Monday, April 7, 2008

കാലത്തെ പഴിക്കും മുമ്പ്...................

പ്രകൃതിയുടെ വികൃതികള്‍ കണ്ട് അന്‌ധാളിച്ച് പകച്ച് നില്‍ക്കുകയാണല്ലോ നാം. ക്രമം തെറ്റിച്ച് വിരുന്നെത്തിയ മഴ കര്‍ഷരുടെ സ്വപ്നങ്ങളില്‍ ഇടിത്തീവീഴ്ത്തി ദുരന്തത്തിന്റെ കണ്ണീര്‍ പുഴയോഴുക്കി കടന്ന് പോയി.പ്രതിസന്ധിക്കു മുമ്പില്‍ പിടിച്ച്നില്‍ക്കാന്‍ കെല്‍പ്പില്ലാതെ പലരും ആത്മഹത്യാ മുനമ്പില്‍ അഭയം തേടി. ശേഷിക്കുന്നവര്‍ ജീവിത വഴിയില്‍ എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ ഭാരിച്ച കടങ്ങളുടെ വ്യാകുലതയില്‍ സങ്കട കടലില്‍ പെട്ടുഴലുന്നു. ഇത്തരം ദുരന്തങ്ങളും ദുരിതങ്ങളും വന്ന് ഭവിക്കുമ്പോഴെല്ലാം കാലത്തെയും പ്രകൃതിയെയും പഴിചാരി ശാപവാക്കുകളുതിര്‍ക്കുന്നത് മനുഷ്യന്റെ സ്ഥിരം പല്ലവിയാണ്.പ്രകൃതിയുടെ വികൃതികളെക്കുറിച്ചും കാലത്തിന്റെ കോലം മറിച്ചിലിനെക്കുറിച്ചും പരിതപിക്കുന്നതിന്റെ മുമ്പ് നാം ചെയ്ത് കൂട്ടുന്ന വിക്രിയകളെ ക്കുറിച്ചൊന്ന് വിചിന്തനം നടത്തുന്നതഭികാമ്യമായിരിക്കുംമനുഷ്യന്‍ പ്രകൃതിയോട് ചെയ്ത് കൂട്ടുന്ന ക്രൂരതകള്‍ക്കു കയ്യും കണക്കുമില്ല. പ്രകൃതിക്കവകാശപ്പെട്ട എത്രയെത്ര സമ്പത്തുകള്‍ മനുഷ്യന്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. പ്രകൃതിയെ ഹരിതാഭമാക്കിയിരുന്ന വനസമ്പത്ത് നമ്മുടെ നഷ്ടസ്വപ്നങ്ങളിലെ വിങ്ങുന്ന ഓര്‍മ്മയായി അവശേഷിക്കുകയല്ലേ. കാടുകള്‍ മൊത്തം വെട്ടിത്തെളിച്ച് മണി സൌധങ്ങളും രമ്യഹര്‍മങ്ങളും പടുത്തുയര്‍ത്തുമ്പോള്‍ നമുക്ക് പ്രകൃതി സൌജന്യമായി നല്‍കിയിരുന്ന ശുദ്ധവായു പോലും മലിനപ്പെടുത്തുകയായിരുന്നില്ലേ.പ്രകൃതി സൌന്ദര്യത്തിന്റെ സുന്ദര ദൃശ്യങ്ങളായിരുന്ന നെല്‍പാടങ്ങളും കായലുകളുമെല്ലാം നികത്തിയെടുത്ത് അംബര ചുംബികളായ കെട്ടികള്‍ കെട്ടി പൊക്കുമ്പോള്‍ പ്രകൃതിയുടെ പ്രകോപനത്തെക്കുറിച്ച് നാം ചിന്തിച്ച് പോലുമില്ല.