Monday, July 27, 2009

ആ തണലും മറഞ്ഞു



ഈ ലോകജീവിതമൊരിക്കലും ശാശ്വതമല്ല. ഭൂമിയില്‍ അനശ്വരനാവാന്‍ ആര്‍ക്കും കഴിയുകയുമില്ല. അതിനാല്‍ തന്നെ മരണമെന്ന അനിവാര്യത നമ്മെത്തേടിയെത്താതിരിക്കില്ല. എങ്കിലും ചില വേര്‍പാടുകള്‍ നമ്മെ അഗാധമായി സ്പര്‍ശിക്കുന്നു. ഓര്‍മ്മകളുടെ തീച്ചൂളയില്‍ നാം വെന്തുരുകുന്നു. .നഷ്ടപ്പെടലിന്റെ ദു:ഖവും വേദനയും തീവ്രതയോടെ നമ്മെ വേട്ടയാടിക്കെണ്ടേയിരിക്കും. ഏതൊന്നിന്റെയും മൂല്യവും പവിത്രതയും സാന്നിധ്യത്തിന്റെ ശക്തിയുമെല്ലാം യഥാവിധി തിരിച്ചറിയുന്നത് അത് നഷ്ടപ്പെടുമ്പോള്‍ മാത്രമാണ്. ആ നഷ്ടം ഞാനുമിന്നനുഭവിക്കുന്നു. എന്റെ പ്രിയപ്പെട്ട പിതാവിന്റെ അകാല വിയോഗത്തിലൂടെ.

പിതാവിന്റെ സ്നേഹസാന്നിധ്യം നല്‍കുന്ന തണലും സുരക്ഷിതത്വവും അനിര്‍വ്വചനീയമായ അനുഭൂതി തന്നെ. വീടിന്റെയും കുടും‌ബത്തിന്റെയും വെളിച്ചമാണ് പിതാവ്. പിതാവിന്റെ പ്രഭ ചൊരിയുന്ന സാ‍ന്നിധ്യം വല്ലാത്തൊരു ഐശ്വര്യമാണ്. രോഗാവസ്ഥയിലാവട്ടെ, കിടപ്പിലാവട്ടെ അവരുടെ സാന്നിധ്യം ഒരു നിറവാണ്. പക്ഷേ ഇന്ന് ..... പിതാവില്ലാത്ത വീട്, അവിടം ഭയാനകമായ ശൂന്യത അനുഭവപ്പെടുന്നു. ഓരോ നിമിഷവും ഭീതിതമായി കടന്ന്പോകുന്നു.

ജീവിതത്തില്‍ പല മഹിത മാതൃകകളും ബാക്കി വെച്ചാണദ്ദേഹം യാത്ര പോയത്.ദുരിതങ്ങളേയും പ്രയാസങ്ങളേയും സമചിത്തതയോടെ നേരിടാനുള്ള മനക്കരുത്തും ആത്മബലവും ജീവിതത്തിലുടനീളം അദ്ദേഹം കൈവരിച്ചിരുന്നു. പ്രതിസന്ധികളുടെ മഹാപ്രവാഹങ്ങളെ സഹനത്തിന്റെ വന്‍‌മതിലുകള്‍ തീര്‍ത്തുകൊണ്ടാണദ്ദേഹം നേരിട്ടത്. ഒറ്റപ്പെടുത്താനും വഞ്ചിക്കാനും ശ്രമിച്ചവരോടൊന്നും ശത്രുതയുടെ ചെറുകണിക പോലും വെച്ച് പുലര്‍ത്തിയിരുന്നില്ല.നിറവാര്‍‌ന്ന പാണ്ഡിത്യത്തിലും സൌമ്യഭാവം അവിടുത്തെ പ്രത്യേകതയായിരുന്നു. ആരാധനകളിലും ചര്യകളിലുമെല്ലാം കണിശതയും കൃത്യനിഷ്ടയും പുലര്‍ത്തിയിരുന്ന അവിടുത്തെ കാര്‍ക്കശ്യം അപാരമായിരുന്നു. മഗ്‌രിബ് നിസ്കാരാനന്തരം മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ മുഴുകുമായിരുന്ന അദ്ദേഹത്തിന്റെ പതിവിന് എപ്പൊഴെങ്കിലും വിഘ്നം വന്നതായി ഇന്നോളമുള്ള എന്റെ ഓര്‍മ്മയിലില്ല. രോഗപീഡകള്‍ തളര്‍ത്തിയിരുന്നെങ്കിലും പൂര്‍ണ്ണമായി അദ്ദേഹത്തെ കീഴടക്കാന്‍ വാര്‍ധക്യത്തിനായില്ല. അവശതകളുടെ വല്ലായ്മകള്‍ക്കിടയിലും രാത്രിയിലെ അന്ത്യയാമങ്ങളിലെ നിശാനിസ്കാരത്തിന്റെ പതിവ് അദ്ദേഹം മുടക്കിയിരുന്നേയില്ല. യുവത്വത്തിന്റെ പൂര്‍ണ്ണാരോഗ്യാവസ്ഥയിലും സുഖനിദ്രയെ വല്ലാതെ പ്രണയിച്ച് നിശാനിസ്കാരത്തെയൊന്നും ഗൌനിക്കാതെ പോകുന്ന എനിക്ക് ഉപ്പ വല്ലാത്തൊരു വിസ്മയമാണ്.

