Wednesday, October 15, 2008

കുടിയൊഴിപ്പിക്കലിന്‍റെ വ്യഥ


കുടിയൊഴിപ്പിക്കലിന്‍റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചെറിയൊരു വിഷമം തോന്നറുണ്ടെങ്കിലും അതുണ്ടാക്കുന്ന ദൈന്യതയുടെയും അരക്ഷിതാവസ്ഥയുടെയും തീവ്രത അത്ര കണ്ട് ബോധിച്ചിരുന്നില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ചെറിയ തോതിലെങ്കിലും നഷ്ടപരിഹാരം നല്‍കുന്നത് കൊണ്ട് മറ്റെന്തെങ്കിലും വഴി കണ്ടെത്താനാവുമല്ലോ എന്നും ചിന്തിച്ചിരുന്നു. രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടിയാണല്ലോ സര്‍ക്കാരുകള്‍ ഇത്തരം കടന്നകൈകള്‍ പ്രയോഗിക്കുന്നതെന്ന ഒരാത്മഗതവും ഉണ്ടാവാറുണ്ട്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട ദുഖത്താല്‍ ആര്‍ത്തലക്കുന്ന കുടുംബാംഗങ്ങളുടെ ഹൃദയഭേദകമായ രംഗങ്ങള്‍ ഉള്ളിലെവിടെയോ ചെറിയ നെരിപ്പോടുകള്‍ പടര്‍ത്താറുണ്ടെങ്കിലും മേല്‍പ്പറഞ്ഞ ചിന്തകള്‍ അവയ്ക്കെല്ലാം വിരാമം കൊടുക്കുമായിരുന്നു. മുന്നറിയിപ്പില്ലാത്ത കുടിയൊഴിപ്പിക്കല്‍ ഭീഷണി സ്വയം നേരിടേണ്ടി വന്നപ്പോള്‍ മാത്രമാണ് അതുളവാക്കുന്ന പ്രയാസങ്ങളുടേയും തീഷണമായ മന:സംഘര്‍ഷങ്ങളുടേയും ഭീകരത അനുഭവിച്ചറിയാന്‍ കഴിഞ്ഞത്. ദൈവത്തിന്‍റെ സ്വന്തം നാടിന് പകരം സ്വപനങ്ങള്‍ക്ക് ചിറക് മുളക്കുന്ന ദുബായ് എന്ന മഹാനഗരത്തിലാണ് കൊടിയൊഴിപ്പിക്കലിന്‍റെ ദുരന്തം പേറേണ്ടി വന്നതെന്ന് മാത്രം.


വര്‍ഷങ്ങളായി ദുബായിലെ സത്‌വയില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ വിശാലമായ വില്ലയിലാണ് ഞങ്ങള്‍ താമസിച്ച് വന്നിരുന്നത്. വില്ലകള്‍ കൊണ്ട് തിങ്ങിനിറഞ്ഞ പ്രദേശമാണ് സത്‌വയെന്ന് ദുബായിയെക്കുറിച്ചറിയുന്നവരോട് പറയേണ്ടതില്ലല്ലോ. ചെറിയ ചെറിയ വില്ലകള്‍ ദുബായിയുടെ ഭംഗിക്ക് ഭംഗം വരുത്തുമെന്നതിനാല്‍ ഏതുസമയത്തും അവ തട്ടിക്കളയാന്‍ സാധ്യതയുണ്ടെന്ന കിംവദന്തി മലബാരി വണ്ടല്‍ ആയി പ്രചരിച്ചിരുന്നു. സത്‌വയെ മൊത്തം ആരൊക്കെയോ ഏറ്റെടുത്തെന്നും ഗാര്‍ഡന്‍ സിറ്റി എന്ന പേരില്‍ വലിയ പട്ടണ പ്രദേശം രൂപമെടുക്കാന്‍ പോകുന്നുവെന്നുമാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. അതുപ്രകാരം പൊളിച്ച്മാറ്റേണ്ട കെട്ടിടങ്ങളെല്ലാം നമ്പറിട്ട് വേര്‍തിരിക്കുകയും ഘട്ടം ഘട്ടമായി പൊളിക്കല്‍ കര്‍മ്മത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. പൊളിക്കല്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നും കെട്ടിട ഉടമകള്‍ നഷ്ടപരിഹാരം കൈപറ്റുന്നതിനെ ആശ്രയിച്ചിരിക്കും പൊളിക്കലിന്‍റെ വേഗതയെന്നും ബന്ധപ്പെട്ടവരില്‍ നിന്നറിയാന്‍ കഴിഞ്ഞു. അഥവാ നഷ്ടപരിഹാരം പെട്ടെന്ന് സ്വീകരിച്ചാല്‍ മാസങ്ങള്‍ക്കകം വില്ല തുടച്ച് നീക്കപ്പെടുമെന്നര്‍ത്ഥം. ഞങ്ങള്‍ വില്ലയുടെ അറബിയുമായി ബന്ധപ്പെട്ടപ്പോള്‍ ഉടനടി നഷ്ടപരിഹാരം വാങ്ങാന്‍ ഉദ്ദേശമില്ലെന്നും 2009 ഡിസമ്പര്‍ വരെയെങ്കിലും താമസം തുടരാന്‍ കഴിയുമെന്നും ഉറപ്പ് ലഭിച്ചു.


