Wednesday, December 31, 2008

നാടിനെ കണ്ണീരിലാഴ്ത്തി അവര്‍ യാത്രയായി


രാത്രി ഒന്നരക്കായിരുന്നു കൂട്ടുകാരന്‍ ഷമീറിന്റെ കോള്‍ വന്നത്. അസമയത്തെത്തുന്ന ഫോണ്‍കോളുകളിലെ പന്തികേടോര്‍ത്ത് സംഭ്രമത്തോടെയാണ് കോള്‍ അറ്റന്റ് ചെയ്തത്. “ നമ്മുടെ ഷഫീറൊക്കെ കൈവിട്ട് പോയി. കോയമ്പത്തൂരില്‍ വെച്ച് വാഹനപകടത്തില്‍ പെട്ടു. കൂടെയുണ്ടായിരുന്ന ഷമീറും ഹാദിക്കും അര്‍ഷാദും.............” കൂട്ടുകാരന്റെ പതിഞ്ഞ സ്വരം കാതുകളിലെത്തിയപ്പോള്‍ ശരീരമാകെയൊരു മരവിപ്പ് പടര്‍ന്നു കയറുന്നത് പോലെ.

എന്റെ അയല്‍‌വാസികളും പല നിലക്കും എനിക്ക് വേണ്ടപ്പെട്ടവരുമായ കുട്ടികള്‍. ഗള്‍ഫില്‍ നിന്നും അവധിയില്‍ നാട്ടിലെത്തിയതായിരുന്നു അവരില്‍ ഹാദിക്കൊഴികെ മൂന്നു പേരും. സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയപ്പോള്‍ പിക്നിക്കിനായി പുറപ്പെട്ടതായിരുന്നു അവര്‍. എം ബി എ പഠനം പൂര്‍ത്തിയാക്കിയ ഹാദിക്കിന്റെ സര്‍ട്ടിഫിക്കറ്റ് ബം‌ഗ്ലൂരില്‍ നിന്ന് കൈപറ്റുകയായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യം. യാതാ മധ്യേ കോയമ്പത്തൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. എട്ട് പേരടങ്ങിയ സം‌ഘത്തിലെ നാല് പേര്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ രണ്ട് പേര്‍ അത്യാസന്ന നിലയില്‍ കഴിയുന്നു. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ദുബായില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന ഷഫീര്‍ ദുരന്തദിവസം തിരിച്ചെത്തേണ്ടതായിരുന്നു. കൂട്ടുകാരുമായി സൌഹൃദം പങ്കിടാന്‍ യാത്ര ജനുവരി എട്ടിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ അത് മരണത്തിലേക്കുള്ള വഴിയൊരുക്കമായിരുന്നു. ഞാന്‍ പുതുതായി താമസമാക്കിയ ഫ്ലാറ്റിലേക്ക് ക്ഷണിച്ചപ്പോള്‍ അവധി കഴിഞ്ഞ് വന്നാല്‍ വരാമെന്ന് പറഞ്ഞാണ് യാത്ര പോയത്. ശാന്തനും വിനയാന്വിതനുമായ അവന്റെ ചെറുപുഞ്ചിരി തൂകുന്ന മുഖം മനസ്സില്‍ വേദനയായി പടരുന്നു. മരണത്തോടൊപ്പം യാത്ര പോയ അവന്‍ ഇനിയൊരിക്കലും തിരിച്ച് വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍..........

അബൂദാബിയില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുകയായിരുന്നു ഷമീര്‍. ഒന്നിച്ച് തിരിച്ച്പോരാന്‍ കൂടിയാണ് ഇവരിരുവരും മടക്കയാത്ര ഒരേദിവസത്തിലേക്ക് നിശ്ചയിച്ചത്. കുടും‌ബത്തിലെ ഏക ആണ്‍‌തരിയായിരുന്നു അവന്‍. എത്രയോ വര്‍ഷങ്ങളായി മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന അവന്റെ പിതാവിന്റെ പ്രതീക്ഷകളത്രയും അവനിലായിരുന്നിരിക്കണം. പക്ഷേ രംഗബോധമില്ലാത്ത മരണം അവനെ തട്ടിപ്പറിച്ചെടുത്തു.

റസല്‍‌ഖൈമയില്‍ മൊബൈല്‍ ഷോപ്പില്‍ ജോലിചെയ്യുകയായിരുന്ന അര്‍ഷാദ് നാട്ടിലെത്തിയത് ദുരന്തത്തിന്റെ അഞ്ച് ദിവസം മുമ്പ് മാത്രം. വീട്ടുകാര്‍ക്ക് കണ്‍‌നിറയെ കാണാന്‍ പോലും കഴിയുന്നതിന്റെ മുമ്പാണ് മരണമവനെ പിടിച്ചിറക്കി കൊണ്ടുപോയത്. അത്രയ്ക്കൊന്നും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന്റെ സ്വപനങ്ങളും പ്രതീക്ഷകളും വളര്‍ന്നത് അവനെ ചുറ്റിപ്പറ്റിയായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തട്ടിത്തെറിപ്പിച്ചാണ് മരണം അവന്റെ ജീവന്‍ കവര്‍ന്നത്.

