Tuesday, April 29, 2008

മയങ്ങുന്ന ദൈവ രാജ്യം

കുടിയന്‍ എന്ന് കേള്‍ക്കുന്നതേ ഭയങ്കര ഭയമായിരുന്നു ചെറുപ്പത്തില്‍. "സാധനം" അകത്ത് ചെന്നാലുണ്ടാകുന്ന പുകിലുകള്‍ തൊട്ടടുത്ത് താമസിച്ചിരുന്ന വേലായുധനിലൂടെ ഞങ്ങള്‍ അയല്‍വാസികള്‍ ആവോളം അറിഞ്ഞിരുന്നു. അഷ്ടിക്ക് വക കണ്ടെത്താന്‍ കൂലിവേല ചെയ്യുന്നവനാണ്‌ വേലായുധന്‍. എല്ലുമുറിയെ പണിയെടുക്കാന്‍ യാതൊരു മടിയുമില്ല.പക്ഷേ വൈകുന്നേരമായാല്‍ നന്നായൊന്ന് മിനുങ്ങണം. കാലുകള്‍ ഭൂമിയിലുറക്കാതെ, ആടിയാടി ,ഭൂലോകതെറികള്‍ മുഴുവനും ഉരുവിട്ടുള്ള ആ വരവറിഞ്ഞാല്‍ തന്നെ കുട്ടികള്‍ പേടിച്ച് വിറക്കാന്‍ തുടങ്ങും. വീട്ടിലെത്തിയാല്‍ സ്ത്രീകളെ ദേഹോപദ്രവമേല്‍പ്പിക്കല്‍ സാധനസാമഗ്രികള്‍ എടുത്തെറിയല്‍ തുടങ്ങിയ വിക്രിയകളായി പിന്നെ.അടിച്ച സാധനത്തിന്റെ ലഹരിയടുങ്ങുവോളം ഇത് തുടരുകയും ചെയ്യും. കുടിയന്‍മാരെ വളരെ പുച്ചത്തിലും അവജ്ഞയിലുമാണ്‌ അന്നൊക്കെ സമൂഹം വീക്ഷിച്ചിരുന്നത്.വീട്ടിലെ ഒരംഗം മദ്യപിക്കുന്നത് കുടുംബത്തിന്‌ മൊത്തം അപമാനമായി കണ്ടിരുന്നവര്‍ ജാതി മത ഭേദമന്യേ എല്ലാവരിലുമുണ്ടായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറിയല്ലോ."വെള്ളമടിക്കില്ലെന്ന് " പറഞ്ഞാല്‍ ഒരു കുറവാണെന്ന് പറയുന്നവര്‍ വരെയുണ്ട്. കേരളത്തിന്റെ മദ്യാസക്തി അറിയാന്‍ വൈകുന്നേരങ്ങളില്‍ ഏതെങ്കിലും ബിവറേജെസ് ഷോപ്പ് വഴി ഒന്ന് പോയി നോക്കിയാല്‍ മതി.അത്രയ്ക്ക് വലിയ നീണ്ട നിര തന്നെ അവിടെ കാണാന്‍ കഴിയും. ആധുനിക യുഗത്തില്‍ എല്ലാം മാറ്റത്തിന്‌ വിധേയമാവുമ്പോള്‍ കുടിയന്‍മാരയിട്ട് എന്തിന് മുഖം തിരിഞ്ഞ് നില്‍ക്കണം. വിദേഷ മദ്യമാണല്ലോ ഇപ്പോള്‍ കേരളത്തിന്റെ ഇഷ്ട വിഭവം. തങ്ങളുടെ പേരിലുമിരിക്കട്ടെ ഒരു മാറ്റം എന്ന് ഇവര്‍ ചിന്തിച്ച് കാണും. കുടിക്കുന്നത് കള്ളായാലും വിദേശിയായാലും കുടിയന്‍ കുടിയന്‍ തന്നെ. പക്ഷേ ഇന്ന് മദ്യപാനി എന്ന വാക്കണല്ലോ കൂടുതല്‍ പ്രിയം. കുടിയന്‍ എന്നു വിളിച്ചാല്‍ തല്ല്‌ കൊള്ളാത്തത് ഭാഗ്യം. കുടിച്ച് മുടിച്ച് തുലക്കുന്ന കണക്ക് ഓരോ ആഘോഷ വേളകളിലും നാമറിയുന്നതാണല്ലോ.മദ്യപാനം വരുത്തിവെക്കുന്ന വിനകള്‍ അറിയാത്തവരല്ല ആരും. എന്നിട്ടും മദ്യമൊഴുക്ക് തുടന്ന് കൊണ്ടോയിരിക്കുന്നു. നൈമിഷികമായ ലഹരി നുണയുമ്പോള്‍ എത്രയോ മാരകമായ അസുഖങ്ങളിലേക്കുള്ള കവാടകങ്ങള്‍ കൂടി തുറക്കപ്പെടുകയണെന്ന സത്യം സൌകര്യപൂര്‍വ്വം വിസ്മരിക്കപ്പെടുന്നു. ഇതിനെല്ലാം പുറമെ മദ്യപാനം വരുത്തിവെക്കുന്ന സാമൂഹിക ദുരന്തങ്ങള്‍ എത്രയോ ഭയാനകമാണ്.കൊലപാതകങ്ങള്‍ക്കും കൂട്ട ആത്മഹത്യകള്‍ക്കും പലപ്പോഴും ലഹരി ഒരു കാരണമാവാറുണ്ടെന്നത് നിഷേധിക്കാനാവില്ല.മദ്യം ഉണ്ടാക്കരുത്, കഴിക്കരുത് എന്നെല്ലാം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ തന്നെ മദ്യ - സ്പിരിറ്റ് രാജാക്കന്‍മാരുടെ അരമനകളില്‍ മാസപ്പടിക്കു വേണ്ടി തലയില്‍ മുണ്ടിട്ട് ഞരങ്ങി നടക്കുന്നത് നാം എത്രയോ കണ്ടതാണ്.മനുഷ്യന്റെ അധമ വാസനകളെ പരിപോഷിപ്പിക്കാന്‍ മാത്രമുതകുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷിത വലയത്തില്‍ നിന്ന് മോചനം നേടാന്‍ ധാര്‍മിക- സദാചാര മൂല്യങ്ങളിലേക്കുള്ള തിരിച്ച് പോക്ക് അനിവാര്യമാണ്.