എന്റെ അവധി കഴിഞ്ഞെത്തിയിട്ട് ഒരു വര്‍ഷത്തോടടുക്കുന്ന സമയത്താണ് വിധി ഉപ്പയെ മാടിവിളിച്ചത്. ഞാന്‍ റമളാനില്‍ അവധിക്ക് നാട്ടിലെത്തുമെന്ന് ഉമ്മ പറഞ്ഞപ്പോള്‍ അവന്റെ വരവ് പിന്നെയും നീണ്ട്പോയോ എന്ന ഉപ്പയുടെ മറുപടിയില്‍ ഒന്ന് കാണാനുള്ള അദമ്യമായ മോഹം ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. പക്ഷേ...... ജഗന്നിയന്താവിന്റെ അലം‌ഘനീയമായ വിധി മറ്റൊന്നായിരുന്നു. ജുലൈ 9 ന് (റജബ് 16) വ്യാഴാഴ്ച സുബ്‌ഹിയോടടുത്ത സമയത്ത് ഉപ്പ ഞങ്ങളില്‍ നിന്ന് പറന്നകന്നു. ആത്മാവ് ചിറകടിച്ചുയരുന്ന അവസാന നിമിഷത്തിലും ഒന്ന് കാണാനുള്ള ആ മോഹം സാധിച്ച്കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിങ്ങല്‍ വല്ല്ലാതെ നൊമ്പരപ്പെടുത്തുന്നു. നാഥാ, അവിടുത്തെ പരലോക ജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കണേ ആമീന്‍.

8 comments:

Typist | എഴുത്തുകാരി said...

ചില ദു:ഖങ്ങള്‍ സഹിക്കയല്ലാതെ വേറെ വഴിയില്ല. ഞാനും പങ്കു ചേരുന്നു ആ ദു:ഖത്തില്‍.

Anonymous said...

എല്ലാ ആത്മാവും മരണത്തിന്‍റെ രുചിയറിയുമെന്നു പ്രഖ്യാപിച്ച നാഥന്‍ താങ്കളുടെ പിതാവിനെയും അവന്‍റെ സ്വര്‍ഗീയ ഭവനം നല്‍കി അനുഗ്രഹിക്കട്ടെ...ആമീന്‍.

നൌഷാദ് ചാവക്കാട് said...

വിരുന്നുകാരായി ഭൂമിയില്‍ വരുന്ന നമ്മള്‍ മരണമെന്ന സത്യത്തെ അങീഗരിച്ചല്ലേ പറ്റൂ താങ്കളുടെ പിതാവിനു പടച്ചവന്‍ പരലോക ജീവിതം ധന്യമാക്കികൊടുക്കുമാറാകട്ടെ ആമീന്‍....

ഗീത said...

അച്ഛനെക്കുറിച്ചുള്ള പ്രയാന്റെ കവിത വായിച്ചതേയുള്ളു ഇപ്പോള്‍. ഇവിടേയും ആ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍.

തീര്‍ച്ചയായും കാസിമിന്റെ ഉപ്പക്ക് ശാന്തി നിറഞ്ഞൊരു ജീവിതമായിരിക്കും ഇപ്പോള്‍. സമാധാനിക്കൂ.

ബഷീർ said...

അല്ലാഹു താങ്കളുടെ പിതാവിന്റെയും നമ്മിൽ നിന്ന് വിട്ടകന്ന എല്ലാവരുടേയും ആഖിറം സന്തോഷപ്രദമാവട്ടെ. ..പിതാവിന്റെ വേർ പാടിൽ ദു:ഖത്തിൽ പങ്ക് ചേർന്ന് കൊണ്ട്. പ്രാർത്ഥനയോടെ..

ഇവിടെ വരാൻ വൈകിയതിൽ ക്ഷമിക്കുക. ..

monutty said...

ഇന്ന ലില്ലഹി വാ ഇന്ന ഇലയ്ഹി രാജിഹൂന്‍
പടച്ചവവാന്‍ നമ്മളെ എല്ലാവരെയും തങ്ങളുടേഉപ്പാടെ കൂടെ
സോര്‍ഗത്തില്‍ ഒരുമിച്ചു കൂടട്ടെ ആമീന്‍

കാസിം തങ്ങള്‍ said...

എഴുത്തുകാരി,
അബ്ദുസ്സലാം,
നൌഷാദ്,
ഗീത്,
ബഷീര്‍ക്ക,
മോനുട്ടി,

ഒരുമപ്പെടലിനും സന്ദര്‍ശനത്തിനും നന്ദി.

Vahab MPM said...

ഞനും പ്രർത്തികാം