Thursday, September 29, 2011

‘ക്ലര്‍ക്കി’ന്റെ സ്ക്കൂളും അമ്മാളേച്ചീടേ ഉപ്പ്മാവും.

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന പള്ളിക്കൂടവും അവിടുത്തെ അധ്യാപകരും ഓര്‍മ്മയിലെത്തുമ്പോള്‍  പഴയകാല സ്മൃതികള്‍ക്ക് വല്ലാത്ത തിളക്കം .അതൊന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ലല്ലോ.ആ മധുവൂറും ഓര്‍മ്മകളുടെ ഓളങ്ങളിലേക്ക് ഒന്ന് ഊളിയിട്ടിറങ്ങട്ടെ ഞാനും.

താരതമ്യേന അടുത്തുള്ളത് ഹൈസ്കൂള്‍ ആയിരുന്നിട്ടും കുറച്ചകലെയുള്ള  യു. പി സ്കൂളിലായിരുന്നു എന്റെയും സഹോദരങ്ങളുടേയും പരിസരപ്രദേശങ്ങളിലെ ചുരുക്കം ചില കുട്ടികളുടെയും പ്രാഥമിക പഠനം. ഹൈസ്കൂളില്‍ രാവിലെ എല്‍ പി , യു പി ക്ലാസ്സുകളും ഉച്ചക്ക് ഹൈസ്ക്കൂള്‍ ക്ലാസ്സുകളുമെന്ന രീതിയില്‍ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. എന്നാല്‍ ‘ക്ലര്‍ക്കിന്റെ സ്കൂള്‍’ എന്നറിയപ്പെട്ടിരുന്ന   ഞങ്ങളുടെ എ എം യു പി  സ്കൂളില്‍ പത്ത് മണി മുതല്‍ നാല് മണി വരെയാണ് ക്ലാസ്സ്. ഒമ്പത് മണിക്ക് മദ്‌റസ വിട്ട് വന്നാല്‍ പിന്നെ സ്കൂളില്‍ പോകാനുള്ള ഒരുക്കം തുടങ്ങും. പ്രാതല്‍ കഴിക്കലാണ് ആദ്യ പരിപാടി. അന്നത്തെ പ്രാതലിന്റെ ഓര്‍മ്മകളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് പുട്ട്  ആണ്.  പുട്ടില്‍ ചായ ഒഴിച്ച് കുതിര്‍ത്തി പഞ്ചസാരയുമിട്ടൊരു കഴിക്കല്‍. ചില ദിവസങ്ങളില്‍ അവിലോ അതുമല്ലെങ്കില്‍ അരിമണി വറുത്ത് തേങ്ങ ചേര്‍ത്തി കുഴച്ചതോ ആകും ചായക്ക് കൂട്ട്.  ചായകുടി കഴിഞ്ഞാല്‍ പിന്നെ പുസ്തകക്കെട്ടുമായുള്ള യാത്രയാണ്. ഒസ്സാൻ പെട്ടിയോട് സാദൃശ്യമുള്ള അലൂമിനിയത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും പെട്ടികൾ ആയിരുന്നു അന്നു പലരുടെയും സ്കൂൾ ബാഗുകൾ. അത് തന്നെ അപൂര്‍വ്വം ചിലരില്‍ മാത്രം. കുറച്ച് മുതിര്‍ന്നാല്‍ പുസ്തകക്കെട്ടില്‍ എലാസ്റ്റിക് ഇട്ട് അത് തോളില്‍ വെച്ച് ഒരു കൈ കൊണ്ട് താങ്ങി പിടിച്ചുള്ള യാത്ര.....

