Monday, March 31, 2008

പ്രവാസിയുടെ ആത്മവിലാപങ്ങള്‍

സ്വര്‍ണ്ണം വിളയുന്ന,പണം കായ്ക്കുന്ന മരങ്ങള്‍ വളരുന്ന എണ്ണപ്പാടങ്ങളുടെ നാട്ടില്‍ വിപ്രവാസം നയിക്കുന്നവനെന്ത് ദുഃഖം .ആവശ്യത്തില്‍ കൂടുതല്‍ പണം സമ്പാദിക്കുന്നവന്‍ ,സുഖലോലുപതയില്‍ ആറാടുന്നവന്‍ ,സുഖിയനായി ജീവിതം ആഘോഷിച്ച് തീര്‍ക്കുന്നവന്‍ , ദുഃഖമെന്തെന്നറിയാത്തവന്‍ ,സര്‍വ്വോപരി ഇനിയൊരിക്കലും ജന്മനാട്ടില്‍ സ്ഥിരവാസത്തിനര്‍ഹതയില്ലാത്തവന്‍ .ഒരു പ്രവാസിയെ ക്കുറിച്ച് കേരളീയ പൊതുസമൂഹത്തിന്റെ ധാരണ ഇങ്ങനെയാവരുതേ എന്നാണ്‌ നമ്മുടെ പ്രാര്‍ഥന,ആഗ്രഹവും .പക്ഷേ നമ്മുടെ അനുഭവ സാക്ഷ്യങ്ങള്‍ക്കു പറയാനുള്ളതോ.മുകളിലുദ്ധരിച്ചത് ഓരോ പ്രവാസിയ്ക്കും പൊതുസമൂഹം ഒട്ടിച്ചു തന്ന ലേബലുകള്‍ തന്നെയല്ലേ. ജന്മ നാട്ടിലെത്തിപ്പെടനുള്ള അടങ്ങാത്ത മോഹവും കുടുംബ മിത്രാദികളെ പിരിഞ്ഞെത്തിയതിന്റെ തീരാ വ്യഥയുമായി തീ തിന്ന് കഴിയുന്ന പ്രവാസിയുടെ നൊമ്പരങ്ങള്‍ ആരറിയാന്‍ .നിറക്കൂട്ടുള്ള സ്വപ്നങ്ങളില്‍ വിരാചിക്കന്‍ മാത്രം വിധിക്കപ്പെട്ടവന്‍.
യവ്വനത്തിന്റെ പ്രസരിപ്പും ചുറുചുറുക്കും മരുഭൂമിയില്‍ ഹോമിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍.ഒടുവില്‍ , ജീവിതത്തിന്റെ സിംഹ ഭാഗവും ഊഷര്ഭൂമിയില്‍ കുരുതി കൊടുത്തതിനു പാരിതോഷികമായി ലഭിച്ച രോഗങ്ങളുടെ ഭാണ്ഡവും പേറി പ്രവാസത്തിനറുതി വരുത്തി യാത്രയാവുമ്പോഴും സമ്പാദ്യത്തിന്റെ കണക്കു പുസ്തകത്തില്‍ മിച്ചമൊന്നുമില്ലാതെ സംപൂജ്യനായി മടങ്ങേണ്ടി വരുന്ന "മഹാ ഭഗ്യവാന്‍".സ്വസ്ഥമായൊരു ജീവിതം കൊതിഛ് നാട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും രോഗപീഢകള്‍ തളര്‍ത്തി തീര്‍ത്തും അവശനായിത്തീരുന്നു.കൂടിയാല്‍ നാലോ അന്ചോ വര്‍ഷം, അതിനുള്ളില്‍ ജീവിക്കന്‍ മറന്നു പോയ പാവം പ്രവാസി കാലായവനികക്കുള്ളിലേക്കു മറയുന്നു.എങ്കിലും പ്രവാസി, നിന്റെ ജീവിതം ഒരിക്കലും വ്യര്‍ഥമല്ല.അനേകം പേര്‍ക്കു ജീവിക്കനുള്ള വെളിഛം നല്‍കിയാണല്ലോ നീ കടന്നു പോകുന്നത്. ചുറ്റും പ്രകാശം പരത്താന്‍ സ്വയം ഉരുകിത്തീരുന്ന മെഴുകു തിരിയാവനെങ്കിലും നിനക്ക് കഴിഞ്ഞല്ലോ.

1 comment:

സുല്‍ |Sul said...

തങ്ങള്‍സ്,
ഈ ലേഖനം നന്നായിരിക്കുന്നു. എല്ലാ പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും....
ബാക്കിയുള്ളതെല്ലാം വായിക്കണം. ബൂലോഗത്തേക്ക് സ്വാഗതം.

-സുല്‍