9 comments:

Raihan said...

karlo duniya mitty may

ബഷീര്‍ വെള്ളറക്കാട്‌ said...

മദ്യപാനി എന്ന പേരു മാറി.. ഇപ്പോള്‍ വെള്ളമടി, വീശല്‍ എന്നൊക്കെയാ പുതിയത്‌..

തിന്മകളെ ലഘൂകരിച്ച്‌ എവിടെയെത്തിക്കുമെന്നറിയില്ല..

പണ്ട്‌ അന്യന്റെ സാധനങ്ങള്‍ അപഹരിക്കുന്നതിനു കക്കുക, കളവ്‌ നടത്തുക എന്നൊക്കെയായിരുന്നു. ഇപ്പോള്‍ പൊക്കുക , അടിച്ചു മാറ്റുക.. എന്നൊക്കെയാക്കി പരിഷ്കരിച്ചില്ലേ..

ജാതി മത കക്ഷി രാഷ്ടീയ ഭേതമന്യേ എല്ലാവരും ഐക്യത്തോടെ ഒരുമിക്കുന്ന ഒരേ ഒരു സ്ഥലം..ഭൂമിയില്‍ അതാണത്രെ.. മദ്യശാല..

യാരിദ്‌|~|Yarid said...

മദ്യം വിഷമാണ്, അതു കുടിക്കാനും വിഷമാ‍ണ്!!!!

പിന്നെ മദ്യവും മയക്കുമരുന്നും ഒഴിവാക്കിയാല്‍ ഈ സമൂഹത്തിന്റെ ധാര്‍മ്മിക-സദാചാരബോധങ്ങള്‍ കൂടുമൊ!!!?

ഫസല്‍ said...