പത്ത് മണിക്ക് സ്കൂളില്‍ സെക്കന്‍ഡ് ബെല്‍ അടിക്കും. അതിന് മുമ്പ് എത്തിയില്ലെങ്കില്‍ അസം‌ബ്ലിയില്‍ പങ്കെടുക്കാനാകില്ല. മാത്രമല്ല ചിലപ്പോള്‍ ചൂരല്‍ കഷായവും ലഭിക്കും.  പാടങ്ങളും പറമ്പുകളും താണ്ടിയാണ് യാത്ര. വേനല്‍ക്കാലത്തിന്റെ തുടക്കമായല്‍ കണ്ണി മാങ്ങ പറക്കലും സോപ്പും‌കായ ശേഖരിക്കലുമൊക്കെയായി വൈകിയെത്തി ചൂരല്‍ക്കഷായ സേവക്ക് അവസരമൊരുക്കാറുമുണ്ട്. മഴക്കാലമാണെങ്കില്‍ മഴയെ ആസ്വദിച്ചും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കാലിട്ടടിച്ച് കളിച്ചുമൊക്കെയാവും യാത്ര. രണ്ടാള്‍ക്ക്കൂടി ഒരു കുടയായിരുന്നതിനാല്‍ മിക്കവാറും നനഞ്ഞൊലിച്ചായിരിക്കും മഴക്കാലങ്ങളില്‍ സ്കൂളിലെത്താറ്. വീടുകള്‍ തോറും  അന്നൊക്കെ പത്ത് മണി ചെടിയും നാല് മണി ചെടിയും (അസറാപൂവ് ചെടി എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്)  നട്ട് വളര്‍ത്തിയിരുന്നു. വഴിയോരക്കാഴ്ചകളിലും കുസൃതികളിലും മുഴുകി നേരം വൈകുമ്പോള്‍ ഈ പത്ത് മണി ചെടികളായിരുന്നു അന്നത്തെ സമയസൂചിക. പൂവ് പൂര്‍ണ്ണമായി വിടരുന്നത് പത്ത് മണിക്കായതിനാല്‍ വിടര്‍ന്ന പത്ത് മണി പൂക്കള്‍ ദൃഷ്ടിയില്‍പ്പെട്ടാല്‍ പിന്നെ ഒരു ഓട്ടമാണ്. അത് സ്കൂള്‍ എത്തിയാലേ നില്‍ക്കൂ.

സിദ്ധാര്‍ത്ഥന്‍ മാഷ് ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റര്‍. കൂടുതല്‍ കര്‍ക്കശക്കാരനല്ലെങ്കിലും എല്ലാവര്‍ക്കും പേടിയായിരുന്നു മാഷിനെ. ദേഷ്യം വന്നാല്‍ ‘എന്തടാ പുട്ട് മിണുങ്ങി’ എന്ന് വിളിച്ച് ചെവി പിടിച്ച് തിരുമ്പലായിരുന്നു മാഷിന്റെ ശിക്ഷാവിധി. ഇടക്ക് ചൂരല്‍ പ്രയോഗവും നടത്താറുണ്ട്. ‘ഉറുദു മാഷ്‘ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഉമ്മര്‍ മാഷും സ്കൂളിന്റെ തൊട്ടടുത്ത് തന്നെയുള്ള വേണു മാഷും ചൂരല്‍ കൊണ്ട് ഞങ്ങളെയൊക്കെ പലപ്പോഴും കരയിച്ചിട്ടുണ്ട്. ഉറുദു മാഷ് അടി തരുമ്പോഴും തമാശയിലൂടെ ചിരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും വേണുമാഷിന് പലപ്പോഴും ക്രൌധഭാവമായിരിക്കും ശിക്ഷനടപ്പാക്കുമ്പോള്‍. കൈ വെള്ളയില്‍ അടിക്കുന്നതിന് പകരം  തുടയിലോ ചന്തിയിലോ ആണ് രണ്ട് പേരുടേയും അടികള്‍ കൂടുതലും വന്ന് വീഴുക.യു പി ക്ലാസ്സുകളിലെ അധ്യാപകരില്‍ ഇന്നും മനസ്സില്‍ കൂടുതല്‍ തങ്ങി നില്‍ക്കുന്നത് കസ്തൂര്‍ബായി ടീച്ചറാണ്. അഞ്ചാം തരത്തില്‍ പഠിക്കുമ്പോൾ ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ആയിരുന്നു അവർ. അന്ന് വളരെ ചെറുപ്പമായിരുന്ന ടീച്ചര്‍ക്ക് ഞങ്ങള്‍ കുട്ടികളോട് വലിയ വാത്സല്യമായിരുന്നു.  ഞങ്ങള്‍ക്കും ടീച്ചറോട് എന്തെന്നില്ലാത്ത അടുപ്പമായിരുന്നു. അന്നൊരിക്കല്‍ ടീച്ചര്‍ ട്രാന്‍സ്‌ഫര്‍ ആയി പോകുന്നുവെന്നറിഞ്ഞ് ഒരു പാട് കരഞ്ഞിട്ടുണ്ട് ഞങ്ങളുടെ ക്ലാസ്സിലെ പലരും.  പക്ഷെ അന്നത്തെ ട്രാന്‍സ്ഫര്‍ എന്തോ കാരണത്താല്‍ ശരിയാവാതിരുന്നതിനാല്‍  കുറച്ച് മുമ്പ് വരെയും ടീച്ചര്‍ അവിടെത്തന്നെയുണ്ട്. 