ഞങ്ങളുടെ വില്ലയിലെ അന്തേവാസികളായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 പേരോളമുണ്ടായിരുന്നു. നന്‍‌മയുടെ സഹചാരികളായ കറേ നല്ല മനുഷ്യരാണ് അറബിയില്‍ നിന്നേറ്റെടുത്ത് ഈ വില്ല നടത്തുന്നത്. സാമൂഹ്യ പ്രവര്‍ത്തനം തപസ്യയായി സ്വീകരിച്ച് സ്വന്തം ജീവിതത്തിലൂടെ ഞങ്ങള്‍ക്ക് മാതൃക കാണിക്കുന്ന ത്യാഗികളും നിസ്വാര്‍‌ത്ഥരും. അവരുടെ ഉപദേശ നിര്‍ദ്ദേശങ്ങളാണ് ഞങ്ങളെ വഴിനടത്തുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം ഇനിയും ബാക്കിയുണ്ടല്ലോ എന്ന ആശ്വാസത്തില്‍ , പുതിയ സങ്കേതം സാവകാശം കണ്ടുപിടിച്ചാല്‍ മതിയല്ലോ എന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. ആയിടയ്ക്കാണ് വിശുദ്ധ റമളാനിലെ ഒരു രാത്രിയില്‍ വില്ലയിലെ അന്തേവാസികളുടെ ഒരു മിറ്റിംഗ് ചേരുന്നുണ്ടെന്നും ഏവരുടെയും സാന്നിധ്യമുണ്ടാവണമെന്നും ബന്ധപ്പെട്ടവര്‍ എല്ലാവരെയും അറിയിച്ചു. ധര്‍മ്മപാതയില്‍ അടിയുറച്ച് നിര്‍ത്താനുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സ്നേഹവും സാഹോദര്യവും കാത്ത് സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതള്‍ ബോധ്യപ്പെടുത്താനും ഇടയ്ക്കിടെ വിളിച്ച് ചേര്‍ക്കപ്പെടുന്നതുപോലുള്ള ഒന്നായിരിക്കും ഇതും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പ്രതീക്ഷിക്കാത്തത് തന്നെ സംഭവിച്ചു. എത്രയും പെട്ടെന്ന് വില്ല ഒഴിഞ്ഞ് കൊടുക്കണമെന്ന ദുഖ വാര്‍ത്ത കൈമാറാനായിരുന്നു ആ മീറ്റിംഗ്. നാലാം പെരുന്നാളിന് കാലിയാക്കി കൊടുക്കണമെന്നാണ് അറബി പറഞ്ഞിരുന്നത്. വല്ലാത്ത ഒരു ഷോക്കായി എല്ലാവര്‍ക്കും.പിന്നീടുള്ള ദിനരാത്രങ്ങള്‍ വളരെ ദുഖസാന്ദ്രമായിരുന്നു. . നോമ്പിന്‍റെ പകല്‍‌സമയങ്ങളില്‍ റൂമിന് വേണ്ടി തെണ്ടിത്തിരിയേണ്ട അവസ്ഥ ഒരു ഭാഗത്ത്. ഇതയും നാള്‍ പരസപരം സ്നേഹിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന ധന്യമായ ജീവിത പരിസരത്തിന് അന്ത്യം കുറിക്കപ്പെടുകയാണല്ലോ എന്ന വ്യഥ മറുഭാഗത്ത്. ഒരമ്മ പെറ്റ മക്കളെപ്പോലെ ഏകോദര സഹോദരങ്ങളെപ്പോലെയായിരുന്നു ഞങ്ങളിവിടെ. ഞങ്ങളിലൊരുവന്‍റെ ദുഖം ഞങ്ങളുടെ മൊത്തം ദുഖമായിരുന്നു. ഒരാളുടെ സന്തോഷം ഞങ്ങളുടെ മൊത്തം സന്തോഷവും. കെടുതിയും