Tuesday, November 25, 2014

മരണം വിലക്കു വാങ്ങുന്നവര്‍.



മരണം.
എത്ര മേല്‍ വേഗമാണത് ജീവനുമെടുത്ത് കടന്നു കളയുന്നത്.
മുമ്പ് വാര്‍ധക്യമരണങ്ങളായിരുന്നു കൂടുതലും. എന്നാലിന്ന്  സ്വപ്നങ്ങള്‍ വാടിക്കരിഞ്ഞ് പാതിവഴിയില്‍ ഞെട്ടറ്റുവീഴുകയാണു പലരും. വര്‍ധിച്ചു വരുന്ന റോഡപകടങ്ങളിലൂടെ കൂടുതലും ഹോമിക്കപ്പെടുന്നത് ചെറുപ്പം വിട്ടുമാറാത്തവരുടെ പിടയുന്ന ജീവനുകളാണ് . എന്നാല്‍ അതിനേക്കാള്‍ ഭീതിതമാണു മാരകരോഗങ്ങള്‍ക്കും മാറാവ്യാധികള്‍ക്കും അടിമപ്പെട്ട് നരകയാതന അനുഭവിക്കുന്നവരുടേയും ജീവന്‍ വെടിയേണ്ടി വരുന്നവരുടേയും അവസ്ഥ. ഇതിലും പ്രായമേറിയവരേക്കാള്‍ കൂടുതലും യുവജനങ്ങള്‍ തന്നെയാണു.

സാരമില്ലെന്ന് നാം കരുതുന്നൊരു വേദന, നിസ്സാരമെന്ന് തോന്നുന്നൊരു തടിപ്പ്, അതായിരിക്കാം നമ്മെ കാര്‍ന്നു തിന്നുന്നൊരു മഹാവിപത്തായി നമ്മില്‍ പടര്‍ന്നു പിടിക്കുന്നത്. ആരെ കുറ്റം പറയാന്‍ ? ആരോട് പരിതപിക്കാന്‍ ? നമ്മുടെ ജീവിത സാഹചര്യങ്ങള്‍ അത്രമേല്‍ മാറിപ്പോയിരിക്കുന്നു. ക്യാന്‍സറും കരള്‍ രോഗങ്ങളും വൃക്കസംബന്ധമായ അസുഖങ്ങളും ഹാര്‍ട്ട് അറ്റാക്കുകളും പ്രഷറും കൊളസ്ട്രോളും തുടങ്ങീ ഏത് വ്യാധികള്‍ക്കും എളുപ്പം കടന്നുവരാനുള്ള വാതിലുകള്‍ നാം തന്നെയല്ലേ തുറന്നിട്ടിരിക്കുന്നത്. കമ്പോള സംസ്കാരത്തിന്റെ അടിമകളായി മാറിപ്പോയ നാം എത്രയോ മാരകമായ വിഷാംശങ്ങളാണു നിത്യേന സേവിച്ചു കൊണ്ടിരിക്കുന്നത്. മായം കലരാത്ത ഭക്ഷ്യവസ്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലേക്ക് ലോകം മാറിപ്പോയതിന്റെ ദുരന്തഫലം തന്നെയല്ലേ ഇന്ന് നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന മിക്ക മാരകരോഗങ്ങളുടേയും അടിസ്ഥാനം. വിപണിയിലെത്തുന്ന ഏതെങ്കിലുമൊന്ന് മായത്തില്‍ നിന്നു മുക്തമാണോ ? പാലക്കാടന്‍ മട്ടയെന്ന പേരില്‍ ചുകന്ന ചായം മുക്കി വരുന്നതാണെന്നറിഞ്ഞിട്ട് പോലും  ആ അരി ഉപയോഗിക്കാതെ നമുക്ക് നിവൃത്തിയില്ല. മസാലപ്പൊടികളില്‍, പച്ചക്കറികളില്‍, മാംസങ്ങളില്‍ അങ്ങിനെ എന്തിലും ഏതിലും വിഷാംശങ്ങള്‍ കുത്തിനിറച്ച് നമ്മുടെ മുമ്പിലേക്കെത്തുമ്പോള്‍ നാമറിയാതെ മാരകരോഗങ്ങള്‍ നമ്മിലേക്ക് വ്യാപരിക്കപ്പെടുകയാണു.