ഇങ്ങനെ പ്രക്ര്‌തി വിരുന്നൊരുക്കിയ ദ്ര്‌ശ്യ വിസ്മയങ്ങള്‍ക്കും കനിഞ്ഞരുളിയ വിഭവങ്ങള്‍ക്കും മനുഷ്യന്‍‌ ചിതയൊരുക്കിയതിന്റെ സാമ്പിളുകളാണിവയെങ്കില്‍‌ ‌ അവന്‍‌ മനുഷ്യത്വത്തോട് തന്നെ ചെയ്ത് കൂട്ടുന്ന കിരാതവും പൈശാചികവുമായ ചെയ്തികള്‍ എന്തൊക്കെയാ‍ണ്.മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത വിധം നിന്ദ്യവും നീചവുമായ പേക്കൂത്തുകളിലൂടെ സാംസ്കാരിക ച്യുതിയുടെ അഗാധതയിലേക്ക് ആപതിക്കുന്ന മനുഷ്യ സമൂഹം നാല്‍‌ക്കാലികളെപ്പോലും നാണിപ്പിക്കുന്ന അവസ്ഥയിലാണിപ്പോള്‍‌. ജി‍വിതത്തെ കേവലം ആര്‍ത്തുല്ലസിക്കാനുമുള്ള ഉപാധി മാത്രമായി കാണുകയും സുഖാസ്വാദനങ്ങള്‍‌ക്കു പിന്നലെ പായുകയും ചെയ്യുമ്പോള്‍ സര്‍വ്വ സിമകളും ലം‌ഘിക്കപ്പെടുന്നു. സമ്പത്തിന് വേണ്ടി സ്വന്തം പിതാവിനെയും മാതാവിനെയും കൊലക്കത്തിക്കിരയാക്കുന്നവര്‍‌, മാന്ത്രിക ശക്തി ലഭിക്കുമെന്ന മൂഠഡ വിശ്വാസത്തില്‍‌ സ്വന്തം അമ്മാവനെ കൊന്ന് തിന്നുന്നവര്‍‌, ശവങ്ങളെ പോലും ഭോഗിച്ച് സം‌ത്ര്‌പ്തി അടയുന്നവര്‍‌,സ്വന്തം രക്തത്തില്‍‌ പിറന്ന മക്കളെപ്പോലും കാമപൂരണത്തിനുപയോഗിക്കുന്നവര്‍‌, സഹോദരിയിലും ആത്മസുഹ്ര്‌ത്തിന്റെ ഭാര്യയിലും ലൈംഗിക സുഖം‌ തേടുന്നവര്‍‌, സ്വന്തം സഹോദരന്റെ ഇടനെഞ്ചിലേക്ക് കഠാര ആഴ്ത്തിയിറക്കി ക്രുരതയുടെ ആള്‍ രൂപമണിയുന്നവര്‍‌, ആത്മമിത്രത്തെ കബളിപ്പിച്ച് സര്‍വ്വതും അപഹരിച്ച് വഞ്ചനയുടെ പ്രതിരൂപമാവുന്നവര്‍‌, കൊള്ളയും കൊള്ളിവയ്പും നടത്തി സമൂഹത്തിന്റെ സ്വാസ്ത്ഥ്യം കെടുത്തുന്നവര്‍‌.സമൂഹം അനുശീലിച്ച് പോരുന്ന ഒരു പാട് നന്‍‌മകളെ അനാചാരങ്ങളുടെ മുദ്ര ചാര്‍ത്തി നിഷ്കാസിതമാക്കുന്നവര്‍‌, സദാചാര്യമൂല്യങ്ങളെയും ധാര്‍മ്മിക ചിന്താ ധാരകളെയും കടപുഴക്കിയെറിഞ്ഞ് അന്ധവിശ്വാസങ്ങല്‍ക്കും‌ ആള്‍ദൈവങ്ങല്‍ക്കും സങ്കേതമൊരുക്കുന്നവര്‍‌, മദ്യത്തിന്റെയും‌ മയക്കുമരുന്നിന്റെയും മാസ്മരികതയില്‍ സായൂജ്യമടയുന്നവര്‍‌, ചുടുനിണം‌‌ ചാലിട്ടൊഴുക്കി ഭുമിയെ ചെഞ്ചായമണിയിക്കുന്നവര്‍, അഴിമതിയും സ്വജനപക്ഷപാതവും