Thursday, April 2, 2009

ഈ കുരുന്നെന്ത് പിഴച്ചു



അറിയില്ലേ ഇവനേ ? രണ്ട് വയസ്സുകാരന്‍ മുഹമ്മദ് ശമീം. കുസൃതിച്ചിരിയും കിളിക്കൊഞ്ചലുമായി ഓടിനടന്നിരുന്ന , മുലപ്പാലിന്റെ മണം മാറിയിട്ടില്ലാത്ത ഇളം പൈതല്‍. പ്രകൃതിയോട് കിന്നാ‍രം ചൊല്ലി സഹോദരനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ച് രസിച്ചിരുന്ന പിഞ്ചോമനയെ പതിയിരുന്ന കാപാലികര്‍ റാഞ്ചിയെടുത്തത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. തെരച്ചിലും അന്വേഷണങ്ങളും ദിവസങ്ങളോളം നടന്നു. കുട്ടി ധരിച്ചിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിക്കാനായിരിക്കാം കുഞ്ഞിനെ തട്ടിയെടുത്തതെന്ന നിഗമനത്തില്‍ പിഞ്ചു പൈതലിന് യാതൊരാപത്തും വന്നുഭവിക്കില്ലെന്ന് ധരിച്ചിരുന്നവരുടെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത ശ്രവിച്ചത്. ആരോടൊക്കെയോ ഉള്ള പകവും വൈരവും വിദ്വേഷവും തീര്‍ക്കാന്‍ കളങ്കമെന്തെന്നറിയാത്ത പിഞ്ചു പൈതലിനെ അതി നിഷ്ഠൂരമായി കൊലപ്പെടുത്തി പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചിരിക്കുന്നു. ഓമനത്തം തുളുമ്പുന്ന കുഞ്ഞിളം മുഖത്ത് നോക്കി ഈ ക്രൂരകൃത്യം നിര്‍‌വ്വഹിച്ചത് എന്തിനു വേണ്ടി ? മനുഷ്യത്വവും മനസ്സാക്ഷിയും മരവിച്ച് പോയ നമ്മുടെ സമൂഹത്തില്‍ നിന്നും ഇതും ഇതിലപ്പുറവും ഇനിയും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

9 comments:

Typist | എഴുത്തുകാരി said...

ഇനി എന്തു പറഞ്ഞിട്ടെന്തു കാര്യം?

അനില്‍@ബ്ലോഗ് // anil said...

കഷ്ടം തന്നെ !

എന്നാലും ആറു പവന്‍ ആ കുഞ്ഞിനിട്ടിരുന്നത് അല്ലെ അപകടം വരുത്തിയത്? അരപ്പവനുവേണ്ടി മനുഷ്യനെ വെടിവെച്ചു കൊല്ലുന്ന കാലമല്ലെ.

മാണിക്യം said...

മക്കളോട് ഉള്ള സ്നേഹക്കുടുതലോ അതോ സ്റ്റാറ്റസ് കാണിക്കാനോ ആണല്ലോ ആഭരണങ്ങള്‍ ഇട്ട് വിടുക അത് വരുത്തുന്ന ആപത്ത് എത്രവട്ടം ആവര്‍ത്തിച്ചാലും പിന്നെയും കഴുത്തിലും കയ്യിലും അരയ്യിലും ആഭരണം!ഇവിടെയും അത് ഒരു കാരണം ആകുന്നു
പണത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവരുണ്ട്.
ഒരു പക്ഷെ ആകുട്റ്റി കരയുകയോ ശബ്ദം വയ്ക്കുകയോ ചെയ്തു കാണും...

മറ്റുള്ളവര്‍ക്ക് പ്രലോഭനം വരുന്ന തരത്തില്‍ വലിയവരായാലും കുട്ടികളെ ആയാലും ആഭരണം ധരിക്കരുത്.ഇതില്‍ 50% വീട്ടുകരുടെ അശ്രദ്ധയാണ്. ഇനിയെങ്കിലും മറ്റുള്ളവര്‍ ഇതൊരു പാഠമാക്കണം ..
വള്രെ വേദനയുണ്ട് ആ കുഞ്ഞിനെ കൊന്നല്ലോന്ന് ഓര്‍ക്കുമ്പോള്‍.

കാസിം തങ്ങള്‍ said...

എഴുത്തുകാരി , വളരെ നന്ദി അഭിപ്രായത്തിന്.