എം ബി എ പഠനം കഴിഞ്ഞ് ഗള്‍ഫ് യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഹാദിഖ്. ഉമ്മയോടൊപ്പം ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ച് വന്നിട്ട് അധികമായിട്ടില്ല. എം ബി എ യുടെ സര്‍‌ട്ടിഫിക്കറ്റ് വാങ്ങാന്‍ കൂടിയാണ് സുഹൃത്തുക്കളേയും കൂട്ടി ഹാദിക്ക് പുറപ്പെട്ടത്. വാടകക്കെടുത്ത ക്വാളിസ് ഡ്രവ് ചെതിരുന്നതും അവനായിരുന്നു. മരണത്തിന്റെ അനന്തതയിലേക്കാണവന്‍ ഡ്രവ് ചെയ്ത് കടന്നുപോയത്.

കൌമാരം പിന്നിട്ട് യുവത്വത്തിലേക്ക് കാലൂന്നുന്ന നാല് പൂമൊട്ടുകള്‍. സമകാലിക യുവത്വത്തിന്റെ അപഥസഞ്ചാരങ്ങളില്‍ നിന്ന് വഴി മാറി നടന്നവര്‍. ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചേറ്റിയിരുന്നവര്‍. ഭാവിയെപറ്റി, വിവാഹത്തെ പറ്റി, കുടുംബജീവിതത്തെ പറ്റി. പക്ഷേ ക്ഷണിക്കാതെയെത്തുന്ന മരണം എപ്പോള്‍ കടന്ന് വരുമെന്നാര്‍ക്കറിയാം. ഒരു പ്രദേശത്തെ മൊത്തം കണ്ണിരിലാഴ്ത്തി ഒരിക്കലുമുണങ്ങാത്ത നൊമ്പരപ്പാടുകളാഴ്ത്തി മരണം അവരെ കൂട്ടികൊണ്ടുപോയി. വാടാനപ്പള്ളി തെക്കേ ജുമുഅത്ത് പള്ളിയിലെ ഖബര്‍സ്ഥാനില്‍ തൊട്ടടുത്തുള്ള ഖബറുകളിലാണ് മരണത്തിലും വേര്‍‌പിരിയാത്ത ആ സുഹൃത്തുക്കള്‍ നിദ്ര കൊള്ളുന്നത്. നാഥാ അവരുടെ പരലോകജീവിതം നീ സന്തോഷത്തിലാക്കണമേ ആമീന്‍.

21 comments:

Typist | എഴുത്തുകാരി said...

അവരുടെ അഛനമ്മമാര്‍ക്കും, ബന്ധുക്കള്‍ക്കും എല്ലാം സഹിക്കാനുള്ള കരുത്തു കൊടുക്കണേ എന്നു പ്രാര്‍ഥിക്കാം. അല്ലാതെ നമ്മളെന്തു ചെയ്യാന്‍!

ബഷീർ said...

'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ '

തങ്ങള്‍,

ആര്‍ക്കും മരണത്തിന്റെ പിടിയില്‍ നിന്ന് മോചനമില്ല. എങ്കിലും അവിചാരിതമായി എത്തുന്ന മരണം ..അപകട മരണങ്ങള്‍..പെട്ടെന്നുള്ള മരണങ്ങള്‍ . അത്‌ പലപ്പോഴും ആഴത്തിലുള്ള മുറിവുകള്‍ മനസ്സിനേല്‍പ്പിക്കുന്നു.

പെട്ടെന്നുള്ള മരണങ്ങളില്‍ നിന്നും അപകട മരണങ്ങളില്‍ നിന്നും രക്ഷയ്ക്ക്കായി പ്രാര്‍ത്ഥിക്കാം.

കൂട്ടുകാരുടെ ആഖിറത്തിനു വേണ്ടി ദു ആ ചെയ്യാം.

Appu Adyakshari said...

വല്ലാത്ത ദുരന്തം തന്നെ..
എന്നായിരുന്നു ഇത്?

പകല്‍കിനാവന്‍ | daYdreaMer said...

ആദരാഞ്ജലികള്‍..

കാസിം തങ്ങള്‍ said...

എഴുത്തുകാരി, ബഷീര്‍ക്കാ, അപ്പു, പകല്‍കിനാവന്‍

ദുഖത്തില്‍ പങ്ക് ചേര്‍‌ന്നതിന് നന്ദി.

വിധിക്ക് കീഴടങ്ങാതെ നമുക്ക് നിവൃത്തിയില്ലല്ലോ.അവരുടെ മാതാപിതാക്കള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും സഹനശക്തിയും ക്ഷമയും ലഭിക്കട്ടെ. പരേതര്‍ക്ക് ശാന്തി ലഭിക്കട്ടെ .

അപ്പു >
മിനിയാന്ന് അഥവാ ഡിസമ്പര്‍ 29 ചൊവ്വാഴ്ച രാത്രിയായിരുന്നു സം‌ഭവം.

