Wednesday, October 30, 2013

ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങള്‍.

ചില കാര്യങ്ങള്‍ തീരെ നിസ്സാരമെന്ന് നമുക്ക്  തോന്നിയേക്കാം. എന്നാല്‍ മറ്റുള്ളവര്‍ക്കത് എത്രയോ വലിയതായി അനുഭവപ്പെടുന്നുവെന്നറിയുമ്പോഴാണ് അവയുടെ വില നമുക്ക് ബോധ്യപ്പെടുന്നത്.    ചെറുതും നിസ്സാരവുമൊന്നു നാം കരുതുന്നവയെക്കുറിച്ച് മറ്റുള്ളവര്‍ അഭിമാനം കൊള്ളുകയും അതിരറ്റ് സന്തോഷിക്കുകയും ചെയ്യുമ്പോഴാണ്  യഥാര്‍ത്ഥ സാഫല്യം നമുക്ക് ലഭിക്കുന്നത്. ജീവിതാനുഭവങ്ങളില്‍ നിന്നും ഉദാഹരങ്ങളൊരുപാട്  നിരത്താനുണ്ടാകും നമുക്ക്. കഴിഞ്ഞ അധ്യാപക ദിനത്തില്‍ ഹൈസ്കൂളില്‍ പഠിപ്പിച്ചിരുന്ന ഫിസിക്സ് അധ്യാപകനായ ശിവന്‍ മാഷെക്കുറിച്ച് ചെറിയൊരു കുറിപ്പ് കണ്ണുരുട്ടി മാഷ് എന്ന പേരില്‍ ബ്ലോഗില്‍ ഇട്ടിരുന്നു. ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും പ്രിയപ്പെട്ട മാതൃകായോഗ്യനായ ഗുരുനാഥനെക്കുറിച്ച് എന്തെങ്കിലുമൊന്ന് എഴുതണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. ആ അഭിലാഷം പൂവണിഞ്ഞപ്പോള്‍ മാഷുമായി അടുപ്പമുള്ള നാട്ടിലെ സുഹൃത്തിനു അതിന്റെ ലിങ്ക് അയച്ചു കൊടുത്തിരുന്നു.   അവന്‍ അതിന്റെ പ്രിന്റെടുത്ത് അധ്യാപക ദിനത്തിന്റെ സമ്മാനമായി മാഷിന്റെ വീട്ടിലെത്തിച്ചുകൊടുത്തു. അതു വായിച്ചു  കഴിഞ്ഞപ്പോള്‍ മാഷിനുണ്ടായ സന്തോഷവും ആനന്ദവും കാണേണ്ടത് തന്നെയായിരുന്നുവെന്നും   അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാ‍യിരുന്നുവെന്നും സുഹൃത്ത് അറിയിച്ചപ്പോഴാണ് ഒന്നുമല്ലെന്ന്  കരുതിയ ആ കുറിപ്പ്  മാഷ് എത്രത്തോളം ഇഷ്ടപ്പെട്ടുവെന്നു മനസ്സിലായത്.   ശിഷ്യഗണത്തില്‍പ്പെട്ടവര്‍  തങ്ങളെക്കുറിച്ച് കോറിയിടുന്ന ഓരോ വരിയും ഒരധ്യാപകന്റെ മനസ്സിന്  എന്തുമാത്രം ആഹ്ലാദം നല്‍കുന്നതാണെന്ന് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. 

ഇതാണ് ഞങ്ങളുടെ ശിവന്‍ മാഷ്.