അനീല്‍ ബ്ലോഗ്, മാണിക്യം. കുട്ടികള്‍ക്ക് അമിതമായി സ്വര്‍ണ്ണാഭരണങ്ങള്‍ അണിയിക്കുന്നത് തീര്‍ച്ചയായും അപകടം ക്ഷണിച്ച് വരുത്തുമെന്നത് ശരി തന്നെ. പക്ഷേ ഇവിടെ സ്വര്‍ണ്ണാപഹരണം ലഷ്യമായിരുന്നില്ലെന്ന് തോന്നുന്നു. കാരണം കുട്ടി ധരിച്ചിരുന്ന സ്വര്‍ണ്ണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ. വേറൊന്തോ പക തീര്‍ക്കാന്‍ കുട്ടിയെ കരുവാക്കിയതാവാനും മതി.സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും രണ്ട് പേര്‍ക്കും നന്ദി.

ullas said...

എതിര്‍ക്കാന്‍ കഴിവില്ലാത്തവര്‍ എല്ലായിടത്തും ആക്ക്രമിക്കപ്പെടുന്നു .

ബഷീർ said...

മനസ്സിനെ ഏറെ മുറിപ്പെടുത്തിയ വാ‍ർത്തയായിരുന്നു.

ആദ്യം ഞാനും കരുതിയത് ആഭരണമായിരിക്കും കൊലയ്ക്ക് പിന്നിലെന്ന്.
എന്നാൽ അതല്ല കുട്ടിയുടെ പിതാവുമായി പ്രതികളെന്ന് സംശയിക്കപ്പെടുന്നവർക്ക് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടാണ് ഇത്തരം ക്രൂര കൃത്യത്തിനു പിന്നിലെന്നാണ്

കാ‍ണാതാവുന്നതിനു കുറച്ച് ദിനങ്ങൾക്ക് മുന്നെ .അതിൽ പെട്ട ഒരാൾ ഈ കുഞിന്റെ ഫോട്ടോ മൊ ബൈലിൽ പകർത്തുകയും ഇത് കൊണ്ട് ആവശ്യമുണ്ടെന്ന് പറയുകയും ചെയ്തിരുന്നുവത്രെ. കൂ‍ടാതെ കുട്ടിയെ ഒരു സ്ത്രീ കൊണ്ട് പൊകുന്നത് കണ്ടതായി ഫോൺ ചെയ്ത് പറഞതും അതിൽ പെട്ട ഒരാളാണെന്നും അറിയുന്നു.

ഞങ്ങളുടെ അടുത്ത പ്രദേശമാണിത്. അധികം ദൂരമില്ല. ബ്ലോഗർ ബൈജ് സുൽത്താന്റെ വീട് അടുത്താണെന്ന് തൊന്നുന്നു.

ബഷീർ said...

തുടൻ വാർത്ത വായിച്ചതിലെ വിവരമാണ്.

പണത്തിനു വേണ്ടി എന്തും ചെയ്യുന്നവരായി മനുഷ്യൻ അധപതിച്ചിരിക്കുന്നു :(

ബഷീർ said...

പുക മറകൾ നീ‍ങ്ങി സത്യം പുറത്ത് വന്നു
കുഞ്ഞിനെ കൊന്നവർ പിടിയിലായി
അയൽ വാസികളായ രണ്ട് പേർ ആഭരണ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് പാവംകുട്ടി മരണപ്പെട്ടത്.

കൊലപാതകികളെ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ മകൻ നഷ്ടപ്പെട്ട പിതാവിന്റെ രോഷം മനസ്സിലാക്കാൻ കഴിയാത്ത നമ്മുടെ പോലീസ് ആ പിതാവിനെ തല്ലിച്ചതച്ചതായി അറിയുന്നു.

സ്വർണ്ണാഭരണം കുഞ്ഞുങ്ങൾക്കെന്നല്ല മുതിർന്നവർക്കും ശത്രു തന്നെ.. സൂക്ഷിക്കുക

കാസിം തങ്ങള്‍ said...

നീചരായ അക്രമികള്‍ പടിക്കപ്പെട്ടു. പക്ഷേ പിഞ്ചു പൈതലിനെ ഇനിയൊരിക്കലും തിരിച്ച് കിട്ടില്ലല്ലോ. സ്വന്തം പൊന്നോമനയെ അരുംകൊല ചെയ്ത ദുഷ്ടരെ കണ്‍‌മുമ്പില്‍ കാണാനിടയായപ്പോള്‍ നിയന്ത്രണം വിട്ടു പോയ പിതാവിന്റെ മാനസിക നില മനസ്സിലാക്കാന്‍ പോലീസിന് കഴിയാതെ പോയത് വളരെ കഷ്ടം തന്നെ. കുട്ടികളെ സ്വര്‍ണ്ണാഭരണങ്ങളില്‍ പൊതിയാന്‍ ആര്‍ത്തി കാണിക്കുന്നവര്‍ ഇനിയെങ്കിലും ഓര്‍ക്കട്ടെ, അത് ഒരു പക്ഷേ തങ്ങളുടെ കുഞ്ഞുങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന്.

ഉല്ലാസ് ചേട്ടന്റെയും ബഷീര്‍ക്കയുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി.