Tuesday, April 29, 2008

മയങ്ങുന്ന ദൈവ രാജ്യം

കുടിയന്‍ എന്ന് കേള്‍ക്കുന്നതേ ഭയങ്കര ഭയമായിരുന്നു ചെറുപ്പത്തില്‍. "സാധനം" അകത്ത് ചെന്നാലുണ്ടാകുന്ന പുകിലുകള്‍ തൊട്ടടുത്ത് താമസിച്ചിരുന്ന വേലായുധനിലൂടെ ഞങ്ങള്‍ അയല്‍വാസികള്‍ ആവോളം അറിഞ്ഞിരുന്നു. അഷ്ടിക്ക് വക കണ്ടെത്താന്‍ കൂലിവേല ചെയ്യുന്നവനാണ്‌ വേലായുധന്‍. എല്ലുമുറിയെ പണിയെടുക്കാന്‍ യാതൊരു മടിയുമില്ല.പക്ഷേ വൈകുന്നേരമായാല്‍ നന്നായൊന്ന് മിനുങ്ങണം. കാലുകള്‍ ഭൂമിയിലുറക്കാതെ, ആടിയാടി ,ഭൂലോകതെറികള്‍ മുഴുവനും ഉരുവിട്ടുള്ള ആ വരവറിഞ്ഞാല്‍ തന്നെ കുട്ടികള്‍ പേടിച്ച് വിറക്കാന്‍ തുടങ്ങും. വീട്ടിലെത്തിയാല്‍ സ്ത്രീകളെ ദേഹോപദ്രവമേല്‍പ്പിക്കല്‍ സാധനസാമഗ്രികള്‍ എടുത്തെറിയല്‍ തുടങ്ങിയ വിക്രിയകളായി പിന്നെ.അടിച്ച സാധനത്തിന്റെ ലഹരിയടുങ്ങുവോളം ഇത് തുടരുകയും ചെയ്യും. കുടിയന്‍മാരെ വളരെ പുച്ചത്തിലും അവജ്ഞയിലുമാണ്‌ അന്നൊക്കെ സമൂഹം വീക്ഷിച്ചിരുന്നത്.വീട്ടിലെ ഒരംഗം മദ്യപിക്കുന്നത് കുടുംബത്തിന്‌ മൊത്തം അപമാനമായി കണ്ടിരുന്നവര്‍ ജാതി മത ഭേദമന്യേ എല്ലാവരിലുമുണ്ടായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറിയല്ലോ."വെള്ളമടിക്കില്ലെന്ന് " പറഞ്ഞാല്‍ ഒരു കുറവാണെന്ന് പറയുന്നവര്‍ വരെയുണ്ട്. കേരളത്തിന്റെ മദ്യാസക്തി അറിയാന്‍ വൈകുന്നേരങ്ങളില്‍ ഏതെങ്കിലും ബിവറേജെസ് ഷോപ്പ് വഴി ഒന്ന് പോയി നോക്കിയാല്‍ മതി.