അന്നത്തെ സഹപാഠികളില്‍ ഓര്‍മയില്‍ തെളിയുന്ന മുഖങ്ങള്‍ പലതുണ്ടെങ്കിലും അവരില്‍ മുഖ്യന്‍ ‘കുഞ്ഞിനൊണയന്‍‘ ആണ്. അവന്റെ പേര് ഓര്‍മ്മയില്‍ ഇല്ലെങ്കിലും അവന്റെ വെള്ളം ചേര്‍ക്കാത്ത നുണകള്‍ ഒരിക്കലും മറക്കില്ല. നുണയിലെ സത്യസന്ധത കൊണ്ട് വേണു മാഷാണ് അവനാ ഓമനപ്പേര് നല്‍കിയത്. 
അനിയന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന സജീവ് എന്ന കുട്ടിയും ഓര്‍മ്മകളിലെ മായാത്ത സാന്നിധ്യമാണ്. അനിയന്റെ സ്ലേറ്റ് അബദ്ധവശാല്‍ സജീവിൽ  നിന്ന് നിലത്ത് വീണ് പൊട്ടിപ്പോയി. അതിന്റെ പേര് പറഞ്ഞ് അനിയന്‍ എന്നും അവനെ ഭീഷണിപ്പെടുത്തും. പുതിയത് വാങ്ങിത്തന്നില്ലെങ്കില്‍ ഞാനെന്റെ ഇക്കാനോട് പറയുമെന്നാ‍യിരുന്നു അനിയന്റെ ഭീഷണി. ഇക്കാ എന്ന് പറഞ്ഞാല്‍ ഈ പാവം ഞാന്‍ . പരാതിയുമായി സജീവിനേയും കൊണ്ട് അനിയന്‍ എന്റെയടുത്ത് വരും. സജീവാണെങ്കില്‍  പേടിച്ച് ആകെ ഒരു പരുവമായിട്ടുണ്ടാകും. പൊട്ടിയ സ്ലേറ്റിന് പകരമായി പുതിയത് വാങ്ങിത്തരാന്‍ കാശില്ലെന്നും വീട്ടില്‍ അറിഞ്ഞാല്‍ തല്ല് കൊള്ളുമെന്നും പറഞ്ഞ് കരച്ചിലിന്റെ വക്കത്തെത്തുന്ന സജീവിനോട് മിഠായി വാങ്ങാനുള്ള പൈസ  അനിയന് കൊടുത്താല്‍ മതിയെന്ന്  പറഞ്ഞാണത് പരിഹരിച്ചത് .   എന്നാല്‍ ഇക്കാട് പറയുമെന്ന ഭീഷണിയില്‍ ഇടയ്ക്കിടെ അവനില്‍ നിന്ന് മിഠായി വാങ്ങാനുള്ള പൈസ അനിയന്‍ വസൂലാക്കുമായിരുന്നു.


