Thursday, September 5, 2013

‘കണ്ണുരുട്ടി‘ മാഷ്


ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഗുരുമുഖങ്ങളില്‍ എന്നും തിളങ്ങി നില്‍ക്കുന്ന  പ്രിയപ്പെട്ടൊരു മാഷുണ്ട്. ഹൈസ്കൂളില്‍ ഫിസിക്സ് എടുത്തിരുന്ന ശിവന്‍ മാഷ്. ഏതൊരധ്യാപകനും മാതൃകയാക്കാവുന്ന പെരുമാറ്റരീതിയും അധ്യാപനശൈലിയും സ്വന്തമായുള്ള  തികവൊത്തരു ഗുരു. എട്ടാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ആണ് മാഷ് ക്ലാസ്സെടുത്തിരുന്നത്.  പഠിപ്പിക്കാനുള്ള പാഠഭാഗങ്ങളുടെ നോട്സുകള്‍ കുറിച്ചെടുത്ത് ഒരുങ്ങി തയ്യാറായി മാത്രമേ അദ്ദേഹം ക്ലാസ്സ് എടുക്കാറുണ്ടായിരുന്നുള്ളൂ.  . മറ്റ് അധ്യാപകരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. മിക്കവരും തങ്ങളുടെ പോര്‍ഷന്‍ എടുത്ത് തീര്‍ക്കുകയെന്ന കടമ നിര്‍വഹിക്കുക മാത്രം ചെയ്യുമ്പോള്‍ ഇദ്ദേഹം അങ്ങനെയായിരുന്നില്ല.  എല്ലാവര്‍ക്കും എളുപ്പം മനസ്സിലാകാവുന്ന വിധം ആകര്‍ഷകമായ രീതിയിലുള്ള ക്ലാസ്സ് കഴിയുന്നതോടെ മിക്കവര്‍ക്കും പാഠഭാഗം മന:പാഠമായിട്ടുണ്ടാകും .    അദ്ദേഹം പറഞ്ഞ് തരുന്ന നോട്സ് എല്ലാവരും എഴുതിയെടുക്കണമെന്നത് നിര്‍ബന്ധമായിരുന്നു. ആ നോട്ട് ബുക്കുകളായിരുന്നു ഞങ്ങളുടെ ഫിസിക്സ് ‘ടെക്സ്റ്റ്’ ബുക്കുകള്‍. ആ ശൈലിയുടെ പ്രത്യേകത കൊണ്ട് തന്നെ എട്ടിലും പത്തിലും ഫിസിക്സില്‍ ആരും തോല്‍ക്കാറുണ്ടായിരുന്നില്ലെന്ന് കൂടി ഓര്‍ക്കുമ്പോഴാണ് മാഷ് വേറിട്ട് നില്‍ക്കുന്നത്.


ഇതാണ് ഞങ്ങളുടെ പ്രിയ ശിവന്‍ മാഷ്.

വളരെ കര്‍ക്കശക്കാരനായിരുന്നെങ്കിലും ഒരിക്കലും കുട്ടികളെ ശിക്ഷിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത മുറ്റിയ ക്ലാസ്സ് റൂമുകളെ സൃഷ്ടിച്ചെടുക്കാനും കുട്ടികളുടെ മൊത്തം ആദരവ് കലര്‍ന്ന സ്നേഹം പിടിച്ച് പറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്ലാസ്സ് റൂമിനെ തന്റെ സൂക്ഷ്മമായ നിരീക്ഷണ വലയത്തില്‍ കൊണ്ട് വരുകയും ഏതൊങ്കിലുമൊരുത്തന്റെ ശ്രദ്ധ ക്ലാസ്സില്‍ നിന്ന് തെറ്റിപ്പോയാല്‍ ഉടന്‍ അവനിലേക്ക് തന്റെ ദൃഷ്ടി പായിച്ച് രൂക്ഷമായൊന്ന് നോക്കകുയും ചെയ്യും. നിന്ന നില്പില്‍ മൂത്രം ഒഴിച്ച് പോകുന്ന നോട്ടം. ചിലപ്പോള്‍ ചോക്ക് കൊണ്ട് ചെറുതായൊന്നു കൊട്ടും തലക്ക്. അത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശിക്ഷ.ഈ നോട്ടം കൊണ്ട്  ‘കണ്ണുരുട്ടി മാഷ്” എന്നൊരു അപരനാമം വീണു അദ്ദേഹത്തിനു.