അത്രയ്ക്ക് വലിയ നീണ്ട നിര തന്നെ അവിടെ കാണാന്‍ കഴിയും. ആധുനിക യുഗത്തില്‍ എല്ലാം മാറ്റത്തിന്‌ വിധേയമാവുമ്പോള്‍ കുടിയന്‍മാരയിട്ട് എന്തിന് മുഖം തിരിഞ്ഞ് നില്‍ക്കണം. വിദേഷ മദ്യമാണല്ലോ ഇപ്പോള്‍ കേരളത്തിന്റെ ഇഷ്ട വിഭവം. തങ്ങളുടെ പേരിലുമിരിക്കട്ടെ ഒരു മാറ്റം എന്ന് ഇവര്‍ ചിന്തിച്ച് കാണും. കുടിക്കുന്നത് കള്ളായാലും വിദേശിയായാലും കുടിയന്‍ കുടിയന്‍ തന്നെ. പക്ഷേ ഇന്ന് മദ്യപാനി എന്ന വാക്കണല്ലോ കൂടുതല്‍ പ്രിയം. കുടിയന്‍ എന്നു വിളിച്ചാല്‍ തല്ല്‌ കൊള്ളാത്തത് ഭാഗ്യം. കുടിച്ച് മുടിച്ച് തുലക്കുന്ന കണക്ക് ഓരോ ആഘോഷ വേളകളിലും നാമറിയുന്നതാണല്ലോ.മദ്യപാനം വരുത്തിവെക്കുന്ന വിനകള്‍ അറിയാത്തവരല്ല ആരും. എന്നിട്ടും മദ്യമൊഴുക്ക് തുടന്ന് കൊണ്ടോയിരിക്കുന്നു. നൈമിഷികമായ ലഹരി നുണയുമ്പോള്‍ എത്രയോ മാരകമായ അസുഖങ്ങളിലേക്കുള്ള കവാടകങ്ങള്‍ കൂടി തുറക്കപ്പെടുകയണെന്ന സത്യം സൌകര്യപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു. ഇതിനെല്ലാം പുറമെ മദ്യപാനം വരുത്തിവെക്കുന്ന സാമൂഹിക ദുരന്തങ്ങള്‍ എത്രയോ ഭയാനകമാണ്.കൊലപാതകങ്ങള്‍ക്കും കൂട്ട ആത്മഹത്യകള്‍ക്കും പലപ്പോഴും ലഹരി ഒരു കാരണമാവാറുണ്ടെന്നത് നിഷേധിക്കാനാവില്ല.മദ്യം ഉണ്ടാക്കരുത്, കഴിക്കരുത് എന്നെല്ലാം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ തന്നെ മദ്യ - സ്പിരിറ്റ് രാജാക്കന്‍മാരുടെ അരമനകളില്‍ മാസപ്പടിക്കു വേണ്ടി തലയില്‍ മുണ്ടിട്ട് ഞരങ്ങി നടക്കുന്നത് നാം എത്രയോ കണ്ടതാണ്.മനുഷ്യന്റെ അധമ വാസനകളെ പരിപോഷിപ്പിക്കാന്‍ മാത്രമുതകുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷിത വലയത്തില്‍ നിന്ന് മോചനം നേടാന്‍ ധാര്‍മിക- സദാചാര മൂല്യങ്ങളിലേക്കുള്ള തിരിച്ച് പോക്ക് അനിവാര്യമാണ്.