ആനന്ദവുമെല്ലാം ഞങ്ങള്‍ പരസ്പരം പങ്കുവച്ചു. സ്നേഹനിധിയായ ഒരു ഉമ്മയുണ്ടായിരുന്നു ഞങ്ങള്‍ക്കിവിടെ. വര്‍ഷങ്ങളായി ഞങ്ങളുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചിരുന്ന പ്രിയപ്പെട്ട പാചകക്കാരന്‍ . പലരും അദ്ദേഹത്തെ ഉമ്മാ എന്ന് വിളിക്കുമായിരുന്നു. ഒരു ശമ്പളക്കാരനെന്നതിലുപരി ആത്മാര്‍ഥത തുളുമ്പുന്ന സ്നേഹത്തോടെയായിരുന്നു അദ്ദേഹം ഞങ്ങളെ പരിചരിച്ചിരുന്നത്. വൈകി വരുന്നവര്‍ക്കായി അദ്ദേഹം ഭക്ഷണം പ്രത്യേകം സൂക്ഷിച്ച് വെക്കുമ്പോള്‍ ഒരുമ്മയുടെ അദൃശ സാന്നിധ്യം ഞങ്ങള്‍ക്കനുഭവപ്പെടുമായിരുന്നു. സ്നേഹവും സൌഹാര്‍ദ്ദവും പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട വില്ലയോട് എങ്ങനെ വിടപറയുമെന്നത് ഉള്ളിലെവിടെയോ വല്ലാത്തൊരു വേദനയായി പടര്‍ന്നു തുടങ്ങി. ഒരു പാട് പേര്‍ക്ക് താങ്ങും തണലുമായിരുന്നു ഈ വില്ല. വിസിറ്റ് വിസയില്‍ ജോലി തേടിയെത്തുന്നവര്‍ക്കൊരത്താണിയായിരുന്നു ഇവിടം. വളരെ തുഛമായ നിരക്കിന് താമസസൌകര്യം ഒരുക്കിക്കൊടുക്കാനും തങ്ങളെക്കൊണ്ടാവുംവിധം പരിശ്രമിച്ച് അനുയോജ്യമായ ജോലി നേടിക്കൊടുക്കാനും തുറന്ന മനസ്സോടെയുള്ള സഹകരണം എല്ലാവരും കാഴ്ച്ചവെക്കുമായിരുന്നു. ദുരിതം പേറുന്ന ഒട്ടനവധി പേരുടെ കണ്ണീരൊപ്പാനും പ്രയാസങ്ങളില്‍ നീറിപ്പുകയുന്ന ഒരുപാടുപേര്‍ക്ക് കൈത്താങ്ങാവാനും കഴിഞ്ഞതിന്‍റെ ചാരിതാര്‍‌ത്ഥ്യം കൂടി പങ്കുവെക്കാനുണ്ടീ വില്ലക്ക്. എല്ലാറ്റിലുമുപരി ഞങ്ങളുടെ കണ്ണീരും വിയര്‍പ്പും അലിഞ്ഞ് ചേര്‍ന്ന വില്ല. എന്ത് മാത്രം ദുഖങ്ങളുടെയും സങ്കടങ്ങളുടെയും കഥ അയവിറക്കാനുണ്ടാവുമതിന്? ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയതും സങ്കല്പങ്ങള്‍ക്ക് വര്‍ണ്ണച്ചിറക് വിരിയിച്ചതും ഇവിടെനിന്ന് തന്നെ. അതെ, എല്ലാം ഞങ്ങള്‍ക്കന്യമായി. സുഗന്ധം പേറുന്ന ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച്. വര്‍ഷങ്ങളിലൂടെ വിളയിച്ചെടുത്ത സൌഹൃദത്തിന്‍റെ കണ്ണികളെല്ലാം തകരുന്നത് പോലെ. ഒന്നിച്ച് ഒരു കുടുംബം പോലെ കഴിയുന്നതിന്‍റെ നിറവും ധന്യതയും പലയിടത്തേക്കായി പറിച്ച് നടുമ്പോള്‍ നഷ്ടമാകുന്നു. കുടിയിറക്കലിന്‍റെ വ്യഥയും വേര്പിരിയലിന്‍റെ വേദനയും കനലായെരിയുകയാണിപ്പോഴും