ഉച്ചക്ക് ഒന്നു മുതല്‍ രണ്ട് മണി വരെയാണ് ഭക്ഷണ സമയം. ഞങ്ങളുടെ സ്കൂളില്‍ അന്നൊക്കെ ഉച്ചക്കഞ്ഞിക്ക് പകരം ഉപ്പ്മാവായിരുന്നു. അമ്മാളുവേച്ചി ആയിരുന്നു പാചകക്കാരി. ഗോതമ്പ് നുറുക്കില്‍ മറ്റെന്തൊക്കെയോ ചേര്‍ത്ത് അമ്മാളുവേച്ചിയുണ്ടാക്കിയിരുന്ന ഉപ്പ് മാവിന്റെ രുചി ഇന്നും കൊതിയുണ്ടാക്കുന്നു. . പാചകം തുടങ്ങിയാല്‍ പിന്നെ ഒട്ടനേകം കാക്കകള്‍ അമ്മാളേച്ചിക്ക് അകമ്പടി സേവിക്കാറുള്ളതിനാല്‍ കാക്കാകാഷ്ടവും ഉപ്പ്മാവിന് മേമ്പൊടിയായി ചേരാറുണ്ടെന്ന് പലരും മുറുമുറുക്കാറുണ്ട്. ഉപ്പ് മാവിന്റെ രുചിയൂറും മണമടിക്കാന്‍ തുടങ്ങിയാല്‍ എല്ലാ മുറുമുറുപ്പുകളും പമ്പകടക്കും.  ഉപ്പ് മാവ് ആവശ്യമുള്ളവര്‍ വീട്ടില്‍ നിന്ന് വരുമ്പോള്‍ അത് വാങ്ങാനുള്ള പാത്രവും കൂടെ കൊണ്ട് വരണം. പക്ഷേ  ഉപ്പ് മാവ് വാങ്ങാ‍ന്‍ എന്റെ വീട്ടില്‍ നിന്ന്  അനുമതിയുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പാത്രം കൂടെക്കരുതാന്‍ കഴിയില്ലെങ്കിലും ഇടയ്ക്കൊക്കെ ആ‍രും കാണാതെ കഞ്ഞിപാത്രത്തിന്റെ മൂടി പുസ്തകങ്ങള്‍ക്കിടയിലോ അരയിലോ വെച്ച് ഒളിപ്പിച്ച്‌ കടത്തുമായിരുന്നു. മൂടിയില്‍ ലഭിക്കുന്ന ഇത്തിരി ഉപ്പ്മാവില്‍ ആശ്വാസം പൂണ്ടാണ് പൂതി മാറ്റാറ്. അത്രക്കിഷ്ടമായിരുന്നു അതിനോട്. 

ഉപ്പ് മാവ് വാങ്ങുന്നവരുടെ ഉച്ചഭക്ഷണം അത് തന്നെയായിരുന്നു. ഞങ്ങള്‍ക്കതില്ലാത്തത് കൊണ്ട് ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് തന്നെ പോകണം. ഉച്ച ഭക്ഷണം കൊണ്ട് വരുന്ന പതിവ് അന്ന് സ്കൂളില്‍ കുറവായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചെത്തണം. പൊരിച്ച പപ്പടത്തിന്റെയും പരിപ്പ് കുത്തിക്കാച്ചിയതിന്റെയുമൊക്കെ സ്വാദൂറും വാസന ശ്വസിച്ചുള്ള യാത്രയാണ് ഉച്ചയിലേത്. വീടുകള്‍ക്കിടയിലൂടെയുള്ള യാത്രക്ക് പകരം ഒരു ദിവസത്തെ ഉച്ച യാത്ര റോഡിലൂടെയാക്കിയതിന്റെ അടയാളം ഇന്നും പുരികത്തില്‍ ഒരു ഓര്‍മ്മപ്പാടായി കിടപ്പുണ്ട് .  അമിതവേഗതയില്‍ വന്ന സൈക്കിള്‍ യാത്രികന്‍ എന്നെ ഇടിച്ച് തെറിപ്പിക്കുകയും ഞാന്‍ തലയടിച്ച് വീഴുകയും ചെയ്തു.


  തക്കാളിയും ഉണക്ക ചെമ്മീന്‍ വറുത്തതും നാളികേരവും ചേര്‍ത്ത് ഉണ്ടാക്കുന്ന സ്വാദിഷ്ട്മായ കറിയായിരുന്നു അന്നാളുകളിള്‍ പ്രധാനമായും ഉഛയൂണിനോടൊപ്പം കൂട്ട്. . ചില ദിവസങ്ങളില്‍ പരിപ്പു കറിയായിരിക്കും മുഖ്യന്‍്. മത്തി അന്നും സുലഭമായിരുന്നതിനാല്‍ മിക്കാവാറും ദിവസങ്ങളില്‍ മത്തി വറുത്തതും ഒരു ഇനമായിരുന്നു. മത്തി വറുത്തത് കൂടുതല്‍ കിട്ടാന്‍ വേണ്ടി ഞാനും  അനിയനും  തമ്മില്‍ മത്സരമായിരുന്നു. ചിലപ്പോള്‍ ആര്‍ക്കെങ്കിലും ഒരെണ്ണം കൂടുതല്‍ കിട്ടിയാല്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ അത് ചോറിനുള്ളില്‍ പൂഴ്ത്തി വെക്കും. ചോറ് തിന്നുന്നതിനിടയില്‍ പൂഴ്ത്തിവെച്ച കാര്യം മറക്കുകയും ചോറിനടിയില്‍ നിന്ന് മീന്‍ പുറത്തേക്ക് കാണുകയും  ചെയ്താല്‍ പിന്നെ അതിന്റെ പേരില്‍ കശപിശയാണ്. എല്ലാം കഴിയുമ്പോഴേക്കും ബെല്ലടിക്കാനുള്ള സമയമായിട്ടുണ്ടാകും. ആകാശവാണിയായിരുന്നു ഉച്ചയിലെ സമയ സൂചിക. ഒന്നര മുതല്‍ രണ്ട് വരെ ആകാശവാണിയില്‍ അക്കാലത്ത് ചലചിത്രഗാനമായിരുന്നുവെന്ന് തോന്നുന്നു. രണ്ട് മണിക്ക് ശേഷം ക്ലോസിങ്ങും. ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് പോകുന്ന വഴിയില്‍ എല്ലാ വീടുകളില്‍ നിന്നും റേഡിയോയിലെ ഉഛത്തിലുള്ള ഗാനം കേള്‍ക്കാം. അത് നിലച്ചാല്‍ രണ്ട് മണിയായെന്ന് ഉറപ്പായി. ചലചിത്ര ഗാനങ്ങള്‍ തീരുന്നതിനു മുമ്പ് സ്കൂളില്‍ എത്തുക എന്നതായിരുന്നു അന്നത്തെ സമയക്രമം.