Thursday, April 10, 2008

വേനലവധിയുടെ മധുര സ്മരണകള്‍

മധുരം കിനിയുന്ന ഒരുപാടൊരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച വേലനവധിയെ എങ്ങനെ മറക്കനൊക്കും.പുസ്തക താളുകളുടെ തടവറയില്‍‌ നിന്നു മോചനം‌ നേടി കളിയുടെയും വിനോദത്തിന്റെയും ആനന്ദത്തിലാറാടാന്‍‌ ലഭിക്കുന്ന സുന്ദര മുഹൂര്‍‌ത്തങ്ങള്‍‌. അന്ന് കളിച്ച് തീര്‍ക്കാത്ത കളികളുണ്ടോ. ചെയ്ത് കൂട്ടാത്ത കുസൃതികളും .


ഓരോ വീടുകള്‍ക്കു മുമ്പിലും ഉയരുന്ന ചെറിയ ചെറിയ കൂടാരാങ്ങള്‍ വേനലവധിയുടെ സ്ഥിരം കാഴ്ചകളായിരുന്നു. ആഞ്ഞെടുത്ത ചീമക്കൊന്നയുടെ വടികള്‍ കൊണ്ട് തൂണുകള്‍ സ്ഥാപിച്ചും പൊളിച്ച് മാറ്റിയ വിറക് പുരയുടെയോ മറ്റൊ പഴയ ഓലകളുപയോഗിച്ച് മേല്‍ക്കൂര മേഞ്ഞും വശങ്ങള്‍ മറച്ചും നിര്‍മ്മിച്ചിരുന്ന കൂടാരങ്ങളധികവും മിഠായി വില്‍പന കേന്ദ്രങ്ങളായിരിക്കും. ഓരോ കൂടാരങ്ങള്‍ക്കും ഒന്നിലധികം പങ്കാളികള്‍ ഉണ്ടായിരിക്കും. തേനിലാവ്, കടിച്ചാപിടിച്ചി, ചുകപ്പ് നിറത്തില്‍ പൊതിഞ്ഞ കപ്പലണ്ടി, കപ്പലണ്ടി ഉണ്ട, വറുത്ത കടല, കടല പരിപ്പ്, അച്ചാറുകള്‍ എന്നിവയായിരിക്കും വില്‍പ്പനച്ചരക്കുകള്‍.തൊട്ടടുത്ത കശുമാവിന്‍ ചുവട്ടില്‍ നിന്നും കശുവണ്ടി പെറുക്കിയെടുത്തുന്ന കുഞ്ഞന്‍മാരായിരിക്കും മിഠായിക്കടകളിലെ ഉപഭോക്താക്കളധികവും.മിക്ക കടകള്‍ക്കും ആയുസ്സ് നന്നേ കുറവായിരിക്കും. കാരണം മറ്റൊന്നല്ല. ചരക്കുകളധികവും പങ്കാളികള്‍ തന്നെ ശാപ്പിട്ട് തീര്‍ത്തിരിക്കും


വറ്റിത്തിരാറായ കുളങ്ങളിലും തോടുകളിലുമെല്ലാംമല്‍സ്യങ്ങളെ തേടിയുള്ള നെട്ടോട്ടവും ഇക്കാലയളവിലെ രസങ്ങളില്‍ പെട്ടതു തന്നെ.ചെളിയില്‍ പൂണ്ട് കിടക്കുന്ന ബ്രാലന്‍ മീനിനേയും പേരറിയാത്ത മറ്റു പലതിനേയും കരവലയത്തിലൊതുക്കാനുള്ള മല്‍സരവും അത് കിട്ടുമ്പോഴുള്ള സന്തോഷവും എന്തു മാത്രമായിരുന്നു.


കണ്ണ്‌ പൊത്തിക്കളി, അമ്പസ്താനി , കല്ലും മണ്ണും കളി, തൊട്ട പ്രാന്തി, കുറ്റിയും കോലും അങ്ങനെ എണ്ണിയലൊടുങ്ങാത്ത നൂറുകൂട്ടം കളികള്‍ അന്നിന്റെ പ്രത്യേകതകളായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം കളികള്‍ വെറും കേട്ടുകേള്‍വി മാത്രമായിരിക്കും. ബാല്യത്തിന്റെ കുസൃതികളും വികൃതിളുമെല്ലാം വീഡിയോ ഗൈമുകളിലും കമ്പ്യൂട്ടറുകള്‍ക്കു മുമ്പിലും തളച്ചിടാനാണല്ലോ ഇന്നിന്റെ ബാല്യങ്ങളുടെ വിധി.

Monday, April 7, 2008

കാലത്തെ പഴിക്കും മുമ്പ്...................