പെരുന്നാള്‍ ലീവിനു നാട്ടിലെത്തിയപ്പോള്‍ സുഹൃത്തുക്കളുമൊത്ത് മാഷിന്റെ വീട്ടില്‍ പോകാന്‍ കഴിഞ്ഞു. നേരില്‍ കണ്ടപ്പോളും മാഷ് സന്തോഷം മറച്ചുവെച്ചില്ല. മാഷെക്കുറിച്ചെഴുതിയ പോസ്റ്റിനു ‘കണ്ണുരുട്ടി മാഷ്’ എന്ന തലവാചകം കൊടുക്കുമ്പോള്‍ അദ്ദേഹത്തിനത് അനിഷ്ടകരമാകുമോ എന്നൊരാശങ്കയുണ്ടായിരുന്നു. എന്താടോ താന്‍ എന്നെ ആളുകളുടെ മുമ്പില്‍ കണ്ണുരുട്ടി ആക്കിയല്ലേ എന്ന് തമാശ പറഞ്ഞുകൊണ്ട് സ്വീകരിച്ചിരുത്തിയപ്പോഴാണ് ആ ശങ്കയൊഴിഞ്ഞത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും  ഇപ്പോഴും തന്നെ ഓര്‍ക്കുകയും കാണുമ്പോള്‍ ഓടിവന്ന് വിശേഷങ്ങള്‍ ചോദിച്ചറിയുകയും സന്ദര്‍ശിക്കാനെത്തുകയും ചെയ്യുന്ന ശിഷ്യസമ്പത്തിനെക്കുറിച്ച് അഭിമാനത്തോടെയാണ് മാഷ് ഓര്‍ത്തെടുക്കുന്നത്. വാര്‍ധക്യത്തിന്റെ അവശതകള്‍ വല്ലാതെ ഏശിയിട്ടില്ലെങ്കിലും പ്രിയതമയുടെ വിരഹത്തിന്റെ നൊമ്പരത്തീയില്‍ ഞെരിഞ്ഞമര്‍ന്ന് ഏകാന്തതയുടെ ഉപാസകനെപ്പോലെ കഴിയുമ്പോഴും ശിഷ്യര്‍ തന്നോടു കാണിക്കുന്ന സ്നേഹാദരവുകളെക്കുറിച്ച് പറയാന്‍ മാഷിന് എന്തെന്നില്ലാത്ത ആവേശം. എത്രയോ വര്‍ഷങ്ങള്‍ക്കപ്പുറത്തെ ബന്ധങ്ങളെ തേച്ച് മിനിക്കിയെടുത്ത്  എണ്‍പതിന്റെ പടിവാതിലിലെത്തി നില്‍ക്കുന്ന തന്നെത്തേടിയെത്തുന്ന ശിഷ്യഗണങ്ങളെയോര്‍ത്ത് മാഷ് അല്‍ഭുതം കൂറുകയാണ് . മാഷെപ്പോലെയൊരു ഗുരുനാഥനെ ഓര്‍ക്കാതിരിക്കുന്നിടത്താണാശ്ചര്യമെന്ന് അപ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു.  വിദ്യാര്‍ത്ഥികളുടെ സ്നേഹാദരവുകള്‍ നേടിയെടുത്ത് അവരുടെ ഹൃദയങ്ങളില്‍ കുടിയേറാന്‍ കഴിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ അംഗീകരമായി അദ്ദേഹം കാണുന്നത്. പെയ്ഡ് അവാര്‍ഡുകളുടെ പെരുമഴക്കാലത്ത് കുറുക്കുവിദ്യയിലൂടെ ഒപ്പിച്ചെടുക്കാനാവുന്നതല്ലല്ലോ ഈ അംഗീകാരം. ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്ത് പോയകാല നന്മകളുടെ ഓളപരപ്പില്‍ കുറച്ച് നേരമങ്ങനെ ഞങ്ങള്‍ ഒഴുകി നടന്നു . ജീവിത സഖിയുടെ അകാല വിയോഗം തീര്‍ത്ത ഒറ്റപ്പെടലിന്റെ തീരാവ്യഥയില്‍ ഉള്ളം വെന്തുരുകുന്നതിന്റെ നീറ്റല്‍ പലപ്പോഴും അദ്ദേഹത്തിന്റെ  വാക്കുകളില്‍ പ്രകടമായിരുന്നു . ബ്ലോഗിലെ കുറിപ്പില്‍ ചേര്‍ക്കാന്‍ മാഷിന്റെ ഒരു ഫോട്ടോ കിട്ടിയാല്‍ കൊള്ളാമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പേരും പ്രശസ്തിയും ഒട്ടും ആഗ്രഹിക്കാത്തയാളാണ് മാഷെന്നറിയുന്നതിനാല്‍ ചോദിക്കാന്‍ വൈമനസ്യം തോന്നിയെങ്കിലും ആവശ്യപ്പെട്ടപ്പോള്‍  നീരസമൊന്നും പ്രകടിപ്പിച്ചില്ല. .  അല്പ സമയത്തെ സമാഗമത്തിനു ശേഷം മാഷിന്റെ ഒരു ഫോട്ടോയും വാങ്ങി യാത്രപറഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍  പഴയ കലാലയ മുറ്റത്ത് നിന്ന് പടിയിറങ്ങി വരുന്നൊരു പ്രതീതി.