ധാര്‍മിക- സദാചാര മൂല്യങ്ങളിലേക്കുള്ള തിരിച്ച് പോക്ക് അനിവാര്യമാണ്.

ശിവ said...

എനിക്കൊന്നും പറയാനില്ല....

താരാപഥം said...

മദ്യപാനം മാത്രമല്ല സദാചാരമൂല്യങ്ങള്‍ തകര്‍ക്കുന്ന ശീലങ്ങള്‍. നല്ല സദാചാരബോധമുള്ളവന്‍ മദ്യം കഴിച്ചാലും ഒന്നും സംഭവിക്കുന്നില്ല. മനസ്സില്‍ നന്മയുണ്ടാവുക. എല്ലാവരെയും ബഹുമാനിക്കുക. ഏതു പരിതസ്ഥിതിയിലും ഞാന്‍ ഞാനാണെന്ന ബോധം ഉണ്ടാവുക. ഒരാള്‍ മദ്യം കഴിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ കണ്ടുനില്‌ക്കുന്നവര്‍ക്ക്‌ സദാചാരബോധം ഇല്ലാത്തതുകൊണ്ടാണ്‌.

കാസിം തങ്ങള്‍ said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി.

യാരിദ്, മദ്യവും മയക്കുമരുന്നും ധാര്‍മിക അപചയങ്ങള്‍ക്ക് കാരണമാവുന്നതിനാല്‍ അവ ഒഴിവാക്കിയാല്‍ ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുമല്ലോ.

താരാപഥം,
മദ്യം കഴിച്ചവന്‌ ഏത് പരിതസ്ഥിതിയിലും ഞാന്‍ ഞാനാണെന്ന ബോധമോ തിരിച്ചറിവോ ഉണ്ടാകുന്നില്ലെന്ന് തെളിയിക്കാന്‍ ഉദാഹരണങ്ങള്‍ നിരത്തേണ്ട കാര്യമില്ലല്ലോ. മദ്യവും മയക്കുമരുന്നും സേവിക്കുമ്പോള്‍ അതിന്റെ ലഹരിയില്‍ മനസ്സിലെ നന്‍മയും മറ്റു സല്‍ഗുണങ്ങളും അധമ വാസനകള്‍ക്ക് കീഴടങ്ങുകയാണ്. മദ്യസേവയില്‍ കേരളം ബഹുദൂരം മുമ്പോട്ട് കുതിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇന്നത്തെ പത്രങ്ങളില്‍ കാണാനിടയായി. കേരളത്തില്‍ നടക്കുന്ന റോഡപകടങ്ങളിലേറെയും മദ്യപിച്ച് വഹനമോടിക്കുന്നത് മൂലമാണെന്ന് കണ്ടെത്തിയിരിക്കുന്നു.മദ്യലഹരിയില്‍ കാട്ടികൂട്ടുന്ന മുഴുവന്‍ വിക്രിയകള്‍ക്കും കാരണം കണ്ട് നില്‍ക്കുന്നവരുടെ സദാചാരബോധമില്ലായ്മ കൊണ്ടാണെന്ന താങ്കളുടെ കണ്ടെത്തല്‍ വിചിത്രമായി തോന്നുന്നു.

താരാപഥം said...

