലോകം പ്രപിച്ചു

Wednesday, March 26, 2008

ബൂലോകത്തിലേക്ക് ഞാനും

അങ്ങിനെ ഞാനും ബൂലോകത്തിലെ അംഗമാവാട്ടെ. ആര്‍ക്കും എതിര്‍പ്പില്ലെന്ന് വിശ്വസിക്കുന്നു.