രണ്ട് മണി മുതല്‍ നാല് വരെയാണ് അടുത്ത ഷിഫ്റ്റ്. ഉച്ചക്ക് ശേഷം പിന്നെ ‘ജനഗണ‘ കേള്‍ക്കാനുള്ള കാത്തിരിപ്പാണ്. ‘ടിം ടിം ടിം’ കേള്‍ക്കേണ്ട താമാസമേ ഉള്ളൂ പുസ്തകക്കെട്ടുമെടുത്ത് കുതിക്കാന്‍ . കൂട്ടുകാ‍രുടെ പുറത്തടിച്ചോടിയും ആര്‍ത്തുല്ലസിച്ചുമുള്ള തിരിച്ചുപോക്ക്.അങ്ങിനെ  ക്ലര്‍ക്കിന്റെ സ്കൂളിലും തൊട്ടടുത്ത പാടങ്ങളിലുമൊക്കെയായി ചിലവഴിച്ച ഏഴ് വര്‍ഷങ്ങള്‍ കാലത്തിന് മായ്ക്കാൻ കഴിയാത്ത ഓർമ്മച്ചിത്രങ്ങളിൽ നിറവാർന്നു നിൽക്കുന്നു.

11 comments:

കാസിം തങ്ങള്‍ said...

നാളുകള്‍ക്ക് ശേഷം എന്തെങ്കിലുമൊക്കെ എഴുതണമെന്ന ഒരു തോന്നലില്‍ ചെറിയൊരു പോസ്റ്റ്.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മധുരമൂറുന്ന ഓര്‍മ്മകളിലേക്ക് നടത്തിയ ഈ പോസ്റ്റിനു നന്ദി

കുട്ടിക്കാലത്തെ സ്മരണകള്‍ എല്ലാവര്‍ക്കും ഒരു നഷ്ടബോധമുണ്ടാക്കുന്നു.. ആ കാലത്തിലൂടെ ഞാനും ഈ വരികളിലൂടെ നടക്കുന്നതിനിടയില്‍ സഞ്ചരിച്ചു.

അരിമണി വറുത്തതില്‍ തേങ്ങ ചിരകിയിട്ട് പിന്നെ അല്പം ശര്‍ക്കരയും ചേര്‍ത്ത് ചായക്ക് കൂട്ടായി കഴിക്കുന്നത് അന്ന് എന്റെയും ഇഷ്ടമായിരുന്നു. ഇല്ലായ്മയിലും ആസ്വാദനം :)

സ്കൂളിലെ ഉപ്പ്മാവിന്റെ മണം എന്റെ മൂക്കിലേക്ക് ഇരച്ച് വരുന്നു.. :)

മജി said...