 ഗവര്‍മെന്റ് ഹൈസ്കൂള്‍ ആയിരുന്നതിനാല്‍ രാഷ്ട്രീയ അതിപ്രസരം കൊണ്ട് കലുഷിതമായ പല നാളുകളും കഴിഞ്ഞ് പോയപ്പോള്‍ അദ്ദേഹത്തിന്റെ സ്നേഹപൂര്‍ണ്ണമായ ഇടപെടലില്‍ പല പ്രശ്നങ്ങളും ഉരുകിയില്ലാതായിട്ടുണ്ട്. ക്ലാസ്സ് റൂമില്‍ കാര്‍ക്കശ്യക്കാരനായിരുന്നെങ്കിലും പുറത്ത് വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴുകി സ്നേഹവും ആദരവും പിടിച്ച് പറ്റാന്‍ കഴിഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകളും നിര്‍ദ്ദേശങ്ങളും ലംഘിക്കാനോ മറികടക്കാനോ ആരും മുതിരുമായിരുന്നില്ല. ഒരു ഹൈസ്കൂളില്‍ ഇത്ര മാത്രം പ്രശ്നമുണ്ടാകുമോ എന്ന് ചിന്തിക്കുന്നുവെങ്കില്‍ തെറ്റി. പലപ്പോഴായി എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷങ്ങള്‍ കൊണ്ട് പേരെടുത്തതായിരുന്നു ഈ സ്കൂള്‍ എന്നതിനാല്‍   അതിന്റെ അനുരണനങ്ങള്‍ പലപ്പോഴായി ഉണ്ടാകാറുണ്ടെങ്കിലും  മാഷിന്റെ ട്രാന്‍സ്‌ഫറിനു ശേഷം നാടിനെ പിടിച്ചുലച്ച സംഘര്‍ഷത്തിന്റെ കേന്ദ്ര ബിന്ദു ആയിത്തീര്‍ന്നത് ഈ സ്കൂള്‍ ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ സ്കൂളില്‍ ഒതുക്കിത്തീര്‍ക്കാന്‍ കഴിയാതെ വരികയും പുറത്തേക്ക് വ്യാപിച്ച് ദിവസങ്ങളോളം കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് വിലപ്പെട്ട ഒരു ജീവനുമെടുത്തിട്ടേ അത് അടങ്ങിയുള്ളൂ എന്നറിയുമ്പോഴാണ് ഇത്തരമൊരധ്യാപകന്റെ സാന്നിധ്യത്തിന്റെ വില മനസ്സിലാകൂ.  മാഷ് അന്ന് സ്കൂളില്‍ ഉണ്ടായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഇത്ര തീഷ്ണമാകില്ലായിരുന്നു എന്നാണ് ഞാനിന്നും വിശ്വസിക്കുന്നത്   .  ഞങ്ങളുടെ എസ് എസ് എല്‍ സി ബാച്ച് കഴിഞ്ഞ് രണ്ട് വര്‍ഷം തികയുന്നതിന്റെ മുമ്പ് മാഷിനു എ ഇ ഒ ആയി പ്രമോഷന്‍ ലഭിച്ചു ചാവക്കാട് ആയിരുന്നു നിയമനമെന്നാണ് ഓര്‍മ്മ. ഒരേ നാട്ടുകാരായിരുന്നിട്ടും പിന്നീട് ബസ്സില്‍ വെച്ചോ മറ്റോ ആണ് അദ്ദേഹത്തെ കാണാറുണ്ടായിരുന്നത്.