ഞങ്ങളെയെല്ലാവരെയും ഉള്‍ക്കൊള്ളുന്നവിധത്തില്‍ പുതിയ താമസ സൌകര്യം കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ പല ഭാഗത്തേക്കായി താമസം പറിച്ച് നട്ടു. ചെറിയ കൂട്ടായ്മയായി, എട്ട് പേരും അഞ്ച് പേരുമൊക്കെയായി . നിര്‍ബന്ധഘട്ടത്തിലെ ആവശ്യങ്ങള്‍ പരമാവധി ചൂഷണം ചെയ്യാന്‍ മലയാളികളുടെ നേതൃത്വത്തില്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയ സജീവമായി രംഗത്തുള്ളതിനാല്‍ ഞാനുള്‍പ്പെട്ട എട്ടംഗ സംഘം ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെയാണ്. കുടിയൊഴിപ്പിക്കലി ന്‍റ ദുരന്തപര്‍വ്വം പേറുകയാണിപ്പോഴും.

16 comments:

ബഷീര്‍ വെള്ളറക്കാട്‌ / pb said...

തങ്ങള്‍,

വല്ലാത്ത ഒരു വേദനയോടെയാണിത്‌ വായിച്ചത്‌. ഈ രാജ്യത്തിന്റെ പിതാവ്‌ പോയതില്‍ പിന്നെ സാധാരണക്കാരനു വല്ലാത്ത ദുരിതങ്ങള്‍ തന്നെ. ഏറ്റവും ഭീകരമായ ഒരു അവസ്ഥയാണിന്ന് പാര്‍പ്പിട പ്രശ്നം. വൈകുന്നത്‌ വരെ ജോലി ചെയ്ത്‌ എല്ലാ പ്രയാസങ്ങളും മറന്ന് ഒരുമിക്കാനും നന്മകളില്‍ സഹകരിക്കാനുമൊക്കെയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാവുന്നത്‌ ഏറെ ദു:ഖകരം തന്നെ. എന്ന് വരെ എന്ന നിശ്ചയമില്ലാതെ കഴിയുകയാണിവിടെ മിക്കവരും. റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ റിയല്‍ കൊള്ള നടത്തുന്നു. മലയാളി വാച്ച്‌ മാന്‍ മാര്‍ ഈ കൊള്ള സംഘത്തിനു എല്ലാ ഒത്താശയും ചെയ്ത്‌ കൊടുക്കുകയും ചെയ്യുന്നു. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. കാരണം ഈ അവസ്ഥ അനുഭവിച്ചറിഞ്ഞാലേ അതിന്റെ ആഴം മനസ്സിലാവുകയുള്ളൂ.. എല്ലാവര്‍ ക്കും ഒരുമിക്കാവുന്ന വിധത്തില്‍ സൗകര്യങ്ങള്‍ തിരിച്ചു കിട്ടട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

let us hope for the best

പെണ്‍കൊടി said...

ഇതു പോലെ തന്നെ വളരെ പെട്ടന്നു തന്നെയല്ലെ ദുബായില്‍ വാടകയും കൂട്ടിയത്.. അതും ഒറ്റയടിക്ക്‌ 10000 ദിര്‍ഹവും 20,000 ദിര്‍ഹവും അതിനു മുകളിലുമൊക്കെ..
ഇപ്പൊ അടുത്ത സ്ഥലത്ത്‌ "ഉമ്മ"യുടെ കൂടെ settle ആയിക്കാണുമെന്ന്‌ വിശ്വസിക്കുന്നു..

സ്നേഹപൂര്‍വ്വം
-പെണ്‍കൊടി.

കാസിം തങ്ങള്‍ said...

ബഷീര്‍ക്കാ,

എല്ലാ വേദനകളും ദുഖങ്ങളും മറന്ന് സുഖമായൊന്നുറങ്ങാനൊരിടമില്ലാതെ കഷ്ടപ്പെടുന്ന പാവങ്ങളുടെ രോദനം കേള്‍ക്കാന്‍ അധികാരികള്‍ക്ക് കഴിയാതെ പോകുന്നു. സര്‍വ്വ പ്രദേശങ്ങളില്‍ നിന്നും ബാച്ചിലേഴ്സിനെ കുടിയൊഴിപ്പിക്കുന്നു. എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ യാതൊരു നിര്‍ദ്ദേശവും നല്‍കപ്പെടുന്നില്ല.അനുയോജ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നുമില്ല. തുഛമായ വേതനത്തിന് പണിയെടുക്കുന്ന പാവങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുന്നു. പീഢിതന്റെ പ്രാര്‍ത്ഥന ഇടിത്തീയായി വീഴാതിരിക്കട്ടേ,

പൊണ്‍കൊടി,
‘ഉമ്മയെ’കൂടെ കൂട്ടാന്‍ അനുയോജ്യമായൊരിടം ഇനിയും കിട്ടിയിട്ടില്ല. എന്താ ചെയ്ക.