നടത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നവര്‍, പാവപ്പെട്ടവന്റെ വേദനകളേയും ആകുലതകളേയും അവഗണിക്കുന്നവര്‍‌, അവശരുടെയും നിരാലംബരുടെയും അവകാശങ്ങളെ ധ്വംസിക്കുന്നവര്‍‌, തുല്യതയില്ലാത്ത വംശഹത്യയിലൂടെ രക്തദാഹം തീര്‍ക്കുന്ന നരാധമന്‍മാര്‍,ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്നവര്‍, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷ ബീജങ്ങള്‍ കുത്തിവെച്ച് സാഹോദര്യത്തിന്റെവേരറുക്കുന്നവര്‍,ഇങ്ങനെ മനുഷ്യര്‍ പ്രക്‌ര്‍തിയോടും സമൂഹത്തോടും ചെയ്തുകൂട്ടുന്ന സമാനതകളില്ലാത്ത ക്രൂരതളുടെ അനന്തര ഫലങ്ങളാണ് കാലത്തിന്റെ സമയക്രമം പാലിക്കാത്ത വിരുന്നെത്തലിന് കളമൊരുക്കുന്നത്.എന്നിട്ടും നമ്മുടെ ചെയ്തികളെ വിസ്മരിച്ച് കാലത്തെ പഴിച്ച് നാം സംത്ര്‌പ്തി നേടുന്നു. ഇത്തരുണത്തില്‍ ചിന്തനീയമായ ഒരു പ്രവാചക വചനം ഓര്‍മ്മയിലെത്തുന്നു. "പൊതു മുതല്‍ സ്വന്തം സമ്പത്തായി വിനിയോഗിക്കുക, വിശ്വസിച്ചേല്‍പിച്ചവ സ്വന്തം ഇഷ്ട പ്രകാരം ഉപയോഗിക്കുക, പുരുഷന്‍ അവന്റെ ഭാര്യയ്ക്കു വഴിപെട്ട് ഉമ്മയെ ബുദ്ധിമുട്ടിക്കുക, സ്നേഹിതരെ അടുപ്പിച്ച് പിതാവിനെ അകറ്റുക, പള്ളികളില്‍ ശബ്ദ് കോലാഹലങ്ങള്‍ ഉണ്ടാവുക, ഒരു സമൂഹത്തിന്റെ നേതാവ് അവരില്‍ വെച്ച് ഏറ്റവും മോശക്കാരനാവുക, ഒരാളുടെ ഉപ്ദ്രവങ്ങള്‍ ഭയന്ന് അയാളെ ബഹുമാനിക്കുക, നിര്‍ബന്ധ ദാനങ്ങള്‍ കടമായി അവശേഷിക്കുക, മദ്യപാനം വര്‍ദ്ധിക്കുക, പിന്‍ഗാമികള്‍ മുന്‍ഗാമികളെ ശപിക്കുക, തുടങ്ങിയവ സംഭവിച്ചാല്‍ ചുടുകാറ്റിനെയും ഭൂമി കുലുക്കവും ഭൂമിയിലേക്ക് ആണ്ട് പോകലും കോലം മറിയലും ആകാശത്ത് നിന്നുള്ള ഏറും ചരടറ്റ മാലയുടെ മണി പോലെ തുടര്‍ന്ന് വരുന്ന മറ്റു ദൃഷ്ടന്തങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കുക."

1 comment:

ബഷീർ said...

മനുഷ്യന്‍ അവന്റെ കരങ്ങളാല്‍ പ്രവ്യത്തിച്ചതിന്റെ ഫലങ്ങള്‍ അവന്‍ അനുഭവിക്കുന്നു..

എന്നാണു മനുജനു ഒരു തിരിച്ചറിവുണ്ടാകുക !!

ചിന്തോദ്ദീപകമായ ലേഖനം.. അഭിനന്ദനങ്ങള്‍