ഓരോ തവണ ലീവിനു പോകുമ്പോഴും മാഷിനെ പോയി കാണണമെന്ന് വിചാരിക്കാറുണ്ടെങ്കിലും നടക്കാറില്ല.   കല്യാണം ക്ഷണിക്കാന്‍ പോയിട്ടാണ് ഒടുവിലത് സാധിച്ചത്. ഒരു സുഹൃത്തുമൊത്താണ് മാഷിന്റെ വീട്ടിലെത്തിയത്. അവനാണെങ്കില്‍ മാഷെക്കുറിച്ച് കേട്ട് പരിചയം മാത്രമേ ഉള്ളൂ. . ‘കണ്ണുരുട്ടി മാഷ് എന്ന് കുറേ കേട്ടിട്ടുണ്ട് , ഒന്ന് കാണണമെന്ന് വെച്ച് വന്നതാണെന്ന് ‘ സ്വതവേ രസികനായ അവന്‍ സംസാ‍രത്തിന്നിടയില്‍ മാഷിനോട് പറഞ്ഞത് കേട്ട് ആകെയൊന്ന് ഞെട്ടിപ്പോയി. ‘അങ്ങനെയൊന്നുമില്ല, കുട്ടികള്‍ക്ക് തോന്നുന്നതാകും’ എന്ന്  വളരെ ലാഘവത്തില്‍ ചിരിച്ച് കൊണ്ടാണതിനു മാഷ്  മറുപടി പറഞ്ഞത്. ഇന്ന് വിശ്രമജീവിതത്തിലാണ് അദ്ദേഹം. സര്‍വ്വിസിലായിരിക്കുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ അധ്യാപക അവാഡ് മാഷെത്തേടിയെത്തുമെന്ന പ്രതീക്ഷ  ഉണ്ടായിരുന്നു. പ്രശസ്തിയും അവാര്‍ഡുകളും തേടിപ്പോകുന്നവരുടെ കൂട്ടത്തിലായിരുന്നില്ല അദ്ദേഹം എന്നതിനാലാകാം അവ അന്യം നിന്നത്. ഈ അധ്യാപക ദിനത്തില്‍ പ്രിയ മാഷിനും മറ്റു അധ്യാപകര്‍ക്കും ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.


12 comments:

ajith said...

കണ്ണുരുട്ടിയാലും നല്ല മാഷ്!

ശ്രീ said...

അദ്ധ്യാപക ദിനത്തിന് യോജിച്ച പോസ്റ്റ്...

നന്നായി.

Pinnilavu said...

നല്ല കുറിപ്പ്

ബഷീർ said...

നന്നായി. ചില അദ്ധ്യാപകർ അങ്ങിനെ നമ്മുടെ മനസിൽ മായാതെ മങ്ങാതെ നിൽക്കും അവർക്കുള്ള അവാർഡ് അത് തന്നെയാണെന്ന് കരുതാം..

drpmalankot said...

നല്ല കുറിപ്പ്. അദ്ദേഹത്തിനു ആയുരാരോഗ്യങ്ങൾ നേരുന്നു.
സമയം കിട്ടുമ്പൊൾ ഒരു അധ്യാപകനുമായി ബന്ധപ്പെട്ട എന്റെ ഈ കുറിപ്പ് വായിച്ചു നോക്കുമല്ലോ.
http://drpmalankot0.blogspot.com/2013/02/blog-post_6781.html

ആഷിക്ക് തിരൂര്‍ said...

സെപ്റ്റംബര്‍-5 .അദ്ധ്യാപക ദിനം. കാര്യമായ ആഘോഷങ്ങള്‍ ഒന്നുമില്ലാതെ ആ ദിനം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചു അദ്ധ്യാപകര്‍ക്ക് അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതോടെ ആ ദിനത്തിന്റെ പ്രാധാന്യം അവസാനിക്കുന്നു.
മുന്‍പ് അദ്ധ്യാപക ദിനം സ്കൂളുകളില്‍ വലിയ ആഘോഷം ആയിരുന്നു. സെമിനാറുകള്‍, പൊതു യോഗങ്ങള്‍, ‍ റാലികള്‍ തുടങ്ങിയവ ഒക്കെ ഈ ദിനത്തില്‍ ഉണ്ടാകുമായിരുന്നു . പക്ഷെ ഇതൊക്കെ ആവശ്യം ആയതിന്റെ നേരിയ ഒരംശം എങ്കിലും ആകുമോ ?

കാസിം തങ്ങള്‍ said...

അഭിപ്രായങ്ങള്‍ പങ്ക് വെച്ച കൂട്ടുകാര്‍ക്ക് ഒരുപാടൊരുപാട് നന്ദി.

ഫൈസല്‍ ബാബു said...

ഇതില്‍ കൂടുതല്‍ ഒരു ഗുരുദക്ഷിണ ഇനി മാഷിനു കൊടുക്കാനുണ്ടാവുമോ ?? ഒരു നല്ല ഓര്‍മ്മ കുറിപ്പ് ,,

വരികള്‍ക്കിടയില്‍ said...

ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ

Unknown said...

ഇങ്ങനെ കണ്ണുരുട്ടിയാല്‍ ഞങ്ങള്‍ എങ്ങനെ കമെന്റും ? തിരയുടെ ആശംസകള്‍

Cv Thankappan said...

നല്ല കുറിപ്പ്.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
ആശംസകള്‍

Pradeep Kumar said...

നല്ലൊരു അദ്ധ്യാപകനെ പരിചയപ്പെട്ടു....