അപകടകരമായ ഹോര്‍മോണുകള്‍   കുത്തിനിറച്ച് കൃതിമ വലിപ്പം വെപ്പിക്കുന്ന ഇറച്ചിക്കോഴികളെതിന്നുതിന്നു നാടന്‍ കോഴി ഇറച്ചിയുടെ രുചി പോലും നമ്മുടെ നാവുകള്‍ക്ക് പിടിക്കാതായിരിക്കുന്നു.  മുറത്തില്‍ ചേറി മാലിന്യങ്ങള്‍ നീക്കം ചെയ്തതിനു ശേഷം പൊടിച്ചെടുത്തിരുന്ന അരിയുള്‍പ്പെടെയുള്ള ധാന്യ - വ്യജ്ഞനപ്പൊടികള്‍ക്ക് പകരം  ആകര്‍ഷകമായ പേക്കറ്റുകളില്‍ വിഷാംശങ്ങള്‍ കുത്തിനിറച്ച് കമ്പോളത്തിലെത്തുന്ന പൊടിക്കൂട്ടുകളാണു നമുക്കിന്നാശ്രയം. എന്തിനേറെ, നിഷ്‌പ്രയാസമുണ്ടാക്കാന്‍ കഴിയുന്ന അച്ചാറുകള്‍ക്കും ഉപ്പിലിട്ടതിനും വരെ കമ്പോളത്തെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് നാം എത്തപ്പെട്ടിരിക്കുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് വരെ വീട്ടിലെ അടുക്കളയില്‍  ഉണ്ടാക്കിയെടുത്തിരുന്ന രുചികരമായ പലഹാരങ്ങളെല്ലാം തന്നെ നമ്മുടെ വീടുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. സ്വാദൂറുന്ന അച്ചപ്പവും ഉണ്ണിയപ്പവും നെയ്യപ്പവുമെല്ലാം  മുമ്പ് നമ്മുടെ ഉമ്മമാരുടേയും സഹോദരിമാരുടേയും കൈപുണ്യത്തിന്റെ മികവായിരുന്നുവെങ്കില്‍  ഇന്ന് അവ പൂതിക്ക് തിന്നണമെങ്കില്‍ പോലും ബേക്കറികളിലെത്തുന്ന പേക്കറ്റ് പലഹാരങ്ങളെ ആശ്രയിക്കുകായല്ലാതെ വഴിയില്ലാതായിരിക്കുന്നു.