നരിക്കുന്നൻ said...

ഈ ദു:ഖത്തിൽ പങ്ക് ചേരുന്നു. വിളിക്കാതെ വരുന്ന അഥിതി, എപ്പോഴും വരാവുന്ന ഓരോ നിമിഷവും പ്രതീക്ഷിക്കേണ്ട അഥിതി. മരണം...

കൂട്ടുകാരുടെ ആത്മശാന്തിക്കായി പ്രാർത്ഥനയോടെ,

നരിക്കുന്നൻ

Anonymous said...

അവരുടെ അച്ഛനമ്മമാര്‍ക്കും, ബന്ധുക്കള്‍ക്കും എല്ലാം സഹിക്കാനുള്ള കരുത്തു കൊടുക്കണേ എന്നു സർവ്വേശ്വരനോട് പ്രാര്‍ഥിക്കാം.
ഒരു നിമിഷം..., ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ....

ജിപ്പൂസ് said...

മരിച്ചവരുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു.
എല്ലാം പൊറുക്കുന്നവനായ ദൈവം അവരുടെ പാപങ്ങളെ പൊറുത്തുകൊടുക്കുമാറാകട്ടെ...!
അവര്‍ക്ക് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ.

തണല്‍ said...

ദു:ഖത്തില്‍ പങ്കു ചേരുന്നു
:(

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

ശരിക്കും എത്ര ആധിയുണ്ട് നമുക്കെല്ലാം ഇതൊക്കെ കാണുമ്പോള്‍..? ഞാനാലോചിക്കുന്നത് മറ്റൊരു കൂട്ടരെ പറ്റിയാണ്. പിഞ്ചു മക്കള്‍ക്കും പ്രിയ ഭാര്യക്കും യാതൊരു സങ്കോചവും കൂടാതെ പാഷാണം പകര്‍ന്ന അന്നമൂട്ടുന്നവരെ കുറിച്ച്..., എല്ലാം സ്വയം അവസാനിപ്പിച്ച് 'സ്വസ്ഥത' തേടുന്നവരെ കുറിച്ച്... അവര്‍ക്കൊന്നും മനസ്സും മനസ്സാക്ഷിയും ഉണ്ടായിരിക്കില്ല; ഉറപ്പ്.

കൂട്ടുകാര്‍ക്ക് സ്വര്‍ഗപ്രാപ്തി ഉണ്ടാവട്ടെ, നമുക്കവര്‍ നാളെ കൂട്ടാവട്ടെ....

Moideen Puthenchira said...

ആദരാഞ്ജലികള്‍

B Shihab said...

'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍

yousufpa said...

ഇതില്‍ ഒരാള്‍ എന്റെ ഭാര്യയുടെ ബന്ധുവാണ്.
അവര്‍ക്ക് പടച്ചവന്‍ പരലോകജീവിതം ധന്യമാക്കിക്കൊടുക്കട്ടെ.ആമീന്‍..

വിജയലക്ഷ്മി said...

ee dhukkathhil pankucherunnu...vallaathha dhurantham thanne...deyvahitham allaathenthu parayaanaa...

പാറുക്കുട്ടി said...

ഈ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. പോയവരേക്കാൾ ഞാൻ ചിന്തിക്കുന്നത് ജീവിച്ചിരിക്കുന്ന അവരുടെ കുടും‌ബത്തെയാണ്. മരണം വരേയും പിന്തുടരുന്ന തീരാവേദന. ഒന്നിനും പകരം വയ്ക്കൻ കഴിയാത്ത നഷ്ടം. അത്തരമൊരു തീരാനഷ്ടത്തിന്റെ വേദന അറിയുന്നവളാണ് ഞാനും.
പരേതർക്ക് ആദരാഞ്ജലികള്‍..

വീകെ said...

രംഗബോധമില്ലാത്ത കോമാളിയാണ് മരണം. അവൻ എപ്പോഴും എവിടേയും ഏതു രൂപത്തിലും കടന്നുവരാം.

“എന്റെ ആദരാഞ്ജലികൾ “

കാസിം തങ്ങള്‍ said...

മരണമില്ലാത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി കടന്നുപോയ പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ അനുശോചിക്കുകയും ദു:ഖം രേഖപ്പെടുത്തുകയും ചെയ്ത സഹൃദയര്‍ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഗൗരിനാഥന്‍ said...

ഇവരെ ഞാനും അറിയുമല്ലോ..തങ്ങള്‍..എന്റെ വീട് ത്രിവേണിയിലാണ്..അവര്‍ക്ക് ശാന്തി ലഭിക്കട്ടെ

കാസിം തങ്ങള്‍ said...

ഗൌരിനാഥ്, തൃവേണിയില്‍ എവിടെയാണ്.
സന്ദര്‍ശനത്തിന് നന്ദി. അഭിപ്രായങ്ങള്‍ക്കും.

C.K.Samad said...

ആദരാഞ്ജലികള്‍..