13 comments:

ശ്രീ said...

വളരെ നന്നായി, മാഷേ. ശിവന്‍ മാഷിനെ കുറിച്ചെഴുതിയ പോസ്റ്റ് മറന്നിട്ടില്ല...

sm sadique said...

അദ്ധ്യാപക-വിദ്യാർഥി ബന്ധത്തിൽ ഇക്കാലത്തും നല്ല മാതൃകകൾ... ആശംസകൾ...

prachaarakan said...

ഗുരു ശിഷ്യ ബന്ധത്തിന്റെ ഊഷമളതകൾ നഷ്ടപ്പെടുകയാണ്.. പോയകാലത്തിന്റെ നന്മകൾ ർണ്ട് കൂട്ടരിലും ഇന്ന് ചുരുങ്ങിയിരിക്കുന്നു .. എന്നും ഓർക്കപ്പെട്ന്ന ഗുരുക്കന്മാർ അത് ഏതൊരു വിദ്യാർഥിയുടെയും വെളിച്ചമാണ്.ഓർമ്മിക്കപ്പെടുന്നത് അദ്ധ്യാപകർക്കുള്ള അംഗീകാരവും ബഹുമാനവും.. ഈ കുറുപ്പും അത്തരത്തിലൊന്നാണ്..ആശംസകൾ

ajith said...

ഗുരുത്വം ഉണ്ടാകട്ടെ

ബഷീർ said...

ഗുരുത്വം എന്നത് വില കൊടുത്തുവാങ്ങാൻ കഴിയാത്ത ഒന്നാണ്..ഇന്നത് നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.. ഗുരു ശിഷ്യ ബന്ധത്തിന്റെ മഹത്വം ഉത്ഘോഷിക്കുന്ന ഈ പോസ്റ്റ് വളരെ നന്നായി..

നളിനകുമാരി said...

നല്ല വിഷയം.ഇന്ന് ദുര്‍ലഭമായ ഗുരുത്വം..
തങ്ങളെ ഇവിടെ കണ്ടതില്‍ സന്തോഷം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പഴയ സർക്കാർ സ്കൂളുകളിൽ ഉണ്ടായിരുന്ന മിക്ക അദ്ധ്യാപകരും വളരെ നല്ല അദ്ധ്യാപകർ തന്നെ ആയിരുന്നു. എനിക്കും അങ്ങനെ ഉള്ള ഒരുപാട് അദ്ധ്യാപകരെ കിട്ടാൻ ഭാഗ്യമുണ്ടായി.

നല്ല ഓർമ്മകൾ

ഫൈസല്‍ ബാബു said...

ഇന്ന് വായിച്ച ഒരു നല്ല പോസ്റ്റ്‌ .. ഈ ബ്ലോഗിലെത്താന്‍ ഞാന്‍ വൈകിയോ ?

Pinnilavu said...

അധ്യാപകരെക്കുറിച്ച് ഇങ്ങനെ ഓര്‍ക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാണ്.ആശംസകള്‍ ,കണ്ണുരുട്ടി മാഷ്ക്കും താങ്കള്‍ക്കും.

Cv Thankappan said...

ഗുരുശിഷ്യബന്ധത്തിന്‍റെ നന്മയുടെ തിളക്കമാര്‍ന്ന ഓര്‍മ്മകള്‍....
ആശംസകള്‍

Pradeep Kumar said...

നല്ല അദ്ധ്യാപകര്‍ക്കുള്ള അംഗീകാരം ഇതുപോലുള്ള ശിഷ്യസമ്പത്താണ്. ഗുരുനാഥന് എന്റെയും ആദരവുകള്‍....

Sangeeth K said...

രണ്ടു പോസ്റ്റുകളും വായിച്ചു...വളരെ നന്നായി തോന്നി...ഇതുപോലുള്ള നല്ല ഗുരുക്കന്മാരും നല്ല ശിഷ്യരും തന്നെയാണ് ഈ നാടിനാവശ്യം...

Musthu Urpayi said...

നല്ല മാതൃകകൾ