കനല്‍ said...

സ്വന്തം നാടായിരുന്നെങ്കില്‍ പ്രതികരിക്കാമായിരുന്നു
ഗാന്ധിജി കാട്ടി തന്ന വഴികളിലൂടെ.

ഇവിടെ നിവര്‍ത്തികേട് കൊണ്ട് അടിമകളല്ലേ നാമൊക്കെ? തൊഴുത്തിനെക്കാള്‍ കഷ്ടത്തിലുള്ള ലേബര്‍ക്യാമ്പുകളിലല്ലാതെ ആരും ഇവിടെ ബാച്ചികളായി ജീവിക്കരുതെന്നാ ഇന്നാട്ടിലിപ്പോള്‍ ഭരണകര്‍ത്താക്കളുടെ തീരുമാനമെന്ന് തോന്നുന്നു.

നിലാവ്.... said...

പിന്നീടുള്ള ദിനരാത്രങ്ങള്‍ വളരെ ദുഖസാന്ദ്രമായിരുന്നു. . നോമ്പിന്‍റെ പകല്‍‌സമയങ്ങളില്‍ റൂമിന് വേണ്ടി തെണ്ടിത്തിരിയേണ്ട അവസ്ഥ ഒരു ഭാഗത്ത്. ഇതയും നാള്‍ പരസപരം സ്നേഹിച്ചും സഹായിച്ചും കഴിഞ്ഞിരുന്ന ധന്യമായ ജീവിത പരിസരത്തിന് അന്ത്യം കുറിക്കപ്പെടുകയാണല്ലോ എന്ന വ്യഥ മറുഭാഗത്ത്. ഒരമ്മ പെറ്റ മക്കളെപ്പോലെ ഏകോദര സഹോദരങ്ങളെപ്പോലെയായിരുന്നു ഞങ്ങളിവിടെ.
ദുബൈ പ്രവാസികളുടെ ഇപ്പോഴത്തെ അവസ്ഥ (അനുഭവം) ഈ പോസ്റ്റ് വിവരിക്കുന്നു...ഒരു ഖത്തര്‍ പ്രവാസി എന്ന നിലയില് ഈ പോസ്റ്റിന്റെ ആകെ തുക ഇവിടെയു സംഭവിക്കാ‍ന് പോകുന്നു എന്ന വേവലാതി...മേല്‍ പറഞ്ഞ “ഉമ്മയും” പ്രവാസിയുടെ “കൂട്ടുകുടുംബ“ വ്യവസ്തയു എല്ലാം തകര്‍ന്നടിയുമെന്നര്‍ത്ഥം....

'മുല്ലപ്പൂവ് said...

nanmakal nerunnu.....
sasneham,
joice..!!

കാസിം തങ്ങള്‍ said...

കനല്‍ ,

അതെ, നമുക്കൊന്നുഛത്തില്‍ പ്രതിഷേധിക്കാന്‍ പോലും കഴിയുന്നില്ലല്ലോ. ദുരിതങ്ങളുടെ മാറാപ്പ് പോറാന്‍ മാത്രം വിധിക്കപ്പെട്ട പ്രവാസികളുടെ വിലാപങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ.അഭിപ്രായങ്ങള്‍ കുറിച്ചതിന് നന്ദി.

നിലാവ്,

ഈ വേവലാതി പ്രവാസികളെ മൊത്തം അലട്ടികൊണ്ടിരിക്കുന്നു. ദുബൈയുടെ ഇന്നത്തെ അവസ്ഥ ഇതാണെങ്കില്‍ നാളെ മറ്റിടങ്ങളിലും എന്തായിരിക്കുമവസ്ഥയെന്ന് ആര്‍ക്കറിയാം.താങ്കളുടെ സാന്നിധ്യത്തിന് സന്തോഷമറിയിക്കുന്നു.

മുല്ലപ്പൂവേ, ഇവിടം സന്ദര്‍ശിച്ചതിന് നന്ദി. സ്നേഹാശംസകള്‍.

അനില്‍ശ്രീ... said...