കഠിനാധ്വാനമേതുമില്ലാതെ എളുപ്പത്തില്‍  കൃഷിചെയ്തെടുക്കാവുന്ന കറിവേപ്പിലക്കും പച്ചമുളകിനും വരെ തമിഴന്റെ ലോറിയെ കാത്തിരിക്കുന്നവരാണ് നാം. പ്രകൃതി വരദാനമായി നമുക്ക് നല്‍കിയിരുന്ന എത്രയെത്ര വിളകളെയാണു നാം വിസ്മൃതിയിലേക്ക് തള്ളിയിട്ടത്. ചേമ്പും കാവത്തും കൂര്‍ക്കയും കുവ്വയും ചേനയും പയറും മരച്ചിനിയും മധുരക്കിഴങ്ങുമെല്ലാം നമ്മുടെ അടുക്കളത്തോട്ടങ്ങളിലും പറമ്പുകളിലും നിറഞ്ഞ് വിളഞ്ഞ് നിന്നിരുന്ന ഇന്നലെകള്‍ എത്ര പെട്ടെന്നാണു നാം മറന്നു പോയത്. പോഷകങ്ങള്‍ നിറഞ്ഞ  ഭക്ഷ്യവസ്തുക്കള്‍ വിളയിച്ചെടുക്കാന്‍ പര്യാപ്തമായ നമ്മുടെ മണ്ണില്‍ നിന്ന്  വേരോടെ പിഴുതെറിഞ്ഞവയെല്ലാം ഇന്ന് കമ്പോളത്തില്‍ നിന്ന് വിഷം പുരട്ടിയ നിലയില്‍ വാങ്ങി ഭക്ഷിക്കുകയണു നാം.  നമ്മുടെ വീടുകളില്‍ ഇഷ്ടം പോലെ വിളഞ്ഞ് നിന്നിരുന്ന പപ്പായ (പപ്പക്കായ) പലപ്പോഴും പക്ഷികള്‍ക്കും അണ്ണാറക്കണ്ണനും ഭക്ഷണമാകുകയല്ലാതെ നമുക്കാവശ്യമില്ലായിരുന്നു. എന്നാല്‍ അതിന്റെ പോഷകഗുണങ്ങള്‍ അറിഞ്ഞ്തുടങ്ങിയപ്പോള്‍ രാസവളങ്ങളും ഹോര്‍മോണുകളും കുത്തിനിറച്ച് വിപണിയിലെത്തുന്ന പപ്പായ അമിത വിലകൊടുത്ത് വാങ്ങി ഭക്ഷിക്കുകയാണ് നാമിന്ന്. ഇതൊരുദാഹരണം മാത്രം.   ലാഭക്കൊതിയാല്‍ എന്ത് മറിമായവും ചെയ്യാന്‍ മടികാണിക്കാത്ത ആര്‍ത്തിപണ്ടാറങ്ങളാല്‍ അടക്കിവാഴപ്പെടുന്ന കമ്പോളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന നമുക്ക് മാരകവിപത്തുകള്‍ വന്നുപെട്ടില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ.  നമുക്കാവശ്യമായ പച്ചക്കറികളും മറ്റും ഉള്ള സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വന്തമായി വിളയിച്ചെടുക്കാന്‍ ഒന്ന് പരിശ്രമിക്കുക പോലും ചെയ്യാത്ത നാം ഒരര്‍ത്ഥത്തില്‍  മരണം  വിലക്കു വാങ്ങുകയാണ്. ഒട്ടകത്തെ കെട്ടിയിട്ടതിനു ശേഷം അല്ലാഹുവില്‍ തവക്കുലാക്കണമെന്നാണു തിരുനബി (സ) പഠിപ്പിച്ചിട്ടുളളത്. അഥവാ നാം ചെയ്യേണ്ടത് നാം ചെയ്തേ പറ്റൂ. അത്യന്തം അപകടകരമായ വിഷാംശങ്ങള്‍ നിത്യവും വലിച്ച് കയറ്റിയിട്ട് മാരകമായ രോഗങ്ങളില്‍ നിന്ന് കാക്കണെ എന്ന് വിലപിക്കുന്ന നാം തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ വിഢികള്‍!

7 comments:

ajith said...

വിപത്ത് വിലയ്ക്ക് വാങ്ങുന്നു

Sudheer Das said...

പ്രസക്തമായ വിഷയം. ഇത്തരം ചിന്തകള്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്.

ബഷീർ said...

കാര്യമാത്രപ്രസക്തമായ ലേഖനം.. നന്നായി.. ചെറു ചലനങ്ങൾ സൃഷ്ടിക്കാൻ കാരണമായെങ്കിൽ.. ആശംസകൾ

ശ്രീ said...

തികച്ചും ചിന്തനീയമായ വിഷയം...

Cv Thankappan said...

വീട്ടില്‍ പാചകംചെയ്യാന്‍ മടികാണിക്കുന്നവരുമുണ്ട്‌.കാറ്ററിംഗ്ക്കാരെയും,ഹോട്ടലുകളിലെ പാക്കേജുകളെയും ആശ്രയിക്കുന്നവര്‍..
അങ്ങനെയുള്ള മിക്കവരും ആപത്ത് വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്‌..
ചിന്താര്‍ഹമായ ലേഖനം
ആശംസകള്‍

ആചാര്യന്‍ said...

നമുക്കാവശ്യമായ പച്ചക്കറികളും മറ്റും ഉള്ള സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വന്തമായി വിളയിച്ചെടുക്കാന്‍ ഒന്ന് പരിശ്രമിക്കുക പോലും ചെയ്യാത്ത നാം ഒരര്‍ത്ഥത്തില്‍ മരണം നാം വിലക്കു വാങ്ങുകയാണ്.

© Mubi said...

നാട്ടില്‍ വളരുന്ന കുട്ടികള്‍ "നെല്‍ മരം" കാണിച്ചു തരാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ കരയണോ ചിരിക്കണോ എന്നറിയാതെ കുഴയുന്നു മുതിര്‍ന്നവര്‍. അത്രക്കായിട്ടുണ്ട് കാര്യങ്ങള്‍... ലേഖനം നന്നായി :)