താങ്കള്‍ പറയുന്ന യുവാക്കളുടെ മദ്യാസക്തിയെക്കുറിച്ചുള്ള വാര്‍ത്ത ഇതാ ഇവിടെ.
ഈ കണക്കനുസരിച്ച്‌ താങ്കള്‍ പറയുന്ന രീതിയിലുള്ള മദ്യപാനികളുടെ സദാചാരബോധമില്ലായ്മ, വിക്രിയകള്‍, അധമ വാസനകള്‍ തുടങ്ങിയവകൊണ്ടുണ്ടാകാവുന്ന സാമൂഹിക പ്രശ്നങ്ങള്‍ ഇപ്പോഴുള്ളതിനേക്കാള്‍ പത്തിരട്ടിയെങ്കിലും കാണേണ്ടതായിരുന്നു. അപ്പോള്‍ കുടിയന്മാര്‍ സംയമനം പാലിക്കുന്നുണ്ടെന്നുവേണം കരുതാന്‍.മദ്യപാനത്തിനേക്കാള്‍ അധഃപ്പതിച്ചുപോകാവുന്ന മയക്കുമരുന്നുകളും കാന്‍സര്‍ വരാന്‍ സാധ്യതയുള്ള പുകവലിയും മദ്യാസക്തിയേക്കാള്‍ അപകടകാരികളാണ്‌. അതുകൊണ്ട്‌ മദ്യത്തിനെയല്ല കുറ്റം പറയേണ്ടത്‌, മനുഷ്യനെയാണ്‌. മദ്യപിച്ച്‌ വണ്ടിയോടിക്കുന്നത്‌ തടയാന്‍ കര്‍ശ്ശന നിയമം വേണം. കടുത്ത ശിക്ഷയും വേണം. ശിക്ഷയും പിഴയും കൂടുമ്പോള്‍ ആവേശം കുറഞ്ഞുവരും. മദ്യപിച്ച്‌ മെക്കട്ടുകേറാന്‍ വരുന്നവനെ കൈകാര്യം ചെയ്യാന്‍ കോടതി ഉത്തരവിനെ കാത്തു നില്‌ക്കരുത്‌. കൈകാര്യം ചെയ്തിട്ടും ഉണ്ട്‌. മദ്യപിച്ചാല്‍ എല്ലാവരും അക്രമാസക്തരും വിവേകശൂന്യരും ആവുമെന്ന് കരുതുന്നുണ്ടെങ്കില്‍, അത്‌ തെറ്റാണ്‌. അമിതമായി മദ്യപിച്ചാല്‍ അബോധാവസ്തയാണ്‌ ഉണ്ടാവുക. ആ വ്യക്തിയ്ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. അല്ലെങ്കില്‍ ഒരു ഫുള്‍ ബോട്ടില്‍ മദ്യം മുഴുവന്‍ കഴിച്ചു നോക്കിയിട്ട്‌ മാത്രം പറയുക. ഞാന്‍ അത്‌ പലവട്ടം പരീക്ഷിച്ചു നോക്കിയിട്ടും ഉണ്ട്‌.

കാസിം തങ്ങള്‍ said...

താരാപഥം ,

മദ്യം വിതക്കുന്ന ദുരന്തങ്ങളും അതുപയോഗിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങളും മനസ്സിലാക്കാന്‍ മദ്യം കഴിച്ച് നോക്കേണ്ട കാര്യമില്ല. സമകാലിക സമൂഹത്തിലേക്കൊന്ന് കണ്ണോടിച്ചാല്‍ മതി.താങ്കള്‍ പറയുന്നത് മദ്യം സേവിച്ചാല്‍ അബോധാവസ്ഥയാണുണ്ടാകുന്നതെന്നാണ്.അത് ശരിയല്ലല്ലോ. അവന്റെ സ്വബോധം നശിക്കുകയും പകരം അധമ വാസനകള്‍ അവനെ കീഴടക്കുകയും ചെയ്യുന്നു. അത് കൊണ്ടാണല്ലോ താങ്കള്‍ പറഞ്ഞത് പോലെ മറ്റുള്ളവരുടെ മെക്കട്ട് കയറാനൊരുങ്ങുന്നതൊക്കെ. പിന്നെ മദ്യം മാത്രമാണ്‌ ധാര്‍മ്മികാധപതനത്തിന്‌ കാരണമെന്നല്ല, മറിച്ച് പലകാരണങ്ങളില്‍ ഏറ്റവും മുഖ്യ ഹേതു മദ്യപാനം തന്നെ. അനധികൃതമായി ജോലിക്ക് വരാത്തതില്‍ ഇരുപത്തിനാല്‌ ശതമാനവും ജോലിസ്ഥലത്ത് അപകടമുണ്ടാകുന്നവരില്‍ നാല്‍പത് ശതമാനവും ഭാര്യമാരെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്‍മാരില്‍ എണ്‍പത്തന്ച് ശതമാനവും മദ്യപാനികാളാണെന്ന് ഏറ്റവും പതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.