തങ്ങള്‍,
ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. കാര്യങ്ങള്‍ കൈ വിട്ടു പോകുന്ന സ്ഥിതിയാണ് പലര്‍ക്കും. ഒന്നും വിചാരിക്കുന്ന പോലെ നടക്കാത്ത അവസ്ഥ. എന്തു ചെയ്യാന്‍? അബു ദാബിയിലെ കാര്യംവിവരിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു, താമസ സൗകര്യം ഇല്ലാത്ത നഗരം - Abu Dhabi എന്ന പേരില്‍. അബു ദാബി എന്നതിന് പകരം ദുബായ് എന്നാക്കിയാല്‍ നിങ്ങളുടെ കഥയായി..

കാസിം തങ്ങള്‍ said...

അനില്‍ശ്രീ, താങ്കളുടെ പോസ്റ്റ് വായിച്ചു.അക്കമഡേഷനുമായി ബന്ധപ്പെട്ടു തന്നെയാണ് ദുബായിലും അബൂദാബിയിലും പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ചെറിയൊരു ബെഡ് സ്പെയ്സിന് പോലും താങ്ങാനാവാത്ത നിരക്കാണിപ്പോള്‍. പ്രവാസികളുടെ ജീവിതസാഹചര്യങ്ങള്‍ അനുദിനം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു.

ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും ഒരുപാട് നന്ദി.

Mad about you... said...

അത് ശരി തന്നെ കാസിം. വാടാനപ്പിള്ളിയില്‍ എവിടെയാണ്? ദുബായില്‍ ഇപ്പോള്‍ എവിടെയാണ്?

കാസിം തങ്ങള്‍ said...

മേടിന്,

താങ്കള്‍ വാടാനപ്പള്ളിക്കാരനാണോ. ഞാന്‍ വാടാനപ്പള്ളിയില്‍ നിന്നും മുക്കാല്‍ കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി സി എച്ച് യതീം‌ഖാനയുടെ അടുത്ത്. ദുബായില്‍ നായിഫില്‍ താമസം. സഫാപാര്‍ക്കിനടുത്ത് ജോലി. ഇനി താങ്കളെ പരിചയപ്പെടുത്തുമല്ലോ.

Mad about you... said...

തളിക്കുളം ചേര്‍ക്കരയിലെ ആളാണ്. ഇപ്പോള്‍ കരാമയില്‍ താമസം. നൈഫ് നല്ലപോലെ അറിയാം. ജബല്‍ അലിയില്‍ ഫ്രീ സോണില്‍ ജോലി.

കാസിം തങ്ങള്‍ said...

മേടേ , പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. പിന്നെ പേര് പറഞ്ഞില്ലല്ലോ.
ചേര്‍ക്കരയില്‍ കൂടുതല്‍ ബന്ധങ്ങളൊന്നുമില്ലെങ്കിലും ഒരു സുഹൃത്തുണ്ടവിടെ, അത്ര തന്നെ.

Joy Mathew said...

ജാതി,മതം,വര്‍ഗ്ഗം,നിറം,സംബത്ത് തുടങിയ ചേരിതിരിവുകള്‍ കലുഷിതമാക്കിയ നമ്മുടെ കേരളത്തില്‍ നിന്നും അന്യനാട്ടിലെത്തുംബോള്‍ മേല്‍പ്പറഞ്ഞതൊന്നും തോട്ടുതീണ്ടാത്ത സഹവര്‍ത്തിത്തത്തിന്‍റെ മരുപ്പച്ചയായിരുന്നു വില്ലകളും അതിലെ സഹജീവനവും.ഒരുമിച്ചു ജീവിക്കുന്നതിന്‍റെ ഗോത്രഭംഗിയുടെ അവസാന അടയാളവും അവസാനിക്കുകയാണ്

Anonymous said...

Very Nice & Creative Blog. Best Wishes from Huda Info Solutions ( http://www.hudainfo.com )

Huda Info Solutions is an Islamic IT Company formed to develop Islamic Software and IT services in regional languages of India. It is situtated in Tirur / Kerala . We released the first ever Quran Software in Indian Langauges "Holy Quran Malayalam English Software V1.0" in 2003. For more details of the software visit the page http://www.hudainfo.com/QuranCD.htm For the last 6 years we are working on a detailed Quran, Hadeeth & Islamic History Software which will be completed by first of 2010 (Inshah Allah)

We request you to publish a review about our products and services in your blog. Also request you to add a permenant link to our website http://www.hudainfo.com in your blog.