എന്‍റെ പഠനകാലത്ത് അഞ്ചാം ക്ളാസ് വരെയേ ഉപ്പുമാവ് കൊടുത്തിരുന്നുള്ളൂ...അഞ്ചാം ക്ളാസ് വരെ ഉച്ചക്ക് പട്ടിണി അറിഞ്ഞിരുന്നില്ല..എങ്കിലും എല്‍.പി.ക്ലാസിലെ കുട്ടികള്‍ക്ക് കൊടുത്തു ബാക്കി വരുന്ന ഉപ്പുമാവിന് വേണ്ടി ഒരുപാട് കെഞ്ചി യിട്ടുണ്ട് അമ്മാളെച്ചിയോട്....അയല്പക്കം ആണെങ്കിലും വീട്ടുകാര്‍ നല്ല ശത്രുതയില്‍ ആയിരുന്നു അമ്മാളെച്ചിയോട്......................വിശപ്പിന്‍റെ കാഠിന്യം അറിയുന്നത് കൊണ്ടായിരിക്കും എനിക്ക് ഉപ്പുമാവ് തരുന്നതില്‍ വീട്ടുകാരോടുള്ള ശത്രുത എന്നോട് കാണിക്കാറില്ലായിരുന്നു അമ്മാളെച്ചി..

sm sadique said...

പഴയകാല ഉപ്പുമാവ്. ആസ്വദിച്ച് കഴിച്ച്. ഓർമകളിലേക്കൊരു സഞ്ചാരം....

മുല്ല said...

ആ ഉപ്പുമാവിന്റെ മണം. കൊതിപ്പിക്കുന്നു ഇപ്പോഴും...

നല്ല പോസ്റ്റ്.

ശ്രീ said...

വളരെ നല്ല ഓര്‍മ്മകള്‍, മാഷേ.
സ്കൂള്‍ ജീവിതം ഓര്‍മ്മിപ്പിച്ചു... ഒപ്പം ആ ഉപ്പുമാവിന്റെ രുചിയേയും... നന്ദി.

Typist | എഴുത്തുകാരി said...

പഴയ സ്കൂൾ കാലം ഓർത്തു. രസമുള്ള എത്രയെത്ര ഓർമ്മകൾ. ആ ഉപ്പുമാവ് കഴിക്കാൻ കൊതിയായിരുന്നു.

പട്ടേപ്പാടം റാംജി said...

പഴയ കാലത്തെ ആ ഓര്‍മ്മകള്‍ തന്നെയാണ് ഇന്നത്തെക്കാള്‍ നല്ല ഓര്‍മ്മകള്‍. അത് മധുരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു.
ഞാന്‍ പഠിക്കുമ്പോള്‍ ഒരു ചുള്ളി മാഷ്‌ ഉണ്ടായിരുന്നു. അന്ന് കോപ്പി എഴുതാന്‍ മഷിയില്‍ മുക്കി എഴുതുന്ന പേന ആണ് ഉപയോഗിക്കാറ്. ഒരു ചെറിയ തണ്ടിന്റെ അറ്റത്ത്‌ വലിയ ഒരു നിബ്ബ്. കേടായ നിബ്ബ് ഈ ചുള്ളിമാഷ്‌ എടുത്ത്‌ വെക്കും. എന്നിട്ട് ഞങ്ങളെയൊക്കെ തുടയില്‍ പിച്ചുന്നത് ആ നിബ്ബ് കയ്യില്‍ ചേര്‍ത്ത്‌ വെച്ചാണ്. ശരിക്കും മൂത്രം ഒഴിച്ച് പോകും. പലരും അങ്ങിനെ മുള്ളിയിട്ടുണ്ട്. ചിലപ്പോള്‍ തുളഞ്ഞു കയറി ചോര വരും.
അതെല്ലാം ഓര്‍മ്മിപ്പിച്ച നല്ല ഓര്‍മ്മകള്‍ നല്‍കി.

ശ്രീ said...

പുതിയ പോസ്റ്റുകളൊന്നുമില്ലേ മാഷേ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇടയ്ക്ക് ബ്ലോഗിനു വേണ്ടി അല്പ സമയം ചിലവഴിക്കൂ.. എഴുത്തിനു മാറാല പിടിക്കാതിരിക്കാൻ.. ഈ ഉപദേശം എന്നോടും കൂടിയാണേ.. :)

കാസിം തങ്ങള്‍ said...


ശരിയാ ബഷീര്‍ക്കാ, എന്നും കരുതും എന്തെങ്കിലുമൊക്കെ എഴുതണമെന്ന്. പക്ഷെ അലസത കൊണ്ട് അനന്തമായി നീണ്ടു പോകുന്നു. എന്തായാലും ശ്രമിച്ച് നോക്കണം നാമെല്ലാവരും.