പ്രകൃതിയുടെ വികൃതികള്‍ കണ്ട് അന്‌ധാളിച്ച് പകച്ച് നില്‍ക്കുകയാണല്ലോ നാം. ക്രമം തെറ്റിച്ച് വിരുന്നെത്തിയ മഴ കര്‍ഷരുടെ സ്വപ്നങ്ങളില്‍ ഇടിത്തീവീഴ്ത്തി ദുരന്തത്തിന്റെ കണ്ണീര്‍ പുഴയോഴുക്കി കടന്ന് പോയി.പ്രതിസന്ധിക്കു മുമ്പില്‍ പിടിച്ച്നില്‍ക്കാന്‍ കെല്‍പ്പില്ലാതെ പലരും ആത്മഹത്യാ മുനമ്പില്‍ അഭയം തേടി. ശേഷിക്കുന്നവര്‍ ജീവിത വഴിയില്‍ എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ ഭാരിച്ച കടങ്ങളുടെ വ്യാകുലതയില്‍ സങ്കട കടലില്‍ പെട്ടുഴലുന്നു. ഇത്തരം ദുരന്തങ്ങളും ദുരിതങ്ങളും വന്ന് ഭവിക്കുമ്പോഴെല്ലാം കാലത്തെയും പ്രകൃതിയെയും പഴിചാരി ശാപവാക്കുകളുതിര്‍ക്കുന്നത് മനുഷ്യന്റെ സ്ഥിരം പല്ലവിയാണ്.പ്രകൃതിയുടെ വികൃതികളെക്കുറിച്ചും കാലത്തിന്റെ കോലം മറിച്ചിലിനെക്കുറിച്ചും പരിതപിക്കുന്നതിന്റെ മുമ്പ് നാം ചെയ്ത് കൂട്ടുന്ന വിക്രിയകളെ ക്കുറിച്ചൊന്ന് വിചിന്തനം നടത്തുന്നതഭികാമ്യമായിരിക്കുംമനുഷ്യന്‍ പ്രകൃതിയോട് ചെയ്ത് കൂട്ടുന്ന ക്രൂരതകള്‍ക്കു കയ്യും കണക്കുമില്ല. പ്രകൃതിക്കവകാശപ്പെട്ട എത്രയെത്ര സമ്പത്തുകള്‍ മനുഷ്യന്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. പ്രകൃതിയെ ഹരിതാഭമാക്കിയിരുന്ന വനസമ്പത്ത് നമ്മുടെ നഷ്ടസ്വപ്നങ്ങളിലെ വിങ്ങുന്ന ഓര്‍മ്മയായി അവശേഷിക്കുകയല്ലേ. കാടുകള്‍ മൊത്തം വെട്ടിത്തെളിച്ച് മണി സൌധങ്ങളും രമ്യഹര്‍മങ്ങളും പടുത്തുയര്‍ത്തുമ്പോള്‍ നമുക്ക് പ്രകൃതി സൌജന്യമായി നല്‍കിയിരുന്ന ശുദ്ധവായു പോലും മലിനപ്പെടുത്തുകയായിരുന്നില്ലേ.പ്രകൃതി സൌന്ദര്യത്തിന്റെ സുന്ദര ദൃശ്യങ്ങളായിരുന്ന നെല്‍പാടങ്ങളും കായലുകളുമെല്ലാം നികത്തിയെടുത്ത് അംബര ചുംബികളായ കെട്ടികള്‍ കെട്ടി പൊക്കുമ്പോള്‍ പ്രകൃതിയുടെ പ്രകോപനത്തെക്കുറിച്ച് നാം ചിന്തിച്ച് പോലുമില്ല.ഇങ്ങനെ പ്രക്ര്‌തി വിരുന്നൊരുക്കിയ ദ്ര്‌ശ്യ വിസ്മയങ്ങള്‍ക്കും കനിഞ്ഞരുളിയ വിഭവങ്ങള്‍ക്കും മനുഷ്യന്‍‌ ചിതയൊരുക്കിയതിന്റെ സാമ്പിളുകളാണിവയെങ്കില്‍‌ ‌ അവന്‍‌ മനുഷ്യത്വത്തോട് തന്നെ ചെയ്ത് കൂട്ടുന്ന കിരാതവും പൈശാചികവുമായ ചെയ്തികള്‍ എന്തൊക്കെയാ‍ണ്.മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത വിധം നിന്ദ്യവും നീചവുമായ പേക്കൂത്തുകളിലൂടെ സാംസ്കാരിക ച്യുതിയുടെ അഗാധതയിലേക്ക് ആപതിക്കുന്ന മനുഷ്യ സമൂഹം നാല്‍‌ക്കാലികളെപ്പോലും നാണിപ്പിക്കുന്ന അവസ്ഥയിലാണിപ്പോള്‍‌. ജി‍വിതത്തെ കേവലം ആര്‍ത്തുല്ലസിക്കാനുമുള്ള ഉപാധി മാത്രമായി കാണുകയും സുഖാസ്വാദനങ്ങള്‍‌ക്കു പിന്നലെ പായുകയും ചെയ്യുമ്പോള്‍ സര്‍വ്വ സിമകളും ലം‌ഘിക്കപ്പെടുന്നു. സമ്പത്തിന് വേണ്ടി സ്വന്തം പിതാവിനെയും മാതാവിനെയും കൊലക്കത്തിക്കിരയാക്കുന്നവര്‍‌, മാന്ത്രിക ശക്തി ലഭിക്കുമെന്ന മൂഠഡ വിശ്വാസത്തില്‍‌ സ്വന്തം അമ്മാവനെ കൊന്ന് തിന്നുന്നവര്‍‌, ശവങ്ങളെ പോലും ഭോഗിച്ച് സം‌ത്ര്‌പ്തി അടയുന്നവര്‍‌,സ്വന്തം രക്തത്തില്‍‌ പിറന്ന മക്കളെപ്പോലും കാമപൂരണത്തിനുപയോഗിക്കുന്നവര്‍‌, സഹോദരിയിലും ആത്മസുഹ്ര്‌ത്തിന്റെ ഭാര്യയിലും ലൈംഗിക സുഖം‌ തേടുന്നവര്‍‌, സ്വന്തം സഹോദരന്റെ ഇടനെഞ്ചിലേക്ക് കഠാര ആഴ്ത്തിയിറക്കി ക്രുരതയുടെ ആള്‍ രൂപമണിയുന്നവര്‍‌, ആത്മമിത്രത്തെ കബളിപ്പിച്ച് സര്‍വ്വതും അപഹരിച്ച് വഞ്ചനയുടെ പ്രതിരൂപമാവുന്നവര്‍‌, കൊള്ളയും കൊള്ളിവയ്പും നടത്തി സമൂഹത്തിന്റെ സ്വാസ്ത്ഥ്യം കെടുത്തുന്നവര്‍‌.സമൂഹം അനുശീലിച്ച് പോരുന്ന ഒരു പാട് നന്‍‌മകളെ അനാചാരങ്ങളുടെ മുദ്ര ചാര്‍ത്തി നിഷ്കാസിതമാക്കുന്നവര്‍‌, സദാചാര്യമൂല്യങ്ങളെയും ധാര്‍മ്മിക ചിന്താ ധാരകളെയും കടപുഴക്കിയെറിഞ്ഞ് അന്ധവിശ്വാസങ്ങല്‍ക്കും‌ ആള്‍ദൈവങ്ങല്‍ക്കും സങ്കേതമൊരുക്കുന്നവര്‍‌, മദ്യത്തിന്റെയും‌ മയക്കുമരുന്നിന്റെയും മാസ്മരികതയില്‍ സായൂജ്യമടയുന്നവര്‍‌, ചുടുനിണം‌‌ ചാലിട്ടൊഴുക്കി ഭുമിയെ ചെഞ്ചായമണിയിക്കുന്നവര്‍, അഴിമതിയും സ്വജനപക്ഷപാതവും നടത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവര്‍, പാവപ്പെട്ടവന്റെ വേദനകളേയും ആകുലതകളേയും അവഗണിക്കുന്നവര്‍‌, അവശരുടെയും നിരാലംബരുടെയും അവകാശങ്ങളെ ധ്വംസിക്കുന്നവര്‍‌, തുല്യതയില്ലാത്ത വംശഹത്യയിലൂടെ രക്തദാഹം തീര്‍ക്കുന്ന നരാധമന്‍മാര്‍,ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്നവര്‍, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷ ബീജങ്ങള്‍ കുത്തിവെച്ച് സാഹോദര്യത്തിന്റെവേരറുക്കുന്നവര്‍,ഇങ്ങനെ മനുഷ്യര്‍ പ്രക്‌ര്‍തിയോടും സമൂഹത്തോടും ചെയ്തുകൂട്ടുന്ന സമാനതകളില്ലാത്ത ക്രൂരതളുടെ അനന്തര ഫലങ്ങളാണ് കാലത്തിന്റെ സമയക്രമം പാലിക്കാത്ത വിരുന്നെത്തലിന് കളമൊരുക്കുന്നത്.എന്നിട്ടും നമ്മുടെ ചെയ്തികളെ വിസ്മരിച്ച് കാലത്തെ പഴിച്ച് നാം സംത്ര്‌പ്തി നേടുന്നു. ഇത്തരുണത്തില്‍ ചിന്തനീയമായ ഒരു പ്രവാചക വചനം ഓര്‍മ്മയിലെത്തുന്നു. "പൊതു മുതല്‍ സ്വന്തം സമ്പത്തായി വിനിയോഗിക്കുക, വിശ്വസിച്ചേല്‍പിച്ചവ സ്വന്തം ഇഷ്ട പ്രകാരം ഉപയോഗിക്കുക, പുരുഷന്‍ അവന്റെ ഭാര്യയ്ക്കു വഴിപെട്ട് ഉമ്മയെ ബുദ്ധിമുട്ടിക്കുക, സ്നേഹിതരെ അടുപ്പിച്ച് പിതാവിനെ അകറ്റുക, പള്ളികളില്‍ ശബ്ദ് കോലാഹലങ്ങള്‍ ഉണ്ടാവുക, ഒരു സമൂഹത്തിന്റെ നേതാവ് അവരില്‍ വെച്ച് ഏറ്റവും മോശക്കാരനാവുക, ഒരാളുടെ ഉപ്ദ്രവങ്ങള്‍ ഭയന്ന് അയാളെ ബഹുമാനിക്കുക, നിര്‍ബന്ധ ദാനങ്ങള്‍ കടമായി അവശേഷിക്കുക, മദ്യപാനം വര്‍ദ്ധിക്കുക, പിന്‍ഗാമികള്‍ മുന്‍ഗാമികളെ ശപിക്കുക, തുടങ്ങിയവ സംഭവിച്ചാല്‍ ചുടുകാറ്റിനെയും ഭൂമി കുലുക്കവും ഭൂമിയിലേക്ക് ആണ്ട് പോകലും കോലം മറിയലും ആകാശത്ത് നിന്നുള്ള ഏറും ചരടറ്റ മാലയുടെ മണി പോലെ തുടര്‍ന്ന് വരുന്ന മറ്റു ദൃഷ്ടന്തങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കുക."

Wednesday, April 2, 2008

ദൃശ്യ മാധ്യമങ്ങള്‍ വിതക്കുന്ന ദുരന്തങ്ങള്‍

കരളലിയിപ്പിക്കുന്ന ഒരു വാര്‍ത്ത ഇന്നത്തെ പത്രങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു. ഒരു പത്തു വയസ്സുകാരിയുടെ ദാരുണമായ മരണത്തിന്റെ വാര്‍ത്ത.താന്‍ കണ്ട സീരിയലിലെ ആത്മഹത്യയുടെ രംഗം സഹോദരങ്ങള്‍ക്കു മുമ്പില്‍ അഭിനയിച്ച് കാണിക്കുമ്പോള്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരണപ്പെടുകയായിരുന്നു ഈ ബാലിക.മനുഷ്യനെ അലസനും വികാരജീവിയുമാക്കി മാറ്റുന്ന കണ്ണീര്‍ പരമ്പരകളും , അവ നിര്‍ലജ്ജം പ്രദര്‍ശിപ്പിച്ചുവിടുന്ന ടി വി ചാനലുകളും ഇനിയുമെത്ര രക്തസക്ഷികളെ സമൂഹത്തിന്‌ സമ്മനിക്കാനിരിക്കുന്നു